Friday, February 25, 2011

ഇതെന്റെ അപ്പാപ്പനാണ്..

യർപോർട്ടിൽ നിന്ന് കാറിൽ യാത്ര ചെയ്യുന്നതിനിടയ്ക്ക് കൈയ്യിലുണ്ടായിരുന്ന ഒരു പുസ്തകം നീതു മറിച്ച് നോക്കി.എയ്ഡ്സ് ബാധിച്ച് മരിച്ച ഒരു അമ്മയുടെ മകന്റെ കഥയാണ്.ഒന്നു രണ്ട് പേജ് വായിച്ചു.മടുപ്പ് തോന്നി മടക്കിവച്ചു.മക്കളെ പട്ടിണിക്കിടാതിരിക്കാൻ വേണ്ടി ശരീരം വിൽക്കാൻ ഇറങ്ങണോ?അത്രയ്ക്കും ഗതികേട് ഉണ്ടാകുമോ സ്ത്രീകൾക്ക്.തനിക്ക് തോന്നുന്നില്ല.സ്ത്രീകൾക്ക് പറ്റുന്ന എത്രയോ ജോലികളുണ്ട്.അതല്ലെങ്കിൽ സമൂഹം അത്രയും മൻസാക്ഷിയില്ലാതെ മാറിയിരിക്കുന്നു. ക്ഷീണം കൊണ്ട് നീ‍തു മമ്മിയുടെ മടിയിൽ തല വച്ചു കിടന്നു. ഒറ്റ മകളായത് കൊണ്ടാകാം തന്നോട് മമ്മിയ്ക്ക് വല്ലാത്ത സ്നേഹമാണ്. മമ്മിയുടെ നീളമുള്ള വിരലുകൾ തന്റെ മുടിയിഴകളിലൂടെ തഴുകിയപ്പോൾ എന്തോ, വല്ലാത്ത ഒരു സുഖം! നീളൻ വിരലുകളുള്ള സ്ത്രീകൾ സുന്ദരികളാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ശരിയായിരിക്കും; yes, she is beautiful. നീതു തന്റെ വിരലുകളിലേയ്ക്ക് നോക്കി.കൈപ്പത്തി തിരിച്ചും മറിച്ചും നോക്കി.അതെ താനും സുന്ദരിയാണ്. നീതു തന്റെ ഇടതുകൈ കണ്ണിന് മുന്നിലേയ്ക്ക് ഒന്നും കൂടി കൊണ്ട് വന്ന് മോതിരവിരൽ മാത്രം നിർത്തി ബാക്കി എല്ല വിരലുകളും മടക്കി. ഈ വിരലിലാണ് ഒരു ആഴ്ചയ്ക്കകം ഒരു മോതിരം ഉണ്ടായിരിക്കുക എന്ന കാര്യം നീതു ഒർത്തു! അവൾ ചെറുതായി മന്ദഹസിച്ചു.
ദേഷ്യം വരുമ്പോൾ നീതുവിന് ചെറുതായി കോങ്കണ് വരുന്നുണ്ടെന്ന് കൂട്ടുകാരികളിലാരോ പറഞ്ഞത് ഓർമ്മ വരുന്നു.കല്ല്യാണം കഴിഞ്ഞാൽ കോങ്കണ്ണ് വരുത്താതെ നോക്കണം. നല്ല ഉറക്കം വരുന്നു. സാധാരണ യാത്രകളിൽ  താൻ ഉറങ്ങാറില്ല എന്ന കാര്യം നീതു ഓർത്തു. അമേരിക്കയിൽ നിന്നുമുള്ള 24 മണിക്കൂർ യാത്ര തന്നെ അത്രയ്ക്കും ക്ഷീണിതയാക്കിയിരിക്കുന്നു! ഒന്ന് കണ്ണടച്ചപ്പോഴേയ്ക്കും അടച്ചിട്ട കാറിന്റെ ചില്ലിൽ തട്ടി കാറ്റ് നീതുവിനെ വിളിച്ചുണർത്തി.6 വർഷത്തോളം അമേരിക്കയിൽ കഴിഞ്ഞ തന്നെ കേരളത്തിന്റെ ഭംഗി ആസ്വദിക്കാത്തതിന് കാറ്റ് ചീത്ത വിളിച്ച് കടന്ന് പോയത് പോലെ തോന്നുന്നു. ഇല്ല തനിക്കുറങ്ങാൻ കഴിയില്ല.ഞാൻ എന്തൊരു സ്റ്റുപ്പിഡ് ഗേൾ ആണെന്ന് കാറ്റ് ചിന്തിക്കുന്നുണ്ടാകും. കുഴപ്പമില്ല, ഇനി 2 മാസത്തോളം താൻ ഇവിടെയുണ്ടാകും. ആവോളം നാടിന്റെ ഭംഗി ആസ്വദിച്ച് അങ്ങിനെ അങ്ങിനെകടന്ന് പോയ കാറ്റിന്റെ പരിഭവം അങ്ങിനെ തീരട്ടെ.
മുൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്ന ഡാഡിയെ നീതു ഒരു നിമിഷം ശ്രദ്ധിച്ചു. നല്ല ഉറക്കമാണ് ഡാഡി.കാലിഫോർണിയയിലെ കേരള അസ്സോസിയേഷന്റെ മീറ്റിങ്ങുകളിൽ നൊസ്റ്റാൾജിയയെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുന്ന ഡാഡിയാണ് മുൻസീറ്റിലിരുന്ന് കൂർക്കം വലിക്കുന്നത്. അല്ലെങ്കിലും പ്രവാസികളുടെ ഒരു സ്ഥിരം വാക്കാണ്  നൊസ്റ്റാൾജിയ. ഒട്ടും ആത്മാർത്ഥതയില്ലാതെ ഏത് പൊതുവേദിയിലും ഉച്ചരിക്കാൻ കിട്ടിയ ഒരു വാക്ക്. നീതുവിന് ഉള്ളിൽ നീരസം തോന്നി.വീട്ടിൽ ഡാഡി ഏകാധിപതിയെ പോലെയാണ്. ആരോടും ചോദിക്കാതെ അപ്പൂപ്പനെ ആശുപത്രിയിലാക്കിയത് ഡാഡിയിലെ ഏകാധിപതിയെ തനിക്ക് വ്യക്തമായി കാണിച്ച് തന്നു.50 വയസ്സുള്ള അപ്പാപ്പൻ ആശുപത്രിയിൽ എല്ലാവരുടെയും അവഗണനയോട് കൂടി.disgusting.
നീതു എഴുന്നേറ്റിരുന്ന് ഡോറിന്റെ ചില്ല് താഴ്ത്തി. കൈ ഡോറിൽ വച്ച് അതിൽ താടി വച്ചിരുന്നു.കണ്ണടയ്ക്കാതെ കുറച്ച് നേരം ഇരുന്നു.അങ്ങിനെ ഇരുന്നാൽ കണ്ണിന് മുന്നിൽ കൂടി സ്വർണ്ണ നിറമുള്ള വട്ടങ്ങൾ ആകാശത്ത് നിന്നും താഴേയ്ക്ക് ഇറങ്ങിവരുമെന്ന് പറഞ്ഞത് അപ്പാപ്പനാണ്.ഉം..ശരിയാണ് ഇപ്പോഴും സ്വർണ്ണ നിറമുള്ള വട്ടങ്ങൾ ആകാശത്ത് നിന്നും താഴേയ്ക്ക് ഇറങ്ങിവരുന്നുണ്ട്! അപ്പാപ്പൻന്താണ് അപ്പാപ്പന് രോഗം വരാനുള്ള കാരണം? എനിക്കറില്ല, ആരും ഒന്നും പറഞ്ഞ് കേട്ടിട്ടില്ല!അമ്മൂമ്മയെ കണ്ട ഓർമ്മ തനിക്കില്ല. ചെറുതായിരിക്കുമ്പോൾ തന്നെ കളിപ്പിക്കാനായി ഒരു പാട്ട് പാടുമായിരുന്നു അപ്പാപ്പൻ. പാട്ട് അത്രയും ഓർമ്മയിൽ തെളിയുന്നില്ല.പക്ഷെ മറവിയുടെ പുകമറയ്ക്കുള്ളിൽ ഏതോ ചില വരികൾ തെളിഞ്ഞ് വരുന്നുണ്ട്. ‘കേട്ടില്ലെ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ’ നീതു പതുക്കെ മൂളി നോക്കി. പാട്ട് താൻ മറന്ന് പോയിരിക്കുന്നു. അല്ലെങ്കിലും ആലാപനം തനിക്ക് ചേർന്നതല്ല.