Tuesday, October 23, 2012

ഞാൻ അവളെ പ്രണയിച്ചിരുന്നില്ല

ദൈവമെ..ഞാനെന്താണാവോ ഇന്ന് അവളെ സ്വപ്നത്തിൽ കണ്ടത്. +2 കഴിഞ്ഞിട്ട് എട്ടു വർഷമായിരിക്കുന്നു.ഇതിനിടയിൽ ഒരിക്കൽ പൊലും അനിത ജോണിയെ ഞാൻ ഓർത്തിട്ടും കൂടിയില്ല. അനിത ജോണി..അല്ലെ, അത് തന്നെയല്ലെ അവളുടെ പേര്? അതെ, അത് തന്നെ. ഞാൻ അവളെ സ്വപ്നത്തിൽ കണ്ടിരിക്കുന്നു.ഈശ്വരാ അവൾക്കെന്തെങ്കിലും അപകടം…പക്ഷെ ഞാൻ കണ്ടത് ഒരു ദു:സ്വപ്നമായിരുന്നില്ലല്ലോ?നടന്നു കഴിഞ്ഞ ഒരു സംഭവം തന്നെയല്ലെ. എങ്കിലും ഇഷ്ടപ്പെടാത്ത ഒരു സ്വപ്നം.അതും അനിതയുടെ അമ്മയുടെ മരണം!വെളുപ്പാങ്കാലത്ത് കണ്ട സ്വപ്നമാണ്.പക്ഷെ എന്ത് പേടിക്കാൻ? എല്ലാം കഴിഞ്ഞ് പോയ സംഭവങ്ങൾ.ഇപ്പോൾ ഞാൻ സ്വപ്നങ്ങളെ പേടിക്കാറില്ല.അല്ലെങ്കിലും പ്രവാസിക്ക് സ്വപ്നങ്ങളെ സ്നേഹിക്കാനെ കഴിയൂ. സ്വപ്നങ്ങളാണ് അവന്റെ ജീവിതത്തിന്റെ ഊർജ്ജം.


അനിത,കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടി.കെറുവിക്കൊമ്പോൾ അവളുടെ കണ്ണുകൾക്ക് എന്തോ പ്രത്യേകതയുണ്ടായിരുന്നു. മേൽചുണ്ടിന് മീതെ ചെറുതായി വളർന്ന് നിൽക്കുന്ന ചെമ്പൻ രോമങ്ങളിൽ സൂര്യപ്രകാശമേൽക്കുമ്പോൾ അവൾ കൂടുതൽ സുന്ദരിയാകാറുണ്ട്.

ശ്ശേ…മോശം ഞാൻ അതൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നൊ?ഉണ്ടായിരുന്നിരിക്കണം. പക്ഷെ ഒരു കാര്യം ഉറപ്പാണ്, ഞാൻ അവളെ പ്രണയിച്ചിരുന്നില്ല. എന്നാൽ ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു, അതവൾ അറിഞ്ഞിരുന്നില്ലെങ്കിൽ കൂടിയും. അനിതയുടെ അമ്മയെ ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്. ഒരിക്കൽ അവളുടെ വീട്ടിലേയ്ക്ക് പോയപ്പോൾ.ടാറിടാത്ത റോഡിന്റെ ഇരുവശങ്ങളിലും കൊന്നപ്പൂക്കൾ വിടർന്ന് നിന്നിരുന്ന കാര്യം അതിലെ കടന്ന് പോയ ഇളംകാറ്റ് ചെവിയിൽ മന്ത്രിച്ചു. ക്യാൻസർ ബാധിച്ച ഒരു സ്ത്രീയാണ് താനെന്ന് മറ്റുള്ളവർ അറിയാതിരിക്കാൻ ആ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി എനിക്ക് തോന്നി.എന്താണെന്നറിയില്ല,അനിതയോട് ഒരു പ്രത്യേക ഇഷ്ടവും സഹതാപവും പിന്നെ വിവരിക്കാൻ കഴിയാത്ത എന്തൊക്കെയോ വികാരങ്ങളും തോന്നി.മനസ്സിൽ അനിതയ്ക്ക് ഒരു ജീവിതം കൊടുത്താലോ എന്നുപോലും തോന്നി.അത് ആ സാഹചര്യത്തിൽ പെട്ടന്ന് തോന്നിയ കാര്യമായിരുന്നില്ല.ആ സാഹചര്യവും ഒരു ഘടകമായി ഭവിച്ചു എന്നു വേണമെങ്കിൽ പറയാം.വേണമെങ്കിൽ മാത്രം.പക്ഷെ ഞാൻ അവളെ പ്രണയിച്ചിരുന്നില്ല.എന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാൻ ഒരാഗ്രഹമുണ്ടായിരുന്നെന്ന് മാത്രം.അവളുടെ അമ്മ മരിച്ചപ്പോൾ എനിക്ക് കാണാൻ സാധിച്ചില്ല. ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല.

ഓഫീസിലേയ്ക്ക് പോകുമ്പോഴും ഞാൻ അവളെ കുറിച്ച് ചിന്തിച്ചു.ഇന്നെന്തോ പതിവിലപ്പുറം മനസ്സിന് നല്ല സന്തോഷം ഉണ്ട്.+2 കഴിഞ്ഞതിന് ശേഷം നേഴ്സിങിന് പോയ കാര്യം കൂട്ടുകരിലാരോ പറഞ്ഞാണ് അറിഞ്ഞത്.പിന്നീട് ഇന്നാണ് ഞാൻ അവളെക്കുറിച്ച് ഓർക്കുന്നത്.സ്വപങ്ങൾ കാണിച്ച് തരുന്ന ദേവാ നിനക്ക് മംഗളം.

