രംഗം പ്ലസ് ടു സ്കൂളിലെ കെമിസ്ട്രി ലാബ്.കൈയ്യിൽ കിട്ടിയ ടെസ്റ്റ്യൂബിൽ ഞാനും എന്റെ പ്രിയ സുഹ്രത്ത് ഡിന്റോനും കൂടി പരീക്ഷണം നടത്തുകയാണ്.സൾഫ്യൂരിക് ആസിഡും വേറെ ഏതോ ചില ആസിഡുകളും കൂടി ഞങ്ങൾ ടെസ്റ്റ്യൂബിലേയ്ക്ക് ഒഴിച്ചു.ഹൊ….കറുത്തിരുണ്ട പുകകൾ ഞങ്ങളുടെ നാസാരന്ധ്രങ്ങളിലേയ്ക്ക് ഓടിക്കയറി.പൊട്ടിത്തെറിക്കുമോ ലാബ്?ഞങ്ങളിലെ വിദ്യാർത്ഥികൾ ഉണർന്നു…. ടെസ്റ്റ്യൂബ് അവിടെ ഇട്ട് ഞങ്ങൾ പുറത്തേയ്ക്ക് ഓടി…പുറത്തെ ശുദ്ധവായു ശ്വസിക്കാം എന്ന് കരുതി അന്തരീക്ഷത്തിൽ നിന്നും കുറെ ഓക്സിജൻ ഞങ്ങൾ അകത്തേയ്ക്ക് വലിച്ച് കയറ്റി.എന്റമ്മോ….ആരോ മൂത്രപ്പുര തുറന്നു.ഇവിടെയും രക്ഷയില്ലേ…???
അങ്ങിനെ നോക്കി നിൽക്കുമ്പോഴാണ് ഞാൻ മീനുവിനെ കണ്ടത്.മീനു…അവളെ എനിക്ക് അറിയാം…ചെറുപ്പം മുതലെ എനിക്കറിയാം.എന്റെ മേമ്മയുടെ തൊട്ടടുത്ത വീടാണ് അവളുടെ വീട്.മേമ്മ എന്ന് പറയുമ്പോൾ അമ്മയുടെ നേരെ അനിയത്തി.ചെറുപ്പത്തിൽ ഞാൻ കൂടുതൽ നാളും മേമ്മയോട് കൂടെ ചിലവഴിച്ചിട്ടുണ്ട്.ആ സമയത്ത് മേമ്മയ്ക്കും പേപ്പനും മക്കൾ ഉണ്ടായിരുന്നില്ല.അത് കൊണ്ട് എന്നോടും എന്റെ അനിയനോടും വളരെ ഇഷ്ട്മായിരുന്നു മേമ്മയ്ക്ക്.അങ്ങിനെ പരിചയപ്പെട്ടതാണ് ഞാൻ മീനുവിനെ.ചെറുപ്പത്തിൽ അവളുടെ കൂടെ ചിരിച്ച് കളിച്ച്….അങ്ങിനെ…ഉം..ഉം… മനസ്സിൽ അവളോട് ചെറിയൊരു ഇഷ്ടവും ഉണ്ടായിരുന്നു എനിക്ക് എന്നുതന്നെ കൂട്ടിക്കോ…ഞാൻ ഇറങ്ങി ചെന്ന് അവളുടെ അടുത്ത് എത്തി.
“മീനുവിന് ഇവിടെ അഡ്മിഷൻ കിട്ടിയോ.?”(എനിക്കറിയാമായിരുന്നു അവസാനം നീ എന്റെ അടുത്ത് തന്നെ എത്തുമെന്ന്)
അവൾ പെട്ടന്ന് തിരിഞ്ഞ് നോക്കി.പ്രതീക്ഷിക്കാത്തത് കൊണ്ടാകാം ഒരു അന്ധാളിപ്പ്!!!
