Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, May 21, 2011

മുബൈ ജീവിതം സമ്മാനിച്ചത്

പുറത്ത് നല്ല മഞ്ഞ് ഉണ്ട്. വാതിൽ അടച്ചിട്ടിട്ടും വിടവിലൂടെ അരിച്ചരിച്ച് കയറുന്ന തണുപ്പ് പുതപ്പിന് പുറത്ത് കിടക്കുന്ന എന്റെ കാലുകളെ അസ്വസ്ഥമാക്കി. ഉള്ളം കാലിൽ നല്ല തണുപ്പ്. ഞാൻ കാൽ പുതപ്പിനടിയിലേയ്ക്ക് വലിച്ചു.. ആറടി നീളമുള്ള ശരീരം മറയ്ക്കാൻ ആ പുതപ്പിനാകുമായിരുന്നില്ല. പക്ഷെ ആ ശരീരത്തെ ത്രിപ്തിപ്പെടുത്താൻ എന്റെ മാറിൽ ചേർന്നുറങ്ങുന്ന പുഷ്പാ സർക്കാറിന്റെ 50കിലോ മാംസത്തിനാകുമായിരുന്നു. ഒരു വർഷത്തെ മുംബൈ വാസത്തിനിടയിൽ പുഷ്പാ സർക്കാറിന്റെ കൂടെ ഇതു ആറാം തവണയാണ്..അതോ എഴാം തവണയോ? എന്തായാലും എട്ടിൽ കൂടില്ല. ഞാൻ വാച്ച് എടുത്ത് നോക്കി. സമയം 5 മണി. സാധാരണ ഞാൻ 7 മണിയ്ക്കാണ് എഴുന്നേൽക്കാറ്. ഇന്നലെ ജോലി രാജി വച്ചതുകൊണ്ട് ഇനിമുതൽ 10മണിക്ക് എഴുന്നേറ്റാലും കുഴപ്പമില്ല. പക്ഷെ മുബൈയിലെ ജീവിതം ഇന്നുംകൂടിയേ ഉള്ളൂ. നാളെ ഞാൻ നാട്ടിലേയ്ക്ക് തിരിക്കുകയാണ്. അമ്മയുടെ പ്രാർത്ഥനയുടെയും വഴിപാടിന്റെയും ഫലമായിട്ടാകും വിദേശത്ത് എനിക്ക് ജോലി തരപ്പെട്ടത്. ഇനി മുംബൈയിലേയ്ക്ക് ഇല്ല. പക്ഷെ പോകുന്നതിനു മുൻപ് എനിക്കെല്ലാം ആസ്വദിക്കണം. ആസ്വാദനത്തിന് പറ്റിയ വഴിയാണ് വേശ്യകൾ. അവരെ വിശ്വസിക്കാൻ പറ്റില്ല. പക്ഷെ എല്ലാവിധ സുരക്ഷിത മാർഗ്ഗങ്ങളും ഉപയോഗിച്ചാണ് എന്റെ ആസ്വാദനം. പിന്നെ എന്ത് പേടിക്കാൻ? തലേന്ന് രാത്രി കൊടുത്ത മാലയും ധരിച്ച് കിടന്നുറങ്ങുന്ന പുഷ്പാ സർക്കാറിന്റെ നഗ്ന ശരീരം നോക്കി ഞാൻ മന്ദഹസിച്ചു.
ട്രയിനിൽ നല്ല തിരക്കാണ്. സീറ്റ് ബുക്ക് ചെയ്തതുകൊണ്ട് ഉപകാരമായി. അല്ലെങ്കിലും ഡിസംബർ മാസത്തിൽ തിരക്ക് കൂടുതൽ ആയിരിക്കും.അതും അല്ലെങ്കിൽ എന്നെപോലെ പലർക്കും വിദേശത്ത് ജോലി തരപ്പെട്ടിട്ടുണ്ടാകാം.നാട്ടിലേയ്ക്ക് അടുക്കും തോറും മനസ്സിന് വല്ലാത്ത സന്തോഷമാണ്.മുംബൈയിൽ കാണുന്നതിന്റെ നേരെ വിപരീതമാണ് ഞാൻ നാട്ടിൽ.ഈ പ്രായത്തിലല്ലേ ഇതൊക്കെ പറ്റൂ.. നാട്ടിൽ എല്ലാവരുടെയും മുന്നിൽ നല്ല പയ്യൻ. അവിടെ എത്തിയാൽ സത്യസന്ധതയുടെ തെളിച്ചം എന്റെ മുഖത്തുണ്ടാകും. അതു എനിക്ക് ദൈവം നൽകിയ വരദാനമാണ്. ത്രിശ്ശൂർ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേർന്നു. സമയം രാത്രി 10 മണി.തണുപ്പ് എന്റെ കൂടെ ഇവിടെയും വന്നു ചേർന്നിട്ടുണ്ട്. അല്ലെങ്കിലും തണുപ്പ് എനിക്കിഷ്ടമാണ്.ശ്ശേഇനി അതൊന്നുമില്ല. എല്ലാം അവിടെ ഉപേക്ഷിച്ചതാണ്. ഇനി വിദേശത്ത് ചെന്നിട്ട് മാത്രം. ദുബായ് അത്ര മോശം സ്ഥലമല്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്.
ഇന്റർവ്യൂ നടന്നതു മുംബൈയിൽ ആണെങ്കിലും ബാക്കിയുള്ള നടപടികൾ നടക്കുന്നത് എറണാകുളത്താണ്. ചെന്നതിന്റെ നാലാം ദിനം എനിക്ക് മെഡിക്കൽ ടെസ്റ്റിനു വേണ്ടി അവിടേയ്ക്ക് പോകേണ്ടി വന്നു. അവിടെ എത്തിയപ്പോൾ ആണ് മനസ്സിലായതു ഞാൻ മാത്രമല്ല വേറെ ഒരുപാട് പേർ ഉണ്ട്. ഏകദേശം 10-15 പേർ.എല്ലാവരും ഒരേ കമ്പനിയിലേയ്ക്ക് ഉള്ളവർ! ഊഴമനുസരിച്ച് ഞാനും നിന്നു. ബ്ലഡ്, യൂറിൻ,എക്സ് റേ എല്ലാം എടുത്ത് പരിശോധിച്ചു. ഡോക്ടറുടെ മുന്നിൽ നഗ്നനായി ഞാൻ നിന്നപ്പോൾ നാണമൊന്നും തോന്നിയില്ല.പെൺകുട്ടികളുടെ പരിശോധന ഇങ്ങനെ തന്നെയായിരിക്കുമോ? റിസൾട്ടിനു വേണ്ടി കാത്തിരിക്കുകയാണ്. ഞാൻ ഒരു ചായ കുടിക്കാൻ പുറത്തേയ്ക്ക് ഇറങ്ങി. തിരിച്ചു വന്നപ്പോൾ ഒരേ ഒരു ആൾ മാത്രം! ബാക്കി എല്ലാവരുടെയും റിസൽട്ട് കിട്ടി പോയിരുന്നു. ഞാൻ ചെന്ന് അയാളൂടെ അടുത്ത് ഇരുന്നു. എന്നെ നോക്കി അയാൾ ചിരിച്ചു. ഒരു 30-35 വയസ്സ് പ്രായം വരും.ഞാൻ അയാളുമായി പരിചയപ്പെട്ടു പിന്നീട് കുറെ സംസാരിച്ചു. അര മണിക്കൂർ കഴിഞ്ഞിട്ടും റിസൾട്ട് വരുന്നില്ല. ഞങ്ങൾ അക്ഷമരായി. അയാൾ എഴുന്നേറ്റ് റിസപ്ഷനിൽ ഇരുന്ന പെൺകുട്ടിയോട് എന്തോ ചോദിച്ചു, ഞാൻ അത് കേട്ടില്ല.നേരം വൈകും തോറും എനിക്ക് പേടി കൂടി വന്നു. മുബൈയിലെ എന്റെ കുത്തഴിഞ്ഞ ജീവിതം എന്റെ കണ്മുന്നിൽ തെളിഞ്ഞു. മെഡിക്കൽ നടത്തുമ്പോൾ എഡ്സ് ടെസ്റ്റും ഉണ്ടാകില്ലേ? എനിക്ക് എഡ്സ് ഉണ്ടാകുമോ? അതായിരിക്കുമോ അവർ ഇത്രയും നേരം വൈകുന്നത്.? അവരുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ എന്തോ എനിക്ക് അങ്ങിനെയാണ് ചിന്തിക്കാൻ തോന്നിയത്. അടുത്തിരിക്കുന്ന ആ ആളുടെ മുഖത്തേയ്ക്കും ഞാൻ നോക്കി. അവിടെ വലിയ ഭാവഭേതമൊന്നും ഇല്ല.അയാൾക്ക് ഒന്നും പേടിക്കാനില്ലായിരിക്കും. ഞാൻ ഒരു എഡ്സ് രോഗിയാണെന്ന് വീട്ടുകാർ അറിഞ്ഞാൽ?നാട്ടുകാർ അറിഞ്ഞാൽ? എന്റെ കൂട്ടുകാർ അറിഞ്ഞാൽ..? ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി.കണ്ണിൽ ഇരുട്ട് കയറി മറയുന്നത് പോലെദൈവമേ.ഞാൻ പുറത്തിറങ്ങി എന്റെ കൂട്ടുകാരനെ വിളിച്ചു. ഞാൻ എപ്പോഴും സുരക്ഷിത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന കര്യം പറഞ്ഞു. പക്ഷെ സുരക്ഷിത മാർഗ്ഗങ്ങൾ എപ്പോഴും വിജയിച്ചു കൊള്ളണമെന്നില്ലല്ലോ എന്ന് അവൻ ഓർമ്മിപ്പിച്ചു. ഞാൻ ആകെ വിയർത്തു ഞാൻ.എഡ്സ് രോഗിയാണെന്ന് അറിഞ്ഞാൽ ആത്മഹത്യ ചെയ്യാൻ ഞാൻ ഉറപ്പിച്ചു.തിരിച്ച് ചെന്ന് ഞാൻ ഓഫീസിൽ തല കുമ്പിട്ടിരുന്നു.
അല്പ സമയത്തിനകം ആരോ വന്ന് എന്റെ തോളിൽ കൈ വച്ചു. ഞാൻ തല ഉയർത്തി. അകത്തേയ്ക്ക് വരാൻ അയാൾ ആഗ്യം കാണിച്ചു.ഏതോ സ്വപ്നലോകത്തിലെന്ന പോലെ ഞാൻ അയാളുടെ പിറകെ ചെന്നു. ഒരു കൌൺസിലർ പോലെ അയാളെ എനിക്ക് തോന്നിച്ചു. മുറിയിൽ ചെന്നപ്പോൾ ഞാൻ അത് ഉറപ്പിച്ചു. എനിക്ക് രോഗമുണ്ട്. അതിന്റെ ആദ്യ പടിയെന്നോണം എന്നെ കൌൺസിലിങ്ങിനു വിധേയമാക്കുകയാണ്.അയാൾ എന്റെ പേര് ചോദിച്ചു.ഞാൻ വിവരങ്ങൾ പറഞ്ഞു. അയാളുടെ മുഖത്തേയ്ക്ക് നോക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. വെളിച്ചം തീരെ കുറഞ്ഞ ആ മുറിയിൽ ഞാൻ മുഖം താഴ്ത്തി ഇരുന്നു. അദ്ദേഹം ശാന്തമായി എന്നോട് സംസാരിക്കാൻ തുടങ്ങി.
‘താങ്കൾ എഡ്സ് എന്ന രോഗത്തെകുറിച്ച് കേട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു’
എന്റെ ചങ്ക് ശക്തിയയി ഇടിക്കാൻ തുടങ്ങി. അത് ഇപ്പോൾ പൊട്ടി തകർന്ന് പോകുമെന്ന്  തോന്നി. ഇരുട്ട് കണ്ണുകളിൽ കയറി. കിടയ്ക്ക പങ്കിട്ട വേശ്യകൾ എനിക്ക് ചുറ്റും വന്ന് അട്ടഹസിക്കാൻ തുടങ്ങി..ഹ..ഹഹാ‍അതെ ഞാൻ എഡ്സ് രോഗിയാണ്.
അയാൾ എന്റെ പുറകിൽ നിൽക്കുകയാണ് ഇപ്പോൾ. എന്നോട് മുഖം തിരിഞ്ഞാണ് സംസരിക്കുന്നത്. വരാൻ പോകുന്ന ദിവസങ്ങളിൽ എല്ലാവരും എന്നോട് മുഖം തിരിക്കും. അയാളുടെ കൈ എന്റെ തോളിൽ സ്പർശിച്ചു.അയാൾ എന്നോട് വീണ്ടും സംസരിക്കാൻ തുടങ്ങി.
‘താങ്കൾ ഞങ്ങളെ ഒന്ന് സഹായിക്കണം. കുറച്ച് നേരം കൂടി ഇവിടെ ഞങ്ങളുടെ കൂടെ ഇരിക്കണം. എന്താണെന്നു വച്ചാൽ, തങ്കളുടെ കൂടെ ഇരുന്നിരുന്ന ആ വ്യക്തി മെഡിക്കൽ തൊറ്റു പോയി. അദ്ദേഹത്തിന് എഡ്സ് ആണ്. താങ്കൾ മെഡിക്കൽ ഫിറ്റ് ആണ്.പെട്ടന്ന് അയാളോട് എല്ലാം തുറന്ന് പറയാൻ ഞങ്ങൾക്ക് പറ്റില്ല. അതിനാലാണ് താങ്കളെ ഞങ്ങൾക്ക് ബുദ്ധിമുട്ടിക്കേണ്ട് വന്നത്.’
എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ കുറച്ച് സമയത്തിനുള്ളിൽ ഞാൻ അനുഭവിച്ച പിരിമുറുക്കം.ഈശ്വരാ.എന്റെ ശ്വസം നേരെ വീണു.  പക്ഷെ ഒരു നിമിഷം അവിടെ എന്റെ അടുത്തിരുന്ന ആ ആളെ കുറിച്ച് ഞാൻ ആലോചിച്ചു. തനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞ് കഴിഞ്ഞാൽ എന്തായിരിക്കും അയാൾ ചിന്തിക്കുക? ആത്മഹത്യ?കുറച്ച് നേരം മുൻപ് ഞാൻ ചിന്തിച്ചത് അതു തന്നെയായിരുന്നില്ലേ? ദൈവത്തെ ആത്മാർത്ഥമായി തന്നെ ഞാൻ വിളിച്ചു. മുറിയ്ക്ക് പുറത്ത് ഇറങ്ങിയപ്പോൾ എന്തോ ഉത്തരം പ്രതീക്ഷിച്ച് അയാൾ എന്നെ തന്നെ നോക്കി ആ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു സീറ്റ് മാറി ഇരുന്നു. അയാൾ വന്ന് എന്നോട് ചോദിച്ചു
‘എന്താണ്..എന്താണ് സംഭവിച്ചത്? മെഡിക്കൽ ജയിച്ചില്ലേ?’ എനിക്ക് ഒന്നും പറയാൻ പറ്റിയില്ലആ സമയം അരോ വന്ന് അയാളെ വിളിച്ച് കൊണ്ട് പോയി. ഞാൻ പോയ അതേ മുറിയിലേയ്ക്ക് തന്നെ. ഞാൻ അവിടെയ്ക്ക് നോക്കി ഇരുന്നു. കുറച്ച് സമയത്തിനുള്ളിൽ അയാളുടെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നു പൊന്തി..ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് നടന്നു