എവിടെ നിന്നോ തട്ടിപ്പറിച്ച് കൊണ്ട് വന്ന സുഗന്ധം കാറ്റ് എന്റെ മുന്നിൽ ഉപേക്ഷിച്ചു. കൊന്നപ്പൂക്കളുടെ മണം! അല്ല എനിക്ക് തെറ്റി. മരുഭൂമിയിലെവിടെ കൊന്നപ്പൂക്കൾ!?

നാല് ദിവസം കടന്ന് പോയി.നേരം കളയാൻ അന്ന് ഞാൻ ഫേയ്സ് ബുക്ക് തുറന്നു.കുറച്ച് ദിവസമായ് ഫേസ്ബുക്ക് തുറക്കാറില്ലായിരുന്നു.അന്ന് ഒരു Friend’s requisition ഉണ്ട്. തുറന്ന് നോക്കി. ശരിക്കും ഞാൻ തരിച്ചിരുന്നു.അനിത നിങ്ങളുമായി കൂട്ടുകൂടാൻ ആഗ്രഹിക്കുന്നു. കൺഫേം? കൂട്ടത്തിൽ അനിതയുടെ ഒരു ഫോട്ടൊയും.അവൾ തന്നെ. പക്ഷെ മുടി കുറച്ച് വെട്ടിയിരിക്കുന്നു. കണ്ണുകളിലെ ആ തിളക്കം അതെപോലെ തന്നെയുണ്ട്. അതെ അതവൾ തന്നെ. എന്തൊക്കെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്? അധികമൊന്നും ആലോചിക്കാൻ നിന്നില്ല. കൺഫേം ചെയ്തു. അവളുടെ പേജിൽ പോയി. അധികം കൂട്ടുകാർ ഒന്നും തന്നെയില്ല. ഇപ്പോൾ അടുത്ത് തന്നെയാണ് അവൾ എക്കൌണ്ട് എടുത്തതെന്ന് മനസ്സിലായി.ഒരു മെസ്സേജ് അയച്ചിട്ടു.

‘ഹായ് അനിത, അനിതയെ കണ്ടതിൽ സന്തോഷം.സുഖമായിരിക്കുന്നുവോ?’

സ്വപ്നം കണ്ട കാര്യം ഞാൻ മിണ്ടിയില്ല. മിണ്ടിപ്പോയാൽ…പെട്ടന്ന് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. അനിത ജോണി അതാ അനിതാ ഡേവിഡ് ആയിരിക്കുന്നു. അവളുടെ കല്ല്യാണം കഴിഞ്ഞോ? അതോ അവളുടെ പേര് പണ്ടും അനിത ഡേവിഡ് തന്നെയായിരുന്നൊ? ഡേവിഡ്…. ആ പേര് അവളുടെയൊപ്പം എന്തോ ഒരു ചേർച്ചക്കുറവ്. ഞാൻ മനസ്സിൽ വെറുതെ അനിതയ്ക്ക് ശേഷം എന്റെ പേര് പറഞ്ഞ് നോക്കി.നല്ല ചേർച്ച.പക്ഷെ എനിക്കനിതയോട് പ്രണയമില്ല!

മെസ്സേജിന് മറുപടി ലഭിച്ചു.അതിനു ശേഷവും ഞങ്ങൾ തമ്മിൽ മെസ്സേജ് കൈ മാറി. എന്നാൽ ഒരിക്കൽ പോലും സംസാരിക്കാൻ സാധിച്ചില്ല.പക്ഷെ രണ്ട് ദിവസത്തിനു ശേഷം അവൾ അതാ ഓൺലൈനിൽ വന്നിരിക്കുന്നു. സമയം പാഴാക്കിയില്ല.ഞാൻ ടൈപ്പ് ചെയ്തു.

:ഹായ് അനു… (ഞാൻ അവളെ അനു എന്നാണ് വിളിക്കുന്നത്. ഞാൻ മാത്രമല്ലാട്ടോ എല്ലാവരും)

അനു :ഹായ്,സുഖമാണോ?

:സുഖം.അനുവിനോ?

അനു :എനിക്കും സുഖം.ജോലിയൊക്കെ എങ്ങിനെ?

:അനു പഴയകൂട്ടുകാരെയൊക്കെ കാണാറുണ്ടോ?

അനു :എവിടെ?ഒരാളെയും കാണാറില്ല.ഒരാഴ്ച മുൻപാണ് ഫേസ്ബുക്കിൽ എക്കൌണ്ട് എടുത്തത്.ഇനി ഒരോരുത്തരെ തേടി കണ്ടുപിടിക്കണം.

;എന്ന്..ഒരാഴ്ച മുൻപോ?

അനു :ആ അതെ.ഞാൻ അങ്ങിനെ ഇന്റെർനെറ്റായി അത്ര വലിയ പരിചയം ഇല്ല.ഇപ്പോൾ തുടങ്ങിയതാ.എന്തു പറ്റി?

:ഏയ് ഒന്നുമില്ല.

ഒരാഴ്ച മുൻപ് ഞാൻ അവളെ സ്വപ്നത്തിൽ കണ്ട കാര്യം മിണ്ടിയില്ല..മിണ്ടിയാൽ…?അതെ അന്ന് തന്നെയായിരിക്കും അവൾ എന്നെ ഫേസ്ബുക്കിൽ കണ്ട്പിടിച്ചത്.ഞാൻ ഉറപ്പിച്ചു.