“അതെ എനിക്കിവിടെ കിട്ടി.സയൻസ് ഗ്രൂപ്പാണ്.ഇപ്പോൾ നിനക്ക് ക്ലാസില്ലേ?“ അവൾ ചോദിച്ചു
“ഉണ്ട്..പ്രക്റ്റിക്കലാണ്..മീനുവിനെ കണ്ടത് കൊണ്ട് വന്നതാ..”ഹ്രദയം തരളപുരള പുളകിത ലോലമാക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
അഡ്മിഷൻ കിട്ടിയപ്പോഴേയ്ക്കും അവൾക്ക് നല്ല കൂട്ടുകാരികളെ കിട്ടി..അവരെയൊക്കെ എന്നെ പരിചയപ്പെടുത്തി. റാഗിങ്ങ് പേടിച്ചിരണ്ട മാൻപേടകൾ എന്നോട് വളരെ സ്നേഹത്തോട് കൂടി പെരുമാറി.റാഗിങ്ങ് സീസൺ കഴിഞ്ഞപ്പോളാണ് എനിക്കത് മനസ്സിലായതെന്ന് മാത്രം..
കാലം വളരെ പെട്ടന്ന് തന്നെ കടന്ന് പോയി.സെന്റ് ഓഫ് പരിപാടികളുടെ ഉത്സവമാണ് ഇനി.മീനുവിനോടുള്ള എന്റെ ഇഷ്ടം…..ഓരൊ രാത്രിയിലും ഞാൻ അവളെ സ്വപ്നത്തിൽ കാണുമായിരുന്നു..(ഇത്തിരി കൂടിപ്പോയോ.?)സെന്റോഫിന് 2 ആഴ്ച്ച മുൻപ് ഞാൻ മീനുവിനോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞു.ഞാൻ പറയുന്നത് എല്ലാവരും കൂടി നോക്കി നിൽപ്പുണ്ടായിരുന്നു.എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…ഉള്ളംകൈയ്യിൽ മൈനസ് ഡിഗ്രി തണുപ്പ്!!!പ്രതീക്ഷിച്ചത് പോലെ തന്നെ മറുപടി…
“ഇല്ല…ഞാൻ നിന്നെ എന്റെ ബ്രദറിനെപ്പോലെയാണ് കരുതുന്നത്”
“ഹും …അതെല്ലെങ്കിലും എല്ലാ പെണ്ണുങ്ങളും അങ്ങിനെയാ അളിയാ..ആദ്യം അങ്ങിനെയൊക്കെ പറയും..നമ്മൾ വിട്ട് കളയരുത്” സുഹ്രത്ത് ഡിന്റോന്റെ വാചകം അശിരീരി പോലെ കാതിൽ മുഴങ്ങി..ധൈര്യം സംഭരിച്ച് കൊണ്ട് ഞാൻ പറഞ്ഞു…
“അ….അത്….അത് ഇങ്ങനെ എ…എടുത്തടിച്ച് പറയേണ്ട…ന…നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി..“ ഇത്രയുംതന്നെ പറഞ്ഞറിയിക്കാൻ ഞാൻ പെട്ട പാട്….അത് അനുഭവിച്ച് തന്നെ അറിയണം…എനിക്ക് വിക്ക് ഉണ്ടോ എന്ന് അവൾ സംശയിച്ചു കാണും…
ചുറ്റും കൂടി നിൽപ്പുണ്ടായിരുന്ന ആളുകളെ നോക്കി അവൾ എന്നോട് പറഞ്ഞു
“നീ ഇപ്പോൾ പോയിക്കോ…ഞാൻ പിന്നെ പറയാം”
എവിടെയോ ഒരു സ്പാർക്ക് എന്നിൽ കത്തി.ഞാൻ പറഞ്ഞു
“ഉം..ശരി..പക്ഷേ മറുപടി എനിക്ക് ഉടനെ തന്നെ കിട്ടണം”കാത്ത് നിൽക്കാൻ സമയമില്ലല്ലോ..
അങ്ങിനെ എന്റെ “കാമുകി” നടന്ന് പോകുന്നത് ഞാൻ നോക്കി നിന്നു.ആ സമയം എനിക്ക് ചുറ്റും വെള്ളവസ്ത്രമണിഞ്ഞ മാലാഖമാർ ന്രത്തം ചെയ്യുന്നു…ഇളയരാജയുടെ സിംഫണി അകമ്പടിയായി…ചിത്രയുടെ ഹമ്മിംങ്ങും അതിനോടൊപ്പം…..അങ്ങിനെ അതിൽ മുഴുകി നിൽക്കുമ്പോൾ പെട്ടന്ന് മാലാഖമാർ ചെകുത്താന്മാർ ആയതുപോലെ….സിംഫണിയിൽ അപശ്രുതി ചേർന്നത് പോലെ….ചിത്ര കൂക്കിവിളിക്കുന്നതു പോലെ.കാര്യമെന്തെന്ന് വച്ചാൽ അപ്പോഴാണ് ഞാൻ മേമ്മയെ പറ്റി ചിന്തിച്ചത്.ഓടി അവളുടെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു.
