Monday, March 22, 2010

അളന്ന് നോക്കി പറഞ്ഞേ!!

ഒന്ന് അളന്ന് നോക്കിക്കേ....എത്രയുണ്ടെന്ന് പറഞ്ഞേ.....

Monday, March 15, 2010

കഥയുടെ കാണാപുറങ്ങൾ

ജീവിതത്തിന്റെ നിറം ചാലിച്ച് മോടി പിടിപ്പിച്ച കൌമാരകാലത്ത് നിന്നും വളരെ പേടിയോടും,ഗൌരവത്തോടും കൂടി നോക്കി നിന്ന യൌവനകാലം!പഠിപ്പെല്ലാം പൂർത്തിയാ‍ക്കി ആ കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ നഷ്ടപ്രണയത്തിന്റെ വിങ്ങലിൽ തേങ്ങിക്കരഞ്ഞ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി വീശിയ ആ ഇളംകാറ്റും എന്നോടൊപ്പം കരയുകയായിരുന്നു…തുരുമ്പ് പിടിച്ച ഒഴിഞ്ഞ തകരപ്പാട്ട പോലെ എന്നെയും എന്റെ പ്രണയത്തെയും പുറംകാൽ കൊണ്ട് തട്ടിതെറിപ്പിച്ച് “ശിവേട്ടാ…എനിക്ക് എന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ കഴിയില്ല” എന്നും പറഞ്ഞ് കണ്ണീർ പൊഴിച്ച് എന്റെ മുൻപിൽ നിന്ന് മാഞ്ഞ് പോയ ലതയെ ഞാൻ “വഞ്ചകി” എന്ന് വിളിക്കണമോ?ഞാൻ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണെന്ന് തോന്നിച്ച നിമിഷം ലത എന്റെ മുൻപിൽ വന്ന് “എനിക്ക് ശിവേട്ടനെ ഇഷ്ടമാണ്” എന്ന് പറഞ്ഞ നിമിഷമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സ്ത്രീ ലത തന്നെയാണെന്ന് ആ രണ്ട് വർഷകാലയളവിനുള്ളിൽ എനിക്ക് പൂർണ്ണമായി ബോധ്യം വന്നിരുന്നു.ഇനിയൊരിക്കലും എന്നെ ഇത്രയും മനസ്സിലാക്കാൻ കഴിവുള്ള സ്ത്രീ എന്റെ ജീവിതത്തിലുണ്ടാവുകയില്ല…


കലാലയ ജീവിതം എനിക്ക് സമ്മാനിച്ചത് ഒരു കൂട്ടം നല്ല സുഹ്രത്തുക്കളെയാണ്. അങ്ങിനെയുള്ള സുഹ്രത്തുക്കളിൽ ഞാൻ ഏറ്റവും കൂടുതൽ മനസ്സോട് ചേർത്ത് നിർത്തിയത് അവനെയായിരുന്നു സ്വാമിനാഥൻ.അവനാണ് ഈ കഥയിലെ നായകൻ! ഞങ്ങളുടെ ഐക്യം കണ്ട് “ഇരട്ട പെറ്റവർ” എന്ന് കോളേജിൽ പലരും ഞങ്ങളെ കളിയാക്കി വിളിച്ചിട്ടുണ്ട്. അതെ, എനിക്ക് ജനിക്കാതെ പോയ എന്റെ കൂടപ്പിറപ്പായിരുന്നു സ്വാമിനാഥൻ.ഒരുപാട് കഥകളും,കവിതകളും വായിക്കുകയും എഴുതുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു അവൻ.പ്രസംഗ കലയിലെ അവന്റെ ചാതുര്യം ഞാനുൾപ്പടെയുള്ള പലരിലും അസൂയയും,ആശ്ചര്യവും ഉളവാക്കിയിട്ടുണ്ട്.ഇതേ ആശ്ചര്യമായിരുന്നു ഇന്ദുവിനെയും സ്വാമിനാഥനിലേയ്ക്ക് അടുപ്പിക്കാനുണ്ടായ കാരണവും.ഇന്ദു,അവളെ ഞാൻ പരിചയപ്പെടുത്താം.അവളാണ് ഈ കഥയിലെ നായിക.മഴയെ വളരെയധികം സ്നേഹിക്കുന്ന ഇന്ദു!ഒരു ചെറിയ മഴ പെയ്താൽ അവൾ ഉടനെ മുറ്റത്തേയ്ക്കിറങ്ങി മഴ നനയും!!അവളുടെ വിടർന്ന് കണ്ണുകളിൽ തത്തിക്കളിക്കുന്ന മഴത്തുള്ളികളാൽ അവൾ കൂടുതൽ സുന്ദരിയാകും. ഇന്ദുവും ഞാനുമായി ചെറിയ ബന്ധമുണ്ട്.ചെറുതൊന്നുമല്ല,വലുത് തന്നെ.എന്റെ അമ്മാവന്റെ മകളാണവൾ.എന്റെ മുറപ്പെണ്ണ്!!!പക്ഷേ ഞങ്ങൾ തമ്മിൽ മുറപ്പെണ്ണ് മുറച്ചെറുക്കൻ ബന്ധമായിരുന്നില്ല.മറിച്ച് ഒരു ജേഷ്ഠൻ അനുജത്തി ബന്ധമായിരുന്നു.സ്വാമിനാഥൻ എന്റെ കൂടെയില്ലാത്ത സമയങ്ങളിൽ എന്നോടുള്ള സ്വാതന്ത്ര്യമെടുത്ത് ഇന്ദു വാലു പോലെ എന്റെ പിറകെ നടന്ന് സ്വാമിനാഥനെക്കുറിച്ച് ചോദിക്കുമായിരുന്നു.

“ശിവേട്ടാ…ശിവേട്ടാ…സ്വാമിയേട്ടനെവിടെ?സ്വാമിയേട്ടൻ അങ്ങിനെയാണോ?സ്വാമിയേട്ടൻ ഇങ്ങിനെയാണോ?സ്വാമിയേട്ടനോട് സിഗററ്റ് വലി നിറുത്താൻ പറയണം” എന്നിങ്ങനെയൊക്കെ.ഒരിക്കൽ സഹികെട്ട് ചോദ്യശരങ്ങൾക്കിടയിൽ ഞാൻ അവളോട് ചോദിച്ചു.

“നിനക്കെന്താ അവനോട് പ്രേമമാണോ?”

അവളുടെ ചോദ്യങ്ങളെല്ലാം പെട്ടന്ന് നിലച്ചു.കണ്ണുകൾ വിടർന്നു.

“ചോദിച്ചത് കേട്ടില്ലേ…നിനക്കവനോട് പ്രേമമാണോന്ന്..?” ഞാൻ ശബ്ദമുയർത്തി ഒരിക്കൽ കൂടി അവളോട് ചോദിച്ചു.

ഒരു നിമിഷം മൌനം.പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.വിങ്ങിക്കരയുന്നതിനിടയിൽ അവൾ പറഞ്ഞു.

“നിക്ക് സ്വാമ്യേട്ടനെ ഇഷ്ടാ..ന്റെ ജീവനേക്കാളും..”അവൾ രണ്ട് കൈകൾ കൊണ്ട് മുഖം പൊത്തി കരഞ്ഞു. ആ നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിൽക്കുകയായിരുന്നു.സാവധാനം ഞാൻ അവളുടെ തോളത്ത് തട്ടി ആശ്വസിപ്പിച്ചു.

“ഇന്ദൂ..കരയാതെ…ആരെങ്കിലും കാണും…കണ്ണ് തുടയ്ക്കൂ…”

ഷാളുകൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് അവൾ പറഞ്ഞു.