: അനൂന്റെ നേഴ്സിങ്ങ് പഠനം കഴിഞ്ഞില്ലെ?ഇന്യെന്താ പരിപാടി…….

അങ്ങിനെ ഒരുപാട് കാര്യങ്ങൾ.പക്ഷെ അവൾ വിവാഹിതയാണോ എന്ന് അറിയാൻ ഒരു വഴിയും കാണുന്നില്ല.

കൂടെ പഠിച്ചിരുന്ന ധന്യ എന്ന പെൺകുട്ടി സൌദിയിൽ ജോലി ചെയ്യുന്ന കാര്യം ഞാൻ ഓർമ്മിച്ചു.അപ്പോൾ തന്നെ ടൈപ്പ് ചെയ്തു.

:അനു, നമ്മുടെ കൂടെ പഠിച്ച് ധന്യയെ ഓർമ്മയില്ലെ? അവൾ ഇപ്പോൾ സൌദിയിലുണ്ട്.

അനു :ഉം…എനിക്കറിയാം.അവൾ ഈയിടയ്ക്ക് നാട്ടിൽ വന്നിരുന്നു.അവളുടെ എൻഗേജ്മന്റ് കഴിഞ്ഞു അടുത്ത വർഷാ അവളുടെ കല്ല്യാണം.

ഞാൻ പിന്നെ സമയം കളയാൻ നിന്നില്ല. അനൂന്റെ കല്ല്യാണ കാര്യം ചോദിക്കാൻ പറ്റിയ സമയം

:അനൂന്റെ കല്ല്യാണം……?

അനു :ഇപ്പോഴില്ല..കുറച്ച് നാളുകൾ കൂടി കഴിയട്ടെ…

സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.പക്ഷെ എന്തിന്?ഞാൻ അനിതയെ പ്രണയിക്കുന്നില്ലല്ലോ?പിന്നെ എന്തിന് അവൾ അവിവാഹിതയാണെന്നറിയുമ്പോൾ ഇത്ര സന്തോഷം? ഞാൻ എന്നെ തന്നെ ശാസിക്കാൻ തുടങ്ങി.ഇല്ല ഞാൻ അനിതയെ പ്രണയിക്കുന്നില്ല.ഞാൻ ടൈപ്പിങ്ങ് തുടർന്നു.

:അപ്പോൾ അനു ഡേവിഡ് എന്ന പേരിലെ ഡേവിഡ്?

അനു :ഡേവിഡ് എന്റെ ഡാഡിയുടെ പേരല്ലെ?നിനക്കത് ഓർമ്മയില്ലെ?

:ഓ….ഞാൻ ഓർക്കുന്നു..ഡേവിഡ്..ആ..ഞാൻ കരുതി അനിത ജോണിയെന്നാണെന്ന്..

ഞാൻ ആലോചിച്ചു അനിത ഡേവിഡ് നല്ല ചേർച്ച!അതിനു ശേഷം അനിതയുടെ പേരിനു ശേഷം എന്റെ പേരും ചേർത്ത് പറഞ്ഞ് നോക്കി..ആഹാ..അതിലും നല്ല ചേർച്ച! പക്ഷെ ഞാൻ അനിതയെ പ്രണയിക്കുന്നില്ല. അപ്പോൾ അവിടെ നിന്നും ചില വാചകങ്ങൾ എന്റെ കമ്പ്യൂട്ടറിലേയ്ക്ക് ഒഴുകി വന്നു…

:നിന്റെ കല്ല്യാണം? അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഉണ്ടാകുമോ?

:ഇല്ല അനൂ,മനസ്സിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടെത്താനുള്ള യാത്രയിലാണ്.യാത്ര ഏകദേശം അവസാനിപ്പിക്കാറായിട്ടുണ്ട്.

അനു :എന്നുവച്ചാൽ കണ്ട് പിടിച്ചോ?

:ഇല്ലെന്നും പറയാം,ഉണ്ടെന്നും പറയാം.

അനു :അതെന്താ ഒരു അഴകൊഴമ്പൻ? ആരെങ്കിലും കസ്റ്റഡിയിൽ ഉണ്ടോ?

:ഇല്ലെന്നും പറയാം,ഉണ്ടെന്നും പറയാം.

അനു :എന്നു വച്ചാൽ?

:ഒരു കിളി ഇങ്ങനെ പാറിക്കളിക്കുന്നുണ്ട്…

അനു :ഉം..നടക്കട്ടെ എല്ലാ വിധ ആശംസകളൂം…

അങ്ങിനെയെങ്ങിനെയോ ആ സംഭാഷണം അവസാനിച്ചു.അനുവിനെകുറിച്ചുള്ള ഓർമ്മകളുമായി ഞാൻ രണ്ട് ദിവസവും കൂടി തള്ളി നീക്കി.വീട്ടിലേയ്ക്ക് വിളിച്ചപ്പോൾ അപ്പച്ചനോട് ഞാൻ അനിത ഡേവിഡ് എന്ന അനുവിനെ സ്വപ്നം കണ്ടത് മുതൽ എല്ലാ കാര്യങ്ങളും പറഞ്ഞു.