“ഞാൻ ഈ പറഞ്ഞ കാര്യം മീനു മേമ്മയോട് പറയരുത്…ഇത്….ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി”
“ശരി നോക്കട്ടെ..” അവൾ മറുപടി മൊഴിഞ്ഞു.
എന്റമ്മച്ചി…അവൾ പറയുമോ….പറയില്ലായിരിക്കും…അതോ….
പെട്ടന്ന് തന്നെ ഞാൻ ചെന്ന് മേമ്മയുടെ വീട്ടിലേയ്ക്ക് വിളിച്ചു.
“മേമ്മേ…അവിടെ കുറെ ഡയറി ഇരുപ്പില്ലേ…? എനിക്ക് ഓട്ടോഗ്രാഫ് എഴുതാനായി ഒരെണ്ണം വേണമായിരുന്നു.നാളെ മീനുവിന്റെ കൈവശം കൊടുത്തയച്ചാൽ മതി.”
മീനുവിനോട് സംസാരിക്കാൻ പറ്റിയ ഒരവസരം ഞാൻ തന്നെ ഒരുക്കുകയായിരുന്നു.പിറ്റേ ദിവസം പറഞ്ഞ പോലെ തന്നെ മീനു ഡയറിയുമായി എന്റെ അടുത്ത് വന്നു.ഡയറി എനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു.
“അത് എന്റെ ഓട്ടോഗ്രാഫ് ആണ്.മീനു എന്തെങ്കിലും അതിൽ എഴുതിയിട്ട് എനിക്ക് തന്നാൽ മതി”
കുറച്ച് കഴിഞ്ഞ് അവൾ എനിക്ക് ആ ഡയറി തിരിച്ച് തന്നു.അതിൽ ഇങ്ങിനെ എഴുതിയിരുന്നു.
“Dear brother
Friendship is a flower in the garden of life.
By your Sister Meenu.”
മനസ്സ് ചത്തു.ഇനി അവളുടെ പിന്നാലെ നടക്കുന്നത് ഒരു ആണിന് യോജിച്ചതല്ല എന്ന് തോന്നി . ഒ കെ സിസ്റ്റർ… ലാത്സലാം പറഞ്ഞ് ഞാൻ സ്കൂട്ടായി.
പിന്നീട് കുറച്ച് നാൾ കഴിഞ്ഞതിന് ശേഷം മേമ്മയും അമ്മയും സഹോദരിമാരും എല്ലവരും ചേർന്ന് മേമ്മയുടെ വീട്ടിൽ ലാത്തിയടിയാണ്.കൂട്ടത്തിൽ മീനുവിന്റെ കാര്യവും…വരാന്തയിലിരുന്ന് പേപ്പർ വയിക്കുകയായിരുന്ന ഞാൻ കാത് അങ്ങോട്ട് കൂർപ്പിച്ചു.
“മീനുവിന്റെ പുറകെ കുറെ ചെക്കന്മാർ നടക്കുന്നുണ്ടത്രേ..!!!“
ഇത് പറഞ്ഞ് മേമ്മ എന്നെ ഒരു നോട്ടം…എന്റെ ചങ്കിൽ നിന്ന് മൂന്ന്-നാല് കിളികൾ പറന്ന് അപ്പുറത്തെ മരക്കൊമ്പിൽ പോയിരുന്ന് ചിലച്ചു.
“അവൾക്ക് എന്ത് ഭംഗിയുണ്ടായിട്ടാ ഈ പിള്ളേർ അവളുടെ പുറകെ നടക്കുന്നതെന്ന് എനിക്കറിയാൻ പാടില്ല” മേമ്മ പറഞ്ഞ് കൈ മലർത്തി.കിളികളെ പറത്താൻ വേണ്ടി മേമ്മ എന്നെ വീണ്ടും നോക്കി.