“സത്യാ ശിവേട്ടാ…നിയ്ക്ക് സ്വാമ്യേട്ടനെ ഏത് നേരോം കാണണമെന്ന് തോന്നാ..സ്വാമ്യേട്ടനില്ലാതെ നിയ്ക്ക്….”
അവളുടെ വാക്കുകളെ മുറിച്ച് ഇടയ്ക്ക് കയറി ഞാൻ പറഞ്ഞു.

“മോളെ, ഇന്ദൂ ഇത് നിന്റെ അച്ഛനറിഞ്ഞാൽ,മാധവമാമ്മയോട് ഞാൻ എന്ത് പറയും?ഞാനൊക്കെ ഇവിടെയുണ്ടെന്ന ധൈര്യത്തിലാ അവർ…എന്നെ നീ ധർമ്മസങ്കടത്തിലാക്കല്ലെ ഇന്ദൂ…ഇക്കാര്യം സ്വാമിനാഥന് അറിയോ…?”

“ഇല്ല …അറിയാൻ വഴിയില്ല…ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല”അവൾ മറുപടി പറഞ്ഞു.

‘ഇനി അറിയുമ്പോൾ നിന്നെ ഇഷ്ടല്ലാന്ന് പറഞ്ഞാൽ” ഞാൻ ആശങ്കയോട് കൂടി ചോദിച്ചു.

“ഇഷടല്ലാന്ന് പറഞ്ഞാൽ…. ഇഷടല്ലാന്ന് പറഞ്ഞാൽ….ഇല്ല…സ്വാമ്യേട്ടൻ അങ്ങിനെ പറയില്ല.നിയ്ക്കുറപ്പാ…ശിവേട്ടൻ ഒന്ന് സംസാരിച്ചാൽ മതി..സംസാരിക്കോ..”? അവൾ ചോദിച്ചു.ആ സമയം അവലുടെ പ്രണയത്തിന്റെ തീവ്രത ഞാൻ മനസ്സിലാക്കുകയായിരുന്നു.

“ഉം..ശരി..ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ…നീ ഇപ്പോൾ പൊയ്ക്കോ..”

ഞാനവളെ സമാധാനിപ്പിച്ച് തിരിച്ചയച്ചു.വൈകീട്ട് ഈ കാര്യത്തെക്കുറിച്ച് സ്വാമിനാഥനോട് ഞാൻ സംസാരിക്കുമ്പോൾ അവന്റെ മുഖത്ത് ഭാവമാറ്റമൊന്നും ഞാൻ കണ്ടില്ല.എല്ലാം അറിയാമായിരുന്നത് പോലെ.എല്ലാം കേട്ട് അവൻ പറഞ്ഞു.

“ശിവാ…ഇന്ദു കുറച്ച് നാളുകളായി എന്റെ മനസ്സിനെ അസ്വസ്ഥമാക്കുകയായിരുന്നു.അവൾ എന്നോട് സംസാരിക്കുന്ന ഓരോ വാക്കിലും എത്രത്തോളം പ്രണയം അടങ്ങിയിട്ടുണ്ടന്ന് ഞാനറിയുന്നുണ്ടായിരുന്നു.ജീ‍വിതത്തിലെ വഴിയാത്രക്കിടയിൽ ഏകനായിപ്പോയ നിശാചാരിയുടെ കൈയ്യിൽ കിട്ടിയ വിളക്കാണ് എനിക്കവൾ.ആ വിളക്ക് അണയാതെ ഞാൻ സൂക്ഷിച്ചോളാം…നീ സമ്മതിക്കുമെങ്കിൽ…” ഇതും പറഞ്ഞ് അവന്റെ വലതു കരം എന്റെ ഇടംനെഞ്ചിനോട് ചേർത്ത് വച്ചു.

അവന്റെ കൈ എന്റെ രണ്ട് കൈകൾ കൊണ്ടും പിടിച്ച് ഞാൻ പറഞ്ഞു.

“ഇന്ദുവിന് കിട്ടിയ പുണ്ണ്യമാണ് നീ”

* * * * * * * *

സ്വാമിനാഥന് അതു പ്രണയത്തിന്റെ നീറ്റലും,സുഖവും,പാരവശ്യവും അനുഭവിച്ച കാലഘട്ടമായിരുന്നു.ഇന്ദുവിനെ കാണാത അവന് നാലഞ്ച് ദിവസങ്ങൾക്കപ്പുറം കഴിയാൻ വയ്യ!ആഴ്ചയിലൊരിക്കൽ അവളോട് ഒന്ന് സംസാരിച്ചില്ലെങ്കിൽ,അവളുടെ ഒരു കത്ത് കിട്ടിയില്ലെങ്കിൽ ജീവിതം ഇരുൾ നിറഞ്ഞത് പോലെ!!പലപ്പോഴും അവർക്കിടയിലുള്ള കത്തിടപാടുകൾക്ക് മദ്ധ്യസ്ഥം വഹിച്ചത് ഞാനായിരുന്നു.പ്രണയത്തിന്റെ ഉച്ചസ്ഥായിയിൽ സ്വാമിനാഥൻ ഇന്ദുവിന് എഴുതി.

“കുന്നിൻ ചെരുവിൽ നിന്നും ഇറങ്ങി വരുന്ന സുന്ദരീ…എനിക്ക് എല്ലാറ്റിനോടും അസൂയയാണ്.നിന്നെ ഗാഡ്ഡമായി ആലിംഗനം ചെയ്ത് നിന്റെ അരികിൽ കുറ്റബോധത്തോറ്റെ പരുങ്ങി നിൽക്കുന്ന ആ തൂവൽ തെന്നലിനോട്….നിന്നെ ചുംബിക്കാൻ ഭൂമിയിലേയ്ക്ക് ഇറങ്ങി വരുന്ന ആ മഴത്തുള്ളുകളോട്….നിന്നെ സ്പർശിക്കുന്ന നിന്റെ ഉടയാടകളോട്…..എനിക്ക് മാത്രമുള്ള ചുംബനങ്ങൾ കവർന്നെടുക്കുന്ന നിന്റെ തലയിണകളോട്….”