ഇഷ്ടമാണെങ്കിൽ നേരിട്ട് പറയടാ എന്ന് അപ്പച്ചൻ. “ആർക്കോ കൊടുക്കാനുള്ള സ്നേഹം ആരുമറിയാതെ ഉള്ളിൽ സൂക്ഷിക്കുന്നത് തിരിച്ച് കിട്ടാനുള്ള സ്നേഹം സ്വയം നിഷേധിക്കലാകും.” ഞാൻ തിരിച്ച് ചോദിച്ചു.

അവൾ ഒരു NO ആണ് പറയുന്നതെങ്കിലോ?

എന്നാലും കുഴപ്പമില്ല.സ്നേഹം ഒളിപ്പിച്ച് വയ്ക്കരുത്. ഒളിപ്പിച്ച് വച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം തിരിച്ച് കിട്ടാനുള്ള സ്നേഹം ഒരിക്കലും സ്വയം നിഷേധിക്കുകയും ചെയ്യരുത്.

പിന്നെ അവസാനം അപ്പച്ചൻ ശബ്ദത്തിൽ കുറച്ച് കനം വരുത്തി പറഞ്ഞു

“പിന്നെ നീ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ?“

ആ വാക്കുകളിലെ അർത്ഥം എനിക്ക് പിടികിട്ടി. അവൾ NO പറഞ്ഞാൽ തന്നെ നിരാശാകാമുകനായി നടക്കരുത് എന്ന് തുടങ്ങുന്ന വലിയൊരു ഉപദേശമാണ് അപ്പച്ചൻ ആ ചെറിയ വാചകത്തിൽ ഒതുക്കിയത്.

അതെ..ശരിയാണ്..ഞാൻ തിരിച്ച് കിട്ടാനുള്ള സ്നേഹം സ്വയം നിഷേധിക്കുന്നില്ല. സ്നേഹം..,അതെന്തിനാണ് ഒളിപ്പിച്ച് വയ്ക്കുന്നത്? ഞാൻ അവളോട് പറയും അനുവിനെ എനിക്കിഷ്ടമാണെന്ന്.പാറിക്കളിച്ച കിളി അവളാണെന്ന്.ഞാൻ സ്വപ്നം കണ്ടത് അവളെയാണെന്ന്. അവൾ ആശംസകൾ നേർന്നത് അവൾക്ക് വേണ്ടി തന്നെയാണെന്ന്…

ശുഭാപ്തിവിശ്വാസത്തോട് കൂടി ഞാൻ എന്റെ മനസ്സിൽ നിറയെ പച്ചപ്പോട് കൂടിയ ഒരു മരം നട്ടുപിടിപ്പിച്ചു. ആ മരത്തിന് എന്നും ഞാൻ വെള്ളവും വളവും നൽകും. എന്നെങ്കിലും ഒരിക്കൽ ആ കിളി അതിന്റെ ചില്ലകളിൽ കൂടു കൂട്ടാതിരിക്കില്ല, മരക്കൊമ്പുകളിൽ ഇരുന്നു പാട്ട് പാടാതിരിക്കില്ല. പക്ഷെ ഇന്ന് ഞാൻ ലോകത്തോട് വിളിച്ചു പറയുന്നു….

“അതെ…. ഞാൻ അനിതയെ, അല്ല എന്റെ പ്രിയപ്പെട്ട അനുവിനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. “



****** ഫലശ്രുതി*****



കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് ഇത് എഴുതിയത് ഏകദേശം 2 വർഷം മുൻപ്! വെള്ളവും വളവും നൽകിയ ചെടി പതിയെ വളർന്നു വരാൻ തുടങ്ങി. അപ്രതീഷിതമായി വേറെ ചിലതും കൂടി സംഭവിച്ചതിനാൽ ചാണ്ടിച്ചൻ ആശംസിച്ചപോലെ പൂത്ത് കായ്ക്കാൻ തുടങ്ങിയ ചെടി പണ്ടാരമെടങ്ങാൻ തുടങ്ങി. പിന്നീടാണ് അപ്രതീഷിതമായി അവൾക്ക് ഞാൻ ജോലി ചെയ്യുന്ന രാജ്യമായ സൌദിയിൽ ജോലി കിട്ടിയത്. അപ്പോളും ചാണ്ടിച്ചൻ പറഞ്ഞു, ‘വരാനുള്ളത് ഫ്ലൈറ്റ് പിടിച്ചായാലും വരുമെന്ന്’. കാര്യങ്ങളൊക്കെ ഏതോ ഒരു ശക്തി ഞങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്നതായി തോന്നി. അവൾ പിന്നീട് കുറെ നോക്കി നടന്നതിനുശേഷമാണ് എന്റെ വാരിയെല്ല് അവിടെ ആകെ ആരും ശ്രദ്ധിക്കാതെ കിടക്കുന്നത് കണ്ടത്. കണ്ട് കിട്ടിയപാടെ അവൾ എന്നെ വിളിച്ചു. അതിനു ശേഷം അവൾ എന്റെ ജീവിതത്തിലേയ്ക്ക്… പിന്നീട് കാര്യങ്ങളൊക്കെ വിചാരിച്ചതിലും വേഗതയിൽ മുന്നോട്ട് പോയി. ഏകദേശം ഒന്നര വർഷത്തെ പ്രണയം! കഥയിൽ ഞാൻ അവളുടെ പേര് അനിതയും അനുവുമാക്കി മാറ്റിയെന്നാലും അവളുടെ ശരിക്കുമുള്ള പേര് ജെസ്സി എന്നാണ്. ഇപ്പോൾ ഇതാ വീട്ടുകാർ വഴി ആലോചിച്ച് കല്ല്യാണവും ഉറപ്പിച്ചിരിക്കുന്നു. ഈ വരുന്ന നവംബർ-25-2012 നു ആണ് വിവാഹം. ഞങ്ങൾ നവംബർ 7 നു നാട്ടിലേയ്ക്ക് തിരിക്കുകയാണ്. വിവാഹത്തിനു എന്റെ പ്രിയപ്പെട്ട കൂട്ടുകാരെയെല്ലാം ക്ഷണിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നു.