Monday, April 25, 2011

ബസ്റ്റാന്റിലെ വേശ്യകൾ-ഒരു സാഹസം

ജോലി കഴിഞ്ഞ് വന്ന് നന്നായി കുളിച്ചു. കണ്ണാടിയിൽ നോക്കി മുടി നന്നായി തന്നെ ചീകി ഒതുക്കി.എണ്ണ അല്പം കൂടിപ്പോയി.മുടിയ്ക്ക് നല്ല തിളക്കം തോന്നിക്കുന്നുണ്ട്.മീശ ശരിക്കും കിളിർത്ത് വന്നിട്ടില്ല.പക്ഷെ ഇരുപത് വയസ്സിന് ഇത് ധാരാളം. ഞാൻ സമയം നോക്കി.രാത്രി എട്ട് മണി.പുറത്ത് ഇരുട്ട് കട്ട പിടിച്ച് കിടക്കുന്നു.ഞാൻ ഒരുങ്ങുന്നത് നിർത്തി.മതി.. അവളുമാരെ കാണിക്കാൻ ഇത് ധാരാളം മതി.റെയിൽവെ സ്റ്റേഷന്റെ അടുത്ത് തന്നെയാണ് ബസ്റ്റാന്റ്  എന്നുള്ളത് അവളുമാർക്ക് ഒരു തരത്തിൽ അനുഗ്രഹമാണ്. ഒരുപാട് കസ്റ്റമേർസ് വന്ന് വായ നോക്കി നിൽക്കും.ഞാനടക്കം.പക്ഷെ ഞാൻ ഇതുവരെ അവളുമാരുടെ കസ്റ്റമറായിട്ടില്ല.നായ്ക്കളേ..ഞാൻ മനസ്സിൽ അലറി
കണ്ണാടി ഭദ്രമായി ഞാൻ പെട്ടിയിൽ വച്ചു.റൂമിൽ നിന്നും പുറത്തേയ്ക്കിറങ്ങി ഞാൻ ബസ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.മഹാരാഷ്ട്ര സർക്കാറിന്റെ ‘ബെസ്റ്റ്’ ബസ്സുകൾ നിരത്തുകളിൽ ഓടിക്കളിക്കുന്നുണ്ട്.ഓട്ടോറിക്ഷയുടെ അലോസരപ്പെടുത്തുന്ന ആ ശബ്ദം എനിക്ക് പണ്ടേ ഇഷ്ടമല്ല.ജോലി കഴിഞ്ഞ് റൂമിലേയ്ക്ക് നടന്നു പോകുന്ന ബീഹാറി തിവാരിയെ ഞാൻ കണ്ടില്ലാന്ന് നടിച്ചു. ഗേറ്റ് കടന്നപ്പോൾ വാച്ച്മാൻ പതിഞ്ഞ ശബ്ദത്തിൽ സലാം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ദീപാവലിയ്ക്കും മറ്റുമായി പത്ത് രൂപ കൊടുക്കുന്നതിന്റെ കൂലി ഉത്തർപ്രദേശുകാരൻ കിഴവൻ കാണിക്കുന്നുണ്ട്. ഒരു മാസത്തെ സലാമിന് പത്ത് രൂപയാണ് ചിലപ്പോൾ.മുംബൈയിലെ ജീവിതം ശരിക്കും ഞാൻ ആസ്വദിക്കുന്നുണ്ട്.
“സലാം സാബ്” കേൾക്കാൻ നല്ല സുഖമുണ്ട്.സാബ് എന്നെ വിളി കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്നു. ഗമ വിടാതെ ഞാൻ തിരിച്ചും സലാം പറഞ്ഞു.
“സാബ് എവിടെ പോകുന്നു?” മുഖത്ത് വാരിതേച്ച വിനയം അഭിനയിച്ച് അയാൾ ചോദിച്ചു.കഞ്ചാവ് വലിച്ച് തളർന്നിട്ടുണ്ട് കിഴവൻ.
‘ഒന്നുമില്ല.. ബസ്റ്റാൻഡ് വരെ..ഒരു ദോസ്ത് വരാം എന്ന് പറഞ്ഞിട്ടുണ്ട്’ ഞാൻ മറുപടി പറഞ്ഞു. ‘ഉംഉം..എനിക്ക് മനസ്സിലായി‘ എന്ന രീതിയിൽ അയാൾ ചിരിച്ചതായി എനിക്ക് തോന്നി.ഒരാഴ്ചയായിട്ട് ബസ്റ്റാൻഡിൽ നടക്കുന്ന എന്റെ കലാപരിപാടികൾ അയാൾ കണ്ടുകാണുമോ? ………മുംബൈയിലേയ്ക്ക് എത്തി ചേർന്ന് സ്ഥലം എല്ലാം ഒന്ന് പരിചയമായി വരുന്നതിനു മുൻപേ ബാർ ഡാൻസ് നിർത്തലാക്കി..ശവങ്ങൾ.അവിടെ പോയാൽ വേശ്യകളെ അടുത്ത് കാണാം എന്ന് പറഞ്ഞത് നാട്ടിലെ ദിവാകരൻ ആണ്.കുഴപ്പമില്ല അവരിൽ ചിലർ ആയിരിക്കും ഇപ്പോൾ ഇരുട്ടിന്റെ കൂട്ടുകാർജീവിതം ഇരുൾ നിറയുമ്പോൾ ഇരുളിൽ നിന്നു തന്നെ ആശ്വാസം കണ്ടെത്താൻ നടക്കുന്ന വിഡ്ഡികൾ…!
ബസ്റ്റാൻഡ് എത്തി. അവിടെ ഒരു മൂലയിൽ ദീപ നായിക് നില്പുണ്ട്.ബംഗാളിയാണ്.4 ദിവസം മുൻപ് പരിചയപ്പെട്ടതാണ് ഞാൻ അവളെ.30-35 വയസ്സ് പ്രായം തോന്നിക്കും, അവൾ പറഞ്ഞത് 25 ആണെങ്കിൽ കൂടിയും.അവളോട് പരിചയപ്പെട്ടത് നല്ല രസമായിരുന്നു.അന്ന് അവൾ കടും ചുവപ്പ് നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നത്.അതിൽ ഇളം റോസ് നിറത്തിലുള്ള വലിയ റോസാപൂക്കൾ പതിച്ചിരുന്നു.ഫലഫൂയിഷ്ടമായ ശരീരം ആവശ്യത്തിൽ കൂടുതൽ അവൾ കാണിച്ച് നിൽക്കുകയായിരുന്നു.അറപ്പ് തോന്നുന്ന വിധം ലിപ്സ്റ്റിക്.ഞാൻ ആദ്യമായിട്ട് പരിചയപ്പെട്ട വേശ്യ അവളാണ്.ആദ്യമായിട്ട് പറ്റിച്ച വേശ്യയും അവൾ തന്നെ.എന്ന് പറഞ്ഞാൽ ഞാൻ അവളുടെ അടുത്ത് പറ്റ്കാരൻ അയി എന്നല്ല, ഞാൻ അവളെ കബളിപ്പിച്ചു എന്നാണ്.പേരും കാര്യങ്ങളുമെല്ലാം ചോദിച്ചു. വീട്ടിലെ പൂവൻ കോഴി ചികലിടാൻ നേരം പിടക്കോഴിയുടെ ചുറ്റും ഒരു നടത്തമുണ്ട്.അന്നു ഇരുളിൽ അവളുടെ ചുറ്റും നടന്നപ്പോൾ അതാണെനിക്ക് ഓർമ്മ വന്നത്. നടക്കുന്നതിനിടയിൽ ഞാൻ പിറുപിറുത്ത് ചോദിച്ചു കൊണ്ടിരുന്നു.

‘വരുന്നുണ്ടോ..?എത്രയാ നിന്റെ റേറ്റ്..?’ ആവശ്യക്കാരനെ കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനുള്ള കഴിവു വേശ്യകൾക്കുണ്ട്. അവൾ എന്റെ നേർക്ക് തിരിഞ്ഞ് ചിരിച്ച് കൊണ്ട് പറഞ്ഞു.
‘പാഞ്ച് സൌ’ ഉംപെണ്ണിന്റെ ആഗ്രഹം കൊള്ളാം..അഞ്ഞൂറ് രൂപ പോലും
ഞാൻ പറഞ്ഞു.
“എന്റെ അടുത്ത് അത്രയും ഇല്ല അൻപത് രൂപവരുന്നോ?”
“ഹറാം സാലേ അൻപത് രൂപ!!??കടന്ന് പോടാ മുന്നിൽ നിന്ന്ശകുനം മുടക്കാൻ വന്നിരി്ക്കുന്നു ഒരോരുത്തർ” അവൾ ക്ഷുഭിതയായി പറഞ്ഞു. ഞാൻ ഉള്ളിൽ ചിരിച്ചു..പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് അന്തേട്ടന്റെ പെട്ടിക്കടയിൽ കാലത്ത് തന്നെ ചെന്ന് 25 പൈസയ്ക്ക് അട്ടാണിക്കടല ചോദിച്ചപ്പോൾ ഇതേ പോലെ തന്നെയാണ് മറുപടി വന്നത്.ഒരു രൂപയിൽ താഴെ അട്ടാണി വിൽക്കാറില്ലാത്രെ!!അത് അന്തേട്ടന്റെ ആദ്യത്തെ കച്ചോടമായിരുന്നു.ശകുനം മുടക്കി പോലുംഅത് അവളുടെ തന്തയാണ്.അന്ന് അന്തേട്ടൻ25 പൈസ വലിച്ചെറിഞ്ഞു. പിന്നെ ആലോചിച്ചപ്പോൾ തോന്നി എല്ലാ തൊഴിലിനും അതിന്റേതായ മാന്യത ഉണ്ടായിരിക്കും എന്ന്.അന്നത്തെ ദിവസത്തെ അവളുടെ ആദ്യ കസ്റ്റമർ ഞാനായിരുന്നിരിക്കണം.അവളൂടെ വിശാലമായ ശരീരത്തിന് 50 രൂപ വിലയിട്ട എന്നെ അവൾ ശപിച്ചിരിക്കണം. അവൾ ദു:ഖിച്ചിരിക്കണം. പെട്ടന്ന് തന്നെ അടുത്ത വേശ്യയുടെ അടുത്ത് ഇതേ ആവശ്യവുമായി ചെന്നു. അന്ന് ഞാൻ നാല് വേശ്യകളുടെ അടുത്ത് പോയി വില ചോദിച്ചു.മൂന്ന് പേർ ദീപ പറഞ്ഞത് പോലെ തന്നെ കണ്ണ് പൊട്ടും വിധം ചീത്ത വിളിച്ചു.ഒരുവൾ വേദനയോട് കൂടി മന്ദഹസിച്ചതായി തോന്നി.
…………ഇന്ന് ഇപ്പോൾ അധികം ആരുമില്ല.ഒന്നു കറങ്ങി വന്നപ്പോഴ്ക്കും ദീപ നായിക് ആരുടെയോ കൂടെ പോയിരിക്കുന്നു.അവൾ അവിടെ ഉണ്ടെങ്കിൽ കൂടിയും ഇനിയും അവളുടെ അടുത്ത് ചെല്ലാൻ പറ്റില്ല.അവൾക്ക് എന്റെ ഉദ്ദേശം മനസ്സിലായിരിക്കും. 10-15 വേശ്യകളുടെ പക്കൽ ഞാൻ വില ചോദിച്ചിട്ടുണ്ട് ഇതു വരെ. വലിയ പ്രതീക്ഷയോട് കൂടി അവർ അവരുടെ വില പറയുമ്പോൾ ഞാൻ 50രൂപ പറഞ്ഞ് അവരെ താഴ്ത്തിക്കെട്ടും.നിരാശരായി അവർ ചിലപ്പോൾ ചീത്ത വിളിക്കും ചിലപ്പോൾ മന്ദഹസിക്കും. നായ്ക്കൾശരീരം വിൽക്കൻ ശ്രമിക്കുന്ന പിശാചുക്കൾ.വിൽക്കാൻ വച്ച ശരീരം വില ചോദിക്കാൻ ചെന്ന എന്റെ മാന്യത ഞാൻ കണ്ടില്ലാന്ന് നടിച്ചു. ഒരു വേശ്യ പൊലും ഇല്ലാത്ത ബസ്റ്റാൻഡ് ഏതോ ശവപ്പറമ്പ് പോലെ തോന്നിപ്പിച്ചു. ആദ്യമായിട്ടാണ് ഇങ്ങനെ.
………….ഇരുന്നിട്ട് കാര്യമില്ല, തിരിച്ച് പോയേക്കം എന്ന് കരുതിയപ്പോഴാണ് ഒരുവൾ വരുന്നത്.വേശ്യ തന്നെ..ഉറപ്പ്..രാത്രിയിൽ തലയിൽ ചൂടിയ മുല്ലപ്പൂ അതിന്റെ തെളിവാണ്.പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അവളെ കണ്ടിട്ടില്ല.മുല്ലപ്പൂവും,തോളത്തുള്ള ഹാൻഡ് ബാഗും,ചുണ്ടിലെ ചുവന്ന ചായവും,അറപ്പ് തോന്നുന്ന രീതിയിലുള്ള മേക്കപ്പുംവേശ്യകളെ കണ്ടാൽ അപ്പോൾ തന്നെ മനസ്സിലാക്കനുള്ള വരം എനിക്ക് ദൈവം തന്നിട്ടുണ്ട്. പൂവൻ കോഴി തള്ളക്കോഴിയുടെ ചുറ്റും നടക്കാൻ തുടങ്ങി.
“കിത്‌നാവരുന്നോഎത്രയാ നിന്റെ റേറ്റ്?” അവൾ ഒരു നിമിഷം എന്നെ നോക്കി.പിന്നെ പതുക്കെ പറഞ്ഞു..
‘തീൻ സൌ’ ഉംഇവൾ ഏതായാലും ഇത്തിരി ഓടിയ സാധനമാണ്.അതാണ് റേറ്റ് കുറവ്.മുന്നൂറെ ഉള്ളൂ. മാന്യതയുള്ള വേശ്യശവം!
ഞാൻ ഗൌരവത്തോട് കൂടി പറഞ്ഞു...
“50രൂപാ..വരുന്നുണ്ടേൽ വാ..” കൊത്തിപ്പറിക്കുന്ന നോട്ടത്തോട് കൂടി അവൾ എന്നെ നോക്കി.എനിക്ക് ചെറുതായി പേടിയായി.ഇനി അവൾ ശരിക്കും വേശ്യ അല്ലാതിരിക്കുമോ? ഒരു നിമിഷം ശങ്കിച്ച് അവൾ പറഞ്ഞു
‘അധികം ഒന്നും പറയണ്ട ഇരുന്നൂറ്..’ ആഹാ ഇതായിരുന്നല്ലെ…?ഞാൻ ഉള്ളിൽ ചിരിച്ചു.എന്റെ വലയിൽ ഒരു വേശ്യ കൂടി..ഞാൻ പറഞ്ഞു
“എന്റെ കൈയ്യിൽ അത്രയും ഒന്നും ഇല്ല” എടുത്ത വഴി അവൾ ചോദിച്ചു
‘പിന്നെ എത്രയുണ്ട് സാബിന്റെ കൈയ്യിൽ?’
ഞാൻ പറഞ്ഞു
‘എന്റെ കൈയ്യിൽ ആകെ അമ്പത് രൂപയെ ഉള്ളൂഅതിൽ കൂടുതൽ തരാൻ പറ്റില്ല.വേണമെന്നുണ്ടേൽ വന്നാൽ മതി’ പുരികം ചുളിച്ച് ഗുണ്ടയെപ്പോലെ ഞാൻ പറഞ്ഞു.
എടുത്ത വഴി അവൾ..
‘എന്നാൽ വാ പോകാം’ ഒരു നിമിഷം ഞാൻ എന്റെ ഷർട്ടിന്റെ  പോക്കറ്റിൽ ആകെയുണ്ടായിരുന്ന പത്ത് രൂപാ നോട്ടിനു മീതെ എന്റെ കൈത്തലം വച്ചു. കൈത്തലം പോക്കറ്റിനു മീതെ വയ്ക്കുന്നത് അവൾ അത് കണ്ടു
‘എന്തു പറ്റി..? വാ നമുക്ക് ഹോട്ടലിൽ പോകാം’ അവൾ വീണ്ടും പറഞ്ഞു.സത്യത്തിൽ ഞാൻ കൈവച്ചത് എന്റെ പോക്കറ്റിലായിരുന്നില്ല.എന്റെ നെഞ്ചിലായിരുന്നു എന്നുള്ളത് അവൾ അറിഞ്ഞില്ല. പറഞ്ഞ പൈസ ഇല്ലാതിരുന്നതല്ല പ്രശ്നം.എന്നെ ആദ്യമയിട്ടാണ് ഒരു വേശ്യ വിളിക്കുന്നത്.
“ഹോട്ടലിൽ പോകാൻ എന്റെ കൈയ്യിൽ പൈസ ഇല്ല”ഭാവം മറ്റാതെ തന്നെ ഞാൻ പറഞ്ഞു.
“പിന്നെ?” അവൾ നെറ്റി ചുളിച്ചു.ഞാൻ ചൂളാൻ തുടങ്ങി.
‘ഞാൻഞാ..ഞാൻ വെറുതെ സംസാരിക്കാൻ വേണ്ടി” വാക്കുകൾ മുഴുവിപ്പിക്കാൻ അവൾ അനുവദിച്ചില്ല.
‘എന്നാൽ വാ..നമുക്ക് അവിടെ പോയി ഇരുന്ന് സംസാരിക്കാം’ ഒഴിഞ്ഞ ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് അവൾ മൊഴിഞ്ഞു. എനിക്കാണേൽ കൂടുതൽ പേടിയായി.ചങ്ക് പട.. പട.. എന്ന് മിടിക്കുന്നു.ഞാൻ പറഞ്ഞു
‘എന്റെ കൈയ്യിൽ അമ്പത് രൂപ തികച്ചില്ല” അവളുടെ മുഖം ചുവന്നു.അവളുടെ കൈത്തലം എന്റെ കവിളിൽ പതിഞ്ഞ് അതും ഇപ്പോൾ ചുവക്കും എന്ന് എനിക്ക് തോന്നി. അവൾ ദേഷ്യത്തോട് കൂടി ചോദിച്ചു
‘നീ പിന്നെ എന്തിനാ വന്നത്.ഞങ്ങളുടെ അടുത്ത് വരുമ്പോൾ പൈസ കൊണ്ട് വരണമെന്ന് നിനക്കറിയില്ലെ സാലെ ബദ്മാശ്..?” അവളുടെ മേക്കപ്പ് ഇളകാൻ തുടങ്ങി. ഞാൻ അപ്പോൾ ഇലക്ഷൻ ദിനം കാവ്യാ മാധവൻ പറഞ്ഞത് പോലെ തന്നെയാണ് മറുപടി പറഞ്ഞത്
"അറിയാം ചേച്ചി..അറിയാംഅറിയാഞ്ഞിട്ടല്ലാ വന്നത്" കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരുടെ തലയിൽ ഇടാൻ വേണ്ടി ഞാൻ ബാക്കി കൂടി ചോദിച്ചേനേ
‘ഞാൻ അപ്പഴേ പറഞ്ഞതല്ലെ നിന്നോട്..?’ ആലോചിച്ച് നിൽക്കുന്നതിനിടയിൽ അവൾ ചോദിച്ചു
‘പിന്നെ നിന്റെ കൈയ്യിൽ എത്രയുണ്ട്.?’ കർത്താവേ..ഈ പെണ്ണും പിള്ള എന്നെ വിടാൻ ഉദ്ദേശമില്ലേ..?ഞാൻ പറഞ്ഞു.
‘പത്ത്..പത്ത് രൂപ കാണും..’പറഞ്ഞ് തീരുന്നതിനു മുന്നേ അവൾ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു.കൈവിരലുകൾക്കൊപ്പം പത്തിന്റെ ഒരു നോട്ട് ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് വന്നു.
“ഇത്രേം നേരം സംസാരിച്ചതിനു ഇതു മതിപൊക്കോ..ഇനി ഇവിടെ എങ്ങാനും നിന്നെ കണ്ടാൽ..ആ..ഹാ..പോടാ.സാലേ..കുത്തേ..കമീനേ..*&@#&%&^……“അവൾ ആ പൈസ അവളുടെ ബ്ലൌസിനുള്ളിൽ തിരുകി.
അധികം സംസാരിക്കാൻ നിന്നില്ല.ഞാൻ വേഗം നടന്നു (ഓടി).ഗേറ്റ് കടന്നപ്പോൾ വാച്ച് മാൻ കൈ നെറ്റിയിൽ വച്ച് സലാം പറഞ്ഞു.എന്റെ വിളറി പിടിച്ച മുഖം കണ്ട് അയാൾ ചോദിച്ചു
‘എന്തു പറ്റി സാബ്ദോസ്ത് വന്നില്ലേ?’ അയാൾ എന്തൊക്കെയോ അർത്ഥം വച്ച് ചോദിച്ചത് പോലെ എനിക്ക് തോന്നി.ഭാവ വ്യത്യാസം കൂടാതെ ഞാൻ പറഞ്ഞു.
“ഇല്ലദോസ്ത് വന്നില്ല..ഇനി ഒരിക്കലും വരുമെന്ന് തോന്നുന്നില്ല”
ഞാൻ വേഗം എന്റെ റൂമിലേയ്ക്ക് ഓടി.

