Sunday, September 25, 2011

രക്തദാനത്തിന്റെ മഹത്വം!

കുറെ നാളുകൾക്ക് ശേഷം ഒരു പോസ്റ്റ് ഇടുക എന്നുള്ളത് ഒരു നല്ല കാര്യത്തിനു വേണ്ടിയാണ് എന്നുള്ള കാ‍ര്യത്തിൽ ഞാൻ സന്തോഷവാനാണ്. ഈ അടുത്താണ് എന്റെ ശ്രദ്ധയിൽ ഇരു വെബ് സൈറ്റ് വന്നു ചേരുന്നത്. അത് ഫേസ് ബുക്കിലെ ഒരു വീഡിയോ വഴിയാണ് വന്നു ചേർന്നതും. www.worldbloodbank.org എന്ന ഇരു വെബ് സൈറ്റ് വഴി ശ്രീ. റെയ് മാത്യു വർഗ്ഗീസ് ചെയ്യുന്ന ഈ സാമൂഹിക സേവനും ആയിരുന്നു ആ വീഡിയോയിൽ. അത്യാസന്ന നിലയിൽ കിടക്കുന്ന ഒരു രോഗിക്ക് രക്തം ലഭിക്കാതെ വരുമ്പോൾ ആശുപത്രി വരാന്തയിൽ നിന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നവർക്ക് ദൈവ ദൂതനായി മാറുകയാണ് 40 കാരനായ ശ്രീ. റെയ് മാത്യു വർഗ്ഗീസ്. 

10 വർഷം മുൻപാണ് കോട്ടയം പാലാക്കരനായ ശ്രീ. റെയ് മാത്യു രക്ത ദാനത്തിന്റെ വഴി തിരഞ്ഞെടുത്തത്. ആദ്യം രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിച്ച് ദാതാക്കളെ കണ്ടെത്തി സ്വന്തം ചിലവിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുമായിരുന്നു അദ്ദേഹം.റെയുടെ സേവനത്തിനു പ്രചാരം ഏറിയതോടെ ആവശ്യക്കാരുടെ എണ്ണവും കൂടി. ആവശ്യക്കാർ വിളിക്കുമ്പോൾ പലപ്പോഴും അകലെയായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ആളുകളെ എങ്ങിനെ സഹായിക്കാം എന്ന ചിന്തയിൽ നിന്നാണ് വേൾഡ് ബ്ലഡ് ബാങ്ക് എന്ന വെബ് സൈറ്റിന്റെ പിറവി. രക്തത്തിന്റെ ആവശ്യ പ്രകാരം തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ വെബ് സൈറ്റാണ് www.worldbloodbank.org ഈ സൈറ്റിനെ പിന്തുടർന്ന് അമേരിക്കയിലും പല സൈറ്റുകൾ നിലവിൽ വന്നു.

വേൾഡ് ബ്ലഡ് ബാങ്ക് എന്നത് ഒരു ചാരിറ്റബിൾ ഓർഗനൈസേഷൻ ആണ്. ഇത് ഉന്നം വയ്ക്കുന്നത് രക്തദാനം മഹാദാനം എന്ന് മനസ്സിലാക്കി അത് വഴി രക്തം ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവരെയും അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവരെയും ഒന്നിച്ച് കൂട്ടുക എന്നതാണ്. രക്ത ഗ്രൂപ്പുകളുടെ ചരിത്രവും അപൂർവ്വ രക്ത ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരണങ്ങളും ഈ സൈറ്റിലുണ്ട്. നിബന്ധനകൾ അനുസരിച്ച് ആർക്കും ഈ സൈറ്റിൽ പങ്ക് ചേരാം. രജിസ്റ്റർ ചെയ്യുന്ന ആൾ ബ്ലഡ് ദാനം ചെയ്യാൻ തയ്യാറായിരിക്കണം. അയാൾ രക്തം “വിൽക്കാൻ“ പാടുള്ളതല്ല. രക്തം ദാനം ചെയ്യുന്നാ വ്യക്തി അതൊരു സാമൂഹിക ഉത്തരവാദിത്തമായും ദൈവീകമായ ഒരു പുണ്ണ്യപ്രവർത്തിയുമായി കാണാൻ ശ്രീ റെയ് തന്റെ സൈറ്റിൽ കൂടി അഭ്യർത്ഥിക്കുന്നുണ്ട്. രക്തം ആവശ്യം ഉള്ള വ്യക്തിയ്ക്ക് ഈ സൈറ്റിൽ പരതാം രക്ത ദാതാവിനെ നെരിട്ട് ബന്ധപ്പെടാം.അത്യപൂർവ്വമായ ‘Bombay, A1+ve, A1-ve, B1+ve B1–ve, O –ve’ തുടങ്ങിയ ഗ്രൂപ്പുകൾ വരെ ഈ സൈറ്റിൽ കൂടി ലഭ്യമാണ് എന്നുള്ളതു കൂടി റെയുടെ പ്രാധാന്യം വിളിച്ചോതുന്നു.