സസ്നേഹം ഡെൽവിൻ

Saturday, July 7, 2012

ഒരു ഫോൺകോൾ

  അനുരാഗ വിലോചനനായി..അതിലേറെ മോഹിതനായി..” റോസമ്മയുടെ ഫോണിൽ ഗൾഫിൽ നിന്നുമുള്ള ഭർത്താവിന്റെ കോൾ മുഴങ്ങി. എന്തോ അതാവശ്യ കാര്യമാണെന്ന് അവൾക്ക് മനസ്സിലായി. റോസമ്മ വേഗം തന്നെ കിടക്കയിൽ നിന്നും ചാടി എണീറ്റു വേഗം തന്നെ കോൾ അറ്റൻഡ് ചെയ്തു.
            “ചേട്ടായീ...” റോസമ്മ ആർദ്രമായി വിളിച്ചു.
            ‘ഇന്ന് എന്താ സംഭവിച്ചത്?’ ചേട്ടായീയുടെ സ്വരത്തിൽ കുറച്ച് പരവേശം ഉണ്ടായിരുന്നു. റോസമ്മ സമാധാനിപ്പിച്ച് പറഞ്ഞു.
‘പേടിക്കണ്ട ചേട്ടായീ..അവരുടെ കല്ല്യാണം വളരെ മംഗളമായി തന്നെ നടന്നു. നമ്മൾ പേടിച്ച പോലെ ഒന്നും തന്നെ സംഭവിച്ചില്ല.’ ചേട്ടായിയുടെ മനസ്സിനു അപ്പോളും സമാധാനം കിട്ടിയിരുന്നില്ല.
‘എന്നാലും റോസമ്മേ.നമ്മുടെ രുദ്രനെയും ശാലിനിയെയും ആ ദുഷ്ടന്മാർ ജീവിക്കാൻ സമ്മതിക്കില്ലല്ലോ?’ ചേട്ടായീ ചെറുതായി വികാരാധീനനായി.
“പേടിക്കണ്ട ചേട്ടാഎല്ലാം നേരെയാവും. നമ്മുടെ രുദ്രാണ്ണനു ഒന്നും പറ്റില്ല” റോസമ്മ സമാധാനിപ്പിച്ചു.
“ഗൾഫിൽ ‘കുങ്കുമപ്പൂവ്’ നാട്ടിൽ കാണിച്ചതിനു ഒരു ദിവസം ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യൂ..അതുകൊണ്ടാട്ടോഅപ്പോൾ വേറെ വിശേഷമൊന്നും ഇല്ലല്ലോ..ഞാൻ നാളെ ഈ നേരത്ത് വിളിക്കാം.” ചേട്ടായീ ഫോൺ വച്ചു.
റോസമ്മ എന്തോ പറയാനായി നാവ് വളച്ചതും ഫോൺ കട്ടായി..മൊബൈൽ അവിടെ വച്ച് അവൾ തന്റെ ബെഡിൽ കിടക്കുന്ന അപ്പുറത്തെ വീട്ടിലെ കുര്യന്റെ മേലേയ്ക്ക് ചാടി. അവളുടെ മേലാകെ കുങ്കുമപ്പൂവിന്റെ മണമായിരുന്നു..

Monday, July 2, 2012

മുന്നൊരുക്കം

ന്ന് കാലത്താണ് അമ്മ മരിച്ചത്. പെട്ടന്നുള്ള മരണമായിരുന്നു. അതിനാൽ അമ്മയെ കുറിച്ചുള്ള പോസ്റ്റുകൾ തപ്പിപിടിക്കാൻ സമയം കിട്ടിയില്ല. തന്റെ മനസ്സിൽ തോന്നിയ ചില ഡയലോഗുകൾ എഴുതി :( ചിഹ്നവും ഇട്ടു. ആരൊക്കെ കമന്റുകൾ എഴുതി എന്നറിയാതെ ഒരു സമാധാനവും ഇല്ലായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് നോക്കിയപ്പോൾ വെറും പത്ത് കമന്റുകൾ മാത്രം! താൻ എഴുതിയ ഡയലോഗുകൾക്ക് മറ്റുള്ളവരെ സ്പർശിക്കാനുള്ള കഴിവ് കുറവാണെന്ന് തോന്നിയ അയാൾ കാൻസർ ബാധിച്ച് കിടക്കുന്ന പിതാവിനു വേണ്ടി നേരത്തെ കൂട്ടി തന്നെ മനസ്സലിയിക്കുന്ന വാചകങ്ങൾ തയ്യാറാക്കി, :-( ചിഹ്നവും ഇട്ടു.

