Monday, October 31, 2011

ജീവനും പാതാളവും


രൾ ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോഴും ഞാൻ ഇത്രയധികം വേദനിച്ചിട്ടില്ല. ഇതിപ്പോൾ എന്റെ ബോധം നശിച്ച് കഴിഞ്ഞു എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ ഇല്ല... എനിക്ക് ഇപ്പോഴും ബോധം ഉണ്ട്. ഇന്നലെ അച്ചൻ വന്ന് അന്ത്യ കൂദാശ തന്നപ്പോഴും എനിക്ക് ബോധമുണ്ടായിരുന്നു. പിന്നെ എന്തിനാണ് അവൾ, എന്റെ ഭാര്യ, എനിക്ക് ഓർമ്മ ഒട്ടും ഇല്ല എന്ന് പറഞ്ഞത്? ചിലപ്പോൾ ഞാൻ കണ്ണ് അടച്ച് കിടക്കുന്നതിനാൽ അവർക്ക് അങ്ങിനെ തോന്നുന്നുണ്ടാകാം.ഞാൻ ഒന്നും തന്നെ അവരോട് സംസാരിക്കാറില്ലല്ലോ...അതുകൊണ്ടാണോ എന്റെ മരണത്തിന്റെ സമയമായി എന്നാണോ അവർ ചിന്തിക്കുന്നത്? ഇല്ല, ഒരിക്കലുമില്ല. ഇതല്ല എന്റെ അവസാനം. എനിക്ക് മരണ വേദന ഇല്ല. പക്ഷെ എന്നെ കാണാൻ വരുന്നവരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങളും അവരുടെ ചിലവാക്കുകളും എന്നെ വേദനിപ്പിക്കുന്നുണ്ട്.
ഒട്ടും നിയന്ത്രണമില്ലാത്ത മദ്യപാനമാണ് എന്നെ ഈ അവസ്ഥയിൽ കൊണ്ട് ചെന്നെത്തിച്ചത്, അത് എനിക്ക് ഉത്തമ ബോധ്യം ഉണ്ട്. വളർന്ന് വരുന്ന 22കാരൻ മകനോട് മദ്യത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് പറയണമെന്നുണ്ട്. പക്ഷെ എന്റെ നാവ് പൊന്തുന്നില്ല. എന്നെ കാണാൻ വരുന്നവരെ അഭിമുഖീകരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഞാൻ കണ്ണും അടച്ച് കിടന്നു. അപ്പോൾ കൂട്ടത്തിൽ വന്ന പെങ്ങളോട് ഭാര്യ പറയുന്നത് കേട്ടു, ഒട്ടും ഓർമ്മയില്ല വല്ലപ്പോഴും ഓർമ്മ വന്നാൽ എന്നെ വിളിക്കും എന്ന്. എനിക്ക് ഓർമ്മയില്ലാത്തത് കൊണ്ടല്ല ഞാൻ എഴുന്നേൽക്കാത്തത് എന്ന് അവർക്ക് അറിയില്ലല്ലോ? ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടത്തെ എനിക്ക് അറപ്പ് കലർന്ന് ഭയമാണ്. രണ്ടാഴ്ച മുൻപ് വന്ന അളിയൻ എന്റെ കൈയ്യിൽ പിടിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
“അളിയാ വാ എഴുന്നേൽക്ക് നമുക്ക് രണ്ടെണ്ണം അടിച്ചിട്ട് വരാം” എനിക്ക് അത് കേട്ടപ്പോൾ വിഷമം തോന്നി. പക്ഷെ അളിയനെ കൊണ്ട് അത് പറയിപ്പിച്ചത് ഞാൻ തന്നെയാണല്ലോ...അളിയൻ പിന്നീട് ഭാര്യയോട് പറയുന്നത് കേട്ടു.
“നിങ്ങൾ ഇങ്ങനെ രോഗമാണെന്നും പറഞ്ഞ് അളിയനെ ഇങ്ങനെ ഇട്ടേക്കാണോ? ഒരു പെഗ്ഗ് കൊടുത്ത് നോക്കിക്കേ, അളിയൻ ചാടി ഓടുന്നത് ഞാൻ കാണിച്ച് തരാം”