ഇന്ദുവിനോടുള്ള പ്രണയം ഒരു മുല്ലമൊട്ട് പോലെ വിടർന്ന് പന്തലിച്ച് സ്വാമിനാഥന്റെ ജീവിതത്തിൽ പൂത്തുനിൽക്കുന്ന ഒരു വസന്തമായി തീരുകയായിരുന്നു.കോളേജിലെ വരാന്തകളിലും,ആൽമരചുവട്ടിലും,ബസ്റ്റോപ്പുകളിലും പ്രക്രതി അവർക്ക് വേണ്ടി ആ വസന്തം വിരിയിച്ചു.അവരുടെ പ്രണയം കൺകുളിർക്കെ കണ്ട ആൽമരത്തിന്റെ ഹ്രദയം തരളിതമായത് കൊണ്ടാകാം വാർദ്ധക്യം അതിനെ പിടികൂടാത്തത്!കണ്ടിട്ടും കണ്ട് തീരാതെ,പറഞ്ഞിട്ടും പറഞ്ഞ് തീരാതെ രണ്ട് വർഷകാലം അങ്ങിനെ കടന്ന് പോയി.പെട്ടന്നാണ് തുടച്ച് മിനുക്കി വച്ച പളുങ്ക് പാത്രം താഴെ വീണുടഞ്ഞത് പോലെ എല്ലാം തകർന്നുടഞ്ഞത്.ഇന്ദുവും സ്വാമിനാഥനുമായുള്ള ബന്ധം വീട്ടിലറിഞ്ഞു. ഇന്ദുവിന്റെ പുസ്തകത്തിൽ നിന്നും സ്വാമിനാഥന്റെ കത്തും ഒരു ഫോട്ടോയും മാധവമാമ്മ കണ്ടെടുത്തു.അത് വലിയ സങ്കീർണ്ണപ്രശ്നമായി.മാധവമാമ്മയോട് എതിർത്ത് സംസാരിച്ച ഇന്ദുവിനെ മാധവമാമ്മ തലങ്ങും വിലങ്ങും അടിച്ചു.അവളുടെ പഠനം നിർത്തി.ശരിക്കും പറഞ്ഞാൽ ഇന്ദു വീട്ടുതടങ്കലിൽ ആയി.പക്ഷേ എന്റെ ചാരപ്രവർത്തി മാധവമാമ്മ അറിഞ്ഞിരുന്നില്ല.സ്വാമിനാഥൻ അവളെ കാണാതെ ചിത്തഭ്രമം ബാധിച്ചവനെ പോലെയായി.മാധവമാമ്മ ഇന്ദുവിന് വേറെ വിവാഹം ഉറപ്പിച്ചു.അത് ഏകദേശം നടക്കുമെന്ന് ഉറപ്പായപ്പോൾ ഇന്ദു സ്വാമിനാഥന്റെ കൂടെ ഇറങ്ങിപ്പോയി രജിസ്റ്റർ വിവാഹം ചെയ്തു. ഈ വിവാഹത്തിനും എന്റെ എല്ലാ വിധ സഹായസഹകരണങ്ങളുണ്ടായിരുന്നു.

ഒളിച്ചോട്ടം നാട്ടിലും വീട്ടിലും വലിയ ഒച്ചപ്പാടുണ്ടാക്കി.നാലുപാടും അവരെ അന്വേഷിച്ച് അളുകൾ പോയി.പക്ഷേ പോയവരെല്ലാം നിരാശയോട് കൂടി തിരിച്ച് വന്നു.ഈ സംഭവമെല്ലാം നാട്ടുകാരുടെ ഇടയിൽ നിന്നും കേട്ടറിഞ്ഞ ആളെന്നനിലയിൽ ഞാൻ മാധവമാമ്മയുടെ വീട്ടിലെത്തി.എന്റെ കള്ളമെല്ലാം പൊളിഞ്ഞിരിക്കുമോ എന്നൊരു ഭയവും എനിക്കുണ്ടായിരുന്നു.അമ്മായി എന്നെ അമ്മാവന്റെ മുറിയിലേയ്ക്ക് കൊണ്ട് പോയി.മുറിയിലെ കട്ടിലിൽ തന്റെ മനസ്സിനെ വേറെയെവിടെയോ മേയാൻ വിട്ട് ജനാലയിലൂടെ പുറത്തേയ്ക്ക് കണ്ണും നട്ട് കിടക്കുകയാണ് മാധവമാമ്മ.ഞാൻ ചെന്ന് അമ്മാവന്റെ അടുത്തിരുന്നു.പുറത്ത് ചെറുതായി ചാറ്റൽമഴ പെയ്ത് തുടങ്ങിയിരുന്നു.ജനലിലൂടെ നേർത്ത വെള്ളത്തുള്ളിയുമായി വന്ന ഇളം കാറ്റ് മാധവമാമ്മയുടെ മുഖത്ത് വീശിയപ്പോൾ അദ്ദേഹം ഓർമ്മകളിൽ നിന്നും ഉണർന്നത് പോലെ എനിയ്ക്ക് തോന്നി.പക്ഷേ എന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ അദ്ദേഹം വീണ്ടും അവിടെ തന്നെ കിടക്കുകയാണ്.പതിയെ ഞാൻ ഇന്ദുവിനെ കുറ്റപ്പെടുത്തി സംസാരിച്ച് തുടങ്ങി.അവസാനം എല്ലാം മറക്കാൻ പറഞ്ഞ് മാധവമാമ്മയെ ആശ്വസിപ്പിച്ച് ഞാൻ എന്റെ സംസാരം അവസാനിപ്പിച്ചു.പെട്ടന്ന് മാധവമാമ്മ തിരിഞ്ഞ് എന്റെ ചുമലിലേയ്ക്ക് വീണ് തേങ്ങിക്കരഞ്ഞു.ഞാൻ എത്ര ആശ്വസിപ്പിച്ചിട്ടും അദ്ദേഹത്തിന് തേങ്ങലടക്കാൻ കഴിഞ്ഞില്ല.

“ന്നാലും ന്റെ മോള്….അവൾക്കങ്ങിനെ തോന്നിയല്ലോടാ….
എങ്ങനെ മറക്കൂടാ ഞാൻ…മറക്കാൻ കഴിയോടാ എനിക്ക്…കഴിയിണില്ലല്ലോ ഈശ്വരാ….”


താൻ നിർലോഭമായി പകർന്ന് കൊടുത്ത സ്നേഹം തട്ടിതെറിപ്പിച്ച് കൊണ്ട് ഇന്നലെ കണ്ടവന്റെ കൂടെ അവളിറങ്ങൊപ്പോയതായിരുന്നു ആ പിതാവിന്റെ ദു:ഖം.മാധവമാമ്മയുടെ ആ കണ്ണീരിൽ നില കാണതെ ഞാൻ മുങ്ങിപ്പോയി.ആ കണ്ണീരൊഴുക്കിൽ സ്വാമിനാഥൻ എന്ന നായകനും ഇന്ദുവെന്ന നായികയും ചിന്നിച്ചിതറി ഒഴുകിപ്പോയി.മനസ്സ് കൊണ്ട് ഞാൻ മാധവമാമ്മയുടെ കാൽക്കൽ വീണ് മാപ്പിരുന്നു.
അന്ന് ഞാൻ മനസ്സിലാക്കിയ പാഠം വലുതായിരുന്നു.“മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹത്തിന് ഉപാധികളും പരിധികളുമില്ല.മക്കൾക്ക് മാതാപിതാക്കൾ കൊടുക്കുന്ന സ്നേഹം അതേപോലെ തിരിച്ച് കൊടുക്കാൻ അവർക്ക് കഴിയില്ല.”ഒരു നിമിഷം ഞാൻ ലതയെക്കുറിച്ചാലോചിച്ചു.അവളെ ഞാൻ എങ്ങിനെ വഞ്ചകി എന്ന് വിളിക്കും?ഇഷ്റ്റപ്പെട്ട പുരുഷന്റെ കൂടെ ഇറങ്ങിച്ചെന്ന ഇന്ദു തെറ്റ്കാരിയാണോ?


കുറച്ച് നാൾ കഴിഞ്ഞപ്പോൾ എന്റെ ഒരു കൂട്ടുകാരിയ്ക്ക് ഇതേപോലെ ഒരവസ്ഥ വന്നു.തീരുമാനമെടുക്കാൻ കഴിയാതെ വന്നപ്പോൾ അവൾ എന്നോട് ഉത്തരം കിട്ടാനായി ചോദിച്ചു.ഞാനെന്ത് ഉത്തരം കൊടുക്കും?കാമുകനെ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് പറയണമോ?അതോ സ്വന്തം പിതാവിന്റെ സ്നേഹം തട്ടിതെറിപ്പിക്കണമെന്ന് പറയണമോ? എനിക്കറിയില്ല!!!ആരെങ്കുലും ഒന്ന് പറഞ്ഞ് തരൂ….