Sunday, June 17, 2012

കുമ്പസാരം

                രിക്കും അങ്ങോട്ട് ഓർമ്മ വരുന്നില്ല,അഞ്ചാമത്തെയോ ആറാമത്തെയോ വയസ്സിലാണ് ലിജൊ ആദ്യമായി കുമ്പസാരിക്കാനായി ഒരു വൈദികന്റെ മുൻപിൽ നിൽക്കുന്നത്.പറഞ്ഞ് പഠിപ്പിച്ച പാപങ്ങളൊക്കെ ലിജൊ ആരംഭം മുതൽ ഏറ്റുപറഞ്ഞ് പശ്ചത്തപിച്ച ദിവസങ്ങൾ! എല്ലാം ഒരേ തരം പാപങ്ങൾ! പാപങ്ങളുടെ ഒരു നീണ്ട നിര തന്നെ ലിജൊ പഠിച്ച് വച്ചിരുന്നു.
‘….നുണ പറഞ്ഞിട്ടുണ്ട്, അനിയനുമായി തല്ലുകൂടിയിട്ടുണ്ട്, കൂട്ടുകാരുമായി ഇടി കൂടിയിട്ടുണ്ട്, അമ്മച്ചി പറഞ്ഞത് അനുസരിച്ചിട്ടില്ല, കട്ടെടുത്തിട്ടുണ്ട്, കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ വന്നില്ല….’ അങ്ങിനെ പോകുന്നു ആ നീണ്ട നിര.എപ്പോഴും ഈ ഓർഡർ ലിജൊ സൂക്ഷിച്ചിരുന്നു.അതിൽ ഒരെണ്ണം തെറ്റിയാൽ അവന്റെ താളം തെറ്റുമായിരുന്നു.എല്ലാ ഞായറാഴ്ചയും പള്ളിയിൽ വന്നാലും ഓർഡർ തെറ്റാതിരിക്കാൻ ലിജൊ അതും ഏറ്റുപറയുമായിരുന്നു.

അങ്ങിനെ ലിജൊ പള്ളിയിലെ അൾത്താരസംഘത്തിൽ ചേർന്നു.വികാരിയായിരുന്ന ജോസഫ് അച്ചന് അവൻ പ്രിയപ്പെട്ടവനായിരുന്നു.ആ അച്ചന്റെ മുൻപിൽ കുമ്പസാരിക്കാൻ അവനു ചെറിയ നാണക്കേടുണ്ടായിരുന്നു. ലിജൊ പറയുന്ന പാപങ്ങളൊക്കെ അദ്ദേഹം മനസ്സിൽ വച്ചിട്ടുണ്ടെങ്കിൽ അൾത്താരയിൽ അച്ചന്റെ കൂടെ നിൽക്കുമ്പോൾ എങ്ങിനെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കും എന്നതായിരുന്നു അവന്റെ ചിന്ത.അതുകൊണ്ട് തന്നെ ദൈവത്തെയും സഭയെയും പിണക്കേണ്ട എന്ന തീരുമാനത്തിൽ ലിജൊ ‘വലിയ’ പാപങ്ങൾ ദൈവത്തോട് നേരിട്ട് പറയുകയും മുൻപ് സൂചിപ്പിച്ചത് പോലെയുള്ള ചെറിയ ചെറിയ പാപങ്ങൾ ജോസഫച്ചനോടും കുമ്പസാരിച്ച് പോന്നു…

പാപങ്ങളുടെ ഓർഡർ അച്ചന്റെ മനസ്സിലും ചെറിയ സംശയങ്ങൾ വീഴ്ത്തി. ഒരിക്കൽ ലിജൊ കുമ്പസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.പാപങ്ങൾ അതേ ഓർഡറിൽ തന്നെ നല്ല സ്പീഡിൽ പറഞ്ഞ് പോവുകയായിരുന്നു….‘കട്ടെടുത്തിട്ടുണ്ട്‘ എന്ന പാപം പറഞ്ഞപ്പോൾ അച്ചൻ അവനോട് ചോദിച്ചു.

‘എന്താണ് നീ കട്ടെടുത്തത്?’
ചോദ്യം ലിജൊ പ്രതീക്ഷിച്ചതല്ല.ഇതിന് മുൻപ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.പെട്ടന്നെന്താണ് ഇങ്ങനെ?അവൻ ആകെ അങ്കലാപ്പിലായി.എന്താണ് പറയേണ്ടത്?ഒന്നും തന്നെ ഓർമ്മ വരുന്നില്ല. പഞ്ചസാര കട്ടെടുത്ത് തിന്ന കാര്യം പറഞ്ഞാലോ എന്ന് ഒരു നിമിഷം ആലോചിച്ചു.അച്ചന്റെ കുശിനിയിൽ നിന്നും പഞ്ചസാരപ്പെട്ടി എടുത്ത് ബെഡ് റൂമിൽ വയ്ക്കുന്ന കാര്യം ആലോചിച്ചപ്പോൾ വേണ്ട എന്ന് വച്ചു. പിന്നീട് ഒന്നും തന്നെ ആലോചിക്കാൻ നിന്നില്ല. അവൻ പറഞ്ഞു.
“അപ്പറത്തെ വീട്ടിലെ കശുവണ്ടി !!”
കുമ്പസാരക്കൂട്ടിൽ നിന്നും അച്ചൻ അവനെ ആ വലയിൽ കൂടി നോക്കി.ലിജൊ തല കുമ്പിട്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
“മോനെ കശുവണ്ടി കക്കുന്നത് അത്ര വലിയ പാപമൊന്നുമല്ല. നീ പോയി 5 സ്വർഗസ്ഥനായ പിതാവെ ചൊല്ലി വീടണയാൻ നോക്ക്”
ലിജോയ്ക്ക് സന്തോഷമായി.പാപങ്ങൾക്ക് വേണ്ടിയുള്ള പശ്ചത്താപ പ്രർഥനയൊക്കെ കഴിഞ്ഞ് അവൻ വീട്ടിലേയ്ക്ക് പോന്നു.