അത് കേട്ട് കുറച്ച് ആളുകൾ ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഭാര്യയുടെ ചിരി മാത്രം കേട്ടില്ല. അന്ന് എനിക്ക് ഇതിലും ആരോഗ്യമുണ്ടായിരുന്നു. പക്ഷെ ഒരാഴ്ച കൊണ്ട് ഞാൻ ആകെ ക്ഷീണിതനായി. പക്ഷെ ഇതല്ല എന്റെ മരണം എന്നെനിക്ക് അറിയാം. ഭാര്യയോട് ചില കാര്യങ്ങൾ പറയണമെന്നുണ്ട്. അതിൽ ഒന്നാമത്തെ കാര്യം രോഗാതുരനായി കിടക്കയിൽ കിടക്കുന്ന ആളെ നമ്മൾ ചെന്ന് കാണരുത് എന്നാണ്. അഥവാ കാണാൻ ചെന്നാൽ തന്നെ സഹതാപം നിറഞ്ഞ മുഖത്തോട് കൂടി നമ്മൾ അവരെ നോക്കരുത്. വേണ്ട, അങ്ങിനെ ഒരു ആചാരം നമ്മുടെ സമൂഹത്തിലേ വേണ്ട.
“മനുഷ്യജീവിതം എത്ര ഹ്രസ്വമാണ്. മനുഷ്യനിൽ വിശ്വാസമർപ്പിക്കാൻ സാധിക്കുമോ? അവനു എന്ത് വിലയുണ്ട്? അവൻ ഒരു ശ്വാസം മാത്രം.മരണം കാണാതെ ജീവിക്കാൻ കഴിയുന്ന മനുഷ്യരുണ്ടോ? ജീവനെ പാതാളത്തിന്റെ പിടിയിൽ നിന്നും വിടുവിയ്ക്കാൻ ആർക്ക് കഴിയും? പാതാളത്തിൽ നിന്നും ഒരു കൈ എന്റെ ജീവനു നേരെ നീണ്ടു വരുന്നുണ്ടോ?” ദൈവമേ ഞാൻ എന്തൊക്കെയാണ് ഈ ചിന്തിച്ച് കൂട്ടുന്നത്! എന്റെ ഉള്ളിലും മരണഭയം ഉണ്ടോ?ഇല്ല, ഇതല്ല എന്റെ സമയം.
എനിക്ക് ചുമ വരുന്നുണ്ട്. ഞാൻ അടക്കി പിടിച്ച് കിടക്കുകയാണ്. ചുറ്റും കുറച്ച് ആളുകൾ കൂടിനിൽക്കുന്ന കാര്യം എനിക്കറിയാം. കണ്ണടച്ച് കിടക്കുകയാണെങ്കിലും അവരുടെ കാലൊച്ചകൾ എനിക്ക് കേൾക്കാം. ഞാനൊന്ന് അനങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ് അവർ. കാത്തിരിപ്പിന്റെ ആലസ്യം അവരുടെ കണ്ണുകളിൽ ഉണ്ടാകുമോ? അറിയില്ല.എന്തായാലും എന്റെ ഭാര്യയുടെ കണ്ണുകളിൽ അതുണ്ടാവാൻ സാധ്യതയില്ല. എനിക്ക് ചുമ അധികം നേരം പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഞാൻ ചുമച്ചു. അടക്കി പിടിച്ച് നിന്ന കാരണം ചുമയുടെ ശക്തി കുറച്ച് കൂടിപ്പോയി. എനിക്കു ചുമ നിർത്തുവാൻ സാധിക്കുന്നില്ല. ഞാൻ കണ്ണ് തുറന്ന് നോക്കി. എനിക്ക് ചുറ്റും എല്ലാവരും. എന്റെ ആത്മധൈര്യം നഷ്ടമായി. മരണം പ്രതീക്ഷിച്ച് നിൽക്കുന്ന കഴുകൻ കണ്ണുകളിൽ ഞാൻ നിസ്സഹായതയോട് കൂടി നോക്കി.ആരോ ഒരാൾ ഒരു ഗ്ലാസ്സിൽ കുറച്ച് വെള്ളം തന്നു. ‘ഈശോ മറിയം ഔസേപ്പേ’ എന്ന വാചകങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു. ഞാൻ ഒന്ന് ഞെരങ്ങി. പെട്ടന്ന് അപ്രതീക്ഷിതമായി ആരോ കരഞ്ഞ്കൊണ്ട്  എന്റെ ദേഹത്തേയ്ക്ക് വീണു. എന്റെ ശക്തി പൂർണ്ണമായും നഷ്ടമായി.
ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു. എല്ലാവരും കരയുന്നു. എന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ വീണു. പക്ഷെ ആരെയും ഞാൻ ആശ്വസിപ്പിക്കാനോ, തലോടാനോ നിന്നില്ല. ഞാൻ ആ മുറിവിട്ട് ഇറങ്ങി പുറത്തേയ്ക്ക് നടന്നു. ഞാൻ കണ്ടു, എന്നെ കാണാൻ പിന്നെയും ആളുകൾ വരുന്നത്, കൂട്ടത്തിൽ പാതാളത്തിൽ നിന്ന് ഒരു കൈ എന്നെ മാടിവിളിക്കുന്നതും. കളിക്കോപ്പ് കണ്ട് ചെറിയ കുട്ടികൾ അതിനു പിന്നാലെ പായുന്നത് പോലെ , കൌതുകത്തോട് കൂടി ഞാൻ ആ കൈയ്ക്കു നേരെ വേഗതയിൽ നടന്നു.