Monday, March 8, 2010

തിരുത്താൻ കഴിയാത്ത തെറ്റ്


നിർമ്മൽ…,,,,അതാണവന്റെ പേര്.നിമ്മി എന്ന് സ്നേഹപൂർവ്വം പപ്പയും മമ്മിയും വിളിക്കുന്ന എട്ടാം ക്ലാസ്സ് വിദ്ധ്യാർഥി.ഒറ്റ മകനായത് കൊണ്ടാകാം,നിർമ്മലിന്റെ നിർമ്മലമായ മുഖം വാടുന്നത് മാതാപിതാക്കളായ ജോണിനും ലീനയ്ക്കും ഒട്ടും തന്നെ സഹിക്കാൻ പറ്റില്ലായിരുന്നു.അത് മനസ്സിലാക്കിയ നിർമ്മൽ പലപ്പോഴും പപ്പയോടും മമ്മിയോടും ശാഠ്യം പിടിച്ച് ഒരുപാട് കാര്യങ്ങൾ നേടിപ്പോന്നു….

പപ്പയ്ക്കും മമ്മിയ്ക്കും നിമ്മിയുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കുന്നതിന് എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നുല്ല,അത് മാത്രമല്ല അവർക്ക് തങ്ങൾ ചെയ്ത് കൊടുക്കുന്ന എല്ലാ കാര്യങ്ങൾക്കും ന്യായീകരണവും ഉണ്ടായിരുന്നു.കാരണം,3 വർഷത്തിനു ശേഷം വേളാങ്കണ്ണി മാതാവ് കൊടുത്തതാണവർക്ക് നിർമ്മലിനെ.

‘നിമ്മി…അവൻ ക്ലാസ്സിൽ ഫസ്റ്റല്ലേ…പിന്നെന്താ പ്രശ്നം!!!? അവന്റെ പഠനത്തിന് വേണ്ടിയിട്ടും കൂടെയല്ലെ ഞാൻ കമ്പ്യൂട്ടറും,ഇന്റർനെറ്റും എടുത്തത്’

തെല്ലഹങ്കാരത്തോട് കൂടിയാണ് അന്ന് പള്ളിയിൽ നിന്നും വരുമ്പോൾ ജോൺ ജോസഫിനോട് പറഞ്ഞത്.കമ്പ്യൂട്ടർ നിർമ്മലിന്റെ റൂമിലേയ്ക്ക് മാറ്റണമെന്ന് അവൻ പറഞ്ഞപ്പോൾ ജോണിനും ലീനയ്ക്കും അതിൽ തെറ്റൊന്നും കാണാൻ കഴിഞ്ഞില്ല.

‘അല്ലെങ്കിലും നിമ്മി പഠിക്കുന്നത് അവന്റെ റൂമിൽ ഇരുന്നല്ലേ……?’

ജോസഫ് അന്ന് അതിനെ എതിർത്ത് പറഞ്ഞപ്പോൾ ജോൺ പ്രതികരിച്ചു

‘എടാ ജോണേ…അവൻ ചെറിയ കൊച്ചല്ലെടാ…പിന്നെ എന്തിക്കെയായാലും ഞങ്ങളുടെ ഒരു നോട്ടം അവന്റെ മേൽ ഉണ്ടായിരിക്കും.നീ അതിനെകുറിച്ച് വ്യസനിക്കണ്ട..’
അന്ന് ജോണിന് ജോസഫ് ഒരു ഉപദേശം കൊടുത്തു

‘ജോണേ….കുട്ടികൾ പാറിനടക്കുന്ന പട്ടങ്ങളെ പോലെയാണ്..അവർ എത്ര ദൂരം വേണമെങ്കിലും പറന്നോട്ടെ…അവർക്ക് ഉയർന്ന് പറക്കനായി നമ്മൾ അതിന്റെ ചരട് ചെറുതായി ഒന്ന് അയച്ച് കൊടുത്താൽ മതി.പക്ഷെ ആ ചരടിന്റെ പൂർണ്ണമായ നിയന്ത്രണം നിന്റെ കൈയ്യിൽ ഉണ്ടായിരിക്കണം..’

അങ്ങിനെ ഇരിക്കെ കുറച്ച് നാൾ മുൻപാണ് നിർമ്മൽ പപ്പയോട് തനിക്ക് ഒരു മൊബൈൽ ഫോൺ വേണമെന്ന കാര്യം ഉന്നയിച്ചത്.

‘പപ്പാ എനിക്ക് ഒരു മൊബൈൽ ഫോൺ വേണം.എന്റെ കൂടെയുള്ള എല്ലാ കുട്ടികളുടെയും കൈയ്യിൽ ഫോണുണ്ട്‌!!ഞാൻ റ്റ്യൂഷൻ കഴിഞ്ഞ് വളരെ നേരം വൈകിയല്ലെ വരുന്നത്?അപ്പോൾ എന്റെ കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായാൽ അതെനിക്കൊരു സേഫ്റ്റുയാകില്ലേ?’

മകന്റെ അഭ്യർഥന തികച്ചും ഒരു ന്യായമായ അവകാശമായി ജോണിന് തോന്നി.രണ്ട് ദിവസത്തിനകം അയാൾ മകന് നല്ല ഒന്നാന്തരം മൊബൈൽ ഫോൺ തന്നെ വേടിച്ച് കൊടുത്തു.ഒന്നാന്തരം മൊബൈൽ ഫോൺ എന്ന് പറയുമ്പോൾ കാമറയും,ബ്ലൂടൂത്തും,MP3യും,ഇന്റെർനെറ്റും ഉള്ള മൊബൈൽ ഫോൺ!!!എന്തൊക്കെ വേടിച്ച് കൊടുത്താലും ജോണിന്റെയും ലീനയുടെയും ഒരു നോട്ടം നിർമ്മലിന്റെ മേൽ ഉണ്ടായിരുന്നു.

നാളുകൾ കടന്ന് പോയി…സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ട് വരുന്നത് വിലക്കിയിട്ടുണ്ടെങ്കിലും നിർമ്മൽ ആരുമറിയാതെ മൊബൈൽ എല്ലാ ദിവസവും ബാഗിലിട്ട് കൊണ്ട് പോകുമായിരുന്നു.ഒരു ദിവസം നിർമ്മലും അവന്റെ കൂട്ടുകാരും സ്ക്കൂളിലെ മൂത്രപ്പുരയിൽ നിന്ന് മൊബൈലിൽ എന്തൊ നോക്കി ചിരിക്കുന്നത് ഹെഡ്മാസ്റ്റർ തന്റെ ഓഫീസിലെ ടി വി യിൽ കണ്ടു.സ്കൂളിലെ അച്ചടക്ക പരിശീലനത്തിന്റെ ഭാഗമായി മാനേജ്മന്റ് സ്കൂളിലെ ഒട്ട്മിക്ക സ്ഥലങ്ങളിലും കാമറ രക്ഷിതാക്കളുടെ അറിവോട് കൂടി സ്ഥപിച്ചിരുന്നു.അങ്ങിനെയാണ് ഒരു കാമറ നിർമ്മലിന്റെയും കൂട്ടുകാരുടെയും ചിത്രം പകർത്തിയെടുത്തത്.എന്താണ് കുട്ടുകൾ മൊബൈലിൽ പരിശോധിക്കുന്നത് എന്ന് ഹെഡ്മാസ്റ്റർക്ക് വ്യക്തമായില്ല.പെട്ടന്ന് തന്നെ നിർമ്മലിനെയും കൂട്ടുകാരെയും ഹെഡ്മാസ്റ്റർ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു. ഹെഡ്മാസ്റ്റർ നിർമ്മലിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ പിടിച്ച് വാങ്ങി എല്ലാം പരിശോധിച്ചു.ചില അശ്ലീല വീഡിയൊ ആണ് കുട്ടികൽ കണ്ടതെന്ന് ഹെഡ്മാസ്റ്റർക്ക് മനസ്സിലായി.മാത്രമല്ല ആ വീഡിയോയിൽ ഉള്ള ആളുകളെ ഹെഡ്മാസ്റ്റർക്ക് മനസ്സിലാവുകയും ചെയ്തു. പെട്ടന്ന് തന്നെ അദ്ദേഹം ജോണിനെയും ലീനയെയും ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തി.അടിയന്തിരമായി സ്കൂളിലേയ്ക്ക് വിളിപ്പിച്ചപ്പോൾ ജോൺ ഒന്ന് പരിഭ്രമിച്ചു.ഓഫീസിന് പുറത്ത് നിൽ‌പ്പുണ്ടായിരുന്ന പ്യൂൺ കേശവേട്ടനോട് ജോൺ കാര്യം തിരക്കി.