ലിജൊ വളർന്നപ്പോൾ അവനോടൊപ്പം പുതിയ വലിയ പാപങ്ങളും വളർന്നു.അപ്പോഴും അവൻ വലിയ പാപങ്ങൾ ദൈവത്തോടും ചെറിയ പാപങ്ങൾ അച്ചനോടും കുമ്പസാരിച്ചുപോന്നു.ദൈവത്തെയൊന്നും പേടിയില്ലാതെ യുവത്വത്തിന്റെ ചോരത്തിളപ്പിൽ പഠിക്കുന്ന ക്ലാസ്സിലൊക്കെ തല്ലു കൂടി നടന്ന കാലം…വല്ലപ്പോഴുമൊക്കെ കുമ്പസാരിക്കണമെങ്കിൽ അമ്മച്ചിയുടെ ശകാരവും ശാപവാക്കുകളും വേണം. ഒരിക്കൽ സഹികെട്ട് അമ്മച്ചി പറഞ്ഞു.

‘ഇന്ന് നീ കുമ്പസാരിച്ചില്ലെങ്കിൽ ഒരിക്കലും നീ നന്നാവില്ലെടാ” ചങ്കിൽ തട്ടി പറയുന്നത് പോലെ തോന്നി അത് ലിജോയ്ക്ക്. ചെറുതായി ഒന്ന് പേടിച്ചെങ്കിലും അവൻ പറഞ്ഞു.

‘ഉം ശരി ഇന്ന് ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ കയറി കുമ്പസാരിച്ചേക്കാം”
എല്ലാം കഴിഞ്ഞപ്പോൾ അമ്മച്ചി വന്ന് സ്വാന്തനിപ്പിച്ചു. അവനു ആ നല്ല വാക്കുകൾ കേട്ടപ്പോൾ ശരിക്കും മനസ്സിൽ കുറ്റബോധം തോന്നി. 3-4 മാസമായി കുമ്പസാരിക്കാതിരുന്ന ലിജോയെ അവൻ തന്നെ ശാസിച്ചു.മനസ്സറിഞ്ഞ് കുമ്പസാരിക്കാൻ ലിജൊ തീരുമാനിച്ചു.
കുമ്പസാരിക്കാനായി ലിജൊ സ്വന്തം പള്ളിയിലെ അച്ചന്റെ അടുത്തേയ്ക്ക് പോയില്ല.ദൂരെയുള്ള കത്തീഡ്രൽ പള്ളിയിൽ കയറി കുമ്പസാരിക്കാമെന്ന് വിചാരിച്ചു. ഇടവക പള്ളിയിലെ അച്ചന്റെ മുഖത്തേയ്ക്ക് നോക്കുന്ന കാര്യവും അവന്റെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നു. കുമ്പസാരിപ്പിക്കാൻ നല്ല പ്രായം ചെന്ന ഒരു അച്ചനാണ് ഇരിക്കുന്നത്. അവൻ ചെന്നപ്പോഴേയ്ക്കും അച്ചൻ കുമ്പസാരക്കൂട്ടിൽ നിന്നും എഴുന്നേൽക്കാനുള്ള ഭാവത്തിലാണ്. ഓടിച്ചെന്ന് അവൻ അച്ചനോട് പറഞ്ഞു.
‘അച്ചോ എനിക്കൊന്ന് കുമ്പസാരിക്കണം’
അച്ചൻ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. താൻ വന്നത് അച്ചന് ഇഷ്ടമായില്ല എന്ന് അവനു തോന്നി. എന്നാലും ശാന്തത കൈവിടാതെ അച്ചൻ അവനോട് പറഞ്ഞു.
‘ഞാൻ ഇത്രയും നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു. ഇപ്പോൾ ഞാൻ പോകാൻ തയ്യാറെടുക്കുകയാ. നിനക്ക് ഇന്ന് തന്നെ കുമ്പസാരിക്കണോ’? ലിജൊ പറഞ്ഞു.
“വേണം അച്ചോ. ഇന്ന് തന്നെ കുമ്പസാരിക്കണം.”

അച്ചൻ വീണ്ടും പിറുപിറുത്തുകൊണ്ട് കുമ്പസാരക്കൂട്ടിൽ കയറിയിരുന്നു. ലിജൊ ഒന്നൊന്നായി തന്റെ പാപങ്ങൾ ഏറ്റുപറയാൻ തുടങ്ങി. ഈ പ്രാവശ്യം അവൻ ഓർഡറുകളിലല്ല കുമ്പസാരിച്ചത്.ശരിക്കും മനസ്സിൽ തട്ടി തന്നെ. ദൈവത്തോട് നേരിട്ട് പറഞ്ഞ വലിയ വലിയ പാപങ്ങളെല്ലാം അവൻ വൈദികന്റെ മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങി.

അക്കാലത്ത് ചെയ്ത ഏറ്റവും വലിയ പാപം എന്ന് അവൻ കരുതുന്ന ആ പാപവും അവൻ അവിടെ ആദ്യമായി ഏറ്റു പറഞ്ഞു.

“………സ്വയംഭോഗം ചെയ്തിട്ടുണ്ട്.”