Friday, February 25, 2011

ഇതെന്റെ അപ്പാപ്പനാണ്..

യർപോർട്ടിൽ നിന്ന് കാറിൽ യാത്ര ചെയ്യുന്നതിനിടയ്ക്ക് കൈയ്യിലുണ്ടായിരുന്ന ഒരു പുസ്തകം നീതു മറിച്ച് നോക്കി.എയ്ഡ്സ് ബാധിച്ച് മരിച്ച ഒരു അമ്മയുടെ മകന്റെ കഥയാണ്.ഒന്നു രണ്ട് പേജ് വായിച്ചു.മടുപ്പ് തോന്നി മടക്കിവച്ചു.മക്കളെ പട്ടിണിക്കിടാതിരിക്കാൻ വേണ്ടി ശരീരം വിൽക്കാൻ ഇറങ്ങണോ?അത്രയ്ക്കും ഗതികേട് ഉണ്ടാകുമോ സ്ത്രീകൾക്ക്.തനിക്ക് തോന്നുന്നില്ല.സ്ത്രീകൾക്ക് പറ്റുന്ന എത്രയോ ജോലികളുണ്ട്.അതല്ലെങ്കിൽ സമൂഹം അത്രയും മൻസാക്ഷിയില്ലാതെ മാറിയിരിക്കുന്നു. ക്ഷീണം കൊണ്ട് നീ‍തു മമ്മിയുടെ മടിയിൽ തല വച്ചു കിടന്നു. ഒറ്റ മകളായത് കൊണ്ടാകാം തന്നോട് മമ്മിയ്ക്ക് വല്ലാത്ത സ്നേഹമാണ്. മമ്മിയുടെ നീളമുള്ള വിരലുകൾ തന്റെ മുടിയിഴകളിലൂടെ തഴുകിയപ്പോൾ എന്തോ, വല്ലാത്ത ഒരു സുഖം! നീളൻ വിരലുകളുള്ള സ്ത്രീകൾ സുന്ദരികളാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ശരിയായിരിക്കും; yes, she is beautiful. നീതു തന്റെ വിരലുകളിലേയ്ക്ക് നോക്കി.കൈപ്പത്തി തിരിച്ചും മറിച്ചും നോക്കി.അതെ താനും സുന്ദരിയാണ്. നീതു തന്റെ ഇടതുകൈ കണ്ണിന് മുന്നിലേയ്ക്ക് ഒന്നും കൂടി കൊണ്ട് വന്ന് മോതിരവിരൽ മാത്രം നിർത്തി ബാക്കി എല്ല വിരലുകളും മടക്കി. ഈ വിരലിലാണ് ഒരു ആഴ്ചയ്ക്കകം ഒരു മോതിരം ഉണ്ടായിരിക്കുക എന്ന കാര്യം നീതു ഒർത്തു! അവൾ ചെറുതായി മന്ദഹസിച്ചു.
ദേഷ്യം വരുമ്പോൾ നീതുവിന് ചെറുതായി കോങ്കണ് വരുന്നുണ്ടെന്ന് കൂട്ടുകാരികളിലാരോ പറഞ്ഞത് ഓർമ്മ വരുന്നു.കല്ല്യാണം കഴിഞ്ഞാൽ കോങ്കണ്ണ് വരുത്താതെ നോക്കണം. നല്ല ഉറക്കം വരുന്നു. സാധാരണ യാത്രകളിൽ  താൻ ഉറങ്ങാറില്ല എന്ന കാര്യം നീതു ഓർത്തു. അമേരിക്കയിൽ നിന്നുമുള്ള 24 മണിക്കൂർ യാത്ര തന്നെ അത്രയ്ക്കും ക്ഷീണിതയാക്കിയിരിക്കുന്നു! ഒന്ന് കണ്ണടച്ചപ്പോഴേയ്ക്കും അടച്ചിട്ട കാറിന്റെ ചില്ലിൽ തട്ടി കാറ്റ് നീതുവിനെ വിളിച്ചുണർത്തി.6 വർഷത്തോളം അമേരിക്കയിൽ കഴിഞ്ഞ തന്നെ കേരളത്തിന്റെ ഭംഗി ആസ്വദിക്കാത്തതിന് കാറ്റ് ചീത്ത വിളിച്ച് കടന്ന് പോയത് പോലെ തോന്നുന്നു. ഇല്ല തനിക്കുറങ്ങാൻ കഴിയില്ല.ഞാൻ എന്തൊരു സ്റ്റുപ്പിഡ് ഗേൾ ആണെന്ന് കാറ്റ് ചിന്തിക്കുന്നുണ്ടാകും. കുഴപ്പമില്ല, ഇനി 2 മാസത്തോളം താൻ ഇവിടെയുണ്ടാകും. ആവോളം നാടിന്റെ ഭംഗി ആസ്വദിച്ച് അങ്ങിനെ അങ്ങിനെകടന്ന് പോയ കാറ്റിന്റെ പരിഭവം അങ്ങിനെ തീരട്ടെ.
മുൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്ന ഡാഡിയെ നീതു ഒരു നിമിഷം ശ്രദ്ധിച്ചു. നല്ല ഉറക്കമാണ് ഡാഡി.കാലിഫോർണിയയിലെ കേരള അസ്സോസിയേഷന്റെ മീറ്റിങ്ങുകളിൽ നൊസ്റ്റാൾജിയയെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുന്ന ഡാഡിയാണ് മുൻസീറ്റിലിരുന്ന് കൂർക്കം വലിക്കുന്നത്. അല്ലെങ്കിലും പ്രവാസികളുടെ ഒരു സ്ഥിരം വാക്കാണ്  നൊസ്റ്റാൾജിയ. ഒട്ടും ആത്മാർത്ഥതയില്ലാതെ ഏത് പൊതുവേദിയിലും ഉച്ചരിക്കാൻ കിട്ടിയ ഒരു വാക്ക്. നീതുവിന് ഉള്ളിൽ നീരസം തോന്നി.വീട്ടിൽ ഡാഡി ഏകാധിപതിയെ പോലെയാണ്. ആരോടും ചോദിക്കാതെ അപ്പൂപ്പനെ ആശുപത്രിയിലാക്കിയത് ഡാഡിയിലെ ഏകാധിപതിയെ തനിക്ക് വ്യക്തമായി കാണിച്ച് തന്നു.50 വയസ്സുള്ള അപ്പാപ്പൻ ആശുപത്രിയിൽ എല്ലാവരുടെയും അവഗണനയോട് കൂടി.disgusting.
നീതു എഴുന്നേറ്റിരുന്ന് ഡോറിന്റെ ചില്ല് താഴ്ത്തി. കൈ ഡോറിൽ വച്ച് അതിൽ താടി വച്ചിരുന്നു.കണ്ണടയ്ക്കാതെ കുറച്ച് നേരം ഇരുന്നു.അങ്ങിനെ ഇരുന്നാൽ കണ്ണിന് മുന്നിൽ കൂടി സ്വർണ്ണ നിറമുള്ള വട്ടങ്ങൾ ആകാശത്ത് നിന്നും താഴേയ്ക്ക് ഇറങ്ങിവരുമെന്ന് പറഞ്ഞത് അപ്പാപ്പനാണ്.ഉം..ശരിയാണ് ഇപ്പോഴും സ്വർണ്ണ നിറമുള്ള വട്ടങ്ങൾ ആകാശത്ത് നിന്നും താഴേയ്ക്ക് ഇറങ്ങിവരുന്നുണ്ട്! അപ്പാപ്പൻന്താണ് അപ്പാപ്പന് രോഗം വരാനുള്ള കാരണം? എനിക്കറില്ല, ആരും ഒന്നും പറഞ്ഞ് കേട്ടിട്ടില്ല!അമ്മൂമ്മയെ കണ്ട ഓർമ്മ തനിക്കില്ല. ചെറുതായിരിക്കുമ്പോൾ തന്നെ കളിപ്പിക്കാനായി ഒരു പാട്ട് പാടുമായിരുന്നു അപ്പാപ്പൻ. പാട്ട് അത്രയും ഓർമ്മയിൽ തെളിയുന്നില്ല.പക്ഷെ മറവിയുടെ പുകമറയ്ക്കുള്ളിൽ ഏതോ ചില വരികൾ തെളിഞ്ഞ് വരുന്നുണ്ട്. ‘കേട്ടില്ലെ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ’ നീതു പതുക്കെ മൂളി നോക്കി. പാട്ട് താൻ മറന്ന് പോയിരിക്കുന്നു. അല്ലെങ്കിലും ആലാപനം തനിക്ക് ചേർന്നതല്ല.കാറ് ഏതോ ഒരു ഗട്ടറിൽ ചാടി യാത്ര തുടർന്നു. ഉറക്കം നഷ്ടപ്പെട്ട ഡാഡി കേരളത്തിലെ റോഡിനെ കുറിച്ച് എന്തോ പിറുപിറുത്തു.പിന്നീട് ഡ്രൈവറോട് എന്തോ പറഞ്ഞ് പൊട്ടിച്ചിരിച്ചു. ഡാഡിയുടെ കഴുത്തിന് പുറകിലുള്ള ഒരു മറുക് അതെപോലെ തന്നെ അപ്പാപ്പന്റെ കഴുത്തിന് പിറകിലുമുണ്ട്. പണ്ടൊക്കെ അതിൽ പിടിച്ച് കളിക്കുകയായിരുന്നു പ്രധാന പണി.അതിൽ അപ്പാപ്പൻ സ്നേഹപൂർവ്വം പരാതി പറയുമായിരുന്നു.
‘നീ പിടിച്ച് വലിച്ചിട്ടാ ഇതിന്റെ നീളം കൂടിവരുന്നത്’
 പക്ഷെ ഡാഡിയുടെ മറുകിന് നീളം ഇല്ല.അതിൽ ഞാൻ പിടിച്ച് കളിച്ചിട്ടല്ല. തന്നെ അതിൽ തൊടാൻ പോലും ഡാഡി സമ്മതിച്ചിട്ടില്ല. ഏതോ പുസ്തകത്തിൽ വായിച്ചിട്ടുണ്ട് ‘സ്പർശനത്തിലൂടെയുള്ള സ്നേഹം’. ഡാഡി തന്നെ സ്പർശിച്ചത് എന്നാണ്? നീതു ഓർമ്മിക്കാൻ നോക്കി. ഡാഡിയുടെ സ്പർശനത്തിലൂടെയുള്ള സ്നേഹം അനുഭവിച്ചിട്ട് കാലമേറെയായി. ഡാഡിയുടെ കുറ്റമല്ല.തിരക്ക് എങ്ങോട്ട് തിരിഞ്ഞാലും തിരക്ക്. പക്ഷെ അപ്പാപ്പൻ അങ്ങിനെയല്ല. തന്നെ ഇപ്പോൾ കണ്ടാലും ഓടി വന്ന് ഉമ്മ തരും.തന്നെ അത്രയ്ക്കും കാര്യമാണ്. അത് കൊണ്ടല്ലെ താൻ അമേരിക്കയിലേയ്ക്ക് പൊയ ആ ദിവസം ആശുപത്രിയിൽ നിന്നും ഓടി വന്നത്. എല്ലാവരും പറഞ്ഞത് അപ്പാപ്പന് അസുഖം കൂടിയിട്ടാണ് ആശുപത്രി ഓടി വന്നത്. പക്ഷെ എന്നോട് സ്വകാര്യമായി പറഞ്ഞത് എന്നെ കാണാൻ വേണ്ടിമാത്രമാണ് ഓടി വന്നതെന്നാണ്.
അന്ന് അപ്പാപ്പന്റെ കാല്പാദം നിറയെ രക്തമായിരുന്നു. കുപ്പിച്ചില്ല് കുത്തിക്കയറിയ പാടുകൾ!ആശുപത്രി സെക്യൂരിറ്റിയുടെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടി മതിൽ ചാടിയപ്പോൾ മതിലിന്മേൽ കുത്തി നിർത്തിയ കുപ്പിച്ചില്ലുകൾ ഏൽ‌പ്പിച്ച മുറിവുകൾ! അടുത്തുള്ള ഹെൽത്ത് സെന്ററിൽ കൊണ്ട് പോയി മരുന്ന് വച്ചുകെട്ടുമ്പോൾ എന്ന് തിരികെ വരും എന്ന് ചോദിച്ച അപ്പാപ്പനോട് മറുപടി പറയാൻ തനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ താൻ ഇപ്പോൾ തിരികെ വരികയാണ്. അപ്പാപ്പന് കൊച്ചുമോളുടെ കല്ല്യാണം കൂടേണ്ടേ?
വീട്ടിലെത്തി.ഒരുപാട് ആളുകൾ വന്ന് കുറെ വിശേഷം ചോദിച്ചു. ചിലതിനൊക്കെ മറുപടി പറഞ്ഞു.ചിലതൊക്കെ കേട്ടില്ല എന്ന് നടിച്ചു. അപ്പാപ്പനെ കല്ല്യാണതലേന്ന് ആശുപത്രിയിൽ നിന്നും കൊണ്ട് വരും എന്ന് മമ്മി പറഞ്ഞറിഞ്ഞു. അപ്പാപ്പനെ കാണാൻ പോകണം എന്ന് ഡാഡിയോട് പറഞ്ഞപ്പോൾ മൂന്ന് ദിവസം കൂടി കാത്താൽ പോരെ അപ്പാപ്പൻ ഇങ്ങോട്ട് തന്നെയല്ലെ വരുന്നതെന്നായിരുന്നു മറുപടി.പക്ഷെ വരാമെന്ന് പറഞ്ഞ ദിവസം അപ്പാപ്പൻ വന്നില്ല. പ്പാപ്പനെ അറിയിക്കാതെയാണ് തന്റെ കല്ല്യാണം എന്ന് പലരിൽ നിന്നും നീതു മനസ്സിലാക്കി. പക്ഷെ അപ്പാപ്പന് തന്റെ കല്ല്യാണമാണെന്ന കാര്യം അറിയാമെന്നും ഡാഡി സമ്മതിക്കാത്തതിലാണ് അപ്പാപ്പനെ കൊണ്ടുവരാത്തതെന്നും  മമ്മി പറഞ്ഞ്  അറിഞ്ഞപ്പോൾ നീതു ഞെട്ടിപ്പോയി.അവൾക്ക് ഡാഡിയോട് പുച്ഛം തോന്നി. അപ്പാപ്പനില്ലാതെ നാളെ താൻ പള്ളിയിലേയ്ക്ക് ഇറങ്ങില്ലെന്ന് നീതു ഡാഡിയോട് തീർത്ത് പറഞ്ഞു.തനിക്ക് കോങ്കണ്ണ് വരുന്നുണ്ടോ? മറ്റുള്ളവരുടെ മുന്നിൽ തന്റെ സ്റ്റാറ്റസ്സിന് പോറലേൽക്കുന്നത് കണ്ടപ്പോൾ ഡാഡി അപ്പാപ്പനെ പോയി കാണാം എന്ന് പറഞ്ഞു.ആശുപത്രിയിൽ പോകാനായി തയ്യാറാകുമ്പോഴാണ് ഒരു ഫോൺ വന്നത്. നീതുവിന് എന്തൊ പന്തികേട് തോന്നി.പിന്നെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. വിവാഹം Postpond ചെയ്യില്ല എന്നാരോടോ ഫോണിൽ പറയുന്നത് കേട്ടപ്പോൾ സംശയം ഇരട്ടിച്ചു.അവസാനം ഡാഡി വന്ന് നീതുവിനോട് പറഞ്ഞു. അപ്പാപ്പന് ഒരു ആക്സിഡന്റ് ഉണ്ടായി, നമുക്കൊന്ന് ഹോസ്പിറ്റൽ വരെ പോകാം.
ആശുപത്രിപ്പടിക്കൽ വലിയ മതിൽ അതേപോലെ തന്നെ ഉണ്ടായിരുന്നു. അപ്പാപ്പന്റെ കാലിൽ വലിയ മുറിവുകൾ ഏൽ‌പ്പിച്ച ആ കുപ്പിച്ചില്ലുകൾ തന്നെ നോക്കി ചിരിക്കുന്നു.കാലിലെ രക്തം കുപ്പിച്ചില്ലിന്മേൽ ഉണ്ടായിരിക്കുമോ? ആശുപത്രി ചെയർമാൻ സംഭവങ്ങൾ ഡാഡിയോട് വിശദീകരിച്ചു. ആശുപത്രിയിൽ നിന്ന് അപ്പാപ്പനെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. ഇടയ്ക്കൊക്കെ ആരോടും പറയാതെ വീട്ടിലേയ്ക്ക് പോകുന്നത് പതിവായതിനാൽ അവർ ആദ്യം അന്വേഷിച്ചില്ല.പിന്നീട് വീട്ടിൽ അറിയിക്കാതെ അന്വേഷിക്കാം എന്ന് കരുതി. പക്ഷെ ഇന്ന് കാലത്താണ് ആശുപത്രിയിലെ വാട്ടർ ടാങ്കിൽ നിന്നും അപ്പാപ്പന്റെ അഴുകിത്തുടങ്ങിയ ദേഹം കണ്ടെടുത്തത്. ചെയർമാൻ ഒന്ന് നെടുവീർപ്പെട്ട് മുഖമുയർത്തി ഡാഡിയോട് ചോദിച്ചു.
‘തനിക്ക് ഒന്ന് കൊണ്ട് പോകാമായിരുന്നില്ലേ? എത്ര പ്രാവശ്യം ഞാൻ തന്നോട് പറഞ്ഞതാ, ഇപ്പോൾ അപ്പൻ നോർമ്മൽ ആണെന്ന്?’
ഡാഡിയ്ക്ക് മറുപടി ഉണ്ടായില്ല.അവസാനം ശവശരീരം തിരിച്ചറിയാൻ ചെന്നു. അഴുകിത്തുടങ്ങിയ മുഖത്തിൽ നിന്നും അത് അപ്പാപ്പനാണെന്ന് വായിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് ഡാഡി പറഞ്ഞപ്പോൾ നീതു ഞാൻ ഒന്ന് ശ്രമിക്കട്ടെ എന്ന് അവിടെയുള്ള ജീവനക്കാരോട് പറഞ്ഞു. ശവശരീരം കമഴ്ത്തിക്കിടത്തിയപ്പോൾ കഴുത്തിന് പിറകിലുള്ള മറുക് ശ്രദ്ധയിൽ പെട്ടു.അതെ അത് അപ്പാപ്പൻ തന്നെ.താൻ അമേരിക്കയിൽ പോയതിന് ശേഷം ആ മറുകിന് വലിപ്പം വച്ചിട്ടില്ല. അതേ വലിപ്പം തന്നെ! നീതു ചെയർമാനോട് പറഞ്ഞു.
‘അതെ ഇതെന്റെ അപ്പാപ്പനാണ്. കഴുത്തിന് പിറകിലുള്ള ഈ മറുക് തന്നെയാണ് തെളിവ്’.
 നീതു ഡാഡിയുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കി.ഡാഡിയുടെ വലത് കൈ കഴുത്തിന് പിറകിലുള്ള തന്റെ വലിപ്പമില്ലാത്ത മറുകിലായിരുന്നു.