കാറ് ഏതോ ഒരു ഗട്ടറിൽ ചാടി യാത്ര തുടർന്നു. ഉറക്കം നഷ്ടപ്പെട്ട ഡാഡി കേരളത്തിലെ റോഡിനെ കുറിച്ച് എന്തോ പിറുപിറുത്തു.പിന്നീട് ഡ്രൈവറോട് എന്തോ പറഞ്ഞ് പൊട്ടിച്ചിരിച്ചു. ഡാഡിയുടെ കഴുത്തിന് പുറകിലുള്ള ഒരു മറുക് അതെപോലെ തന്നെ അപ്പാപ്പന്റെ കഴുത്തിന് പിറകിലുമുണ്ട്. പണ്ടൊക്കെ അതിൽ പിടിച്ച് കളിക്കുകയായിരുന്നു പ്രധാന പണി.അതിൽ അപ്പാപ്പൻ സ്നേഹപൂർവ്വം പരാതി പറയുമായിരുന്നു.
‘നീ പിടിച്ച് വലിച്ചിട്ടാ ഇതിന്റെ നീളം കൂടിവരുന്നത്’
 പക്ഷെ ഡാഡിയുടെ മറുകിന് നീളം ഇല്ല.അതിൽ ഞാൻ പിടിച്ച് കളിച്ചിട്ടല്ല. തന്നെ അതിൽ തൊടാൻ പോലും ഡാഡി സമ്മതിച്ചിട്ടില്ല. ഏതോ പുസ്തകത്തിൽ വായിച്ചിട്ടുണ്ട് ‘സ്പർശനത്തിലൂടെയുള്ള സ്നേഹം’. ഡാഡി തന്നെ സ്പർശിച്ചത് എന്നാണ്? നീതു ഓർമ്മിക്കാൻ നോക്കി. ഡാഡിയുടെ സ്പർശനത്തിലൂടെയുള്ള സ്നേഹം അനുഭവിച്ചിട്ട് കാലമേറെയായി. ഡാഡിയുടെ കുറ്റമല്ല.തിരക്ക് എങ്ങോട്ട് തിരിഞ്ഞാലും തിരക്ക്. പക്ഷെ അപ്പാപ്പൻ അങ്ങിനെയല്ല. തന്നെ ഇപ്പോൾ കണ്ടാലും ഓടി വന്ന് ഉമ്മ തരും.തന്നെ അത്രയ്ക്കും കാര്യമാണ്. അത് കൊണ്ടല്ലെ താൻ അമേരിക്കയിലേയ്ക്ക് പൊയ ആ ദിവസം ആശുപത്രിയിൽ നിന്നും ഓടി വന്നത്. എല്ലാവരും പറഞ്ഞത് അപ്പാപ്പന് അസുഖം കൂടിയിട്ടാണ് ആശുപത്രി ഓടി വന്നത്. പക്ഷെ എന്നോട് സ്വകാര്യമായി പറഞ്ഞത് എന്നെ കാണാൻ വേണ്ടിമാത്രമാണ് ഓടി വന്നതെന്നാണ്.
അന്ന് അപ്പാപ്പന്റെ കാല്പാദം നിറയെ രക്തമായിരുന്നു. കുപ്പിച്ചില്ല് കുത്തിക്കയറിയ പാടുകൾ!ആശുപത്രി സെക്യൂരിറ്റിയുടെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടി മതിൽ ചാടിയപ്പോൾ മതിലിന്മേൽ കുത്തി നിർത്തിയ കുപ്പിച്ചില്ലുകൾ ഏൽ‌പ്പിച്ച മുറിവുകൾ! അടുത്തുള്ള ഹെൽത്ത് സെന്ററിൽ കൊണ്ട് പോയി മരുന്ന് വച്ചുകെട്ടുമ്പോൾ എന്ന് തിരികെ വരും എന്ന് ചോദിച്ച അപ്പാപ്പനോട് മറുപടി പറയാൻ തനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ താൻ ഇപ്പോൾ തിരികെ വരികയാണ്. അപ്പാപ്പന് കൊച്ചുമോളുടെ കല്ല്യാണം കൂടേണ്ടേ?