ഇത് കേട്ടതും അച്ചൻ അവനെ ഒന്ന് നോക്കി.ലിജോയുടെ കണ്ണുകളിൽ അപ്പോൾ പശ്ചത്താപത്തിന്റെ കണ്ണീരാണ്.അച്ചൻ ഒന്ന് ചെരിഞ്ഞിരുന്ന് അവനോട് ചോദിച്ചു.

“എത്ര പ്രാവശ്യം ചെയ്തിട്ടുണ്ട്”?

ലിജൊ ഞെട്ടി.പഴത് പോലെ ഇത് താൻ കള്ളം പറഞ്ഞതല്ല.എന്നിട്ടും ചോദ്യം!? അവൻ മൌനിയായി നിന്നു.

അച്ചൻ അവനോട് വീണ്ടും പറഞ്ഞു.

‘അതിന്റെ എണ്ണം നീ പറയണം. നാണക്കേട് വിചാരിക്കേണ്ട കാര്യമൊന്നുമില്ല. പാപത്തിന്റെ ഗൌരവം അനുസരിച്ചേ പരിഹാരം നിർദ്ദേശിക്കാൻ പറ്റൂ.’

ലിജൊ ആകെ വിവശനായി. എന്ത് പറയും. എങ്ങിനെ പറയും. കൊലപാതകം പോലും ഒരു തവണ ചെയ്താലും രണ്ട് തവണ ചെയ്താലും ഗൌരവം ഒന്ന് തന്നെയാണ്.ആ വൈദികനെ അപ്പോൾ അവനു ദൈവത്തിന്റെ പ്രതിരൂപമായി കാണാൻ സാധിച്ചില്ല. പണ്ട് കണ്ട സിനിമകളിൽ നടി സീമയെ ബലാത്സംഘം ചെയ്യാൻ നിൽക്കുന്ന ബാലൻ കെ. നായരുടെ മുഖമാണ് അവിടെ കാണാൻ സാധിച്ചത്. അവൻ പറഞ്ഞു.

“ആഴ്ചയിൽ രണ്ട് മൂന്ന് തവണ” അത് പറഞ്ഞ് കഴിഞ്ഞതും അവന്റെ മനസ്സ് ആകെ തളർന്നു. അതിന് ശേഷം ആ വൈദികന്റെ കുപ്പായമിട്ടിരുന്ന ആ വ്യക്തി പറഞ്ഞത് ഒന്നും തന്നെ അവൻ കേട്ടില്ല. കുമ്പസാരമെന്ന ആ പ്രഹസനം കഴിഞ്ഞ് അവൻ ദൈവത്തിന്റെ മുൻപിൽ പോയി മുട്ടു കുത്തി നിന്ന് പ്രാർത്ഥിച്ചു.എന്റെ പാപങ്ങളൊക്കെ നീ പൊറുത്ത് തരേണമെ.

വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ മുഖത്തും സന്തോഷം! ലിജോയും സന്തോഷം മുഖത്ത് വാരിത്തേച്ചു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അമ്മച്ചി വീണ്ടും പോയി അവനോട് കുമ്പസാരിക്കാൻ പറഞ്ഞു.അവൻ മറുത്തൊന്നും തന്നെ പറഞ്ഞില്ല.നേരെ കത്തീഡ്രൽ പള്ളിയിൽ പോയി ദൈവത്തിന്റെ മുൻപിൽ മുട്ട് കുത്തി നിന്ന് പ്രാർത്ഥിച്ചു.

‘ദൈവമെ എനിക്കും നിനക്കും ഇടയിൽ എന്തിനാണ് ഒരു ഇടനിലക്കാരന്റെ ആവശ്യം? സഭയിലൂടെ അങ്ങ് പറഞ്ഞത് പോലെ ഞാൻ കുമ്പസാരിക്കാനായിട്ട് ഇവിടെയുള്ള അച്ചന്റെ പക്കൽ പോയ കാര്യം അങ്ങ് അറിഞ്ഞിരിക്കുമല്ലോ? അങ്ങ് മുൻപ് കണ്ട ലോകമല്ല ഇപ്പോഴുള്ളത്. ദൈവത്തിന്റെ പേരിൽ ബിസ്സിനസ്സ് നടത്തുന്നവരാണ് ഇവിടെ മുഴുവൻ.ഞാൻ ചെയ്ത പാപങ്ങളൊക്കെ നിനക്കറിയാം.അതിൽ എനിക്ക് മനസ്ഥാപമുണ്ടെന്നും നിനക്കറിയാം.എന്റെ പാപങ്ങളൊക്കെ പൊറുത്ത് എന്നെ നല്ല മകനായി ജീവിക്കാൻ സഹായിക്കണമെ.ആമ്മേൻ.”

ഈ സംഭവത്തിന് ശേഷം ഇപ്പോൾ 6 വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ലിജോ നാട്ടിൽ പോകാൻ ഒരുങ്ങുകയാണ്. ചെല്ലുമ്പോൾ പതിവ് പോലെ അമ്മച്ചി അവനോട് പറയും; പോയി കുമ്പസാരിക്ക് മോനെ എന്ന്.അവൻ മറുത്തൊന്നും പറയില്ല.നേരെ കത്തീഡ്രൽ പള്ളിയിൽ പോകും കഴിഞ്ഞ ആറ് വർഷം പ്രാർത്ഥിച്ച ആ പ്രാർത്ഥന പഴയത് പോലെ ആവർത്തിക്കും. എന്റെ പാപങ്ങളൊക്കെ പൊറുത്ത് എന്നെ നല്ല മകനായി ജീവിക്കാൻ സഹായിക്കണമെ.ആമ്മേൻ.”