Monday, April 25, 2011

ബസ്റ്റാന്റിലെ വേശ്യകൾ-ഒരു സാഹസം

ജോലി കഴിഞ്ഞ് വന്ന് നന്നായി കുളിച്ചു. കണ്ണാടിയിൽ നോക്കി മുടി നന്നായി തന്നെ ചീകി ഒതുക്കി.എണ്ണ അല്പം കൂടിപ്പോയി.മുടിയ്ക്ക് നല്ല തിളക്കം തോന്നിക്കുന്നുണ്ട്.മീശ ശരിക്കും കിളിർത്ത് വന്നിട്ടില്ല.പക്ഷെ ഇരുപത് വയസ്സിന് ഇത് ധാരാളം. ഞാൻ സമയം നോക്കി.രാത്രി എട്ട് മണി.പുറത്ത് ഇരുട്ട് കട്ട പിടിച്ച് കിടക്കുന്നു.ഞാൻ ഒരുങ്ങുന്നത് നിർത്തി.മതി.. അവളുമാരെ കാണിക്കാൻ ഇത് ധാരാളം മതി.റെയിൽവെ സ്റ്റേഷന്റെ അടുത്ത് തന്നെയാണ് ബസ്റ്റാന്റ്  എന്നുള്ളത് അവളുമാർക്ക് ഒരു തരത്തിൽ അനുഗ്രഹമാണ്. ഒരുപാട് കസ്റ്റമേർസ് വന്ന് വായ നോക്കി നിൽക്കും.ഞാനടക്കം.പക്ഷെ ഞാൻ ഇതുവരെ അവളുമാരുടെ കസ്റ്റമറായിട്ടില്ല.നായ്ക്കളേ..ഞാൻ മനസ്സിൽ അലറി
കണ്ണാടി ഭദ്രമായി ഞാൻ പെട്ടിയിൽ വച്ചു.റൂമിൽ നിന്നും പുറത്തേയ്ക്കിറങ്ങി ഞാൻ ബസ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.മഹാരാഷ്ട്ര സർക്കാറിന്റെ ‘ബെസ്റ്റ്’ ബസ്സുകൾ നിരത്തുകളിൽ ഓടിക്കളിക്കുന്നുണ്ട്.ഓട്ടോറിക്ഷയുടെ അലോസരപ്പെടുത്തുന്ന ആ ശബ്ദം എനിക്ക് പണ്ടേ ഇഷ്ടമല്ല.ജോലി കഴിഞ്ഞ് റൂമിലേയ്ക്ക് നടന്നു പോകുന്ന ബീഹാറി തിവാരിയെ ഞാൻ കണ്ടില്ലാന്ന് നടിച്ചു. ഗേറ്റ് കടന്നപ്പോൾ വാച്ച്മാൻ പതിഞ്ഞ ശബ്ദത്തിൽ സലാം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ദീപാവലിയ്ക്കും മറ്റുമായി പത്ത് രൂപ കൊടുക്കുന്നതിന്റെ കൂലി ഉത്തർപ്രദേശുകാരൻ കിഴവൻ കാണിക്കുന്നുണ്ട്. ഒരു മാസത്തെ സലാമിന് പത്ത് രൂപയാണ് ചിലപ്പോൾ.മുംബൈയിലെ ജീവിതം ശരിക്കും ഞാൻ ആസ്വദിക്കുന്നുണ്ട്.
“സലാം സാബ്” കേൾക്കാൻ നല്ല സുഖമുണ്ട്.സാബ് എന്നെ വിളി കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്നു. ഗമ വിടാതെ ഞാൻ തിരിച്ചും സലാം പറഞ്ഞു.
“സാബ് എവിടെ പോകുന്നു?” മുഖത്ത് വാരിതേച്ച വിനയം അഭിനയിച്ച് അയാൾ ചോദിച്ചു.കഞ്ചാവ് വലിച്ച് തളർന്നിട്ടുണ്ട് കിഴവൻ.
‘ഒന്നുമില്ല.. ബസ്റ്റാൻഡ് വരെ..ഒരു ദോസ്ത് വരാം എന്ന് പറഞ്ഞിട്ടുണ്ട്’ ഞാൻ മറുപടി പറഞ്ഞു. ‘ഉംഉം..എനിക്ക് മനസ്സിലായി‘ എന്ന രീതിയിൽ അയാൾ ചിരിച്ചതായി എനിക്ക് തോന്നി.ഒരാഴ്ചയായിട്ട് ബസ്റ്റാൻഡിൽ നടക്കുന്ന എന്റെ കലാപരിപാടികൾ അയാൾ കണ്ടുകാണുമോ? ………മുംബൈയിലേയ്ക്ക് എത്തി ചേർന്ന് സ്ഥലം എല്ലാം ഒന്ന് പരിചയമായി വരുന്നതിനു മുൻപേ ബാർ ഡാൻസ് നിർത്തലാക്കി..ശവങ്ങൾ.അവിടെ പോയാൽ വേശ്യകളെ അടുത്ത് കാണാം എന്ന് പറഞ്ഞത് നാട്ടിലെ ദിവാകരൻ ആണ്.കുഴപ്പമില്ല അവരിൽ ചിലർ ആയിരിക്കും ഇപ്പോൾ ഇരുട്ടിന്റെ കൂട്ടുകാർജീവിതം ഇരുൾ നിറയുമ്പോൾ ഇരുളിൽ നിന്നു തന്നെ ആശ്വാസം കണ്ടെത്താൻ നടക്കുന്ന വിഡ്ഡികൾ…!
ബസ്റ്റാൻഡ് എത്തി. അവിടെ ഒരു മൂലയിൽ ദീപ നായിക് നില്പുണ്ട്.ബംഗാളിയാണ്.4 ദിവസം മുൻപ് പരിചയപ്പെട്ടതാണ് ഞാൻ അവളെ.30-35 വയസ്സ് പ്രായം തോന്നിക്കും, അവൾ പറഞ്ഞത് 25 ആണെങ്കിൽ കൂടിയും.അവളോട് പരിചയപ്പെട്ടത് നല്ല രസമായിരുന്നു.അന്ന് അവൾ കടും ചുവപ്പ് നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നത്.അതിൽ ഇളം റോസ് നിറത്തിലുള്ള വലിയ റോസാപൂക്കൾ പതിച്ചിരുന്നു.ഫലഫൂയിഷ്ടമായ ശരീരം ആവശ്യത്തിൽ കൂടുതൽ അവൾ കാണിച്ച് നിൽക്കുകയായിരുന്നു.അറപ്പ് തോന്നുന്ന വിധം ലിപ്സ്റ്റിക്.ഞാൻ ആദ്യമായിട്ട് പരിചയപ്പെട്ട വേശ്യ അവളാണ്.ആദ്യമായിട്ട് പറ്റിച്ച വേശ്യയും അവൾ തന്നെ.എന്ന് പറഞ്ഞാൽ ഞാൻ അവളുടെ അടുത്ത് പറ്റ്കാരൻ അയി എന്നല്ല, ഞാൻ അവളെ കബളിപ്പിച്ചു എന്നാണ്.പേരും കാര്യങ്ങളുമെല്ലാം ചോദിച്ചു. വീട്ടിലെ പൂവൻ കോഴി ചികലിടാൻ നേരം പിടക്കോഴിയുടെ ചുറ്റും ഒരു നടത്തമുണ്ട്.അന്നു ഇരുളിൽ അവളുടെ ചുറ്റും നടന്നപ്പോൾ അതാണെനിക്ക് ഓർമ്മ വന്നത്. നടക്കുന്നതിനിടയിൽ ഞാൻ പിറുപിറുത്ത് ചോദിച്ചു കൊണ്ടിരുന്നു.