Saturday, December 25, 2010

കപ്പത്തോട്ടത്തിൽ…

“നീ ഈ കുടുംബം മുടിച്ചല്ലോടീ…ഇനി ഞാൻ എങ്ങിനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും?“


ആറ്റ് നോറ്റ് വളർത്തിയ മകൾ പിഴച്ച് പോയപ്പോൾ തങ്കമ്മ എലി നെഞ്ചത്ത് കൈ വച്ച് കരഞ്ഞു…

‘ആരാടീ..ആരാ ഇത് ചെയ്തത്? അവനാണോ ആ നീലൻ?’ തങ്കമ്മ എലി ദണ്ണപ്പെട്ട് കൊണ്ട് ചോദിച്ചു.

ചിന്നു എലിയ്ക്ക് അമ്മയുടെ മുഖത്തേയ്ക്ക് നോക്കാൻ ധൈര്യമുണ്ടായില്ല….താനും ഭാസ്കരമാമ്മയുടെ മകൻ നീലൻ എലിയുമായുള്ള ബന്ധം അമ്മയ്ക്ക് അറിയാവുന്നതാണ്….അമ്മ പലപ്പോഴും തന്നെ ഉപദേശിച്ചിട്ടുള്ള കാര്യം ചിന്നു ഓർത്തു…

“…..നിന്റെ അപ്പനെ കൊന്ന് എന്റെ കെട്ടുതാലി ഊരി വയ്പ്പിച്ചവന്റെ മകനാ അവൻ…ഞാൻ ഈ ബന്ധത്തിന് ഒരിക്കലും സമ്മതിക്കില്ല..”

ചിന്നു മുഖമുയർത്താതെ തന്നെ അമ്മയോട് സത്യം പറഞ്ഞു… തങ്കമ്മ വാവിട്ട് നിലവിളിച്ചു…‘അപ്പുറത്തുള്ള കപ്പത്തോട്ടത്തിൽ മനുഷ്യർ നമ്മെ കൊല്ലാനായി വിഷം വച്ചിട്ടുണ്ട്. ഞാൻ അത് തിന്ന് ചാവും.നീ നോക്കിക്കോ‘. തങ്കമ്മയ്ക്ക് വിഷമം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ ഭർത്താവിനെ ഭാസ്ക്കരൻ ചുണ്ടനെലി കൊന്നതാണെന്ന് തങ്കമ്മ ഇപ്പോഴും വിശ്വസിക്കുന്നു…അത് താനല്ല എന്ന് പലതവണ ഭാസ്കരൻ ആണയിട്ട് പറഞ്ഞിട്ടും അവൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.തങ്കമ്മ ഇപ്പോഴും ഓർക്കുന്നു ആ സംഭവങ്ങൾ…ഒരു വർഷം മുൻപ് ശരിക്കും പറഞ്ഞാൽ കഴിഞ്ഞ കാവിലെ ഉത്സവത്തിനിടയ്ക്ക്…..

അടുത്ത കൂട്ടുകാരായിരുന്ന ഇരുവരും ഒരുമിച്ചായിരുന്നു കളിച്ച് വളർന്നത്…തങ്ങളുടെ പ്രേമ വിവാഹത്തിന് എല്ലാ വിധ സഹകരണവും തന്നിരുന്നത് ഭാസ്കരനായിരുന്നു…അപ്പോഴൊന്നും താൻ ഭാസ്കരന്റെ ഉള്ളിൽ ഒരു ചതിയനുണ്ടായിരിക്കുമെന്ന് ചിന്തിച്ചില്ല…നാട്ടിലെ എല്ലാ എലികളും പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവമാണ് കാവിലെ മഹോത്സവം. അന്ന് സൊല്പം ‘കഴിച്ചിട്ടുണ്ടായിരുന്നു’ ഇരുവരും. എല്ലാം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടയിൽ ഭാസ്കരൻ…അതെ ഭാസ്കരൻ തന്നെയാണ് കപ്പത്തോട്ടത്തിൽ കയറി കപ്പ പറിക്കാം എന്ന നിർദ്ദേശം വച്ചത്.മനുഷ്യരുടെ കപ്പത്തോട്ടത്തിൽ കയറി കപ്പ പറിക്കുന്നത് അപകടമാണെന്ന് താൻ അന്നെ ഉപദേശിച്ചതാണ്…പക്ഷേ ആരു കേൾക്കാൻ….താനും മകളും അന്ന് രാത്രി വീട്ടിലേയ്ക്ക് തിരിച്ചു… രാത്രി വൈകിയും തന്റെ ഭർത്താവ് തിരിച്ചു വന്നില്ല…അതിരാവിലെ തന്നെ താൻ അന്വേഷിച്ചിറങ്ങി… കപ്പത്തോട്ടത്തിൽ ചെന്നപ്പോൾ ആണ് കണ്ടത്… ഒരു കെണിയിൽ പെട്ട് കിടക്കുകയാണ് തന്റെ ഭർത്താവ്! ഭാസ്കരനെ ചുറ്റും നോക്കി കണ്ട് പിടിക്കാൻ കഴിഞ്ഞില്ല…അവൻ രക്ഷപ്പെട്ടിരിക്കുന്നു!! രക്ഷപ്പെടുത്താൻ താൻ ഒരുപാട് ശ്രമിച്ചതാണ്. തങ്കമ്മ കെണിയിൽ കുറെ കടിച്ച് നോക്കി. മനുഷ്യർ നിർമ്മിച്ച ഇരുമ്പ് കൊണ്ടുള്ള കെണിയ്ക്ക് തന്റെ പല്ലിനേക്കാൾ ബലമുണ്ട്. കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കി…മനുഷ്യർ നടന്നു വരുന്നു…അവർ എന്തോ പറയുന്നുണ്ട്…പ്രാക്രതമല്ല അവർ സംസാരിക്കുന്നതെന്ന് മനസ്സിലായി.അവർ ആ കെണി കൈയ്യിലെടുത്തു…പരസ്പരം എന്തോ പറഞ്ഞ അട്ടഹസിച്ചു…ഇലകൾക്കിടയിൽ മറഞ്ഞിരുന്ന തന്നെ അവർ കണ്ടില്ല…എന്നിട്ട്….താൻ നൊക്കി നിൽക്കുമ്പോളാണ്… അവർ തന്റെ ഭർത്താവിനെ ആ കുളത്തിൽ മുക്കി കൊന്നത്…

തങ്കമ്മ കണ്ണീർ തുടച്ചു.. മടിയിൽ തളർന്നുറങ്ങുന്ന മകളെ നിർവികാരമായി നോക്കി…

“നീ എന്നെ തോൽ‌പ്പിച്ച് കളഞ്ഞല്ലോ മോളെ…“

തങ്കമ്മ ചുമരിൽ ചാരി കണ്ണടച്ച് കിടന്നു..
ഭർത്താവു കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം താൻ ഭാസ്കരന്റെ വീട്ടിൽ അയാളെ കാണാൻ പൊയത് ശരിക്കും ഓർമ്മയിൽ തെളിഞ്ഞ വരുന്നുണ്ട്…പല പ്രവശ്യം വിളിച്ചതിന് ശേഷമാണ് അയാൾ പുറത്തേയ്ക്ക് ഇറങ്ങി വന്നത്. അയാളുടെ മുഖം തനിക്ക് നേരെ ഉയർന്നില്ല. അതിന് താൻ ഇട വരുത്തിയില്ല.തെറ്റുകൾ അയാൾ ഏറ്റുപറയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ക്ഷമിക്കാൻ ഒരുക്കമല്ലായിരുന്നു. നഷ്ടപ്പെട്ടത് അവർക്കല്ലല്ലോ..തനിക്കും തന്റെ മകൾക്കുമല്ലേ…

ആ മകളാണ് ഇപ്പോൾ എന്റെ മടിയിൽ കിടന്നുറങ്ങുന്നത്. എനിക്ക് ക്ഷമിക്കാൻ സാധിച്ചാലും അവളുടെ അപ്പന് സാധിക്കുമെന്ന് തോന്നുന്നില്ല.

തന്റെ മകൻ തങ്കമ്മയുടെ മകളെ ചതിച്ച കാര്യം അറിഞ്ഞ ഭാസ്കരൻ കലി തുള്ളി.

‘നീലാ..’ അതൊരു ഇടിമുഴക്കമായിരുന്നു. നീലൻ പതിയെ പതിയെ കടന്നു വന്നു.

“ഞാൻ ഈ കേട്ടതെല്ലാം സത്യമാണോ?”

മൌനം….

“സത്യമാണൊന്ന്…?” ഭാസ്കരൻ വീണ്ടും ചോദിച്ചു.

നീലൻ വിറച്ച് കൊണ്ട് പറഞ്ഞു ‘എനിക്ക് ചിന്നുവിനെ ഇഷ്ടമാണ്. ഞാൻ അവളെ വിവാഹം കഴിക്കും. അച്ചനും അമ്മയും അതിന് സമ്മതിക്കണം. ‘
ഭാസ്കരൻ വേച്ച് വേച്ച് തന്റെ മുറിയിലേയ്ക്ക് പോയി. ചിന്നു…തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മകൾ! തന്റെ മകളെ പോലെ കരുതിയവൾ… അവളെയാണ് തന്റെ മകൻ…..

ഇനി അവരുടെ വിവാഹം നടത്തി കൊടുക്കണം…അതിന് അവൾ…തങ്കമ്മ…അവൾ സമ്മതിക്കുമോ…തന്നെ അവൾക്ക് അത്രയും അറപ്പാണ്.