Monday, October 24, 2011

എന്‍റെ ജിദ്ദ ബ്ളോഗേഴ്സ് മീറ്റ്


അങ്ങിനെ ഏകദേശം 2 വർഷത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ വ്യാഴം 20-10-2011 രാത്രി 8.30നു ജിദ്ദയിൽ വച്ച് ഞാൻ കുറെ ബ്ലോഗ് പുലിക്കുട്ടികളെ കണ്ട് മുട്ടി... 2 വർഷത്തെ കാത്തിരിപ്പ് എന്നാൽ, കഴിഞ്ഞ തവണത്തെ ജിദ്ദ മീറ്റിൽ എനിക്ക് പങ്കെടുക്കാൻ സാധിക്കാതെ അടുത്ത മീറ്റിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എന്നാണ് ഉദ്ദേശിച്ചത്.ജിദ്ദയിൽ നടന്ന കഴിഞ്ഞ തവണത്തെ മീറ്റിനു വേണ്ടി പോയി, അതിൽ പങ്കെടുക്കാൻ സാധിക്കാതെ ആ സ്ഥലത്തിന്റെ പടി വരെ ചെന്നെത്തി തിരിച്ച് വന്നവന്റെ വിഷമം ചെറുതായിരുന്നുല്ല(കൊമ്പൻ മൂസേ..@#@*^*%^&&) . എന്നാൽ ഇത്തവണ നേരിട്ട് ചെന്ന് ആദ്യം കെട്ടിപിടിച്ചത് കൊമ്പനെകൊമ്പനെ പുകഴ്ത്തി പറഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ ഉള്ള ചീ‍ത്ത പേര് കളയുന്നില്ല
ചെറിയ സദസ്സ് (കാതലുള്ള സദസ്സ്)