‘കേശവേട്ടാ..എന്താ പ്രശ്നം..എന്റെ മോന് എന്താ പറ്റിയേ..?’

കേശവേട്ടൻ മറുപടി പറഞ്ഞു
‘ഹേയ്…പേടിക്കാനൊന്നുമില്ല…കുഞ്ഞ് ഫോൺ ക്ലാസ്സിൽ കൊണ്ട് വന്നതിനാ ഈ കാണുന്ന പൊല്ലാപ്പൊക്കെ…’
കേശവേട്ടന്റെ മറുപടി കേട്ടപ്പോൾ ജോണിനും ലീനയ്ക്കും ആശ്വാസമായി.അത്ര വലിയ പ്രശ്നമുള്ള കാര്യമല്ല.
കസേരയിലിരിക്കും നേരം ജോൺ നിർമ്മലിനെ നോക്കി.അവനും കൂട്ടുകാരും മുഖം താഴ്ത്തി നിൽക്കുകയാണ്. ഹെഡ്മാസ്റ്റർ ജോണിനെയും ലീനയെയും നോക്കി ചോദിച്ചു.

‘നിങ്ങൾ എന്തിനാണ് ഈ ഫോൺ കുട്ടിയ്ക്ക് വാങ്ങി കൊടുത്തത്?അതും ഈ പ്രായത്തിലുള്ള കുട്ടിയ്ക്ക്!!!!????‘

ജോൺ അതിനെ ന്യായീകരിച്ച് പല കാരണങ്ങളും നിരത്തി,ട്യൂഷൻ,ട്യൂഷൻ കഴിഞ്ഞ് വരുന്ന നേരം,മകന്റെ സേഫ്റ്റി…അങ്ങിനെ എല്ലാം…

എല്ലാം കേട്ട് കഴിഞ്ഞ് ഹെഡ്മാസ്റ്റർ പറഞ്ഞു

‘ജോണേ…എനിക്ക് താങ്കളെ അറിയാം…താങ്കൾ ഈ പറയുന്ന കാര്യങ്ങൾ താങ്കളുടെ മാത്രമല്ല സമൂഹത്തിൽ ഇപ്പോൾ ജീവിക്കുന്ന ഭൂരിഭാഗം മാതാപിതാക്കളുടെയും വിഡ്ഡിത്തരം തന്നെയാണ്.ഇപ്പറയുന്ന കാര്യങ്ങളോട് എനിക്ക് യോജിക്കാനാകില്ല…ഒരു തരത്തിലും….മക്കൾക്ക് ഫോൺ ആവശ്യമില്ല എന്ന നിലപാടാണ് എന്റേത്…ഒരു പക്ഷേ അതെന്റെ പഴഞ്ചൻ മൻസ്സുകൊണ്ടാകാം.മൊബൈലിന്റെ അത്രയും ആവശ്യം വന്നാൽ എന്തിനാണ് കാമറ ഫോൺ?‘

ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് ഹെഡ്മാസ്റ്റർ തുടർന്നു.

‘ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്ന നേരം അവരോട് പറയാറുണ്ട്,ആയിരം വട്ടം വായിച്ച് പഠിക്കുന്നതിനേക്കാളും നല്ലത് ഒരു വട്ടം എഴുതി പഠിക്കുന്നതാണെന്ന പരമാർത്ഥം.അത് കൊണ്ട് ഞാൻ നിങ്ങളെ ഉപദേശിക്കുന്നില്ല.ഒരു പക്ഷേ ഈ മൊബൈൽ ഫോണിലെ വീഡിയോ രംഗം നിങ്ങൾക്ക് എല്ലാം പറഞ്ഞ് പഠിപ്പിച്ച് തരും.‘

ഇതും പറഞ്ഞ് ഹെഡ്മാസ്റ്റർ ജോണിന് ഫോൺ നീട്ടി.

ജോണും ലീനയും കൂടി ആ വീഡിയൊ രംഗം നോക്കുകയാണ്…രാത്രിയിൽ ചാരിയിട്ടിരിക്കുന്ന വാതിൽ തുറന്ന് കാമറ എത്തിച്ചേരുന്നത് രണ്ട് നഗ്ന ശരീരത്തിലാണ്.പരിപൂർണ്ണ നഗ്നരായിക്കിടക്കുന്ന രണ്ട് പേർ..ഒരു പുരുഷനും സ്ത്രീയും!!!ആ നഗ്ന ശരീരങ്ങളെ കൊത്തിപ്പറിച്ച് കൊണ്ട് കാമറ അവസാനം ആ സ്ത്രീയുടെയും പുരുഷന്റെയും മുഖത്തെത്തി.
ആ മുഖങ്ങൾ കണ്ട നേരം ഞെട്ടിത്തരിച്ചിരുന്നു പോയി ജോണും ലീനയും.തന്റെയും തന്റെ ഭാര്യയുടെയും നഗ്ന ചിത്രങ്ങൾ തങ്ങളുടെ പൊന്നോമന പുത്രൻ അവന്റെ മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സത്യം…..അതവർക്ക് താങ്ങാതുന്നതിലും അപ്പുറമായിരുന്നു.തന്റെ മകൻ ഒരു വാൾ കൊണ്ട് തങ്ങളെ വെട്ടിനുറുക്കുന്നതു പോലെ തോന്നി അവർക്ക് ആ സമയം.അവർ ആ ഷോക്കിൽ ഇരിക്കുന്ന സമയം ഹെഡ്മാസ്റ്റർ എഴുന്നേറ്റ് വന്ന് ജോണിന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

‘പോട്ടെ ജോണേ…തെറ്റ്കാർ നീയും നിന്റെ ഭാര്യയും ആണ്.നിർമ്മൽ…ഇതവന്റെ അറിവില്ലാത്ത് പ്രായമാണ്.തെറ്റുകളെല്ലാം നമുക്ക് തിരുത്താൻ കഴിയും.അത് തിരുത്തുവാനുള്ള മനസ്സ് നിനക്കുണ്ടാകണം….അതിനുള്ള ശക്തിയും,സ്നേഹവും,വിവേകവും ദൈവം നിനക്ക് തരട്ടെ..’
തിരിഞ്ഞ് ഹെഡ്മാസ്റ്റർ നിർമ്മലിനോട് ചോദിച്ചു
‘നീ ഇത് വേറെ ആർക്കെങ്കിലും അയച്ച് കൊടുക്കുകയോ..കാണാൻ കൊടുക്കുകയോ ചെയ്തിട്ടുണ്ടോ?’
നിർമ്മൽ അപ്പോഴും തല കുമ്പിട്ട് നിൽക്കുകയായിരുന്നു.അവസാനം നിർമ്മലിനെ കൂട്ടി മാതാപിതാക്കൾ അവിടെ നിന്ന് പോയി. ഹെഡ്മാസ്റ്റർ മനസ്സിൽ പറഞ്ഞു

“ചില തെറ്റുകൾ നമുക്ക തിരുത്താൻ കഴിയുകയില്ല”

ആ നേരം ആ വീഡിയോ മൊബൈലിൽ നിന്ന് മൊബൈലിലേയ്ക്കും,കമ്പ്യൂട്ടറിൽ നിന്ന് കമ്പ്യൂട്ടറിലേയ്ക്കും അതിവേഗം സഞ്ചരിക്കുകയായിരുന്നു.