കർത്താവേ ഈ മീനു എല്ലാ കാര്യവും മേമ്മയോട് പറഞ്ഞിരിക്കുമോ….?മനസ്സിൽ ഒരായിരം ചിന്തകൾ കുമിഞ്ഞു കൂടി.വിശ്വാസ വഞ്ചന ഒരു പെണ്ണ് കാണിക്കുമോ?ലാത്തിയടിയൊക്കെ കഴിഞ്ഞപ്പോൾ ഞാൻ ഇരുന്ന് ടി വി കാണുകയാണ്.കൂടെ എന്റെ കസിൻസും ഉണ്ട്.പാരഗൺ ഹവായ് ചപ്പലിന്റെ പരസ്യം വന്നു.അവരുടെ മുന്നിൽ വച്ച് ടി വിയിൽ ചൂണ്ടിക്കാണിച്ച് മേമ്മ എന്നോട് ഒരു ചോദ്യം!!!
“ഇവളാണോ ഷക്കീല….!!!!!?????”
എന്റെ ദൈവമേ…ഇടിത്തീ പോലെയുള്ള ചോദ്യം….(ഷക്കീല തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്ന സമയമാണത്) ഇതല്ല ഷക്കീല എന്ന് ഞാൻ പറഞ്ഞാൽ മേമ്മയ്ക്ക് മനസ്സിലാവും എനിക്ക് ഷക്കീലയെ അറിയാമെന്ന്.രണ്ട് നിമിഷം ഞാൻ ആലോചിച്ചു.കസിൻസ് എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുകയാണ്.എനിക്ക് മനസ്സിലായി.മീനു എല്ലാം മേമ്മയോട് പറഞ്ഞിരിക്കുന്നു.എന്നെ പരീക്ഷിക്കാനുള്ള പുറപ്പാടിലാണ് മേമ്മ.മേമ്മയുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.
“ആ…എനിക്കറിയില്ല…”
“ഉം.......ശരി…..”എന്ന് ആക്കികൊണ്ട് മേമ്മ കടന്ന് പോയി.തൽക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു.ഷക്കീലയെ അറിയാത്ത ഒരു മഹാൻ….എന്ന് ചിന്തിച്ച് കൊണ്ട് കസിൻസ് എന്നെതന്നെ നോക്കിയിരിക്കുന്നു.അവരുടെ മുഖത്ത് നോക്കി നവരസങ്ങൾ വിരിയിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പോയി.
തൊട്ടടുത്ത് മീനുവിന്റെ വീടാണെന്ന് ഞാൻ പറഞ്ഞില്ലെ…കുറച്ച് കഴിഞ്ഞപ്പോൾ മീനുവിന്റെ അനിയൻ ഓടി വന്ന് എന്റെ അടുത്ത് പറഞ്ഞു
“ചേട്ടാ ഒരു പാമ്പ്….അവിടെ ഞങ്ങളുടെ ചെമ്പകമരത്തിൽ….”
എന്റെ പൊന്നേ തീർന്നു…ഇനി അതിന്റെ കൂടി കുറവുണ്ടായിരുന്നുള്ളു…ഒന്ന് ആലോചിക്കാൻ കൂടി അവനെനിക്ക് സമയം തന്നില്ല.എന്റെ കൈയ്യും പിടിച്ച് വലിച്ച് അവൻ എന്നെ കൊണ്ട് പോയി.പാമ്പ് മരത്തിന്റെ മുകളിലാണെന്ന് തോന്നുന്നു.അവിടെ ചെന്നപ്പോൾ മീനുവും അവളുടെ അമ്മയും മുകളിലേയ്ക്ക് നോക്കി നിൽക്കുന്നുണ്ട്.അവർ പ്രതീക്ഷയോട് കൂടി എന്നെ നോക്കി.ഞാൻ ദയനീയമായി പാമ്പിനെ നോക്കി.അപ്പോൾ സമാധാനമായി.പാമ്പ് തീരെ ചെറുതാണ്.ഏതോ ചേരയുടെ കുഞ്ഞ് പ്രായപൂർത്തിയാകാതെ പെറ്റതാണെന്ന് തോന്നുന്നു.കുഴപ്പമില്ല…ഞാൻ ഒരു വലിയ പട്ടവടിയെടുത്ത് അതിനെ തല്ലി.ആദ്യത്തെ അടിയൊന്നും കൊണ്ടില്ല.പാമ്പ് എന്നെ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു.ഞാൻ വകവച്ചില്ല.കണ്ണും പൂട്ടി തലങ്ങും വിലങ്ങും അടിച്ചു.ബഹളം കേട്ട് മേമ്മ പുറത്ത് വന്നു.ഞാൻ ഒരു പോരാളിയെ പോലെ പാമ്പിനെ തല്ലികൊന്ന് അങ്ങിനെ നിൽക്കുകയാണ്.