വേൾഡ് ബ്ലഡ് ബാങ്ക് രജിസ്റ്റർ ചെയ്യുന്ന എല്ല വ്യക്തികൾക്കും അങ്ങേയറ്റം സുരക്ഷിത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോൺ നമ്പറും ഇ മെയിലും അവരുടെ പക്കൽ സുരക്ഷിതമായിരിക്കും. (ഇക്കാര്യം എത്രമാത്രം പ്രാവർത്തികമാണെന്ന കാര്യത്തിൽ എനിക്ക് ചെറിയ സംശയം ഉണ്ട്) രക്തം ദാനം ചെയ്യുന്ന വ്യക്തിയ്ക്ക് തന്റെ മനസ്സിനു ലഭിക്കുന്ന സന്തോഷത്തിലുപരി യാതൊരു സമ്മാനവും റെയ് വാഗ്ദാനം ചെയ്യുന്നില്ല. ഇത് തികച്ചും ഒരു സാമൂഹിക സേവനം തന്നെയായിട്ടാണ് അദ്ദേഹം കണക്ക് കൂട്ടിയിരിക്കുന്നത്. 2008 തുടക്കത്തിൽ കേന്ദ്ര മന്ത്രിയും, മുൻ കേരള മുഖ്യ മന്ത്രിയുമായ ശ്രീ എ.കെ ആന്റണിയാൽ ഉത്ഘാടനം ചെയ്ത് രജിസ്റ്റർ ചെയ്യപ്പെട്ട ഈ സൈറ്റിൽ ഇതിനകം 50000 ത്തിൽ പരം ആളുകൾ അമേരിക്ക,ഓസ്ട്രേലിയ, ഇറ്റലി,സൌദി അറേബ്യ, ദുബായ്,ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമടക്കം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ദിനേന ആയിരക്കണക്കിനു ആളുകൾ ഈ സൈറ്റ് ഉപയോഗപ്പെടുത്തുന്നു. ഏത് രാജ്യത്ത് നിന്നും ഒരെ സമയം ആർക്ക് വേണമെങ്കിലും ഈ സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.ചില ന്യൂനതകൾ ഒക്കെ ഉണ്ടെങ്കിലും റെയുടെ വെബ് സൈറ്റ് ഉപകാരപ്രദവും ആകർഷണീയവും തന്നെയെന്ന കാര്യത്തിൽ ലവലേശം സംശയം ഇല്ല.

ഇനി രക്തം ദാനം ചെയ്യാൻ താത്പര്യമുള്ള കൂട്ടുകാർക്ക് ഇവിടെ ക്ലിക്ക് ചെയ്ത് റെയുടെ ഓർഗനൈസേഷനിൽ പങ്കാളിയാകാം. ഫോമിന്റെ ഒരു സാമ്പിൾ ഞാൻ താഴെ കൊടുക്കുന്നു.


 ഉദാഹരണത്തിനു സൌദി അറേബ്യയിൽ ജോലി ചെയ്യുന്ന എനിക്ക് ജിദ്ദ സോണിൽ ഉള്ള വ്യക്തികളെ കണ്ട് പിടിക്കാൻ ചില ബുദ്ധിമുട്ടുകൾ വന്നു. അതിനാൽ ഞാൻ ചെയ്ത പ്രകാരം അതിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് നിങ്ങൾ വസിക്കുന്ന ഏരിയായുടെ പേര് എഴുതിക്കഴിഞ്ഞാൽ അത്യാവശ്യക്കരനു അത് ഒരു സഹായകമായിരിക്കും. (തീർച്ചയായും ഈ സജഷൻ തികച്ചും വ്യക്തി പരമാണ്) സൈറ്റിൽ കൊടുത്തിരിക്കുന്ന Find a donor എന്ന ലിങ്കിൽ ക്ലിക്കിയാൽ നമുക്ക് രക്ത ദാതാവിനെ കണ്ട് പിടിക്കാവുന്നതാണ്. സൌദി അറേബ്യയിലെ O+ve വ്യക്തികളെ തിരഞ്ഞാൽ താഴെ കാണുന്ന വിധത്തിൽ ആയിരിക്കും പ്രത്യക്ഷപ്പെടുക.


അതിൽ ഞാൻ എന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് അടയാളപ്പെടുത്തിയിട്ടുണ്ട്. ആ ലിസ്റ്റിൽ വ്യക്തമാണ് ഡെൽവിൻ ആന്റണി എന്ന വ്യക്തി ജിദ്ദയിൽ ആണ് ഉള്ളത് എന്ന്. അത് കൂടുതൽ ഉപകാരപ്രദമാണെന്ന് ഞാൻ ചിന്തിക്കുന്നു.

ഈ പോസ്റ്റ് വഴി ഒരാൾക്കെങ്കിലും ഉപകാരമുണ്ടായാൽ ഞാൻ തികച്ചും സന്തോഷവാനായിരിക്കും. അതു വഴി നമുക്കും അദ്ദേഹത്തോടൊപ്പം ചില നല്ല വഴികളിലൂടെ സഞ്ചരിക്കാം…