താ‍നല്ല അവളുടെ ഭർത്താവിന്റെ മരണത്തിനുത്തരവാദി എന്ന് അവളുടെ കാലു പിടിച്ച് പറഞ്ഞതാണ്.കേട്ടില്ല. ഇനിയും അവൾ തന്നെ കേൾക്കുമോ…

ഈശ്വരാ എന്തൊരു ധർമ്മസങ്കടമാണ്…ആ നശിച്ച ദിവസം എന്തിനാണ് തനിക്ക് കാവിലെ മഹോത്സവത്തിന് പോവാൻ തോന്നിയത്. ഉത്സവരാത്രിയിലെ ചെണ്ടമേളം ഭാസ്കരന്റെ മനസ്സിലേയ്ക്ക് കടന്ന് വന്നു. ഒന്നും വേണ്ടായിരുന്നു..ഒന്നും..
….കപ്പ മാന്തുന്നതിനിടയിൽ രണ്ടു പേരും അരയിലുണ്ടായിരുന്ന ബാക്കി കൂടി അകത്താക്കി… അതിനിടയിൽ ചിന്നുവിനെ കുറിച്ച് അവൻ എന്തോ പറഞ്ഞു. എന്താണെന്ന് ഓർമ്മയില്ല. പരിശ്രമത്തിനൊടുവിൽ ഒരു കഷണം കപ്പ കിട്ടി. അത് മതി എന്ന് വിചാരിച്ച് തിരികെ വരുന്നതിനിടയിലാണ് പുതിയ ഒരു കൂട് കണ്ടത്. അതിനകത്ത് ഒരു കഷണം കപ്പ ഇരിക്കുന്നു! താൻ പോയി എടുത്തു കൊണ്ട് വരാമെന്ന് പറഞ്ഞതാണ്. അകത്ത് കിടന്ന മദ്യം ചിന്തിക്കാനുള്ള വക തന്നില്ല. പക്ഷെ അവൻ കേട്ടില്ല.ഓടി കയറി അതിലിരുന്ന് കപ്പ കഷണം കടിച്ചു. പെട്ടന്നാണ് കൂട് അടഞ്ഞത്.താൻ ഓടി ചെന്ന് നോക്കി. ഭാസ്കരൻ കെണിയിൽ പെട്ടിരിക്കുന്നു! മദ്യത്തിന്റെ കെട്ടെല്ലാം വിട്ടിരിക്കുന്നു.മരണം മുന്നിൽ കാണാൻ തുടങ്ങി അവൻ. കരഞ്ഞ് കൊണ്ട് രക്ഷപ്പെടുത്താൻ പറഞ്ഞു. പക്ഷെ ഞാൻ എന്തു ചെയ്യാൻ?നേരം വെളുക്കുന്നത് വരെ കുറെ ശ്രമിച്ചു.കൂട് തള്ളി മാറ്റാൻ നോക്കി..സാധിക്കുന്നില്ല..നല്ല ഭാരമുണ്ട്. കുറച്ച് കഴിഞ്ഞപ്പോഴാണ് തങ്കമ്മ ഭർത്താവിനെ അന്വേഷിച്ച് വരുന്നത് കണ്ടത്. അവളെ അഭിമുഖീകരിക്കാനുള്ള ചങ്കുറപ്പ് അപ്പോൾ തനിക്കുണ്ടായിരുന്നില്ല. ഒരു ചെടിയുടെ മറവിൽ ഒളിച്ചു നിന്നു. തന്റെ കൂട്ടുകാരനെ കുളത്തിൽ മുക്കി കൊന്നത് വേദനയോട് കൂടി നോക്കി നിൽക്കാനേ തനിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ.
അതിന് ശേഷം എത്ര തവണ..എത്ര തവണ ഞാൻ അവളോട് പറഞ്ഞതാണ് താൻ നിരപരാധിയാണെന്ന്. പക്ഷെ ഇപ്പോൾ അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. അല്ലെങ്കിൽ ചിന്നുവിന്റെ ഭാവി…തങ്ങളുടെ കൂട്ടർ അവളെ കാർക്കിച്ച് തുപ്പും..അതുണ്ടാവാൻ പാടില്ല. നാളെ രാവിലെ തന്നെ തങ്കമ്മയെ കാണണം.ഭാസ്കരൻ കണക്ക് കൂട്ടി.

പിറ്റേന്ന് രാവിലെ തങ്കമ്മ ഭാസ്കരന്റെ വീട്ടിലേയ്ക്ക് വന്നു. ഭാസ്കരൻ പ്രതീക്ഷിച്ചിരുന്നതല്ല അത്. വന്ന പാടെ അവൾ ചോദിച്ചത് തന്റെ മകൾ എവിടെയാണെന്നാണ്. ചോദ്യം കേട്ട നീലനും ഇറങ്ങി വന്നു. ചോദ്യം അപ്പോൾ നീലനോടായി.പക്ഷേ അവർക്കറിയില്ലായിരുന്നു. എവിടെ പോയി ചിന്നു!? അന്വേഷണം ആരംഭിച്ചു.കുറെ അന്വേഷിച്ചു. അവസാ‍നം അവൾ കപ്പത്തോട്ടത്തിലേയ്ക്ക് കടന്നു. അവിടെ ഇലകൾക്കിടയിൽ ഒരു ഞരക്കം അവൾ കേട്ടു. ഓടി ചെന്ന് നോക്കിയപ്പോൾ തന്റെ പൊന്നോമന അവിടെ കിടന്ന് പിടയുന്നത് കണ്ടു. പിന്നാലെ തന്നെ ഭാസ്കരനും നീലനും അവിടെയ്ക്ക് ഓടിയെത്തി. വായയിൽ നിന്നും നുരയും പതയും വരുന്നത് കണ്ട തങ്കമ്മയ്ക്ക് മകൾ വിഷം കഴിച്ചെന്ന് മനസ്സിലായി. തങ്കമ്മ അവളുടെ തല തന്റെ മടിയിൽ വച്ചു. വിങ്ങിപ്പൊട്ടി അവൾ ചോദിച്ചു.
“നീ എന്ത് കടുംകൈയ്യാണ് മോളെ ചെയ്തത്. മനുഷ്യർ നമ്മെ കൊല്ലാനായി വച്ച വിഷം നീ എന്തിനാണ് മോളെ എടുത്ത് കഴിച്ചത്?”
ചിന്നു മരണ വേദനയിലും പറഞ്ഞു. “ഒരു സ്ത്രീയും ഗർഭിണിയായിരിക്കുമ്പോൾ മരിക്കാൻ ഇഷ്ടപ്പെടാറില്ല. പക്ഷെ ഒരു പിഴച്ചവളായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അമ്മേ…”
“പക്ഷെ മോളെ നീലനെക്കൊണ്ടും ഭാസ്കരനെക്കൊണ്ടും ഞാൻ സമ്മതിപ്പിച്ചേനെ…” തങ്കമ്മ പ്രതീക്ഷയോട് കൂടി നീലനെയും ഭാസ്കരനെയും മാറി മാറി നോക്കി. നീലൻ അതെ എന്ന ഭാവത്തിൽ താഴെയ്ക്കും മുകളിലേയ്ക്കും തലയാട്ടി. ചിന്നു വേദനയോട് കൂടി ചിരിച്ചു. ഒന്നു ഞരങ്ങി …കണ്ണുകളടച്ചു..

അവിടെ കപ്പത്തോട്ടത്തിനടുത്തുള്ള വീട്ടിൽ മദ്യം വിളമ്പിയ ഗ്ലാസ്സിനു മുന്നിൽ ഇരുന്ന് വീട്ടുകാരൻ അടുത്ത എലിയെ കൊല്ലാനുള്ള വിഷം തയ്യാറാക്കി എന്തോ വീട്ടുകാരിയോട് പറഞ്ഞ് പൊട്ടിച്ചിരിച്ചപ്പോൾ ഇവിടെ ചിന്നുവിന്റെ അനക്കമറ്റ ദേഹം കെട്ടിപ്പിടിച്ച് തങ്കമ്മ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു.

Monday, March 15, 2010

കഥയുടെ കാണാപുറങ്ങൾ

ജീവിതത്തിന്റെ നിറം ചാലിച്ച് മോടി പിടിപ്പിച്ച കൌമാരകാലത്ത് നിന്നും വളരെ പേടിയോടും,ഗൌരവത്തോടും കൂടി നോക്കി നിന്ന യൌവനകാലം!പഠിപ്പെല്ലാം പൂർത്തിയാ‍ക്കി ആ കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ നഷ്ടപ്രണയത്തിന്റെ വിങ്ങലിൽ തേങ്ങിക്കരഞ്ഞ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി വീശിയ ആ ഇളംകാറ്റും എന്നോടൊപ്പം കരയുകയായിരുന്നു…തുരുമ്പ് പിടിച്ച ഒഴിഞ്ഞ തകരപ്പാട്ട പോലെ എന്നെയും എന്റെ പ്രണയത്തെയും പുറംകാൽ കൊണ്ട് തട്ടിതെറിപ്പിച്ച് “ശിവേട്ടാ…എനിക്ക് എന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ കഴിയില്ല” എന്നും പറഞ്ഞ് കണ്ണീർ പൊഴിച്ച് എന്റെ മുൻപിൽ നിന്ന് മാഞ്ഞ് പോയ ലതയെ ഞാൻ “വഞ്ചകി” എന്ന് വിളിക്കണമോ?ഞാൻ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണെന്ന് തോന്നിച്ച നിമിഷം ലത എന്റെ മുൻപിൽ വന്ന് “എനിക്ക് ശിവേട്ടനെ ഇഷ്ടമാണ്” എന്ന് പറഞ്ഞ നിമിഷമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സ്ത്രീ ലത തന്നെയാണെന്ന് ആ രണ്ട് വർഷകാലയളവിനുള്ളിൽ എനിക്ക് പൂർണ്ണമായി ബോധ്യം വന്നിരുന്നു.ഇനിയൊരിക്കലും എന്നെ ഇത്രയും മനസ്സിലാക്കാൻ കഴിവുള്ള സ്ത്രീ എന്റെ ജീവിതത്തിലുണ്ടാവുകയില്ല…


കലാലയ ജീവിതം എനിക്ക് സമ്മാനിച്ചത് ഒരു കൂട്ടം നല്ല സുഹ്രത്തുക്കളെയാണ്. അങ്ങിനെയുള്ള സുഹ്രത്തുക്കളിൽ ഞാൻ ഏറ്റവും കൂടുതൽ മനസ്സോട് ചേർത്ത് നിർത്തിയത് അവനെയായിരുന്നു സ്വാമിനാഥൻ.അവനാണ് ഈ കഥയിലെ നായകൻ! ഞങ്ങളുടെ ഐക്യം കണ്ട് “ഇരട്ട പെറ്റവർ” എന്ന് കോളേജിൽ പലരും ഞങ്ങളെ കളിയാക്കി വിളിച്ചിട്ടുണ്ട്. അതെ, എനിക്ക് ജനിക്കാതെ പോയ എന്റെ കൂടപ്പിറപ്പായിരുന്നു സ്വാമിനാഥൻ.ഒരുപാട് കഥകളും,കവിതകളും വായിക്കുകയും എഴുതുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു അവൻ.പ്രസംഗ കലയിലെ അവന്റെ ചാതുര്യം ഞാനുൾപ്പടെയുള്ള പലരിലും അസൂയയും,ആശ്ചര്യവും ഉളവാക്കിയിട്ടുണ്ട്.ഇതേ ആശ്ചര്യമായിരുന്നു ഇന്ദുവിനെയും സ്വാമിനാഥനിലേയ്ക്ക് അടുപ്പിക്കാനുണ്ടായ കാരണവും.ഇന്ദു,അവളെ ഞാൻ പരിചയപ്പെടുത്താം.അവളാണ് ഈ കഥയിലെ നായിക.മഴയെ വളരെയധികം സ്നേഹിക്കുന്ന ഇന്ദു!ഒരു ചെറിയ മഴ പെയ്താൽ അവൾ ഉടനെ മുറ്റത്തേയ്ക്കിറങ്ങി മഴ നനയും!!അവളുടെ വിടർന്ന് കണ്ണുകളിൽ തത്തിക്കളിക്കുന്ന മഴത്തുള്ളികളാൽ അവൾ കൂടുതൽ സുന്ദരിയാകും. ഇന്ദുവും ഞാനുമായി ചെറിയ ബന്ധമുണ്ട്.ചെറുതൊന്നുമല്ല,വലുത് തന്നെ.എന്റെ അമ്മാവന്റെ മകളാണവൾ.എന്റെ മുറപ്പെണ്ണ്!!!പക്ഷേ ഞങ്ങൾ തമ്മിൽ മുറപ്പെണ്ണ് മുറച്ചെറുക്കൻ ബന്ധമായിരുന്നില്ല.മറിച്ച് ഒരു ജേഷ്ഠൻ അനുജത്തി ബന്ധമായിരുന്നു.സ്വാമിനാഥൻ എന്റെ കൂടെയില്ലാത്ത സമയങ്ങളിൽ എന്നോടുള്ള സ്വാതന്ത്ര്യമെടുത്ത് ഇന്ദു വാലു പോലെ എന്റെ പിറകെ നടന്ന് സ്വാമിനാഥനെക്കുറിച്ച് ചോദിക്കുമായിരുന്നു.

“ശിവേട്ടാ…ശിവേട്ടാ…സ്വാമിയേട്ടനെവിടെ?സ്വാമിയേട്ടൻ അങ്ങിനെയാണോ?സ്വാമിയേട്ടൻ ഇങ്ങിനെയാണോ?സ്വാമിയേട്ടനോട് സിഗററ്റ് വലി നിറുത്താൻ പറയണം” എന്നിങ്ങനെയൊക്കെ.ഒരിക്കൽ സഹികെട്ട് ചോദ്യശരങ്ങൾക്കിടയിൽ ഞാൻ അവളോട് ചോദിച്ചു.

“നിനക്കെന്താ അവനോട് പ്രേമമാണോ?”

അവളുടെ ചോദ്യങ്ങളെല്ലാം പെട്ടന്ന് നിലച്ചു.കണ്ണുകൾ വിടർന്നു.

“ചോദിച്ചത് കേട്ടില്ലേ…നിനക്കവനോട് പ്രേമമാണോന്ന്..?” ഞാൻ ശബ്ദമുയർത്തി ഒരിക്കൽ കൂടി അവളോട് ചോദിച്ചു.

ഒരു നിമിഷം മൌനം.പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.വിങ്ങിക്കരയുന്നതിനിടയിൽ അവൾ പറഞ്ഞു.

“നിക്ക് സ്വാമ്യേട്ടനെ ഇഷ്ടാ..ന്റെ ജീവനേക്കാളും..”അവൾ രണ്ട് കൈകൾ കൊണ്ട് മുഖം പൊത്തി കരഞ്ഞു. ആ നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിൽക്കുകയായിരുന്നു.സാവധാനം ഞാൻ അവളുടെ തോളത്ത് തട്ടി ആശ്വസിപ്പിച്ചു.

“ഇന്ദൂ..കരയാതെ…ആരെങ്കിലും കാണും…കണ്ണ് തുടയ്ക്കൂ…”

ഷാളുകൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് അവൾ പറഞ്ഞു.

“സത്യാ ശിവേട്ടാ…നിയ്ക്ക് സ്വാമ്യേട്ടനെ ഏത് നേരോം കാണണമെന്ന് തോന്നാ..സ്വാമ്യേട്ടനില്ലാതെ നിയ്ക്ക്….”
അവളുടെ വാക്കുകളെ മുറിച്ച് ഇടയ്ക്ക് കയറി ഞാൻ പറഞ്ഞു.

“മോളെ, ഇന്ദൂ ഇത് നിന്റെ അച്ഛനറിഞ്ഞാൽ,മാധവമാമ്മയോട് ഞാൻ എന്ത് പറയും?ഞാനൊക്കെ ഇവിടെയുണ്ടെന്ന ധൈര്യത്തിലാ അവർ…എന്നെ നീ ധർമ്മസങ്കടത്തിലാക്കല്ലെ ഇന്ദൂ…ഇക്കാര്യം സ്വാമിനാഥന് അറിയോ…?”

“ഇല്ല …അറിയാൻ വഴിയില്ല…ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല”അവൾ മറുപടി പറഞ്ഞു.

‘ഇനി അറിയുമ്പോൾ നിന്നെ ഇഷ്ടല്ലാന്ന് പറഞ്ഞാൽ” ഞാൻ ആശങ്കയോട് കൂടി ചോദിച്ചു.

“ഇഷടല്ലാന്ന് പറഞ്ഞാൽ…. ഇഷടല്ലാന്ന് പറഞ്ഞാൽ….ഇല്ല…സ്വാമ്യേട്ടൻ അങ്ങിനെ പറയില്ല.നിയ്ക്കുറപ്പാ…ശിവേട്ടൻ ഒന്ന് സംസാരിച്ചാൽ മതി..സംസാരിക്കോ..”? അവൾ ചോദിച്ചു.ആ സമയം അവലുടെ പ്രണയത്തിന്റെ തീവ്രത ഞാൻ മനസ്സിലാക്കുകയായിരുന്നു.

“ഉം..ശരി..ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ…നീ ഇപ്പോൾ പൊയ്ക്കോ..”

ഞാനവളെ സമാധാനിപ്പിച്ച് തിരിച്ചയച്ചു.വൈകീട്ട് ഈ കാര്യത്തെക്കുറിച്ച് സ്വാമിനാഥനോട് ഞാൻ സംസാരിക്കുമ്പോൾ അവന്റെ മുഖത്ത് ഭാവമാറ്റമൊന്നും ഞാൻ കണ്ടില്ല.എല്ലാം അറിയാമായിരുന്നത് പോലെ.എല്ലാം കേട്ട് അവൻ പറഞ്ഞു.