‘വരുന്നുണ്ടോ..?എത്രയാ നിന്റെ റേറ്റ്..?’ ആവശ്യക്കാരനെ കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനുള്ള കഴിവു വേശ്യകൾക്കുണ്ട്. അവൾ എന്റെ നേർക്ക് തിരിഞ്ഞ് ചിരിച്ച് കൊണ്ട് പറഞ്ഞു.
‘പാഞ്ച് സൌ’ ഉംപെണ്ണിന്റെ ആഗ്രഹം കൊള്ളാം..അഞ്ഞൂറ് രൂപ പോലും
ഞാൻ പറഞ്ഞു.
“എന്റെ അടുത്ത് അത്രയും ഇല്ല അൻപത് രൂപവരുന്നോ?”
“ഹറാം സാലേ അൻപത് രൂപ!!??കടന്ന് പോടാ മുന്നിൽ നിന്ന്ശകുനം മുടക്കാൻ വന്നിരി്ക്കുന്നു ഒരോരുത്തർ” അവൾ ക്ഷുഭിതയായി പറഞ്ഞു. ഞാൻ ഉള്ളിൽ ചിരിച്ചു..പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് അന്തേട്ടന്റെ പെട്ടിക്കടയിൽ കാലത്ത് തന്നെ ചെന്ന് 25 പൈസയ്ക്ക് അട്ടാണിക്കടല ചോദിച്ചപ്പോൾ ഇതേ പോലെ തന്നെയാണ് മറുപടി വന്നത്.ഒരു രൂപയിൽ താഴെ അട്ടാണി വിൽക്കാറില്ലാത്രെ!!അത് അന്തേട്ടന്റെ ആദ്യത്തെ കച്ചോടമായിരുന്നു.ശകുനം മുടക്കി പോലുംഅത് അവളുടെ തന്തയാണ്.അന്ന് അന്തേട്ടൻ25 പൈസ വലിച്ചെറിഞ്ഞു. പിന്നെ ആലോചിച്ചപ്പോൾ തോന്നി എല്ലാ തൊഴിലിനും അതിന്റേതായ മാന്യത ഉണ്ടായിരിക്കും എന്ന്.അന്നത്തെ ദിവസത്തെ അവളുടെ ആദ്യ കസ്റ്റമർ ഞാനായിരുന്നിരിക്കണം.അവളൂടെ വിശാലമായ ശരീരത്തിന് 50 രൂപ വിലയിട്ട എന്നെ അവൾ ശപിച്ചിരിക്കണം. അവൾ ദു:ഖിച്ചിരിക്കണം. പെട്ടന്ന് തന്നെ അടുത്ത വേശ്യയുടെ അടുത്ത് ഇതേ ആവശ്യവുമായി ചെന്നു. അന്ന് ഞാൻ നാല് വേശ്യകളുടെ അടുത്ത് പോയി വില ചോദിച്ചു.മൂന്ന് പേർ ദീപ പറഞ്ഞത് പോലെ തന്നെ കണ്ണ് പൊട്ടും വിധം ചീത്ത വിളിച്ചു.ഒരുവൾ വേദനയോട് കൂടി മന്ദഹസിച്ചതായി തോന്നി.
…………ഇന്ന് ഇപ്പോൾ അധികം ആരുമില്ല.ഒന്നു കറങ്ങി വന്നപ്പോഴ്ക്കും ദീപ നായിക് ആരുടെയോ കൂടെ പോയിരിക്കുന്നു.അവൾ അവിടെ ഉണ്ടെങ്കിൽ കൂടിയും ഇനിയും അവളുടെ അടുത്ത് ചെല്ലാൻ പറ്റില്ല.അവൾക്ക് എന്റെ ഉദ്ദേശം മനസ്സിലായിരിക്കും. 10-15 വേശ്യകളുടെ പക്കൽ ഞാൻ വില ചോദിച്ചിട്ടുണ്ട് ഇതു വരെ. വലിയ പ്രതീക്ഷയോട് കൂടി അവർ അവരുടെ വില പറയുമ്പോൾ ഞാൻ 50രൂപ പറഞ്ഞ് അവരെ താഴ്ത്തിക്കെട്ടും.നിരാശരായി അവർ ചിലപ്പോൾ ചീത്ത വിളിക്കും ചിലപ്പോൾ മന്ദഹസിക്കും. നായ്ക്കൾശരീരം വിൽക്കൻ ശ്രമിക്കുന്ന പിശാചുക്കൾ.വിൽക്കാൻ വച്ച ശരീരം വില ചോദിക്കാൻ ചെന്ന എന്റെ മാന്യത ഞാൻ കണ്ടില്ലാന്ന് നടിച്ചു. ഒരു വേശ്യ പൊലും ഇല്ലാത്ത ബസ്റ്റാൻഡ് ഏതോ ശവപ്പറമ്പ് പോലെ തോന്നിപ്പിച്ചു. ആദ്യമായിട്ടാണ് ഇങ്ങനെ.