വീട്ടിലെത്തി.ഒരുപാട് ആളുകൾ വന്ന് കുറെ വിശേഷം ചോദിച്ചു. ചിലതിനൊക്കെ മറുപടി പറഞ്ഞു.ചിലതൊക്കെ കേട്ടില്ല എന്ന് നടിച്ചു. അപ്പാപ്പനെ കല്ല്യാണതലേന്ന് ആശുപത്രിയിൽ നിന്നും കൊണ്ട് വരും എന്ന് മമ്മി പറഞ്ഞറിഞ്ഞു. അപ്പാപ്പനെ കാണാൻ പോകണം എന്ന് ഡാഡിയോട് പറഞ്ഞപ്പോൾ മൂന്ന് ദിവസം കൂടി കാത്താൽ പോരെ അപ്പാപ്പൻ ഇങ്ങോട്ട് തന്നെയല്ലെ വരുന്നതെന്നായിരുന്നു മറുപടി.പക്ഷെ വരാമെന്ന് പറഞ്ഞ ദിവസം അപ്പാപ്പൻ വന്നില്ല. പ്പാപ്പനെ അറിയിക്കാതെയാണ് തന്റെ കല്ല്യാണം എന്ന് പലരിൽ നിന്നും നീതു മനസ്സിലാക്കി. പക്ഷെ അപ്പാപ്പന് തന്റെ കല്ല്യാണമാണെന്ന കാര്യം അറിയാമെന്നും ഡാഡി സമ്മതിക്കാത്തതിലാണ് അപ്പാപ്പനെ കൊണ്ടുവരാത്തതെന്നും  മമ്മി പറഞ്ഞ്  അറിഞ്ഞപ്പോൾ നീതു ഞെട്ടിപ്പോയി.അവൾക്ക് ഡാഡിയോട് പുച്ഛം തോന്നി. അപ്പാപ്പനില്ലാതെ നാളെ താൻ പള്ളിയിലേയ്ക്ക് ഇറങ്ങില്ലെന്ന് നീതു ഡാഡിയോട് തീർത്ത് പറഞ്ഞു.തനിക്ക് കോങ്കണ്ണ് വരുന്നുണ്ടോ? മറ്റുള്ളവരുടെ മുന്നിൽ തന്റെ സ്റ്റാറ്റസ്സിന് പോറലേൽക്കുന്നത് കണ്ടപ്പോൾ ഡാഡി അപ്പാപ്പനെ പോയി കാണാം എന്ന് പറഞ്ഞു.ആശുപത്രിയിൽ പോകാനായി തയ്യാറാകുമ്പോഴാണ് ഒരു ഫോൺ വന്നത്. നീതുവിന് എന്തൊ പന്തികേട് തോന്നി.പിന്നെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. വിവാഹം Postpond ചെയ്യില്ല എന്നാരോടോ ഫോണിൽ പറയുന്നത് കേട്ടപ്പോൾ സംശയം ഇരട്ടിച്ചു.അവസാനം ഡാഡി വന്ന് നീതുവിനോട് പറഞ്ഞു. അപ്പാപ്പന് ഒരു ആക്സിഡന്റ് ഉണ്ടായി, നമുക്കൊന്ന് ഹോസ്പിറ്റൽ വരെ പോകാം.