“ശിവാ…ഇന്ദു കുറച്ച് നാളുകളായി എന്റെ മനസ്സിനെ അസ്വസ്ഥമാക്കുകയായിരുന്നു.അവൾ എന്നോട് സംസാരിക്കുന്ന ഓരോ വാക്കിലും എത്രത്തോളം പ്രണയം അടങ്ങിയിട്ടുണ്ടന്ന് ഞാനറിയുന്നുണ്ടായിരുന്നു.ജീ‍വിതത്തിലെ വഴിയാത്രക്കിടയിൽ ഏകനായിപ്പോയ നിശാചാരിയുടെ കൈയ്യിൽ കിട്ടിയ വിളക്കാണ് എനിക്കവൾ.ആ വിളക്ക് അണയാതെ ഞാൻ സൂക്ഷിച്ചോളാം…നീ സമ്മതിക്കുമെങ്കിൽ…” ഇതും പറഞ്ഞ് അവന്റെ വലതു കരം എന്റെ ഇടംനെഞ്ചിനോട് ചേർത്ത് വച്ചു.

അവന്റെ കൈ എന്റെ രണ്ട് കൈകൾ കൊണ്ടും പിടിച്ച് ഞാൻ പറഞ്ഞു.

“ഇന്ദുവിന് കിട്ടിയ പുണ്ണ്യമാണ് നീ”

* * * * * * * *

സ്വാമിനാഥന് അതു പ്രണയത്തിന്റെ നീറ്റലും,സുഖവും,പാരവശ്യവും അനുഭവിച്ച കാലഘട്ടമായിരുന്നു.ഇന്ദുവിനെ കാണാത അവന് നാലഞ്ച് ദിവസങ്ങൾക്കപ്പുറം കഴിയാൻ വയ്യ!ആഴ്ചയിലൊരിക്കൽ അവളോട് ഒന്ന് സംസാരിച്ചില്ലെങ്കിൽ,അവളുടെ ഒരു കത്ത് കിട്ടിയില്ലെങ്കിൽ ജീവിതം ഇരുൾ നിറഞ്ഞത് പോലെ!!പലപ്പോഴും അവർക്കിടയിലുള്ള കത്തിടപാടുകൾക്ക് മദ്ധ്യസ്ഥം വഹിച്ചത് ഞാനായിരുന്നു.പ്രണയത്തിന്റെ ഉച്ചസ്ഥായിയിൽ സ്വാമിനാഥൻ ഇന്ദുവിന് എഴുതി.

“കുന്നിൻ ചെരുവിൽ നിന്നും ഇറങ്ങി വരുന്ന സുന്ദരീ…എനിക്ക് എല്ലാറ്റിനോടും അസൂയയാണ്.നിന്നെ ഗാഡ്ഡമായി ആലിംഗനം ചെയ്ത് നിന്റെ അരികിൽ കുറ്റബോധത്തോറ്റെ പരുങ്ങി നിൽക്കുന്ന ആ തൂവൽ തെന്നലിനോട്….നിന്നെ ചുംബിക്കാൻ ഭൂമിയിലേയ്ക്ക് ഇറങ്ങി വരുന്ന ആ മഴത്തുള്ളുകളോട്….നിന്നെ സ്പർശിക്കുന്ന നിന്റെ ഉടയാടകളോട്…..എനിക്ക് മാത്രമുള്ള ചുംബനങ്ങൾ കവർന്നെടുക്കുന്ന നിന്റെ തലയിണകളോട്….”

ഇന്ദുവിനോടുള്ള പ്രണയം ഒരു മുല്ലമൊട്ട് പോലെ വിടർന്ന് പന്തലിച്ച് സ്വാമിനാഥന്റെ ജീവിതത്തിൽ പൂത്തുനിൽക്കുന്ന ഒരു വസന്തമായി തീരുകയായിരുന്നു.കോളേജിലെ വരാന്തകളിലും,ആൽമരചുവട്ടിലും,ബസ്റ്റോപ്പുകളിലും പ്രക്രതി അവർക്ക് വേണ്ടി ആ വസന്തം വിരിയിച്ചു.അവരുടെ പ്രണയം കൺകുളിർക്കെ കണ്ട ആൽമരത്തിന്റെ ഹ്രദയം തരളിതമായത് കൊണ്ടാകാം വാർദ്ധക്യം അതിനെ പിടികൂടാത്തത്!കണ്ടിട്ടും കണ്ട് തീരാതെ,പറഞ്ഞിട്ടും പറഞ്ഞ് തീരാതെ രണ്ട് വർഷകാലം അങ്ങിനെ കടന്ന് പോയി.പെട്ടന്നാണ് തുടച്ച് മിനുക്കി വച്ച പളുങ്ക് പാത്രം താഴെ വീണുടഞ്ഞത് പോലെ എല്ലാം തകർന്നുടഞ്ഞത്.ഇന്ദുവും സ്വാമിനാഥനുമായുള്ള ബന്ധം വീട്ടിലറിഞ്ഞു. ഇന്ദുവിന്റെ പുസ്തകത്തിൽ നിന്നും സ്വാമിനാഥന്റെ കത്തും ഒരു ഫോട്ടോയും മാധവമാമ്മ കണ്ടെടുത്തു.അത് വലിയ സങ്കീർണ്ണപ്രശ്നമായി.മാധവമാമ്മയോട് എതിർത്ത് സംസാരിച്ച ഇന്ദുവിനെ മാധവമാമ്മ തലങ്ങും വിലങ്ങും അടിച്ചു.അവളുടെ പഠനം നിർത്തി.ശരിക്കും പറഞ്ഞാൽ ഇന്ദു വീട്ടുതടങ്കലിൽ ആയി.പക്ഷേ എന്റെ ചാരപ്രവർത്തി മാധവമാമ്മ അറിഞ്ഞിരുന്നില്ല.സ്വാമിനാഥൻ അവളെ കാണാതെ ചിത്തഭ്രമം ബാധിച്ചവനെ പോലെയായി.മാധവമാമ്മ ഇന്ദുവിന് വേറെ വിവാഹം ഉറപ്പിച്ചു.അത് ഏകദേശം നടക്കുമെന്ന് ഉറപ്പായപ്പോൾ ഇന്ദു സ്വാമിനാഥന്റെ കൂടെ ഇറങ്ങിപ്പോയി രജിസ്റ്റർ വിവാഹം ചെയ്തു. ഈ വിവാഹത്തിനും എന്റെ എല്ലാ വിധ സഹായസഹകരണങ്ങളുണ്ടായിരുന്നു.

ഒളിച്ചോട്ടം നാട്ടിലും വീട്ടിലും വലിയ ഒച്ചപ്പാടുണ്ടാക്കി.നാലുപാടും അവരെ അന്വേഷിച്ച് അളുകൾ പോയി.പക്ഷേ പോയവരെല്ലാം നിരാശയോട് കൂടി തിരിച്ച് വന്നു.ഈ സംഭവമെല്ലാം നാട്ടുകാരുടെ ഇടയിൽ നിന്നും കേട്ടറിഞ്ഞ ആളെന്നനിലയിൽ ഞാൻ മാധവമാമ്മയുടെ വീട്ടിലെത്തി.എന്റെ കള്ളമെല്ലാം പൊളിഞ്ഞിരിക്കുമോ എന്നൊരു ഭയവും എനിക്കുണ്ടായിരുന്നു.അമ്മായി എന്നെ അമ്മാവന്റെ മുറിയിലേയ്ക്ക് കൊണ്ട് പോയി.മുറിയിലെ കട്ടിലിൽ തന്റെ മനസ്സിനെ വേറെയെവിടെയോ മേയാൻ വിട്ട് ജനാലയിലൂടെ പുറത്തേയ്ക്ക് കണ്ണും നട്ട് കിടക്കുകയാണ് മാധവമാമ്മ.ഞാൻ ചെന്ന് അമ്മാവന്റെ അടുത്തിരുന്നു.പുറത്ത് ചെറുതായി ചാറ്റൽമഴ പെയ്ത് തുടങ്ങിയിരുന്നു.ജനലിലൂടെ നേർത്ത വെള്ളത്തുള്ളിയുമായി വന്ന ഇളം കാറ്റ് മാധവമാമ്മയുടെ മുഖത്ത് വീശിയപ്പോൾ അദ്ദേഹം ഓർമ്മകളിൽ നിന്നും ഉണർന്നത് പോലെ എനിയ്ക്ക് തോന്നി.പക്ഷേ എന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ അദ്ദേഹം വീണ്ടും അവിടെ തന്നെ കിടക്കുകയാണ്.പതിയെ ഞാൻ ഇന്ദുവിനെ കുറ്റപ്പെടുത്തി സംസാരിച്ച് തുടങ്ങി.അവസാനം എല്ലാം മറക്കാൻ പറഞ്ഞ് മാധവമാമ്മയെ ആശ്വസിപ്പിച്ച് ഞാൻ എന്റെ സംസാരം അവസാനിപ്പിച്ചു.പെട്ടന്ന് മാധവമാമ്മ തിരിഞ്ഞ് എന്റെ ചുമലിലേയ്ക്ക് വീണ് തേങ്ങിക്കരഞ്ഞു.ഞാൻ എത്ര ആശ്വസിപ്പിച്ചിട്ടും അദ്ദേഹത്തിന് തേങ്ങലടക്കാൻ കഴിഞ്ഞില്ല.

“ന്നാലും ന്റെ മോള്….അവൾക്കങ്ങിനെ തോന്നിയല്ലോടാ….
എങ്ങനെ മറക്കൂടാ ഞാൻ…മറക്കാൻ കഴിയോടാ എനിക്ക്…കഴിയിണില്ലല്ലോ ഈശ്വരാ….”


താൻ നിർലോഭമായി പകർന്ന് കൊടുത്ത സ്നേഹം തട്ടിതെറിപ്പിച്ച് കൊണ്ട് ഇന്നലെ കണ്ടവന്റെ കൂടെ അവളിറങ്ങൊപ്പോയതായിരുന്നു ആ പിതാവിന്റെ ദു:ഖം.മാധവമാമ്മയുടെ ആ കണ്ണീരിൽ നില കാണതെ ഞാൻ മുങ്ങിപ്പോയി.ആ കണ്ണീരൊഴുക്കിൽ സ്വാമിനാഥൻ എന്ന നായകനും ഇന്ദുവെന്ന നായികയും ചിന്നിച്ചിതറി ഒഴുകിപ്പോയി.മനസ്സ് കൊണ്ട് ഞാൻ മാധവമാമ്മയുടെ കാൽക്കൽ വീണ് മാപ്പിരുന്നു.
അന്ന് ഞാൻ മനസ്സിലാക്കിയ പാഠം വലുതായിരുന്നു.“മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹത്തിന് ഉപാധികളും പരിധികളുമില്ല.മക്കൾക്ക് മാതാപിതാക്കൾ കൊടുക്കുന്ന സ്നേഹം അതേപോലെ തിരിച്ച് കൊടുക്കാൻ അവർക്ക് കഴിയില്ല.”ഒരു നിമിഷം ഞാൻ ലതയെക്കുറിച്ചാലോചിച്ചു.അവളെ ഞാൻ എങ്ങിനെ വഞ്ചകി എന്ന് വിളിക്കും?ഇഷ്റ്റപ്പെട്ട പുരുഷന്റെ കൂടെ ഇറങ്ങിച്ചെന്ന ഇന്ദു തെറ്റ്കാരിയാണോ?


കുറച്ച് നാൾ കഴിഞ്ഞപ്പോൾ എന്റെ ഒരു കൂട്ടുകാരിയ്ക്ക് ഇതേപോലെ ഒരവസ്ഥ വന്നു.തീരുമാനമെടുക്കാൻ കഴിയാതെ വന്നപ്പോൾ അവൾ എന്നോട് ഉത്തരം കിട്ടാനായി ചോദിച്ചു.ഞാനെന്ത് ഉത്തരം കൊടുക്കും?കാമുകനെ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് പറയണമോ?അതോ സ്വന്തം പിതാവിന്റെ സ്നേഹം തട്ടിതെറിപ്പിക്കണമെന്ന് പറയണമോ? എനിക്കറിയില്ല!!!ആരെങ്കുലും ഒന്ന് പറഞ്ഞ് തരൂ….

Monday, March 8, 2010

തിരുത്താൻ കഴിയാത്ത തെറ്റ്


നിർമ്മൽ…,,,,അതാണവന്റെ പേര്.നിമ്മി എന്ന് സ്നേഹപൂർവ്വം പപ്പയും മമ്മിയും വിളിക്കുന്ന എട്ടാം ക്ലാസ്സ് വിദ്ധ്യാർഥി.ഒറ്റ മകനായത് കൊണ്ടാകാം,നിർമ്മലിന്റെ നിർമ്മലമായ മുഖം വാടുന്നത് മാതാപിതാക്കളായ ജോണിനും ലീനയ്ക്കും ഒട്ടും തന്നെ സഹിക്കാൻ പറ്റില്ലായിരുന്നു.അത് മനസ്സിലാക്കിയ നിർമ്മൽ പലപ്പോഴും പപ്പയോടും മമ്മിയോടും ശാഠ്യം പിടിച്ച് ഒരുപാട് കാര്യങ്ങൾ നേടിപ്പോന്നു….

പപ്പയ്ക്കും മമ്മിയ്ക്കും നിമ്മിയുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കുന്നതിന് എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നുല്ല,അത് മാത്രമല്ല അവർക്ക് തങ്ങൾ ചെയ്ത് കൊടുക്കുന്ന എല്ലാ കാര്യങ്ങൾക്കും ന്യായീകരണവും ഉണ്ടായിരുന്നു.കാരണം,3 വർഷത്തിനു ശേഷം വേളാങ്കണ്ണി മാതാവ് കൊടുത്തതാണവർക്ക് നിർമ്മലിനെ.

‘നിമ്മി…അവൻ ക്ലാസ്സിൽ ഫസ്റ്റല്ലേ…പിന്നെന്താ പ്രശ്നം!!!? അവന്റെ പഠനത്തിന് വേണ്ടിയിട്ടും കൂടെയല്ലെ ഞാൻ കമ്പ്യൂട്ടറും,ഇന്റർനെറ്റും എടുത്തത്’

തെല്ലഹങ്കാരത്തോട് കൂടിയാണ് അന്ന് പള്ളിയിൽ നിന്നും വരുമ്പോൾ ജോൺ ജോസഫിനോട് പറഞ്ഞത്.കമ്പ്യൂട്ടർ നിർമ്മലിന്റെ റൂമിലേയ്ക്ക് മാറ്റണമെന്ന് അവൻ പറഞ്ഞപ്പോൾ ജോണിനും ലീനയ്ക്കും അതിൽ തെറ്റൊന്നും കാണാൻ കഴിഞ്ഞില്ല.

‘അല്ലെങ്കിലും നിമ്മി പഠിക്കുന്നത് അവന്റെ റൂമിൽ ഇരുന്നല്ലേ……?’

ജോസഫ് അന്ന് അതിനെ എതിർത്ത് പറഞ്ഞപ്പോൾ ജോൺ പ്രതികരിച്ചു

‘എടാ ജോണേ…അവൻ ചെറിയ കൊച്ചല്ലെടാ…പിന്നെ എന്തിക്കെയായാലും ഞങ്ങളുടെ ഒരു നോട്ടം അവന്റെ മേൽ ഉണ്ടായിരിക്കും.നീ അതിനെകുറിച്ച് വ്യസനിക്കണ്ട..’
അന്ന് ജോണിന് ജോസഫ് ഒരു ഉപദേശം കൊടുത്തു

‘ജോണേ….കുട്ടികൾ പാറിനടക്കുന്ന പട്ടങ്ങളെ പോലെയാണ്..അവർ എത്ര ദൂരം വേണമെങ്കിലും പറന്നോട്ടെ…അവർക്ക് ഉയർന്ന് പറക്കനായി നമ്മൾ അതിന്റെ ചരട് ചെറുതായി ഒന്ന് അയച്ച് കൊടുത്താൽ മതി.പക്ഷെ ആ ചരടിന്റെ പൂർണ്ണമായ നിയന്ത്രണം നിന്റെ കൈയ്യിൽ ഉണ്ടായിരിക്കണം..’

അങ്ങിനെ ഇരിക്കെ കുറച്ച് നാൾ മുൻപാണ് നിർമ്മൽ പപ്പയോട് തനിക്ക് ഒരു മൊബൈൽ ഫോൺ വേണമെന്ന കാര്യം ഉന്നയിച്ചത്.