………….ഇരുന്നിട്ട് കാര്യമില്ല, തിരിച്ച് പോയേക്കം എന്ന് കരുതിയപ്പോഴാണ് ഒരുവൾ വരുന്നത്.വേശ്യ തന്നെ..ഉറപ്പ്..രാത്രിയിൽ തലയിൽ ചൂടിയ മുല്ലപ്പൂ അതിന്റെ തെളിവാണ്.പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അവളെ കണ്ടിട്ടില്ല.മുല്ലപ്പൂവും,തോളത്തുള്ള ഹാൻഡ് ബാഗും,ചുണ്ടിലെ ചുവന്ന ചായവും,അറപ്പ് തോന്നുന്ന രീതിയിലുള്ള മേക്കപ്പുംവേശ്യകളെ കണ്ടാൽ അപ്പോൾ തന്നെ മനസ്സിലാക്കനുള്ള വരം എനിക്ക് ദൈവം തന്നിട്ടുണ്ട്. പൂവൻ കോഴി തള്ളക്കോഴിയുടെ ചുറ്റും നടക്കാൻ തുടങ്ങി.
“കിത്‌നാവരുന്നോഎത്രയാ നിന്റെ റേറ്റ്?” അവൾ ഒരു നിമിഷം എന്നെ നോക്കി.പിന്നെ പതുക്കെ പറഞ്ഞു..
‘തീൻ സൌ’ ഉംഇവൾ ഏതായാലും ഇത്തിരി ഓടിയ സാധനമാണ്.അതാണ് റേറ്റ് കുറവ്.മുന്നൂറെ ഉള്ളൂ. മാന്യതയുള്ള വേശ്യശവം!
ഞാൻ ഗൌരവത്തോട് കൂടി പറഞ്ഞു...
“50രൂപാ..വരുന്നുണ്ടേൽ വാ..” കൊത്തിപ്പറിക്കുന്ന നോട്ടത്തോട് കൂടി അവൾ എന്നെ നോക്കി.എനിക്ക് ചെറുതായി പേടിയായി.ഇനി അവൾ ശരിക്കും വേശ്യ അല്ലാതിരിക്കുമോ? ഒരു നിമിഷം ശങ്കിച്ച് അവൾ പറഞ്ഞു
‘അധികം ഒന്നും പറയണ്ട ഇരുന്നൂറ്..’ ആഹാ ഇതായിരുന്നല്ലെ…?ഞാൻ ഉള്ളിൽ ചിരിച്ചു.എന്റെ വലയിൽ ഒരു വേശ്യ കൂടി..ഞാൻ പറഞ്ഞു
“എന്റെ കൈയ്യിൽ അത്രയും ഒന്നും ഇല്ല” എടുത്ത വഴി അവൾ ചോദിച്ചു
‘പിന്നെ എത്രയുണ്ട് സാബിന്റെ കൈയ്യിൽ?’
ഞാൻ പറഞ്ഞു
‘എന്റെ കൈയ്യിൽ ആകെ അമ്പത് രൂപയെ ഉള്ളൂഅതിൽ കൂടുതൽ തരാൻ പറ്റില്ല.വേണമെന്നുണ്ടേൽ വന്നാൽ മതി’ പുരികം ചുളിച്ച് ഗുണ്ടയെപ്പോലെ ഞാൻ പറഞ്ഞു.
എടുത്ത വഴി അവൾ..
‘എന്നാൽ വാ പോകാം’ ഒരു നിമിഷം ഞാൻ എന്റെ ഷർട്ടിന്റെ  പോക്കറ്റിൽ ആകെയുണ്ടായിരുന്ന പത്ത് രൂപാ നോട്ടിനു മീതെ എന്റെ കൈത്തലം വച്ചു. കൈത്തലം പോക്കറ്റിനു മീതെ വയ്ക്കുന്നത് അവൾ അത് കണ്ടു
‘എന്തു പറ്റി..? വാ നമുക്ക് ഹോട്ടലിൽ പോകാം’ അവൾ വീണ്ടും പറഞ്ഞു.സത്യത്തിൽ ഞാൻ കൈവച്ചത് എന്റെ പോക്കറ്റിലായിരുന്നില്ല.എന്റെ നെഞ്ചിലായിരുന്നു എന്നുള്ളത് അവൾ അറിഞ്ഞില്ല. പറഞ്ഞ പൈസ ഇല്ലാതിരുന്നതല്ല പ്രശ്നം.എന്നെ ആദ്യമയിട്ടാണ് ഒരു വേശ്യ വിളിക്കുന്നത്.
“ഹോട്ടലിൽ പോകാൻ എന്റെ കൈയ്യിൽ പൈസ ഇല്ല”ഭാവം മറ്റാതെ തന്നെ ഞാൻ പറഞ്ഞു.