Tuesday, March 2, 2010

മീനു പറഞ്ഞ കാര്യം...

രംഗം പ്ലസ് ടു സ്കൂളിലെ കെമിസ്ട്രി ലാബ്.കൈയ്യിൽ കിട്ടിയ ടെസ്റ്റ്യൂബിൽ ഞാനും എന്റെ പ്രിയ സുഹ്രത്ത് ഡിന്റോനും കൂടി പരീക്ഷണം നടത്തുകയാണ്.സൾഫ്യൂരിക് ആസിഡും വേറെ ഏതോ ചില ആസിഡുകളും കൂടി ഞങ്ങൾ ടെസ്റ്റ്യൂബിലേയ്ക്ക് ഒഴിച്ചു.ഹൊ….കറുത്തിരുണ്ട പുകകൾ ഞങ്ങളുടെ നാസാരന്ധ്രങ്ങളിലേയ്ക്ക് ഓടിക്കയറി.പൊട്ടിത്തെറിക്കുമോ ലാബ്?ഞങ്ങളിലെ വിദ്യാർത്ഥികൾ ഉണർന്നു…. ടെസ്റ്റ്യൂബ് അവിടെ ഇട്ട് ഞങ്ങൾ പുറത്തേയ്ക്ക് ഓടി…പുറത്തെ ശുദ്ധവായു ശ്വസിക്കാം എന്ന് കരുതി അന്തരീക്ഷത്തിൽ നിന്നും കുറെ ഓക്സിജൻ ഞങ്ങൾ അകത്തേയ്ക്ക് വലിച്ച് കയറ്റി.എന്റമ്മോ….ആരോ മൂത്രപ്പുര തുറന്നു.ഇവിടെയും രക്ഷയില്ലേ…???

അങ്ങിനെ നോക്കി നിൽക്കുമ്പോഴാണ് ഞാൻ മീനുവിനെ കണ്ടത്.മീനു…അവളെ എനിക്ക് അറിയാം…ചെറുപ്പം മുതലെ എനിക്കറിയാം.എന്റെ മേമ്മയുടെ തൊട്ടടുത്ത വീടാണ് അവളുടെ വീട്.മേമ്മ എന്ന് പറയുമ്പോൾ അമ്മയുടെ നേരെ അനിയത്തി.ചെറുപ്പത്തിൽ ഞാൻ കൂടുതൽ നാളും മേമ്മയോട് കൂടെ ചിലവഴിച്ചിട്ടുണ്ട്.ആ സമയത്ത് മേമ്മയ്ക്കും പേപ്പനും മക്കൾ ഉണ്ടായിരുന്നില്ല.അത് കൊണ്ട് എന്നോടും എന്റെ അനിയനോടും വളരെ ഇഷ്ട്മായിരുന്നു മേമ്മയ്ക്ക്.അങ്ങിനെ പരിചയപ്പെട്ടതാണ് ഞാൻ മീനുവിനെ.ചെറുപ്പത്തിൽ അവളുടെ കൂടെ ചിരിച്ച് കളിച്ച്….അങ്ങിനെ…ഉം..ഉം… മനസ്സിൽ അവളോട് ചെറിയൊരു ഇഷ്ടവും ഉണ്ടായിരുന്നു എനിക്ക് എന്നുതന്നെ കൂട്ടിക്കോ…ഞാൻ ഇറങ്ങി ചെന്ന് അവളുടെ അടുത്ത് എത്തി.

“മീനുവിന് ഇവിടെ അഡ്മിഷൻ കിട്ടിയോ.?”(എനിക്കറിയാമായിരുന്നു അവസാനം നീ എന്റെ അടുത്ത് തന്നെ എത്തുമെന്ന്)

അവൾ പെട്ടന്ന് തിരിഞ്ഞ് നോക്കി.പ്രതീക്ഷിക്കാത്തത് കൊണ്ടാകാം ഒരു അന്ധാളിപ്പ്‌!!!

“അതെ എനിക്കിവിടെ കിട്ടി.സയൻസ് ഗ്രൂപ്പാണ്.ഇപ്പോൾ നിനക്ക് ക്ലാസില്ലേ?“ അവൾ ചോദിച്ചു

“ഉണ്ട്..പ്രക്റ്റിക്കലാണ്..മീനുവിനെ കണ്ടത് കൊണ്ട് വന്നതാ..”ഹ്രദയം തരളപുരള പുളകിത ലോലമാക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

അഡ്മിഷൻ കിട്ടിയപ്പോഴേയ്ക്കും അവൾക്ക് നല്ല കൂട്ടുകാരികളെ കിട്ടി..അവരെയൊക്കെ എന്നെ പരിചയപ്പെടുത്തി. റാഗിങ്ങ് പേടിച്ചിരണ്ട മാൻപേടകൾ എന്നോട് വളരെ സ്നേഹത്തോട് കൂടി പെരുമാറി.റാഗിങ്ങ് സീസൺ കഴിഞ്ഞപ്പോളാണ് എനിക്കത് മനസ്സിലായതെന്ന് മാത്രം..

കാലം വളരെ പെട്ടന്ന് തന്നെ കടന്ന് പോയി.സെന്റ് ഓഫ് പരിപാടികളുടെ ഉത്സവമാണ് ഇനി.മീനുവിനോടുള്ള എന്റെ ഇഷ്ടം…..ഓരൊ രാത്രിയിലും ഞാൻ അവളെ സ്വപ്നത്തിൽ കാണുമായിരുന്നു..(ഇത്തിരി കൂടിപ്പോയോ.?)സെന്റോഫിന് 2 ആഴ്ച്ച മുൻപ് ഞാൻ മീനുവിനോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞു.ഞാൻ പറയുന്നത് എല്ലാവരും കൂടി നോക്കി നിൽ‌പ്പുണ്ടായിരുന്നു.എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…ഉള്ളംകൈയ്യിൽ മൈനസ് ഡിഗ്രി തണുപ്പ്!!!പ്രതീക്ഷിച്ചത് പോലെ തന്നെ മറുപടി…

“ഇല്ല…ഞാൻ നിന്നെ എന്റെ ബ്രദറിനെപ്പോലെയാണ് കരുതുന്നത്”

“ഹും …അതെല്ലെങ്കിലും എല്ലാ പെണ്ണുങ്ങളും അങ്ങിനെയാ അളിയാ..ആദ്യം അങ്ങിനെയൊക്കെ പറയും..നമ്മൾ വിട്ട് കളയരുത്” സുഹ്രത്ത് ഡിന്റോന്റെ വാചകം അശിരീരി പോലെ കാതിൽ മുഴങ്ങി..ധൈര്യം സംഭരിച്ച് കൊണ്ട് ഞാൻ പറഞ്ഞു…

“അ….അത്….അത് ഇങ്ങനെ എ…എടുത്തടിച്ച് പറയേണ്ട…ന…നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി..“ ഇത്രയുംതന്നെ പറഞ്ഞറിയിക്കാൻ ഞാൻ പെട്ട പാട്….അത് അനുഭവിച്ച് തന്നെ അറിയണം…എനിക്ക് വിക്ക് ഉണ്ടോ എന്ന് അവൾ സംശയിച്ചു കാണും…

ചുറ്റും കൂടി നിൽ‌പ്പുണ്ടായിരുന്ന ആളുകളെ നോക്കി അവൾ എന്നോട് പറഞ്ഞു

“നീ ഇപ്പോൾ പോയിക്കോ…ഞാൻ പിന്നെ പറയാം”

എവിടെയോ ഒരു സ്പാർക്ക് എന്നിൽ കത്തി.ഞാൻ പറഞ്ഞു

“ഉം..ശരി..പക്ഷേ മറുപടി എനിക്ക് ഉടനെ തന്നെ കിട്ടണം”കാത്ത് നിൽക്കാൻ സമയമില്ലല്ലോ..