‘പപ്പാ എനിക്ക് ഒരു മൊബൈൽ ഫോൺ വേണം.എന്റെ കൂടെയുള്ള എല്ലാ കുട്ടികളുടെയും കൈയ്യിൽ ഫോണുണ്ട്‌!!ഞാൻ റ്റ്യൂഷൻ കഴിഞ്ഞ് വളരെ നേരം വൈകിയല്ലെ വരുന്നത്?അപ്പോൾ എന്റെ കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായാൽ അതെനിക്കൊരു സേഫ്റ്റുയാകില്ലേ?’

മകന്റെ അഭ്യർഥന തികച്ചും ഒരു ന്യായമായ അവകാശമായി ജോണിന് തോന്നി.രണ്ട് ദിവസത്തിനകം അയാൾ മകന് നല്ല ഒന്നാന്തരം മൊബൈൽ ഫോൺ തന്നെ വേടിച്ച് കൊടുത്തു.ഒന്നാന്തരം മൊബൈൽ ഫോൺ എന്ന് പറയുമ്പോൾ കാമറയും,ബ്ലൂടൂത്തും,MP3യും,ഇന്റെർനെറ്റും ഉള്ള മൊബൈൽ ഫോൺ!!!എന്തൊക്കെ വേടിച്ച് കൊടുത്താലും ജോണിന്റെയും ലീനയുടെയും ഒരു നോട്ടം നിർമ്മലിന്റെ മേൽ ഉണ്ടായിരുന്നു.

നാളുകൾ കടന്ന് പോയി…സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ട് വരുന്നത് വിലക്കിയിട്ടുണ്ടെങ്കിലും നിർമ്മൽ ആരുമറിയാതെ മൊബൈൽ എല്ലാ ദിവസവും ബാഗിലിട്ട് കൊണ്ട് പോകുമായിരുന്നു.ഒരു ദിവസം നിർമ്മലും അവന്റെ കൂട്ടുകാരും സ്ക്കൂളിലെ മൂത്രപ്പുരയിൽ നിന്ന് മൊബൈലിൽ എന്തൊ നോക്കി ചിരിക്കുന്നത് ഹെഡ്മാസ്റ്റർ തന്റെ ഓഫീസിലെ ടി വി യിൽ കണ്ടു.സ്കൂളിലെ അച്ചടക്ക പരിശീലനത്തിന്റെ ഭാഗമായി മാനേജ്മന്റ് സ്കൂളിലെ ഒട്ട്മിക്ക സ്ഥലങ്ങളിലും കാമറ രക്ഷിതാക്കളുടെ അറിവോട് കൂടി സ്ഥപിച്ചിരുന്നു.അങ്ങിനെയാണ് ഒരു കാമറ നിർമ്മലിന്റെയും കൂട്ടുകാരുടെയും ചിത്രം പകർത്തിയെടുത്തത്.എന്താണ് കുട്ടുകൾ മൊബൈലിൽ പരിശോധിക്കുന്നത് എന്ന് ഹെഡ്മാസ്റ്റർക്ക് വ്യക്തമായില്ല.പെട്ടന്ന് തന്നെ നിർമ്മലിനെയും കൂട്ടുകാരെയും ഹെഡ്മാസ്റ്റർ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു. ഹെഡ്മാസ്റ്റർ നിർമ്മലിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ പിടിച്ച് വാങ്ങി എല്ലാം പരിശോധിച്ചു.ചില അശ്ലീല വീഡിയൊ ആണ് കുട്ടികൽ കണ്ടതെന്ന് ഹെഡ്മാസ്റ്റർക്ക് മനസ്സിലായി.മാത്രമല്ല ആ വീഡിയോയിൽ ഉള്ള ആളുകളെ ഹെഡ്മാസ്റ്റർക്ക് മനസ്സിലാവുകയും ചെയ്തു. പെട്ടന്ന് തന്നെ അദ്ദേഹം ജോണിനെയും ലീനയെയും ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തി.അടിയന്തിരമായി സ്കൂളിലേയ്ക്ക് വിളിപ്പിച്ചപ്പോൾ ജോൺ ഒന്ന് പരിഭ്രമിച്ചു.ഓഫീസിന് പുറത്ത് നിൽ‌പ്പുണ്ടായിരുന്ന പ്യൂൺ കേശവേട്ടനോട് ജോൺ കാര്യം തിരക്കി.

‘കേശവേട്ടാ..എന്താ പ്രശ്നം..എന്റെ മോന് എന്താ പറ്റിയേ..?’

കേശവേട്ടൻ മറുപടി പറഞ്ഞു
‘ഹേയ്…പേടിക്കാനൊന്നുമില്ല…കുഞ്ഞ് ഫോൺ ക്ലാസ്സിൽ കൊണ്ട് വന്നതിനാ ഈ കാണുന്ന പൊല്ലാപ്പൊക്കെ…’
കേശവേട്ടന്റെ മറുപടി കേട്ടപ്പോൾ ജോണിനും ലീനയ്ക്കും ആശ്വാസമായി.അത്ര വലിയ പ്രശ്നമുള്ള കാര്യമല്ല.
കസേരയിലിരിക്കും നേരം ജോൺ നിർമ്മലിനെ നോക്കി.അവനും കൂട്ടുകാരും മുഖം താഴ്ത്തി നിൽക്കുകയാണ്. ഹെഡ്മാസ്റ്റർ ജോണിനെയും ലീനയെയും നോക്കി ചോദിച്ചു.

‘നിങ്ങൾ എന്തിനാണ് ഈ ഫോൺ കുട്ടിയ്ക്ക് വാങ്ങി കൊടുത്തത്?അതും ഈ പ്രായത്തിലുള്ള കുട്ടിയ്ക്ക്!!!!????‘

ജോൺ അതിനെ ന്യായീകരിച്ച് പല കാരണങ്ങളും നിരത്തി,ട്യൂഷൻ,ട്യൂഷൻ കഴിഞ്ഞ് വരുന്ന നേരം,മകന്റെ സേഫ്റ്റി…അങ്ങിനെ എല്ലാം…

എല്ലാം കേട്ട് കഴിഞ്ഞ് ഹെഡ്മാസ്റ്റർ പറഞ്ഞു

‘ജോണേ…എനിക്ക് താങ്കളെ അറിയാം…താങ്കൾ ഈ പറയുന്ന കാര്യങ്ങൾ താങ്കളുടെ മാത്രമല്ല സമൂഹത്തിൽ ഇപ്പോൾ ജീവിക്കുന്ന ഭൂരിഭാഗം മാതാപിതാക്കളുടെയും വിഡ്ഡിത്തരം തന്നെയാണ്.ഇപ്പറയുന്ന കാര്യങ്ങളോട് എനിക്ക് യോജിക്കാനാകില്ല…ഒരു തരത്തിലും….മക്കൾക്ക് ഫോൺ ആവശ്യമില്ല എന്ന നിലപാടാണ് എന്റേത്…ഒരു പക്ഷേ അതെന്റെ പഴഞ്ചൻ മൻസ്സുകൊണ്ടാകാം.മൊബൈലിന്റെ അത്രയും ആവശ്യം വന്നാൽ എന്തിനാണ് കാമറ ഫോൺ?‘

ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് ഹെഡ്മാസ്റ്റർ തുടർന്നു.

‘ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്ന നേരം അവരോട് പറയാറുണ്ട്,ആയിരം വട്ടം വായിച്ച് പഠിക്കുന്നതിനേക്കാളും നല്ലത് ഒരു വട്ടം എഴുതി പഠിക്കുന്നതാണെന്ന പരമാർത്ഥം.അത് കൊണ്ട് ഞാൻ നിങ്ങളെ ഉപദേശിക്കുന്നില്ല.ഒരു പക്ഷേ ഈ മൊബൈൽ ഫോണിലെ വീഡിയോ രംഗം നിങ്ങൾക്ക് എല്ലാം പറഞ്ഞ് പഠിപ്പിച്ച് തരും.‘

ഇതും പറഞ്ഞ് ഹെഡ്മാസ്റ്റർ ജോണിന് ഫോൺ നീട്ടി.

ജോണും ലീനയും കൂടി ആ വീഡിയൊ രംഗം നോക്കുകയാണ്…രാത്രിയിൽ ചാരിയിട്ടിരിക്കുന്ന വാതിൽ തുറന്ന് കാമറ എത്തിച്ചേരുന്നത് രണ്ട് നഗ്ന ശരീരത്തിലാണ്.പരിപൂർണ്ണ നഗ്നരായിക്കിടക്കുന്ന രണ്ട് പേർ..ഒരു പുരുഷനും സ്ത്രീയും!!!ആ നഗ്ന ശരീരങ്ങളെ കൊത്തിപ്പറിച്ച് കൊണ്ട് കാമറ അവസാനം ആ സ്ത്രീയുടെയും പുരുഷന്റെയും മുഖത്തെത്തി.
ആ മുഖങ്ങൾ കണ്ട നേരം ഞെട്ടിത്തരിച്ചിരുന്നു പോയി ജോണും ലീനയും.തന്റെയും തന്റെ ഭാര്യയുടെയും നഗ്ന ചിത്രങ്ങൾ തങ്ങളുടെ പൊന്നോമന പുത്രൻ അവന്റെ മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സത്യം…..അതവർക്ക് താങ്ങാതുന്നതിലും അപ്പുറമായിരുന്നു.തന്റെ മകൻ ഒരു വാൾ കൊണ്ട് തങ്ങളെ വെട്ടിനുറുക്കുന്നതു പോലെ തോന്നി അവർക്ക് ആ സമയം.അവർ ആ ഷോക്കിൽ ഇരിക്കുന്ന സമയം ഹെഡ്മാസ്റ്റർ എഴുന്നേറ്റ് വന്ന് ജോണിന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

‘പോട്ടെ ജോണേ…തെറ്റ്കാർ നീയും നിന്റെ ഭാര്യയും ആണ്.നിർമ്മൽ…ഇതവന്റെ അറിവില്ലാത്ത് പ്രായമാണ്.തെറ്റുകളെല്ലാം നമുക്ക് തിരുത്താൻ കഴിയും.അത് തിരുത്തുവാനുള്ള മനസ്സ് നിനക്കുണ്ടാകണം….അതിനുള്ള ശക്തിയും,സ്നേഹവും,വിവേകവും ദൈവം നിനക്ക് തരട്ടെ..’
തിരിഞ്ഞ് ഹെഡ്മാസ്റ്റർ നിർമ്മലിനോട് ചോദിച്ചു
‘നീ ഇത് വേറെ ആർക്കെങ്കിലും അയച്ച് കൊടുക്കുകയോ..കാണാൻ കൊടുക്കുകയോ ചെയ്തിട്ടുണ്ടോ?’
നിർമ്മൽ അപ്പോഴും തല കുമ്പിട്ട് നിൽക്കുകയായിരുന്നു.അവസാനം നിർമ്മലിനെ കൂട്ടി മാതാപിതാക്കൾ അവിടെ നിന്ന് പോയി. ഹെഡ്മാസ്റ്റർ മനസ്സിൽ പറഞ്ഞു

“ചില തെറ്റുകൾ നമുക്ക തിരുത്താൻ കഴിയുകയില്ല”

ആ നേരം ആ വീഡിയോ മൊബൈലിൽ നിന്ന് മൊബൈലിലേയ്ക്കും,കമ്പ്യൂട്ടറിൽ നിന്ന് കമ്പ്യൂട്ടറിലേയ്ക്കും അതിവേഗം സഞ്ചരിക്കുകയായിരുന്നു.

Tuesday, February 23, 2010

കഴിഞ്ഞ ജന്മത്തിലെ അമ്മ

മോനേ...മനു…..ഇന്ന് ലക്ഷ്മി അമ്മായിയും, അമ്മാവനും പുതിയ വീട്ടിലേയ്ക്ക് താമസം മാറുകയാണ്.ഫോണെടുത്ത അമ്മയുടെ പക്കൽ നിന്നും കേട്ട ആദ്യത്തെ വിശേഷമായിരുന്നു അത്.മനു ലച്ചമ്മായി എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ലക്ഷ്മി അമ്മായി.അഛന്റെ ആകെയുള്ള ഒരു പെങ്ങൾ.മുംബൈയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആഴ്ചയിൽ ഞായർ എന്ന ഒരു ദിവസമുണ്ടെങ്കിൽ വീട്ടിലേയ്ക്ക് വിളിച്ചിരിക്കണം.അങ്ങനെയുള്ള ഒരു ഞായറാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾ കിട്ടിയ വാർത്തയാണ് ഇത്.പിന്നീട് നാട്ടിലെ ഒരുവിധം വിശേഷങ്ങളും സ്നേഹാന്വേഷണങ്ങളും എല്ലം പറഞ്ഞ് തിർന്നപ്പോൾ അര മണിക്കൂർ സംസാരിച്ചതിന്റെ സന്ദേശം മനുവിന്റെ മൊബൈൽ വിളിച്ചു പറഞ്ഞു….

മനു ലച്ചമ്മായിയെ കുറിച്ച് ആലോചിച്ചു.അവർക്ക് ഒരേയൊരു മകളാണ്, പേര് മിനി.മിനിചേച്ചിയുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമായിട്ടേയുള്ളൂ.പിന്നീട് ആ പഴയ വീട്ടിൽ അവർ അമ്മാവന്റെ കൂടെ കളിചിരികളൊന്നും തന്നെയില്ലാതെ കുറച്ച് നാൾ അങ്ങിനെ കഴിഞ്ഞ് പോന്നു.മകളെ ഏതുനേരവും കാണണമെന്ന അടങ്ങാത്ത ആഗ്രഹം കൊണ്ടാകും,മകളുടെ അടുത്തുള്ള ഒരു ചെറിയ വീട് കിട്ടിയപ്പോൾ മറ്റൊന്നും അലോചിക്കാൻ നിൽക്കാതെ ആ പഴയ വീട് വിറ്റ് അത് വാങ്ങിയത്.മാത്രമല്ല മിനിചേച്ചി ഇപ്പോൾ ഗർഭിണിയുമാണ്.

പിന്നീട് ഒരു ഞായറാഴ്ച അമ്മ മനുവിന് ഒരു നമ്പർ കൊടുത്തു. ലച്ചമ്മായിയുടെ അടുത്ത വീട്ടിലെ നമ്പർ ആയിരുന്നു അത്.മനു ആ നമ്പറിലേയ്ക്ക് വിളിച്ചു.ഒരു സ്ത്രീ ആണ് ഫോണെടുത്തത്.അവൻ ഹലോ പറഞ്ഞു.അവർ തിരിച്ചും.എവിടെയോ കേട്ടുമറന്ന ശബ്ദം….നല്ല പരിചയമുള്ള ശബ്ദം തന്നെ…മനുവിന്റെ മനസ്സിലൂടെ ഒരുപാട് സംശയങ്ങൾ കടന്നു പോയി.അറിയാതെയാണെന്നറിയില്ല,മനു അവരെ “അമ്മേ” എന്ന് വിളിച്ച് പോയി.എന്തുകൊണ്ടാണെന്നറിയില്ല ജനിച്ചിട്ട് ഇതു വരെയായിട്ടും സ്വന്തം പെറ്റമ്മയെ അല്ലാതെ വേറെയൊരാളെ മനു അമ്മേ എന്ന് വിളിച്ചിട്ടില്ല.പക്ഷേ ഇത് എങ്ങിനെയോ മനുവിന്റെ നാവിൽ നിന്നും വീണുപോയി..അതോ ഹ്രദയത്തിൽ നിന്നോ?മനു അവനെ ആ അമ്മയ്ക്ക് സ്വയം പരിചയപ്പെടുത്തി. ലച്ചമ്മായിയുടെ ബന്ധുവാണെന്ന് അറിഞ്ഞപ്പോൾ അവർ കൂടുതൽ സന്തോഷവതിയായതു പോലെ തൊന്നി മനുവിന്.അതെ അതു അങ്ങിനെയാണ് ലച്ചമ്മായിയുമായി ആരും പെട്ടന്ന് തന്നെ അടുത്ത് പോകും.സരസ്വതി എന്നാണ് തന്റെ പേര് എന്ന് ആ അമ്മ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ മനു ഞെട്ടിപ്പോയി.മനുവിന്റെ ഇഷ്ട്ട ദേവിയായിരുന്നു സരസ്വതി.അവർ തിരിച്ചും മനുവിനെ മോനേ എന്ന് തന്നെയാണ് വിളിച്ചത്.അവരുടെ എല്ലാ വിശേഷങ്ങളും അവർ മനുവിനോട് പറഞ്ഞു.അവരുടെ ആകെയുള്ള ഒരു മകൻ ഇപ്പോൾ വിദേശത്താണ്.ഭർത്താവ് പോലീസ് വകുപ്പിൽ ജോലി ചെയ്യുന്നു. ലച്ചമ്മായിയുടെ അടുത്തും മനു സംസാരിച്ചെങ്കിലും കൂടുതൽ നേരം ഞാൻ സംസാരിച്ചത് സരസ്വതി അമ്മയുടെ അടുത്താണ്.ഫോൺ വച്ച് മനു കണ്ണുകളടച്ച് കുറച്ച് നേരം അങ്ങിനെ അവിടെ കിടന്നു.പത്ത് മിനിറ്റ് കൊണ്ട് ഒരു നൂറ് വർഷത്തെ ബന്ധം തങ്ങൽ തമ്മിലുണ്ടാക്കിയതായി മനുവിന് തോന്നി.ഒരു പക്ഷേ അവർ തന്റെ കഴിഞ്ഞ ജന്മത്തിലെ പെറ്റമ്മയായിരിക്കും!!!ഒരിക്കലും കാണാതെ അവർ തമ്മിൽ പലവട്ടം ഫോണിൽ സംസാരിച്ചു.