ആശുപത്രിപ്പടിക്കൽ വലിയ മതിൽ അതേപോലെ തന്നെ ഉണ്ടായിരുന്നു. അപ്പാപ്പന്റെ കാലിൽ വലിയ മുറിവുകൾ ഏൽ‌പ്പിച്ച ആ കുപ്പിച്ചില്ലുകൾ തന്നെ നോക്കി ചിരിക്കുന്നു.കാലിലെ രക്തം കുപ്പിച്ചില്ലിന്മേൽ ഉണ്ടായിരിക്കുമോ? ആശുപത്രി ചെയർമാൻ സംഭവങ്ങൾ ഡാഡിയോട് വിശദീകരിച്ചു. ആശുപത്രിയിൽ നിന്ന് അപ്പാപ്പനെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. ഇടയ്ക്കൊക്കെ ആരോടും പറയാതെ വീട്ടിലേയ്ക്ക് പോകുന്നത് പതിവായതിനാൽ അവർ ആദ്യം അന്വേഷിച്ചില്ല.പിന്നീട് വീട്ടിൽ അറിയിക്കാതെ അന്വേഷിക്കാം എന്ന് കരുതി. പക്ഷെ ഇന്ന് കാലത്താണ് ആശുപത്രിയിലെ വാട്ടർ ടാങ്കിൽ നിന്നും അപ്പാപ്പന്റെ അഴുകിത്തുടങ്ങിയ ദേഹം കണ്ടെടുത്തത്. ചെയർമാൻ ഒന്ന് നെടുവീർപ്പെട്ട് മുഖമുയർത്തി ഡാഡിയോട് ചോദിച്ചു.
‘തനിക്ക് ഒന്ന് കൊണ്ട് പോകാമായിരുന്നില്ലേ? എത്ര പ്രാവശ്യം ഞാൻ തന്നോട് പറഞ്ഞതാ, ഇപ്പോൾ അപ്പൻ നോർമ്മൽ ആണെന്ന്?’
ഡാഡിയ്ക്ക് മറുപടി ഉണ്ടായില്ല.അവസാനം ശവശരീരം തിരിച്ചറിയാൻ ചെന്നു. അഴുകിത്തുടങ്ങിയ മുഖത്തിൽ നിന്നും അത് അപ്പാപ്പനാണെന്ന് വായിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് ഡാഡി പറഞ്ഞപ്പോൾ നീതു ഞാൻ ഒന്ന് ശ്രമിക്കട്ടെ എന്ന് അവിടെയുള്ള ജീവനക്കാരോട് പറഞ്ഞു. ശവശരീരം കമഴ്ത്തിക്കിടത്തിയപ്പോൾ കഴുത്തിന് പിറകിലുള്ള മറുക് ശ്രദ്ധയിൽ പെട്ടു.അതെ അത് അപ്പാപ്പൻ തന്നെ.താൻ അമേരിക്കയിൽ പോയതിന് ശേഷം ആ മറുകിന് വലിപ്പം വച്ചിട്ടില്ല. അതേ വലിപ്പം തന്നെ! നീതു ചെയർമാനോട് പറഞ്ഞു.
‘അതെ ഇതെന്റെ അപ്പാപ്പനാണ്. കഴുത്തിന് പിറകിലുള്ള ഈ മറുക് തന്നെയാണ് തെളിവ്’.
 നീതു ഡാഡിയുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കി.ഡാഡിയുടെ വലത് കൈ കഴുത്തിന് പിറകിലുള്ള തന്റെ വലിപ്പമില്ലാത്ത മറുകിലായിരുന്നു.

Thursday, February 17, 2011

ഇന്നെന്റെ ഒന്നാം ജന്മദിനമാണ്!

നമസ്കാരം കൂട്ടുകാരെ, എന്റെ പേര് തൂവൽ തെന്നൽ.ഇന്നെനിക്ക് ഏറ്റവും വലിയ സന്തോഷമുള്ള ദിവസമാണ്! എന്താണെന്നറിയോ? ഇന്നെന്റെ ഒന്നാം ജന്മദിനമാണ്.
ഒരു വർഷം മുൻപ് ഏകദേശം ഇതേ സമയം തന്നെയായിരുന്നു എന്റെ ജനനം.ആയില്യം നാളാണെന്നാണ് എന്റെ ഓർമ്മ.സുഖപ്രസവമായിരുന്നു. എനിക്കറിയാം, എന്റെ പെറ്റമ്മ ഗൂഗിൾ അമ്മച്ചിയേക്കാളും ടെൻഷനും വേദനയും അനുഭവിച്ചത് എന്റെ അപ്പച്ചൻ തൂവലാനാണ്.