“പിന്നെ?” അവൾ നെറ്റി ചുളിച്ചു.ഞാൻ ചൂളാൻ തുടങ്ങി.
‘ഞാൻഞാ..ഞാൻ വെറുതെ സംസാരിക്കാൻ വേണ്ടി” വാക്കുകൾ മുഴുവിപ്പിക്കാൻ അവൾ അനുവദിച്ചില്ല.
‘എന്നാൽ വാ..നമുക്ക് അവിടെ പോയി ഇരുന്ന് സംസാരിക്കാം’ ഒഴിഞ്ഞ ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് അവൾ മൊഴിഞ്ഞു. എനിക്കാണേൽ കൂടുതൽ പേടിയായി.ചങ്ക് പട.. പട.. എന്ന് മിടിക്കുന്നു.ഞാൻ പറഞ്ഞു
‘എന്റെ കൈയ്യിൽ അമ്പത് രൂപ തികച്ചില്ല” അവളുടെ മുഖം ചുവന്നു.അവളുടെ കൈത്തലം എന്റെ കവിളിൽ പതിഞ്ഞ് അതും ഇപ്പോൾ ചുവക്കും എന്ന് എനിക്ക് തോന്നി. അവൾ ദേഷ്യത്തോട് കൂടി ചോദിച്ചു
‘നീ പിന്നെ എന്തിനാ വന്നത്.ഞങ്ങളുടെ അടുത്ത് വരുമ്പോൾ പൈസ കൊണ്ട് വരണമെന്ന് നിനക്കറിയില്ലെ സാലെ ബദ്മാശ്..?” അവളുടെ മേക്കപ്പ് ഇളകാൻ തുടങ്ങി. ഞാൻ അപ്പോൾ ഇലക്ഷൻ ദിനം കാവ്യാ മാധവൻ പറഞ്ഞത് പോലെ തന്നെയാണ് മറുപടി പറഞ്ഞത്
"അറിയാം ചേച്ചി..അറിയാംഅറിയാഞ്ഞിട്ടല്ലാ വന്നത്" കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരുടെ തലയിൽ ഇടാൻ വേണ്ടി ഞാൻ ബാക്കി കൂടി ചോദിച്ചേനേ
‘ഞാൻ അപ്പഴേ പറഞ്ഞതല്ലെ നിന്നോട്..?’ ആലോചിച്ച് നിൽക്കുന്നതിനിടയിൽ അവൾ ചോദിച്ചു
‘പിന്നെ നിന്റെ കൈയ്യിൽ എത്രയുണ്ട്.?’ കർത്താവേ..ഈ പെണ്ണും പിള്ള എന്നെ വിടാൻ ഉദ്ദേശമില്ലേ..?ഞാൻ പറഞ്ഞു.
‘പത്ത്..പത്ത് രൂപ കാണും..’പറഞ്ഞ് തീരുന്നതിനു മുന്നേ അവൾ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു.കൈവിരലുകൾക്കൊപ്പം പത്തിന്റെ ഒരു നോട്ട് ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് വന്നു.
“ഇത്രേം നേരം സംസാരിച്ചതിനു ഇതു മതിപൊക്കോ..ഇനി ഇവിടെ എങ്ങാനും നിന്നെ കണ്ടാൽ..ആ..ഹാ..പോടാ.സാലേ..കുത്തേ..കമീനേ..*&@#&%&^……“അവൾ ആ പൈസ അവളുടെ ബ്ലൌസിനുള്ളിൽ തിരുകി.
അധികം സംസാരിക്കാൻ നിന്നില്ല.ഞാൻ വേഗം നടന്നു (ഓടി).ഗേറ്റ് കടന്നപ്പോൾ വാച്ച് മാൻ കൈ നെറ്റിയിൽ വച്ച് സലാം പറഞ്ഞു.എന്റെ വിളറി പിടിച്ച മുഖം കണ്ട് അയാൾ ചോദിച്ചു
‘എന്തു പറ്റി സാബ്ദോസ്ത് വന്നില്ലേ?’ അയാൾ എന്തൊക്കെയോ അർത്ഥം വച്ച് ചോദിച്ചത് പോലെ എനിക്ക് തോന്നി.ഭാവ വ്യത്യാസം കൂടാതെ ഞാൻ പറഞ്ഞു.
“ഇല്ലദോസ്ത് വന്നില്ല..ഇനി ഒരിക്കലും വരുമെന്ന് തോന്നുന്നില്ല”
ഞാൻ വേഗം എന്റെ റൂമിലേയ്ക്ക് ഓടി.