ഒരു കൂട്ടുകാരന്റെ കൂടെയാണ് ഞാൻ മീറ്റ് നടക്കുന്ന “ടേസ്റ്റി റെസ്റ്റോറന്റിൽ“ എത്തിയത്..അദ്ദേഹം എന്നെ സ്ഥലത്ത് ശരിയായി തന്നെ എത്തിച്ചു. പോട്ടം പിടിക്കാനായി ഒരു ക്യാമറ കൊണ്ട് പോയിരുന്നു..പക്ഷെ അതിൽ ബാറ്ററി ഉണ്ടായിരുന്നില്ല. മീറ്റ് നടക്കുന്ന സ്ഥലം ഷറഫിയ ഒരു മാർക്കറ്റും കൂടി ആയതിനാൽ അവിടെ നിന്നും വാങ്ങാം എന്നയിരുന്നു ഉദ്ദേശം. അവിടെ ചെന്ന് കുറെ കടയിൽ നോക്കി..എവിടെയും റീചാർജബിൾ ബാറ്ററി ഉണ്ടയിരുന്നില്ല. 8.30 നു പരിപാടി തുടങ്ങും. അതിനാൽ സമയം വൈകിക്കണ്ട എന്ന് കരുതി ഒരു നോർമൽ ബാറ്ററിയും വാങ്ങി ഞാൻ മീറ്റിനു വേണ്ടി നടന്നു. ടേസ്റ്റിയിലേയ്ക്ക് നടക്കുമ്പോൾ ചുറ്റും കാണുന്നവർ ബ്ലോഗർമാർ തന്നെയോ എന്ന് ഞാൻ സംശയിച്ചു.
“റജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കില്ല നമുക്ക് സ്പോൺസർമാരെ കിട്ടും“ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച കൊമ്പൻ എന്നെ ചതിച്ചു. രണ്ടാമതും കൈ നീട്ടി വന്ന കൊമ്പനു ഞാൻ തിരിച്ച് വീണ്ടും ഹസ്തദാനം നടത്തിയപ്പോൾ അത് നിരാകരിച്ച് 10 റിയാൽ ഫീ ചോദിച്ച കൊമ്പൻ എന്നെ ഞെട്ടിച്ച് കളഞ്ഞു. (ഫുഡ് കഴിഞ്ഞപ്പോൾ അത് മാറി) വേറെ ആരും കണ്ടില്ല എന്ന് മനസ്സിലായപ്പോൾ നാണക്കേട് പുറത്ത് കാട്ടാതെ ഞാൻ വേഗം 10 റിയാൽ എടുത്ത് കൊടുത്തു. അതിനു ശേഷം കുറെ പേരെ പരിചയപ്പെട്ടു. നൌഷദ് കെ.വി, സമദ് കാരാടൻ, ഷാജു അത്താണി, ഉസ്മാൻ ഭായ്, വള്ളിചേട്ടൻ, അൻവർ വടക്കാങ്ങര, അബുള്ള സർദാർ, ജബ്ബാർ വട്ടപ്പൊയ്യിൽ, സലീം ഇ. പി, നിർവിളാകാൻ, മുഹമ്മദ് കുഞ്ഞ്,സാദത്ത്, ലാല ദുജ, എം.കെ കടവത്ത്, സക്കറിയ, തുടങ്ങി ഒരുപാട് പേർ.. ചിലരെ മുൻപ് അറിയാവുന്നതും ആയിരുന്നു. മൊത്തത്തിൽ ഒരു 35-ഓളം അംഗങ്ങൾ ഉണ്ടായിരുന്നു……
ഉത്ഘാടകയായ ശ്രീമതി കലാവേണു ഗോപാലിനെയും കാത്ത് ഞങ്ങൾ ഇരുന്നു. അവസാനം 9 മണി ആയപ്പോൾ സഹി കെട്ട് സമദ് കാരാടനോട് “ ഈ കലാവേണുഗോപാൽ.” എന്ന് പറഞ്ഞ് കൊണ്ട് കുറച്ച് ഉറക്കെ ചില കാര്യങ്ങൾ ചോദിക്കാൻ ഒരുങ്ങിയപ്പോൾ കണ്ണ് ഉരുട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “പതുക്കെ പറദേ ഈ ഇരിക്കുന്നതാ കക്ഷി” എന്ന്. ഞാൻ വേഗം അവിടെ നിന്നും മുങ്ങി.  മീറ്റ് തുടങ്ങി. ഔപചാരികമായ ഉത്ഘാടനം ശ്രീമതി കലാവേണുഗോപാൽ നിർവ്വഹിച്ചു. അതിനു ശേഷം ഇസ്മായിൽ കരുതേരിയുടെ ചെറിയ ക്ലാസ്സ്. ഇന്റർ നെറ്റിനെയും ബ്ലോഗിനെയും കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ പുതിയ അറിവുകളായിരുന്നു.  ഇന്ത്യയിലെ ചില നല്ല ബ്ലോഗുകളെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ “തൂവൽതെന്നലിനെ” കുറിച്ച് പറയുമെന്ന് ഞാൻ കരുതി. ഇതിനിടയിൽ ഇന്ത്യയിൽ പ്രചാരമുള്ള ബ്ലോഗുകൾക്കിടയിൽ ദക്ഷിണേന്ത്യയിലെ ഒരു “കാമത്തിന്റെ” ബ്ലോഗ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുഷ്ടൻ അതിന്റെ ലിങ്ക് പറഞ്ഞില്ല. സ്വകാര്യമായിട്ട് ചോദിക്കണം എന്ന് കരുതിയതാണ്. പിന്നെ എന്നെ തെറ്റിദ്ധരിച്ചാലോ എന്ന് കരുതി ചോദിച്ചില്ല. ഇനി കാമം എന്നത് വല്ല ബോഗന്റെ പേരാണെങ്കിലോ? കർണ്ണാടകയാണ് അദ്ദേഹം പറഞ്ഞ സ്ഥലത്തിന്റെ പേര് എന്നാണ് എന്റെ ഓർമ്മ. അവിടെ പിന്നെ അങ്ങിനത്തെ പേരുള്ള വല്ലവരും കാണും. ഞാൻ അടങ്ങി ഒതുങ്ങി ഇരുന്നു.
ഇസ്മായിൽ കരുതേരി
                                                  