സിസ്സേറിയൻ തന്നെയായിരിക്കും എന്നാണ് അപ്പൻ കരുതിയത്. പക്ഷെ എല്ലാം സുഖമമായി തന്നെ നടന്നു.അന്തോണീസ് പുണ്യവാളാ നന്ദി! അപ്പച്ചൻ എന്റെ ഡയറക്ടർ ആകുന്നതിന് മുൻപ് ഒരുപാട് കുട്ടികളുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.തെറ്റിദ്ധരിക്കല്ലേ..ഞാൻ ഉദ്ദേശിച്ചത് മുരളി,സുനിൽ ക്രഷണൻ തുടങ്ങിയവരുടെ അസിസ്റ്റന്റായി കുറെ കാലം നടന്നിരുന്നു എന്നാണ്. അന്നൊന്നും എന്നെ ഈ ലോകത്തിലേയ്ക്ക് പറിച്ച് നടാൻ അദ്ദേഹത്തിന് ധൈര്യമില്ലായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. അതല്ലെങ്കിൽ 5-6 മാസം അസിസ്റ്റന്റായി നടക്കോ!?
കേരള കൌമുദിയിൽ വന്ന ഒരു വാർത്തയിലൂടെയാണ് അപ്പച്ചൻ സുനിലിന്റെ കുട്ടിയുടെ പക്കലെത്തിയത്. അത് യേശുദാസിന്റെ ഒരു വാർത്തയായിരുന്നു. റിയാലിറ്റി ഷോ എന്ന മാനം കെട്ട പരിപാടിയെകുറിച്ച് അദ്ദേഹം പറഞ്ഞ ചില വാചകങ്ങൾ!അന്ന് അപ്പച്ചൻ ബ്ലോഗിനോട് ഒരുപാട് താത്പര്യം തോന്നി.അങ്ങിനെ കറങ്ങി തിരിഞ്ഞ് മുരളി,അരുൺ കായംകുളം തുടങ്ങിയവരുടെ കുട്ടികളുടെ അടുത്തെത്തി. പിന്നീട് പല കഥകളും ഓഫീസിലിരുന്ന് വയിക്കുമായിരുന്നു അപ്പച്ചൻ.അത് വിചാരിച്ച് അപ്പച്ചൻ ഒരു ഒഴപ്പനാണെന്ന് ആരും കരുതരുത്. ഒഴിവ് സമയമാണ് അപ്പച്ചൻ ഇതിന് വേണ്ടി ഉപയോഗിച്ചത്.അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ദിവസം എന്റെ പിറവിയെ കുറിച്ച് അപ്പച്ചൻ ആലോചിച്ചത്. 

2010 ഫെബ്രുവരി 17ന് എന്റെ ജനനം! “കഥ പറയുമ്പോൾ“ എന്ന സിനിമയിൽ സലിം കുമാറിനെ കാണിക്കുന്ന ഭാഗം ഓർമ്മ വരുന്നു. പൂമാലയിട്ട് ബാർബർ ഷോപ്പിലേയ്ക്ക് കയറി വന്ന സലീംകുമാറിനോട് ശ്രീനിവാസൻ ചോദിക്കുന്നുണ്ട്; “തന്റെ കല്ല്യാണം കഴിഞ്ഞോ പെണ്ണെവിടെ “ എന്ന്. അതിന് സലീം കുമാർ പറയുന്ന വാചകം ഞാൻ ഇവിടെ ഉപയോഗിക്കട്ടെ.എല്ലാം പെട്ടന്നായിരുന്നു. ആരും അറിയാതെ പരിണയിച്ച അമ്മച്ചി ഗൂഗിളിനെ കല്യാണം കഴിഞ്ഞ ഉടനെ തന്നെ പ്രസവിക്കാൻ തീയറ്ററിൽ കയറ്റുകയായിരുന്നു. എനിക്ക് ആദ്യമായി ആശംസ നേർന്ന ശ്രീയെ ഞാൻ ഈ നേരം അനുസ്മരിക്കട്ടെ!പിന്നീടും എന്നെ ഒരുപാട് പേർ അഭിനന്ദിക്കുകയുണ്ടായി.പല ബന്ധുക്കളും ഇതിനിടയിൽ വന്നു ചേർന്നു.ബന്ധുക്കളല്ല, അവർ ശരിക്കും എന്റെയും എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂട്ടുകാരാണ്.അവരൊക്കെയാണ് എന്റെ ശക്തി. പിന്നെ ഓർക്കേണ്ട ഒരാൾ അമ്മച്ചിയാണ്.