Tuesday, April 19, 2011

ഓർമ്മകൾ ഓടക്കുഴലൂതുമ്പോൾ..

          ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കിന്ന കാലം!പഠനത്തിൽ മിടുക്കനായി അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കിടന്ന കാലം!!സ്കൂളിലെ ടീച്ചർമ്മാരുടെ, പ്രത്യേകിച്ച് ആനി ടീച്ചറുടെ കണ്ണിലുണ്ണി!!സ്ക്കൂളിന്റെ അടുത്തുള്ള അപ്പൂപ്പന്റെ കടയിൽ നിന്നും ദിവസവും കപ്പലണ്ടി മിഠായി വാങ്ങി നുണയുന്നത് കൊണ്ട് അപ്പൂപ്പന്റെ കണ്ണിലുണ്ണി!കളിക്കാനുള്ള ബെല്ലടിക്കുമ്പോൾ “കളിക്കാംബെല്ലേ…” എന്ന് കൂട്ടുകാരുടെ കൂടെ ആർപ്പ് വിളിച്ച് പുറത്തേയ്ക്കോടുന്ന ദിവസങ്ങൾ!!എന്റെ ഇഷ്ടകൂട്ടുകാരിയായ ജൂലിയുടെ തോളിൽ കൈയ്യിട്ട് അവളുടെ ഇഷ്ട കളിക്കൂട്ടുകാരനായി ഓടിക്കളിച്ച് കാലങ്ങൾ!!സ്കൂളിന്റെ മുറ്റത്തുള്ള ആ ബദാം മരത്തിന്റെ ചുവട്ടിൽ നിന്നും വാരിയെടുത്ത ബദാം കായ്കൾ തല്ലിപൊട്ടിച്ച് അതിനുള്ളിലെ ആ വെളുത്ത ഭാഗം കൂട്ടുകാരുടെ കൂടെ പങ്ക് വച്ച് തിന്നിരുന്ന കാലം! ഉള്ളിലൊളിപ്പിച്ച സ്മിതയോടുള്ള ഇഷ്ടം!! ലിസിടീച്ചർ പ്രത്യേക ഈണത്തിൽ ചൊല്ലിത്തരുന്ന മലയാളം പദ്യം അതേ ഈണത്തിൽ ഉറക്കെ കൂട്ടുകാരുടെ കൂടെ ചൊല്ലിക്കൊണ്ടിരുന്ന ദിവസങ്ങൾ!! “ഒന്നാനാം കൊച്ചുതുമ്പി..എന്റെ കൂടെ പോരുമോ നീ…” കാതുകളിൽ ഇപ്പോഴും ഒരു ആരവമായി ആ പദ്യം മുഴങ്ങുന്നു.പഠിത്തത്തിൽ എന്റെ കൂടെ മത്സരത്തിനുണ്ടായിരുന്ന ഷൈൻ!!ഒന്നാം റാങ്കിനു വേണ്ടിയുള്ള ഞങ്ങളുടെ മത്സരം..സ്കൂൾ വിടാൻ ബെല്ലടിക്കുമ്പോൾ എല്ലവരുടെയും നാവിൽ നിന്നുമുയരുന്ന ആ പാട്ട്…”ബെല്ലടിച്ചേ മണിയടിച്ചേ…..” ഒരിക്കൽ കൂടി മൂന്നാം ക്ലാസ്സിലെ ഒന്നാമത്തെ ആ മരബഞ്ചിൽ ഒരു സ്ലേറ്റും പെൻസിലും മഷിത്തണ്ടും പിടിച്ചിരുന്ന് വീണ്ടും പഠിക്കുവാൻ മോഹം!!