ശ്രീമതി. കലാ വേണുഗോപാല്‍

പിന്നെ പരിചയപ്പെടുത്തലായിരുന്നു. “അന്യോന്യം” എന്നായിരുന്നു ആ പരിപാടിയുടെ പേര് എന്നാണ് ഓർമ്മ. ഞാനും കയറി എന്നെ പരിചയപ്പെടുത്തി, എന്റെ ബ്ലോഗനുഭവങ്ങളും പറഞ്ഞു. പലരുടെയും അനുഭവങ്ങൾ ഞാൻ കേട്ടു.
എന്‍റെ "ചരിത്ര" പ്രസംഗം
സമദ് കാരാടന്‍റെ പരിചയപ്പെടുത്തല്‍ 
 
സമയം ഒരുപാട് മുന്നോട്ട് പോയി. ഞാൻ നോക്കിയപ്പോൾ ഏകദേശം 11.15. അപ്പോഴാണ് ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന് കാര്യം ഓർമ്മ വന്നത്. ആമാശയം ഇരയെ കിട്ടാത്ത സിഹത്തിനെ പോലെ അലറി. ഗ്ഗർ..ഗ്ഗർ.ഗ്ഗർ. ഇടയ്ക്ക് എല്ലവരും പിറകിലേയ്ക്ക് തിരിഞ്ഞ് നോക്കിയിരുന്നത് ഭക്ഷണം വന്നോ എന്ന് അറിയാനായിരുന്നു എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ കരുതിയത് വല്ല ബ്ലോഗർമാർ പുതിയത് വന്നാൽ കാണാൻ വേണ്ടിയാകും എന്നാണ്. സിംഹം വീണ്ടും അലറിക്കൊണ്ടിരുന്നു.
“അന്യോന്യം” പരിപാടി കഴിഞ്ഞപ്പോൾ ഭക്ഷണം ഇപ്പോൾ വരും എന്ന് കരുതി ഇരുന്നു. അപ്പോൾ ആണ് ഉസ്മാൻ ഭായി പറഞ്ഞത്, ഇനി നമുക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാം എന്നു. പരിപാടി വേഗം നടത്താൻ ഞാനും കൂടി. അവസാനം എന്നെ പിടിച്ച് അതിന്റെ സെക്രട്ടറി ആക്കി. കൂട്ടിനു ഷാജുവും. ഇനി വേണം ജിദ്ദ ചാപ്റ്ററിനെ ഒരു ലെവലിൽ എത്തിക്കാൻ. ആലോചിക്കുമ്പോൾ അസ്സല് ചിരിയാണ് വരുന്നത്.
ഷാജു അത്താണി (സെക്രട്ടറി)
ഭാരവാഹികള്‍ 
 