പറയാതിരിക്കാനാകില്ല,അപ്പച്ചൻ ജോലിക്ക് പോകുമ്പോൾ എന്നെ നോക്കി പരിപാലിക്കുന്നത് അമ്മച്ചിയാണ്.ആരങ്കിലും എന്ന കാണാൻ വന്നാൽ അതെല്ലാം അമ്മച്ചി അപ്പച്ചനോട് പറയും.വല്ലവരും എന്തെങ്കിലും പറഞ്ഞാൽ അതെല്ലാം ഓർമ്മിച്ച് വച്ച് എല്ലാം അപ്പച്ചനോട് പറയും.ആരെങ്കിലും എവിടെയിരുന്ന് നോക്കിയാൽ പോലും അമ്മച്ചി പറഞ്ഞ് കൊടുക്കും. എന്നാലും എനിക്കെന്റെ അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്. എന്നെ എന്ത് കാര്യമാണെന്നറിയോ നിങ്ങൾക്ക്? ഒരിക്കൽ പോലും എന്നെ ദേഷ്യത്തോട് കൂടി നോക്കുപോലും ചെയ്തിട്ടില്ല.അപ്പച്ചൻ പലപ്പോഴും എന്നെ ഇട്ടേച്ച് പല കുട്ടികളുടെയും അടുത്ത് പോയി അവരെ നോക്കാറുണ്ട്.അമ്മച്ചിക്കത് വളരെ ഇഷ്ടമുള്ള കാര്യമാണ്.നമ്മൾ അവരുടെ അടുത്ത് പോയി നല്ലത് വല്ലതും പറഞ്ഞാലെ അവരുംനമ്മുടെ അടുത്ത് വന്ന് നല്ലത് പറയൂ എന്ന് അമ്മച്ചി അപ്പച്ചന്റെ ചെവിയിൽ പറയുന്നത് ഒരിക്കൽ ഞാൻ ഒളിച്ച് നിന്ന് കേട്ടു. എനിക്കങ്ങിനത്തെ പൊട്ട സ്വഭാവമൊന്നും ഇല്ല കെട്ടോ.അറിയാതെ കേട്ടു പോയതാണ്.അപ്പച്ചന് ജോലി തിരക്കായതിനാൽ എന്റെ അടുത്ത് ഇപ്പോൾ വരുന്നത് കുറവാണ്.ഒരിക്കൽ നാട്ടിൽ പോയപ്പോൾ എന്നെ ഒന്ന് തിരിഞ്ഞ് നോക്കിക്കൂടിയില്ല.എന്നാലും എനിക്കെന്റെ അപ്പച്ചനോട് ഒരു ദേഷ്യവും എല്ല.അപ്പച്ചനും ഞാനും തമ്മിൽ ഒരു പിണക്കവുമില്ല.ചട്ടിയും കലവുമാകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കില്ലേ?ഇനിയുള്ള ദിനങ്ങളിൽ നിങ്ങളെപോലെ തന്നെ വളർന്ന് വലിയ ആളാകണമെന്ന് എനിക്കാഗ്രഹമുണ്ട്. എന്നെയും അപ്പച്ചനെയും അമ്മച്ചിയെയും അനുഗ്രഹിക്കണം.അടുത്ത ജന്മദിനത്തിലും എനിക്കൊരു കത്ത് ഇതേപോലെ തന്നെ എഴുതണമെന്നുണ്ട്. എല്ലാവരും അതിന് വേണ്ടി പ്രാർത്ഥിക്കണം. എനിക്ക് sms അയക്കേണ്ട format,

                                     
                                      തൂവൽതെന്നൽ
                                      S/o തൂവലാൻ
                                      C/o ഗൂഗിൾ
                                      http://www.thoovalthennal.blogspot.com/ (house)
                                      K.S.A
                                     +966568319480 (ഫോണിൽ വിളിച്ചാൽ ചിലപ്പോൾ അപ്പച്ചൻ എടുക്കും.പിള്ളേർക്ക് ഫോൺ കൊടുക്കരുതെന്നാ അപ്പച്ചന്റെ വാദം)