Sunday, February 21, 2010

ഒരു വാലന്റൈൻ ദിനത്തിലെ കഥ

ആശുപത്രിയിൽ 13/02/’10 ന് രാത്രി 8.15ന് എന്റെ നമ്പർ ബുക്ക് ചെയ്തിരുന്നതാണ്.പക്ഷേ ഓടിക്കിതച്ച് അവിടെ എത്തിയപ്പോൾ സമയം 8.45.ഞങ്ങൾക്ക് വേണ്ടി പച്ച വെളിച്ചം നൽകാതിരുന്ന സിഗ്നൽ ലൈറ്റുകളെയും ജിദ്ദയിലെ ട്രാഫിക് പോലീസുകാരെയും മനസ്സിൽ ശപിച്ച് കൊണ്ട് ഞാൻ എന്റെ നമ്പർ വിളിക്കുന്നതും കാത്തിരുന്നു.അപ്പോഴാണ് ഞാൻ ശ്രദ്ദിച്ചത്,help desk-ൽ അതാ ഒരു പെൺകുട്ടി!!!നല്ല സുന്ദരിക്കുട്ടി!!!.അവൾ കൂടെയുള്ള വേറെയൊരു പെൺകുട്ടിയുമായ് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.കുസ്രുതി നിറഞ്ഞ അവളുടെ മുഖത്തേയ്ക്ക് ഞാൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു.എന്റെ അടുത്തിരിക്കുന്ന ആളുകൾ എന്ത് ചിന്തിക്കുമെന്ന് പോലും ഞാൻ ആലോചിച്ചതേയില്ല.പലപ്പോഴും എന്റെയും അവളുടെയും കണ്ണുകൾ തമ്മിലുടക്കുന്നുണ്ടായിരുന്നു!!!കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി അവിടെ നിന്നും എഴുന്നേറ്റ് പോയി.അപ്പോൾ അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു.ഞാൻ ഒന്ന് ഞെട്ടി.ചുറ്റും നോക്കി ഞാൻ,അമ്പരപ്പോടു കൂടി തന്നെ.ആരും ഞങ്ങളെ നോക്കുന്നില്ലാ എന്ന് മനസ്സിലാക്കിയ ഞാനും അവളെ നോക്കി അവൾ കാണിച്ചതുപോലെ കണ്ണിറുക്കി കാണിച്ചു.അവളുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.ഞാൻ എഴുന്നേറ്റ് ചെന്ന് അവളുടെ അടുത്ത് ചെന്നു.
“എന്താ മോളുടെ പേര്?”
“ലാമിയ” അവൾ ഉത്തരം പറഞ്ഞു,നല്ല കിളി കൊഞ്ചൽ പോലെയുള്ള ശബ്ദം!!!
“നീ എന്താ എഴുതുന്നത്?” എന്തോ അവൾ എഴുതുന്നത് ഞാൻ കണ്ടിരുന്നു.
“വെറുതെ ഓരോന്ന്…” അവൾ അലസമായി മറുപടി പറഞ്ഞു
“നീ പഠിക്കുന്നുണ്ടോ?” ഞാൻ വീണ്ടും ചോദിച്ചു.
ഉം…. അവൾ മൂളി…
“എത്രാം ക്ലാസിലാ നീ?”
“UKG യിൽ”
“ഉം….നല്ല കുട്ടി..നന്നായി പഠിക്കണം കേട്ടോ….പഠിച്ച് വലിയ ആളാകണം” ഞാൻ സ്നേഹപൂർവ്വംഅവളുടെ കവിളിൽ തലോടിക്കൊണ്ട് ഉപദേശിച്ചു.
ഉം….അവൾ വീണ്ടും മൂളി.
ഡോക്ടറുടെ അടുത്ത് പോയി തിരിച്ച് വരുമ്പോഴും അവൾ എന്നെയും കാത്ത് അവിടെ നിൽ‌പ്പുണ്ടായിരുന്നു.കൈയ്യിലിരുന്ന ഒരു മിഠായി അവൾ എനിക്ക് നേരെ നീട്ടി.ഞാൻ അതു വാങ്ങി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.ലിഫ്റ്റിൽ കയറി ഞാൻ അവൾക്ക് കൈ വീശി റ്റാറ്റാ കൊടുത്തു,അവൾ തിരിച്ചും.കാറിലിരിക്കുമ്പോൾ അവൾ തന്ന മിഠായിയുടെ മധുരം ഒരുനാളും എന്റെ മനസ്സിൽ നിന്നും പോകുകയില്ലെന്ന് ആരോ എന്റെ ഉള്ളിലിരുന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു…..

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. നന്ദി ശ്രീ,ബൂലോകത്തു എനിക്ക് കിട്ടിയ്യ ആദ്യത്തെ ഒരു അഭിനന്ദനമാണ്‌ ഇത്.ഇവിടെ വന്നതിനും കമന്റ്സ് ഇട്ടതിനും നന്ദി.

    ReplyDelete
  3. ക്രാഫ്റ്റ്‌ ഉന്റ്‌. .നല്ല തീമുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക..

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...