അങ്ങിനെയിരിക്കെ ഒരു ദിവസമാണ് ജോഫിടീച്ചർ വന്ന് പറഞ്ഞത്.

“നാളെ നമ്മുടെ സ്കൂളിൽ ഒരു മാജിക് ഷോ നടക്കുന്നുണ്ട്.എല്ലാവരും ഷോ കാണാൻ വരണം.വരുമ്പോൾ മജീഷ്യന് കൊടുക്കാൻ വേണ്ടി വീട്ടിൽ നിന്നും എല്ലാവരും സംഭാവന കൊണ്ട് വരണം”
വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ച് ഒരു രൂപ വാങ്ങി.മാജിക് കാണാൻ ചെന്നപ്പോൾ ഞാൻ മുൻ നിരയിൽ തന്നെ ചമ്രം മടഞ്ഞിരുന്ന് സീറ്റുറപ്പിച്ചു.മാജിക് തുടങ്ങി.എല്ലാ കുട്ടികളും അന്തം വിട്ടിരിക്കുകയാണ്.കൂട്ടത്തിൽ ഞാനും.ഒരുപാട് മാജിക്കുകൾ!! വായിൽ നിന്നും തുരുതുരാ റിബ്ബണുകൾ മുറിയാതെ എടുക്കുന്നതും,വടിയെ കയറാക്കുന്നതും, അങ്ങിനെ ഒരുപാട് മാജിക്കുകൾ!!ഞാൻ പിന്തിരിഞ്ഞ് ടീച്ചർമാരെ നോക്കി.അവരും അന്തംവിട്ടിരിക്കുകയാണെന്ന് തോന്നി.പിന്നീട് മാജിക് കാരൻ ഏതെങ്കിലും കുട്ടിയോട് അടുത്തേയ്ക്ക് വരാൻ പറഞ്ഞു.പേടി കാ‍രണം ഞാൻ പോയില്ല.അപ്പോൾ അയാൾ എന്റെ അടുത്തിരുന്ന അഫ്സലിനെ വിളിച്ചു.പേടിച്ച് പേടിച്ച് അഫ്സൽ അയാളുടെ അടുത്തേയ്ക്ക് ചെന്നു.മുറ്റത്ത് നിന്നും ചെറിയ കുറച്ച് കല്ലുകൾ എടുത്ത് കൊണ്ട് വരാൻ അയാൾ അഫ്സലിനോട് പറഞ്ഞു.അവൻ കല്ലെടുത്ത് കൊണ്ട് വന്നു.അയാൾ കല്ലുകൾ തന്റെ കൈയ്യിൽ പിടിച്ച് അതിന് ചുറ്റും തന്റെ മാന്ത്രിക വടികൊണ്ട് കറക്കി.കൈ തുറന്നപ്പോൾ അതാ ചോക്ലേറ്റ് മിഠായികൾ!!അഫ്സലിനോട് അത് മുഴുവൻ എടുത്തുകൊള്ളാൻ അയാൾ പറഞ്ഞു.ഒറ്റയടിക്ക് എല്ലാമിഠായികളും അവൻ കീശയിലാക്കി.എന്നിട്ട് ചാടി വന്ന് എന്റെ അടുത്ത് വന്നിരുന്നു.ഞാൻ അവനെ നോക്കി.കുറച്ചും കൂടി കല്ലുകൾ എടുക്കമായിരുന്നു എന്ന ചിന്തയോടെ അഫ്സൽ ഇരിക്കുന്നു.ഞാൻ ചോദിച്ചു.
“എടാ ഒരു മിഠായി തരോ…?”

“പോടാ ഇതെന്റേതാ..നിനക്ക് വേണമെങ്കിൽ പോയി വേടിച്ചോ” ഒരു ദയാദാക്ഷണ്ണ്യവും കൂടാതെ അവന്റെ മറുപടി. ദുഷ്ടൻ!! നിനക്ക് വയറിളക്കം വരുമെടാ..നോക്കിക്കോ…”