“മീനു നിനക്കിത് തന്നെ വേണം.എന്നെ പോലെയുള്ള ഒരു ധീരന്റെ സ്നേഹം നീ തട്ടിത്തെറിപ്പിച്ചതല്ലേ” ഞാൻ ആത്മഗതം ചെയ്തു.എന്നിട്ട് അവളെ കാണിക്കാൻ വേണ്ടി ഞാൻ ആ പാമ്പിനെ വടിയിൽ കോരിയെടുത്തു.
“ചെറുതാണെന്നുന്നും നോക്കണ്ട…കൂടിയ ഇനത്തിൽ പെട്ടതാണെന്നാ തോന്നുന്നേ..” ഞാൻ പറഞ്ഞു.നമ്മൾ അങ്ങിനെയൊന്നും ചെറുതാവാൻ പാടില്ലല്ലോ..
എടുത്ത വഴിയ്ക്ക് മേമ്മ എന്റെ വായയ്ക്ക് ക്ലിപ്പ് ഇട്ടു.ഉയർത്തിപിടിച്ച വടിയിൽ നോക്കി മേമ്മ പറഞ്ഞു.
“ഏയ് ഇതേതോ നീർക്കോലിയാണെന്നാ തോന്നുന്നെ....നീ ആദ്യമായിട്ടാണല്ലേ പാമ്പിനെ കൊല്ലുന്നേ…അതായിരിക്കും നിന്റെ കൈ വിറയ്ക്കുന്നത്…പാമ്പിനെ പേടിയാ അല്ലേ….?
ശ്ശോ…ഈ മേമ്മ…മനുഷ്യന്റെ ഉള്ള വില കളയും..
“ഏയ് ആദ്യമായിട്ടൊന്നുമല്ല …“ ഞാൻ പ്രതികരിച്ചു.
“ഉം..ഉം…എനിക്കറിയാം…നീ നുണയൊന്നു പറയണ്ട…” മേമ്മ പറഞ്ഞു.
ഞാൻ മീനുവിനെ നോക്കി.അവൾ വാ പൊത്തി നിന്ന് ചിരിക്കുകയാണ്.
ഉം..ഉം…ചിരിച്ചോ..ചിരിച്ചോ..ഞാൻ വന്നില്ലെങ്കിൽ കാണാമായിരുന്നു” (പിന്നേ വന്നില്ലെങ്കിൽ പാമ്പ് അവരെ പിടിച്ച് വിഴുങ്ങിയേനേ…)
എനിക്കുറപ്പായി മീനു എല്ലാം മേമ്മയോട് പറഞ്ഞിരിക്കുന്നു.അത് കൊണ്ടാ മേമ്മ എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്.
കുറച്ച് നാൾ കഴിഞ്ഞ് ഞാനൊരു വാരികയിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട് അമ്മയോട് ഫലിതരൂപത്തിൽ പറഞ്ഞു
“അമ്മേ നല്ല ഭംഗിയുള്ള പെൺകുട്ടി…ഇവളെ ഞാൻ അങ്ങ് കെട്ടിയാലോ..?”
ഉടനെ എടുത്ത വഴി അമ്മയുടെ മറുപടി
“നീ മിണ്ടാതെ ഒരിടത്ത് പോയിരുന്നോ..എന്നോട് മേമ്മ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ..ആ..ഹാ..എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കണ്ട..”
എന്റെ ദൈവമേ ഇത് തീർന്നില്ലേ…ഞാൻ അത് പണ്ടേ ഉപേക്ഷിച്ചതാണല്ലോ…..ഇപ്പോൾ എല്ലാകാര്യവും വ്യക്തമായി.മീനു എല്ലാം മേമ്മയോട് പറഞ്ഞിരിക്കുന്നു.വഞ്ചകി…അവളെ സ്നേഹിക്കാതിരുന്നത് നന്നായി (ഇത് തന്നെയാണോ..പണ്ട് ആ കുറുക്കൻ ആ മുന്തിരിയെ നോക്കി പറഞ്ഞത്….!!!???).
ഈ അനുഭവക്കുറിപ്പുകൾ ഞാൻ എന്റെ മേമ്മയ്ക്ക് സമർപ്പിക്കുന്നു.ശരിക്കും ഇതിൽ മേമ്മയല്ലേ താരം....??