അങ്ങിനെ എന്റെ “കാമുകി” നടന്ന് പോകുന്നത് ഞാൻ നോക്കി നിന്നു.ആ സമയം എനിക്ക് ചുറ്റും വെള്ളവസ്ത്രമണിഞ്ഞ മാലാഖമാർ ന്രത്തം ചെയ്യുന്നു…ഇളയരാജയുടെ സിംഫണി അകമ്പടിയായി…ചിത്രയുടെ ഹമ്മിംങ്ങും അതിനോടൊപ്പം…..അങ്ങിനെ അതിൽ മുഴുകി നിൽക്കുമ്പോൾ പെട്ടന്ന് മാലാഖമാർ ചെകുത്താന്മാർ ആയതുപോലെ….സിംഫണിയിൽ അപശ്രുതി ചേർന്നത് പോലെ….ചിത്ര കൂക്കിവിളിക്കുന്നതു പോലെ.കാര്യമെന്തെന്ന് വച്ചാൽ അപ്പോഴാണ് ഞാൻ മേമ്മയെ പറ്റി ചിന്തിച്ചത്.ഓടി അവളുടെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു.

“ഞാൻ ഈ പറഞ്ഞ കാര്യം മീനു മേമ്മയോട് പറയരുത്…ഇത്….ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി”

“ശരി നോക്കട്ടെ..” അവൾ മറുപടി മൊഴിഞ്ഞു.

എന്റമ്മച്ചി…അവൾ പറയുമോ….പറയില്ലായിരിക്കും…അതോ….

പെട്ടന്ന് തന്നെ ഞാൻ ചെന്ന് മേമ്മയുടെ വീട്ടിലേയ്ക്ക് വിളിച്ചു.

“മേമ്മേ…അവിടെ കുറെ ഡയറി ഇരുപ്പില്ലേ…? എനിക്ക് ഓട്ടോഗ്രാഫ് എഴുതാനായി ഒരെണ്ണം വേണമായിരുന്നു.നാളെ മീനുവിന്റെ കൈവശം കൊടുത്തയച്ചാൽ മതി.”

മീനുവിനോട് സംസാരിക്കാൻ പറ്റിയ ഒരവസരം ഞാൻ തന്നെ ഒരുക്കുകയായിരുന്നു.പിറ്റേ ദിവസം പറഞ്ഞ പോലെ തന്നെ മീനു ഡയറിയുമായി എന്റെ അടുത്ത് വന്നു.ഡയറി എനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു.

“അത് എന്റെ ഓട്ടോഗ്രാഫ് ആണ്.മീനു എന്തെങ്കിലും അതിൽ എഴുതിയിട്ട് എനിക്ക് തന്നാൽ മതി”

കുറച്ച് കഴിഞ്ഞ് അവൾ എനിക്ക് ആ ഡയറി തിരിച്ച് തന്നു.അതിൽ ഇങ്ങിനെ എഴുതിയിരുന്നു.

“Dear brother

Friendship is a flower in the garden of life.

By your Sister Meenu.”

മനസ്സ് ചത്തു.ഇനി അവളുടെ പിന്നാലെ നടക്കുന്നത് ഒരു ആണിന് യോജിച്ചതല്ല എന്ന് തോന്നി . ഒ കെ സിസ്റ്റർ… ലാത്സലാം പറഞ്ഞ് ഞാൻ സ്കൂട്ടായി.

പിന്നീട് കുറച്ച് നാൾ കഴിഞ്ഞതിന് ശേഷം മേമ്മയും അമ്മയും സഹോദരിമാരും എല്ലവരും ചേർന്ന് മേമ്മയുടെ വീട്ടിൽ ലാത്തിയടിയാണ്.കൂട്ടത്തിൽ മീനുവിന്റെ കാര്യവും…വരാന്തയിലിരുന്ന് പേപ്പർ വയിക്കുകയായിരുന്ന ഞാൻ കാത് അങ്ങോട്ട് കൂർപ്പിച്ചു.

“മീനുവിന്റെ പുറകെ കുറെ ചെക്കന്മാർ നടക്കുന്നുണ്ടത്രേ..!!!“

ഇത് പറഞ്ഞ് മേമ്മ എന്നെ ഒരു നോട്ടം…എന്റെ ചങ്കിൽ നിന്ന് മൂന്ന്-നാല് കിളികൾ പറന്ന് അപ്പുറത്തെ മരക്കൊമ്പിൽ പോയിരുന്ന് ചിലച്ചു.

“അവൾക്ക് എന്ത് ഭംഗിയുണ്ടായിട്ടാ ഈ പിള്ളേർ അവളുടെ പുറകെ നടക്കുന്നതെന്ന് എനിക്കറിയാൻ പാടില്ല” മേമ്മ പറഞ്ഞ് കൈ മലർത്തി.കിളികളെ പറത്താൻ വേണ്ടി മേമ്മ എന്നെ വീണ്ടും നോക്കി.

കർത്താവേ ഈ മീനു എല്ലാ കാര്യവും മേമ്മയോട് പറഞ്ഞിരിക്കുമോ….?മനസ്സിൽ ഒരായിരം ചിന്തകൾ കുമിഞ്ഞു കൂടി.വിശ്വാസ വഞ്ചന ഒരു പെണ്ണ് കാണിക്കുമോ?ലാത്തിയടിയൊക്കെ കഴിഞ്ഞപ്പോൾ ഞാൻ ഇരുന്ന് ടി വി കാണുകയാണ്.കൂടെ എന്റെ കസിൻസും ഉണ്ട്.പാരഗൺ ഹവായ് ചപ്പലിന്റെ പരസ്യം വന്നു.അവരുടെ മുന്നിൽ വച്ച് ടി വിയിൽ ചൂണ്ടിക്കാണിച്ച് മേമ്മ എന്നോട് ഒരു ചോദ്യം!!!

“ഇവളാണോ ഷക്കീല….!!!!!?????”

എന്റെ ദൈവമേ…ഇടിത്തീ പോലെയുള്ള ചോദ്യം….(ഷക്കീല തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്ന സമയമാണത്) ഇതല്ല ഷക്കീല എന്ന് ഞാൻ പറഞ്ഞാൽ മേമ്മയ്ക്ക് മനസ്സിലാവും എനിക്ക് ഷക്കീലയെ അറിയാമെന്ന്.രണ്ട് നിമിഷം ഞാൻ ആലോചിച്ചു.കസിൻസ് എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുകയാണ്.എനിക്ക് മനസ്സിലായി.മീനു എല്ലാം മേമ്മയോട് പറഞ്ഞിരിക്കുന്നു.എന്നെ പരീക്ഷിക്കാനുള്ള പുറപ്പാടിലാണ് മേമ്മ.മേമ്മയുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.