അത് കഴിഞ്ഞപ്പോൾ മാജിക് കാരൻ രതീഷിനെ വിളിച്ച് കുറച്ച് മണൽ എടുത്ത് കൊണ്ട് വരാൻ പറഞ്ഞു.രതീഷ് ഓടിപ്പോയി കൈ നിറയെ മണൽ കൊണ്ട് വന്നു.അയാൾ മണൽ വേടിച്ച് പഴയത് പോലെ മന്ത്രവടി കൈയ്ക്ക് ചുറ്റും കറക്കി.രതീഷിനോട് വായ് തുറക്കാൻ പറഞ്ഞു.അവൻ വായ് പൊളിച്ചതും മണൽ അയാൾ രതീഷിന്റെ വായിൽ ഇട്ടു.എന്നിട്ട് വായ് പൊത്തിപ്പിടിച്ചു.രതീഷ് മണൽ തുപ്പിയില്ല!! ഇയാൾ ഇതെന്ത് അക്രമമാണ് കാണിക്കുന്നതെന്നും ചിന്തിച്ച് ഞാൻ ഇരിക്കുന്ന നേരം മജീഷ്യൻ രതീഷിനോട് വീണ്ടും വായ് തുറക്കാൻ പറഞ്ഞു.വായ് തുറന്നപ്പോൾ മൺലിന് പകരം പഞ്ചസാര!!! എന്റെ ഇഷ്ടവിഭവമായിരുന്നു പഞ്ചസാരയെങ്കിലും അത് മുഴുവൻ രതീഷിന്റെ വായയിൽ ആയതിനാൽ ഞാൻ ചോദിച്ചില്ല.അല്ലെങ്കിൽ അവൻ എനിക്ക് തന്നേനേ..

അതിന് ശേഷം അയാൾ പലരെയും വിളിച്ച് ശർക്കര,കൽക്കണ്ടം,കപ്പലണ്ടി മിഠായി തുടങ്ങി പലതും മാജിക്കിലൂടെ കൊടുത്തു.കിട്ടിയവരോട് ഒരോരുത്തരോടും ഞാൻ ചോദിച്ചങ്കിലും ആരും തന്നെ എനിക്കൊന്നും തന്നില്ല!എനിക്കെന്ന് മാത്രമല്ല ആർക്കും കൊടുത്തില്ല!!
“ഹും…ശരി ..എനിക്കും ഒരവസരം വരും..എനിക്ക് കിട്ടിയാൽ ഞാനും ആർക്കും കൊടുക്കില്ല. അങ്ങിനെയാൽ പറ്റില്ലല്ലോ?”

പിന്നീട് മാജിക് കാരൻ ഒരാളെ വേദിയിലേയ്ക്ക് വിളിച്ചു.എന്റെ അടുത്തിരുന്ന ജഗദീഷ് എഴുന്നേൽക്കാൻ പോയപ്പോൾ അവനെ വലിച്ച് താഴെയിരുത്തി അവനേക്കാൾ വേഗതയിൽ ഞാൻ ഓടി അയാളുടെ അടുത്തെത്തി.എന്താ ഞാൻ എടുക്കേണ്ടേ…കല്ലാണോ,മണ്ണാണോ,അതോ പൊന്നാണോ എന്ന ചോദ്യഭാവത്തിൽ അയാളുടെ മുഖത്ത് നോക്കി നിന്നു.അയാൾ എന്നെ അടുത്തേയ്ക്ക് ചേർത്ത് നിർത്തി.എന്റെ പേര് ചോദിച്ചു.ഞാൻ പേര് പറഞ്ഞു.പിന്നെ അയാൾ എന്റെ വീട്ടിൽ മണ്ണെണ്ണയൊക്കെ ഒഴിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കുനിൽ എടുത്തു.കുനിലിന്റെ വലിപ്പം കണ്ടപ്പോൾ എനിക്ക് സന്തോഷമായി.എന്ത് തന്നെയായാലും അതിൽ നിറയെ കിട്ടും എന്ന് ഞാൻ ഉറപ്പിച്ചു.അതിന് ശേഷം അയാൾ ഒരു ബക്കറ്റ് എന്റെ മുൻപിൽ വച്ചു.ഞാൻ ചിന്തിച്ചു ; ഇനി ബക്കറ്റ് നിറയെ മിഠായി കിട്ടുമോ? ചിന്തിച്ച് നിൽക്കുന്ന നേരം അയാൾ എന്റെ നിക്കറിന്റെ ഒരു ഭാഗം മാറ്റി അവിടെ കൈയ്യിലിരുന്ന കുനിൽ വച്ചു.ഇപ്പോൾ ഞാൻ കളിക്കാം ബെല്ലിന് മൂത്രമൊഴിക്കാൻ നിൽക്കുന്നത് പോലെ തന്നെയാണ് നിൽക്കുന്നത്!!അയാൾ മുന്നിലിരുന്ന കുട്ടികളോട് വിളിച്ച് പറഞ്ഞു.
“കുട്ടികളേ … എല്ലാവരും ഇവിടേയ്ക്ക് ഒന്ന് നോക്കിക്കേ…”