ReplyDeleteശരിയാ... അവളെ സ്നേഹിയ്ക്കാതിരുന്നത് നന്നായി (ഇനിയിപ്പോ അങ്ങനെ പറഞ്ഞ് സമാധാനിയ്ക്കാം)
ReplyDeleteഎന്നാലും ഇഷ്ടമല്ലെങ്കില്‍ വേണ്ട, അവള്‍ മേമ്മയോട് പറഞ്ഞ് നാണം കെടുത്തേണ്ടിയിരുന്നില്ല. (ഒന്ന് ഭീഷണിപ്പെടുത്തി വിട്ടാല് മതിയായിരുന്നു)
;)
മേമ്മ തന്നെ താരം. സംശയമില്ല
ഇതു തന്നയാ ആ കുറുക്കന്‍ അന്ന് മുന്തിരി വള്ളി നോക്കി പറഞ്ഞത്. ഏതായാലും മേമ്മ ഇതു നാട്ടില്‍ മൊത്തം പാട്ടാക്കിയല്ലോ..പിന്നെ കുറുക്കന്‍ ചിന്തിച്ച പോലെ ചിന്തിക്കുന്നത് തന്നെയാ നല്ലത്
ReplyDeleteശ്രീ:ഉം..ഭീഷണിപ്പെടുത്താൻ ഇങ്ങോട്ട് വരട്ടെ..ഞാൻ ആരാ മോൻ എന്ന് കാണിച്ച് കൊടുക്കാം...
ReplyDeleteഹംസ:തീർച്ചയായും അത് തന്നെയാ നല്ലതെന്നു എനിക്കും തോന്നാതിരുന്നില്ല.എല്ലാവർക്കും നന്ദി.
മോനേ ഡെല്ലു അവള് തല്ലിയതു കൂടി ചേര്കാമായിരുന്നു...........
ReplyDeleteഅതെ ഇതു തന്നെയാണ് കുറുക്കൻ മുന്തിരിവള്ളി നോക്കി പറഞ്ഞത്
ReplyDeleteഎന്നാലും അവള്‍ അങ്ങിനെ ചെയ്തു കളഞ്ഞല്ലോ .. പാവം കുറുക്കന്‍ അല്ല തൂവലാന്‍ !!
ReplyDeleteമോനെ കീരപ്പാ...ഇതിൽ പറഞ്ഞിരിക്കുന്നാ കസിൻസിൽ നീയും ഉണ്ടെന്നാ എനിക്ക് തൊന്നുന്നേ..ആരൊക്കെയാ എന്റെ കൂടെ ഉണ്ടായവർ എന്ന് ഞാൻ ശരിക്കും ഓർക്കുന്നില്ല.ഈ മേമ്മയെ നിനക്ക് പിടികിട്ടിയൊ?മീനുവിനെ പിടി കിട്ടിയൊ...?ഞാൻ അവളുടെ പേര് മാറ്റിയതാ...!!! എന്തിനാ ഇപ്പോൾ സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന അവളെ ഞാൻ വെറുതെ.....
ReplyDeleteഎറക്കാടാ പണ്ട് ആ കുറുക്കൻ അങ്ങിനെ പറഞ്ഞത് നേര്.പക്ഷെ ഒരു വർഷം മുൻപ് അവളുടെ വിവാഹം കഴിഞ്ഞു.അതൊരു പ്രണയ വിവാഹമായിരുന്നു.അപ്പോഴാ എനിക്ക് മനസ്സിലായത് ആ മുന്തിരി വെറെ ആൾ നനച്ച് വളർത്തി കൊണ്ട് വന്നതാണെന്ന്.അതിൽ നോട്ടം വെയ്ക്കാൻ കൂടി അവൾ സമ്മതിച്ചില്ല.അല്ലാതെ ഞാൻ മോശമായിട്ടല്ല കെട്ടോ...!!!
ReplyDeleteതെച്ചിക്കോടാ...എനിക്ക് അതിൽ പ്രശ്നമൊന്നുമില്ല കെട്ടോ.എന്നാലും അവള്‍ അങ്ങിനെ ചെയ്തു കളഞ്ഞല്ലോ....
ReplyDeleteപാവം തൂവലാന്‍ :(
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു കവിതയുടെ ചെറിയ കഷണം സമർപ്പിക്കുന്നു. ഭ്രമമാണു പ്രണയം...വെറും ഭ്രമം വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്പടിക സ്ധം.........................
ReplyDelete