“ആ…എനിക്കറിയില്ല…”

“ഉം.......ശരി…..”എന്ന് ആക്കികൊണ്ട് മേമ്മ കടന്ന് പോയി.തൽക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു.ഷക്കീലയെ അറിയാത്ത ഒരു മഹാൻ….എന്ന് ചിന്തിച്ച് കൊണ്ട് കസിൻസ് എന്നെതന്നെ നോക്കിയിരിക്കുന്നു.അവരുടെ മുഖത്ത് നോക്കി നവരസങ്ങൾ വിരിയിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പോയി.

തൊട്ടടുത്ത് മീനുവിന്റെ വീടാണെന്ന് ഞാൻ പറഞ്ഞില്ലെ…കുറച്ച് കഴിഞ്ഞപ്പോൾ മീനുവിന്റെ അനിയൻ ഓടി വന്ന് എന്റെ അടുത്ത് പറഞ്ഞു

“ചേട്ടാ ഒരു പാമ്പ്….അവിടെ ഞങ്ങളുടെ ചെമ്പകമരത്തിൽ….”

എന്റെ പൊന്നേ തീർന്നു…ഇനി അതിന്റെ കൂടി കുറവുണ്ടായിരുന്നുള്ളു…ഒന്ന് ആലോചിക്കാൻ കൂടി അവനെനിക്ക് സമയം തന്നില്ല.എന്റെ കൈയ്യും പിടിച്ച് വലിച്ച് അവൻ എന്നെ കൊണ്ട് പോയി.പാമ്പ് മരത്തിന്റെ മുകളിലാണെന്ന് തോന്നുന്നു.അവിടെ ചെന്നപ്പോൾ മീനുവും അവളുടെ അമ്മയും മുകളിലേയ്ക്ക് നോക്കി നിൽക്കുന്നുണ്ട്.അവർ പ്രതീക്ഷയോട് കൂടി എന്നെ നോക്കി.ഞാൻ ദയനീയമായി പാമ്പിനെ നോക്കി.അപ്പോൾ സമാധാനമായി.പാമ്പ് തീരെ ചെറുതാണ്.ഏതോ ചേരയുടെ കുഞ്ഞ് പ്രായപൂർത്തിയാകാതെ പെറ്റതാണെന്ന് തോന്നുന്നു.കുഴപ്പമില്ല…ഞാൻ ഒരു വലിയ പട്ടവടിയെടുത്ത് അതിനെ തല്ലി.ആദ്യത്തെ അടിയൊന്നും കൊണ്ടില്ല.പാമ്പ് എന്നെ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു.ഞാൻ വകവച്ചില്ല.കണ്ണും പൂട്ടി തലങ്ങും വിലങ്ങും അടിച്ചു.ബഹളം കേട്ട് മേമ്മ പുറത്ത് വന്നു.ഞാൻ ഒരു പോരാളിയെ പോലെ പാമ്പിനെ തല്ലികൊന്ന് അങ്ങിനെ നിൽക്കുകയാണ്.

“മീനു നിനക്കിത് തന്നെ വേണം.എന്നെ പോലെയുള്ള ഒരു ധീരന്റെ സ്നേഹം നീ തട്ടിത്തെറിപ്പിച്ചതല്ലേ” ഞാൻ ആത്മഗതം ചെയ്തു.എന്നിട്ട് അവളെ കാണിക്കാൻ വേണ്ടി ഞാൻ ആ പാമ്പിനെ വടിയിൽ കോരിയെടുത്തു.

“ചെറുതാണെന്നുന്നും നോക്കണ്ട…കൂടിയ ഇനത്തിൽ പെട്ടതാണെന്നാ തോന്നുന്നേ..” ഞാൻ പറഞ്ഞു.നമ്മൾ അങ്ങിനെയൊന്നും ചെറുതാവാൻ പാടില്ലല്ലോ..

എടുത്ത വഴിയ്ക്ക് മേമ്മ എന്റെ വായയ്ക്ക് ക്ലിപ്പ് ഇട്ടു.ഉയർത്തിപിടിച്ച വടിയിൽ നോക്കി മേമ്മ പറഞ്ഞു.

“ഏയ് ഇതേതോ നീർക്കോലിയാണെന്നാ തോന്നുന്നെ....നീ ആദ്യമായിട്ടാണല്ലേ പാമ്പിനെ കൊല്ലുന്നേ…അതായിരിക്കും നിന്റെ കൈ വിറയ്ക്കുന്നത്…പാമ്പിനെ പേടിയാ അല്ലേ….?

ശ്ശോ…ഈ മേമ്മ…മനുഷ്യന്റെ ഉള്ള വില കളയും..

“ഏയ് ആദ്യമായിട്ടൊന്നുമല്ല …“ ഞാൻ പ്രതികരിച്ചു.

“ഉം..ഉം…എനിക്കറിയാം…നീ നുണയൊന്നു പറയണ്ട…” മേമ്മ പറഞ്ഞു.

ഞാൻ മീനുവിനെ നോക്കി.അവൾ വാ പൊത്തി നിന്ന് ചിരിക്കുകയാണ്.

ഉം..ഉം…ചിരിച്ചോ..ചിരിച്ചോ..ഞാൻ വന്നില്ലെങ്കിൽ കാണാമായിരുന്നു” (പിന്നേ വന്നില്ലെങ്കിൽ പാമ്പ് അവരെ പിടിച്ച് വിഴുങ്ങിയേനേ…)

എനിക്കുറപ്പായി മീനു എല്ലാം മേമ്മയോട് പറഞ്ഞിരിക്കുന്നു.അത് കൊണ്ടാ മേമ്മ എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്.

കുറച്ച് നാൾ കഴിഞ്ഞ് ഞാനൊരു വാരികയിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട് അമ്മയോട് ഫലിതരൂപത്തിൽ പറഞ്ഞു

“അമ്മേ നല്ല ഭംഗിയുള്ള പെൺകുട്ടി…ഇവളെ ഞാൻ അങ്ങ് കെട്ടിയാലോ..?”

ഉടനെ എടുത്ത വഴി അമ്മയുടെ മറുപടി

“നീ മിണ്ടാതെ ഒരിടത്ത് പോയിരുന്നോ..എന്നോട് മേമ്മ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ..ആ..ഹാ..എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കണ്ട..”
എന്റെ ദൈവമേ ഇത് തീർന്നില്ലേ…ഞാൻ അത് പണ്ടേ ഉപേക്ഷിച്ചതാണല്ലോ…..ഇപ്പോൾ എല്ലാകാര്യവും വ്യക്തമായി.മീനു എല്ലാം മേമ്മയോട് പറഞ്ഞിരിക്കുന്നു.വഞ്ചകി…അവളെ സ്നേഹിക്കാതിരുന്നത് നന്നായി (ഇത് തന്നെയാണോ..പണ്ട് ആ കുറുക്കൻ ആ മുന്തിരിയെ നോക്കി പറഞ്ഞത്….!!!???).

Monday, March 1, 2010

ജിദ്ദ പ്രളയംകുറച്ച് നാൾ മുൻപ് കുറച്ചധികം നേരം മഴ തോരാതെ പെയ്തപ്പോൾ ജിദ്ദ ഈ രൂപത്തിലായി.ഒരു ദിവസം തുടർച്ചയായി മഴ പെയ്താൽ എന്തായിരിക്കും അവസ്ഥ!!!!ജിദ്ദ പ്രളയത്തിന്റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ചെയ്യുക
കടപ്പാട് : വീഡിയോസും ഫോട്ടോസും എനിക്ക് നല്കിയ സുഹൃത്ത് ഷമീറിനോട്