അവധിക്കു നാട്ടിൽ ചെന്ന് മനു പെട്ടന്ന് തന്നെ ലച്ചമ്മായിയുടെ വീട്ടിൽ പോകാൻ കണക്കു കൂട്ടി.മനു അമ്മയോട് സരസ്വതി അമ്മയുടെ കാര്യം പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മ മനുവിനോട് ചോദിച്ചു;,നീ എന്തിനാ മറ്റുള്ളവരെ അമ്മേ എന്നു വിളിക്കുന്നത്?അവരെ ചേച്ചി എന്ന് വിളിച്ചാൽ പോരെ?മനു ചിരിച്ചു.ആ ചോദ്യം മനു പ്രതീക്ഷിച്ചിരുന്നതാണ്.എല്ലാ സ്ത്രീകളും അങ്ങിനെയാണല്ലോ!!മനു അമ്മയോട് പറഞ്ഞു, അമ്മേ എനിക്ക് അവരുമായി വല്ലാത്ത ഒരു ഹ്രദയബന്ധം തോന്നുന്നു..ചിലപ്പോൾ അവർ എന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയായിരിക്കും.അടുത്ത ജന്മത്തിൽ ഈ അമ്മയെയും ഞാൻ കണ്ടുമുട്ടിമായിരിക്കും..മനു അമ്മയുടെ തോൾ കുലുക്കി സമാധാനിപ്പിച്ചു.

ലച്ചമ്മായിയുടെ വീട്…. അവരെ ആരെയും തന്നെ അറിയിക്കാതയാണ് ഈ വരവ്‌.ഒരു സർപ്രൈസ് നൽകുകയാണ് മനുവിന്റെ ലക്ഷ്യം.പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ലച്ചമ്മായി ശരിക്കും ഞെട്ടിപ്പൊയി.വീട്ടിൽ കയറി അവരുടെ ആതിഥേയത്വം സ്വീകരിക്കുമ്പോഴും മനുവിന്റെ മനസ്സ് നിറയെ ആ അമ്മയായിരുന്നു.അവരെ കാണാനുള്ള മനസ്സിന്റെ വെമ്പൽ അവന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.അവരെ കാണാനുള്ള അവന്റെ ആഗ്രഹം മനു ലച്ചമ്മായിയെ അറിയിച്ചു.സ്വപ്നലോകത്തിലെന്ന് പോലെ മനു ഇത് പറഞ്ഞപ്പോൾ ലച്ചമ്മായിയുടെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചു. ശരി നീ വാ..ആ വീട്ടിലേയ്ക്ക് നമുക്ക് പോകാം.കിഴക്ക് ഭാഗത്തുള്ള ആ അയല്പക്ക വീട് ലക്ഷ്യമാക്കി അവർ നടന്നു.അമ്മയ്ക്ക് വേണ്ടിയുള്ള ഒരു സാരി മനു കൈയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.വീട്ടിലേയ്ക്ക് കയറാതെ ലച്ചമ്മായി തെക്കേ അറ്റത്തേയ്ക്കുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തേയ്ക്കാണ് മനുവിനെ കൂട്ടി കൊണ്ട് പോയത്.കൂട്ടിയിട്ടിരിക്കുന്ന ആ മൺകൂനയിൽ ചൂണ്ടിക്കാണിച്ച് പറഞ്ഞു, മോനേ…സരസ്വതി ഇപ്പോൾ ഇവിടെയാണ് ഉറങ്ങുന്നത്.സാരിത്തലപ്പ് കൊണ്ട് ലച്ചമ്മായി കണ്ണുനീർ തുടച്ചു.മനുവിന്റെ ശരീരം ആകെ തളർന്നു.മുട്ടു കുത്തി അവൻ അവിടെ ഇരുന്നു.ആ സാരി മൺകൂനയിൽ വയ്ക്കുമ്പോൾ മനുവിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.അലസമായി വീശിയടിക്കുന്ന കാറ്റിനും മനുവിന്റെ ഉള്ളിലെ തീയെ ഊതിക്കെടുത്താൻ കഴിവുണ്ടായിരുന്നുല്ല.അമ്മേ ഇത് ഞാൻ അമ്മയ്ക്ക് വേണ്ടി കൊണ്ട് വന്നതാണ്.നിറഞ്ഞ മനസ്സോട് കൂടി തന്നെ അമ്മ ആ സാരി സ്വീകരിക്കുമെന്ന് അവന് ഉറപ്പായിരുന്നു. അവർ തന്നെയായിരുന്നു അവന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയെന്ന് അവന്റെ ഹ്രദയത്തിന്റെ വിങ്ങൽ അവനെ അറിയിക്കുന്നുണ്ടായിരുന്നു. താനാണ് ഈ ലോകത്തിലെ ഏറ്റവും ഭഗ്യം കെട്ട മനുഷ്യൻ എന്ന് അവരെ കാണാൻ കഴിയാതിരുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ മനുവുന് തോന്നി.തിരിഞ്ഞ് നടക്കുന്നതിടയിൽ ആ അമ്മ അവനെ വാത്സല്ല്യപൂർവ്വം വിളിക്കുന്നുണ്ടായിരുന്നു…മോനേ നീ പോവുകയാണോ…

Sunday, February 21, 2010

ഒരു വാലന്റൈൻ ദിനത്തിലെ കഥ

ആശുപത്രിയിൽ 13/02/’10 ന് രാത്രി 8.15ന് എന്റെ നമ്പർ ബുക്ക് ചെയ്തിരുന്നതാണ്.പക്ഷേ ഓടിക്കിതച്ച് അവിടെ എത്തിയപ്പോൾ സമയം 8.45.ഞങ്ങൾക്ക് വേണ്ടി പച്ച വെളിച്ചം നൽകാതിരുന്ന സിഗ്നൽ ലൈറ്റുകളെയും ജിദ്ദയിലെ ട്രാഫിക് പോലീസുകാരെയും മനസ്സിൽ ശപിച്ച് കൊണ്ട് ഞാൻ എന്റെ നമ്പർ വിളിക്കുന്നതും കാത്തിരുന്നു.അപ്പോഴാണ് ഞാൻ ശ്രദ്ദിച്ചത്,help desk-ൽ അതാ ഒരു പെൺകുട്ടി!!!നല്ല സുന്ദരിക്കുട്ടി!!!.അവൾ കൂടെയുള്ള വേറെയൊരു പെൺകുട്ടിയുമായ് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.കുസ്രുതി നിറഞ്ഞ അവളുടെ മുഖത്തേയ്ക്ക് ഞാൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു.എന്റെ അടുത്തിരിക്കുന്ന ആളുകൾ എന്ത് ചിന്തിക്കുമെന്ന് പോലും ഞാൻ ആലോചിച്ചതേയില്ല.പലപ്പോഴും എന്റെയും അവളുടെയും കണ്ണുകൾ തമ്മിലുടക്കുന്നുണ്ടായിരുന്നു!!!കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി അവിടെ നിന്നും എഴുന്നേറ്റ് പോയി.അപ്പോൾ അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു.ഞാൻ ഒന്ന് ഞെട്ടി.ചുറ്റും നോക്കി ഞാൻ,അമ്പരപ്പോടു കൂടി തന്നെ.ആരും ഞങ്ങളെ നോക്കുന്നില്ലാ എന്ന് മനസ്സിലാക്കിയ ഞാനും അവളെ നോക്കി അവൾ കാണിച്ചതുപോലെ കണ്ണിറുക്കി കാണിച്ചു.അവളുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.ഞാൻ എഴുന്നേറ്റ് ചെന്ന് അവളുടെ അടുത്ത് ചെന്നു.
“എന്താ മോളുടെ പേര്?”
“ലാമിയ” അവൾ ഉത്തരം പറഞ്ഞു,നല്ല കിളി കൊഞ്ചൽ പോലെയുള്ള ശബ്ദം!!!
“നീ എന്താ എഴുതുന്നത്?” എന്തോ അവൾ എഴുതുന്നത് ഞാൻ കണ്ടിരുന്നു.
“വെറുതെ ഓരോന്ന്…” അവൾ അലസമായി മറുപടി പറഞ്ഞു
“നീ പഠിക്കുന്നുണ്ടോ?” ഞാൻ വീണ്ടും ചോദിച്ചു.
ഉം…. അവൾ മൂളി…
“എത്രാം ക്ലാസിലാ നീ?”
“UKG യിൽ”
“ഉം….നല്ല കുട്ടി..നന്നായി പഠിക്കണം കേട്ടോ….പഠിച്ച് വലിയ ആളാകണം” ഞാൻ സ്നേഹപൂർവ്വംഅവളുടെ കവിളിൽ തലോടിക്കൊണ്ട് ഉപദേശിച്ചു.
ഉം….അവൾ വീണ്ടും മൂളി.
ഡോക്ടറുടെ അടുത്ത് പോയി തിരിച്ച് വരുമ്പോഴും അവൾ എന്നെയും കാത്ത് അവിടെ നിൽ‌പ്പുണ്ടായിരുന്നു.കൈയ്യിലിരുന്ന ഒരു മിഠായി അവൾ എനിക്ക് നേരെ നീട്ടി.ഞാൻ അതു വാങ്ങി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.ലിഫ്റ്റിൽ കയറി ഞാൻ അവൾക്ക് കൈ വീശി റ്റാറ്റാ കൊടുത്തു,അവൾ തിരിച്ചും.കാറിലിരിക്കുമ്പോൾ അവൾ തന്ന മിഠായിയുടെ മധുരം ഒരുനാളും എന്റെ മനസ്സിൽ നിന്നും പോകുകയില്ലെന്ന് ആരോ എന്റെ ഉള്ളിലിരുന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു…..

Wednesday, February 17, 2010

മൈന (കഥ)

എന്നത്തെയും പോലെ രാവിലെ 9 മണിക്കുള്ള ബസ് പിടിക്കുവാനായ് അയാൾ ധ്രതിയിൽ പോവുകയായിരുന്നു.പോകുന്ന വഴിയിൽ തന്റെ ദിവസത്തിന്റെ വിധി നിർണ്ണയിക്കുന്ന മൈനകൾ അവിടെ അവിടെയുണ്ടാകുമോ എന്ന് അയാൾ പരതി നോക്കി.ദൂരെ നിന്ന് തന്നെ അയാൾ കണ്ട് പിടിച്ചു, അതാ അതാ രണ്ട് മൈനകൾ!!!! അയാൾക്ക് വളരെ സന്തോഷമായ്….ഇന്ന് സാന്തോഷത്തിന്റെ ദിവസമാണ്…..പക്ഷേ രണ്ടും ഒന്നിച്ചല്ല ഇരിക്കുന്നത്…അവരുടെ ഇടയിൽ പിണക്കമുണ്ടോ….?അയാൾ ഒരു നിമിഷം ശങ്കിച്ചു….രണ്ട് മൈനയെയും തന്റെ ദ്ര്ഷ്ടിയിൽ വരുത്തുവാൻ അയാൾ കുറെ പാടു പെട്ടു…എന്നാലും സംശയം ബാക്കി….രണ്ട് മൈനയെയും കണ്ടൊ അവോ?ഇല്ല ഒറ്റ് മൈനയെ താൻ കണ്ടിട്ടില്ല..അയാൾ മിന്നോട്ട് നടന്നു….
അതെ അയാൾ അങിനെയാണ്…പണ്ട് മുതലേ അങ്ങിനെയാണ് .തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥകളും കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടന്ന കളികളും അയാൾ മറന്ന് പോയിരിക്കുന്നു…പക്ഷേ ഈ മൈനയുടെ രഹസ്യം അത് മാത്രം അയാൾ മറന്ന് പോയിട്ടില്ല.അതിന് പല കാരണങ്ങളുണ്ട്.ഇരട്ട് സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം അയാൾക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.ഒറ്റ സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം ദുഖത്തിന്റെയും….അയാൾക്ക് ഓർമ്മയുണ്ട്,ഒരു ദിവസം ഓഫീസിൽ നിന്ന് വരുന്ന നേരത്താണ് മൂന്ന് മൈനയെ അയാൾ കണ്ടത്. അപ്പോൾ തന്നെ എന്തോ ആശംങ്ക മനസ്സിൽ ഉണ്ടായിരുന്നു…വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോളാണ് അമ്മക്ക് ഒരു നെഞ്ഞ് വേദന വന്നത്.പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു..എന്നാലും… അതുപോലെ എത്രയോ അനുഭവങ്ങ്ൾ……
ബസ് വരുന്നുണ്ട്…ഇന്ന് 5 മിനിറ്റ് വൈകിയാണ് വരുന്നത്,അയാൾ കൈ കാണിച്ചു..നേരം വൈകിയതു കൊണ്ടാകാം ബസ് നിറുത്തിയില്ല .ബസുകാർക്ക് ഒരു ടികറ്റ് പോയലും കുഴപ്പം ഇല്ല,സമയത്ത് ഓടിയാൽ മതി. ഒരു നിമിഷം അയാൾ ശങ്കിച്ചു.ഇന്ന് താൻ കണ്ടതു ഒറ്റ മൈനയെ ആയിരുന്നൊ!!!?ഇല്ല,ആകാൻ വഴിയില്ല,അയാൾ ബസിന് പുറകെ ഓടി..കുറെ ഓടി...ഓടിയത്‌ മാത്രം മിച്ചം.ബസ് കിട്ടിയില്ല.തളർന്ന് അയാൾ മുട്ടിന് കൈ കൊടുത്ത് നിന്നു.പെട്ടന്നാണ് പിറകെ വന്ന ഒരു ലോറി അയാളെ ഇടിച്ച് തെറിപ്പിച്ചത്.ആ‍ളുകൾ ഓടിക്കൂടി അയാളെ പിന്നാലെ വന്ന ഒരു ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോവുകയാണ്.പോകുന്ന വഴിയിൽ അന്ത്യശ്വാസം വലിക്കുംബോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു,ഇന്ന് താൻ കണ്ടത് ഒറ്റ മൈനയെ തന്നെ....

ജീവിതസഖി (ചെറുകഥ)


അവളെ കണ്ട നാൾ മുതൽ എനിക്ക് അവളോട് പ്രേമം തോന്നിയിരുന്നില്ല.പിന്നീട് അവളോട് അടുത്തിടപഴകിയപ്പോൾ അവൾ തന്നെയായിരിക്കും എന്റെ ജീവിതസഖി എന്നു ഞാൻ തീർച്ചയാക്കി.ഒരു ദിവസം എന്റെ പ്രിയ സുഹ്രുത്തിന്റെ അനിയത്തി മുഖേന അവളൊട് ഞാൻ കാര്യം അവതരിപ്പിച്ചു. അവളുടെ കോൺട്രാക്റ്റർ ആയ ഡാഡിയോട് പറഞ്ഞ് എന്റെ കാൽ തല്ലിയൊടിക്കും എന്ന് മറുപടി!!!! അവളുടെ ഡാഡിയുടെ പണിക്കാർ തന്നെയാണു എന്റെ ചേട്ടന്റെയും അമ്മാവന്റെ മകന്റെയും കൈയ്യും കാലും തല്ലിയൊടിച്ചത് എന്നും കൂടി മനസ്സിലായപ്പോൾ അവളോട് തോന്നിയ പ്രേമം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ദേഷ്യമായി മാറി…. വെറുത്തു പോയി..…. അവൾക്കൊരിക്കലും എന്റെ ജീവിതസഖി ആകാൻ യോഗ്യതയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കി…….