എല്ലാ കുട്ടികളും,ടീച്ചർമ്മാരും കുനിലിൽമേലേയ്ക്ക് നോക്കി.അതാ ഞാൻ മൂത്രമൊഴിക്കുന്നു.പെൺകുട്ടികളൊക്കെ മുഖം പൊത്തുന്നു.ഞാൻ തപ്പി നോക്കി.അല്ല ഞാനല്ല.ഇത് മാജിക് കാരന്റെ പണിയാണ്!! കുനിലിലൂടെ കുറെ മൂത്രം ഞാൻ ബക്കറ്റിൽ ഒഴിച്ചു. കുട്ടികൾ എല്ലാവരും ഭയങ്കര കൈയ്യടി!!എന്തിന് ഞാൻ മൂത്രമൊഴിക്കുന്നതിനോ!!?എല്ലാം പോയിക്കഴിഞ്ഞപ്പോൾ അയാൾ എന്നോട് പോയ്ക്കോളാൻ പറഞ്ഞു.ഞാൻ കൈ നീട്ടി ചോദിച്ചു.

“ മിഠായി…. മിഠായി താ....”

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.മിഠായി തീർന്നുപോയി.എന്റെ മുഖം വിഷണ്ണമായി.അത് കണ്ടപ്പോൾ അയാൾ അഫ്സലിനെ ചൂ‍ണ്ടിക്കാണിച്ച് പറഞ്ഞു.

“ദാ അവനോട് ചോദിച്ചോ..അവൻ തരും” ഞാൻ നേരെ ചെന്ന് അഫ്സലിനോട് ചോദിച്ചു.

“എടാ ഒരു മിഠായി തരോ…?”

“പോടാ ഇതെന്റേതാ..നിനക്ക് വേണമെങ്കിൽ പോയി വേടിച്ചോ” ഒരു ദയാദാക്ഷണ്ണ്യവും കൂടാതെ അവന്റെ മറുപടി. ദുഷ്ടൻ!! നിനക്ക് വയറിളക്കം വരുമെടാ..നോക്കിക്കോ..” ഞാൻ ഇത്രയും പറഞ്ഞപ്പോൾ അവൻ ഒരു മിഠായിയുടെ ലേശം കടിച്ച് തുപ്പിക്കളഞ്ഞു.

ചുറ്റും നിന്നും അമർത്തിയ ചിരികളും അടക്കം പറച്ചിലും കളിയാക്കലും..എല്ലാവരും എന്നെ തന്നെ നോക്കുന്നു.കൂട്ടത്തിൽ തങ്കമ്മ ടീച്ചർ പറയുന്നുണ്ടായിരുന്നു.
“മിഠായി കിട്ടുമെന്ന് കരുതി ചെന്നതാ..മൂത്രമൊഴിക്കേണ്ടി വന്നു..ഹ…ഹ…”
***                     ******                 ************                 ***********

ഇന്ന്  ഏപ്രിൽ 19; എന്റെ ജന്മദിനം!! ഭൂമിയിലേയ്ക്ക് പിറന്ന് വീണിട്ട് ഇന്നേയ്ക്ക്  25 വർഷങ്ങൾ,ക്രത്യമായി പറഞ്ഞാൽ 9131 ദിവസങ്ങൾ!!ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ തിരിച്ച് പോകാൻ ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു മുകളിൽ ഞാൻ എഴുതിയ ചില സംഭവങ്ങൾഇതെഴുതികഴിഞ്ഞ് ഉറങ്ങാൻ കിടക്കുന്ന രാത്രികളിൽ എന്റെ രാത്രികളെ മനോഹരമാക്കിതീർത്തത്  എന്റെ ബാല്യകാലത്തെകുറിച്ചുള്ള മധുരമുള്ള സ്വപ്നങ്ങളായിരുന്നു.ആ സ്വപ്നങ്ങളിൽ കൂടി എന്റെ കൂട്ടുകാരെയും കൂട്ടുകാരികളെയും ഒരിക്കൽ കൂടി കാണാൻ സാധിച്ച ഞാൻ തീർച്ചയായും ഭാഗ്യവാനാണ്. മനസ്സിനെ മത്ത് പിടിപ്പിക്കുന്ന ഈ ഓർമ്മകൾ എന്നെ ആദ്യം അക്ഷരം പഠിപ്പിച്ച  ഗുരുനാഥന്മാർക്ക് മുന്നിലും എന്റെ ബാല്യകാല സുഹ്രത്തുക്കൾക്ക് മുന്നിലും എന്നെ ജനിപ്പിച്ച്  വളർത്തി വലുതാക്കിയ എന്റെ മാതാപിതാക്കൾക്ക് മുന്നിലും വിശിഷ്യാ ഈ 9131 -‍ാമത്തെ ദിവസം എന്നെ കാണാൻ അനുവദിച്ച ദൈവത്തിനും നന്ദി പറഞ്ഞുകൊണ്ട്  സ്നേഹത്തോടെ ഞാൻ സമർപ്പിക്കുന്നു.



ഒരു വർഷം മുൻപ് പോസ്റ്റിയതാണ്എന്നാലും വീണ്ടും പോസ്റ്റാൻ തോന്നുന്നു……ക്ഷമി..ഓർമ്മകൾ വീണ്ടും ഓടക്കുഴലൂതുകയാണ്...