  പിന്നെ ഭക്ഷണം എത്തി. ചിക്കനില്ലാത്ത ചിക്കൻ കറി  ഞാൻ ആദ്യമായി കഴിച്ചു. (ഉരുളക്കിഴങ്ങ് ധാരാളം ഉണ്ടായിരുന്നു. ഇനി അത് കിഴങ്ങ് കറിയാവോ എന്തോ?) കൂട്ടത്തിൽ ചപ്പാത്തിയും നൂലപ്പവും ബീഫ് കറിയും. പൊറോട്ട ഞാൻ കഴിച്ചില്ല. ബ്ലോഗർമാർ ആരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നില്ല.വിശ്നന്നിരിക്കുന്ന സമയം ‘എന്ത് ബ്ലോഗ്? ഏത് ബ്ലോഗർ?’ നീണ്ട ഒരു ഏമ്പക്കം വിട്ട് കഴിഞ്ഞപ്പോൾ സമയം ഏകദേശം രാത്രി12.15.
ഉള്ളത്കൊണ്ട് ഓണം പോലെ
പിന്നീട് എല്ലാവരോടും യാത്ര പറഞ്ഞ് ലാലസിന്റെ കാറിൽ കയറി യാത്രയായി. അദ്ദേഹം എന്നെ താമസ സ്ഥലത്ത് കൊണ്ട് ചെന്നാക്കി. യാത്രയിൽ കൂടെ ഷാജുവും, വട്ടപ്പൊയ്യിലും ഉണ്ടായിരുന്നു. റൂമിൽ എത്തിയപ്പോൾ രാത്രി 1.30. വെള്ളിയാഴ്ച ആയതിനാൽ വേഗം ഓടി ഫേസ്ബുക്കിൽ ‘മ’ ഗ്രൂപ്പിൽ  കയറി. നോക്കിയപ്പോൾ വട്ടപ്പൊയ്യിൽ ഫോട്ടോസ് താളിക്കുന്നു. കുറെ ലൈക്ക് ചെയ്തു, കമന്റിട്ടു.ഏകദേശം 2.30 ആയപ്പോൾ ഉറങ്ങാൻ കിടന്നു. കിടന്നപ്പോൾ മനസ്സിൽ വന്നത് ഇസ്മായിൽ കരുതേരി പറഞ്ഞ ഒരു കാര്യം മനസ്സിൽ വന്നു. “Virtual Friends Became Actual Friends”. മനസ്സിൽ നല്ല കൂട്ടുകാർ മാത്രം. എന്നും ഈ ബന്ധം നിലനിർത്തുവാൻ ഞാൻ ആഗ്രഹിച്ച്  കണ്ണുമടച്ച് കിടന്നു. 

മലയാളം ന്യൂസില്‍ വന്ന വാര്‍ത്ത.25-10-11
“നന്ദി..ഇങ്ങനെ ഒരു വേദി ഒരുക്കി തന്ന ഇതിന്റെ സംഘാടക സമിതിയ്ക്ക്.എന്റെ പ്രിയപ്പെട്ട കൊമ്പനു..മീറ്റിനു കൊണ്ട് ചെന്നാക്കിയ എന്റെ കൂട്ടുകാരനുപാതിരാത്രിയ്ക്ക് തിരിച്ച് എന്നെ താമസ സ്ഥലത്ത് കൊണ്ട് ചെന്നാക്കിയ പ്രിയ ലാലാസിനുദൈവത്തിന്എന്റെ നല്ല കൂട്ടുകാർക്ക്