Monday, March 15, 2010

കഥയുടെ കാണാപുറങ്ങൾ

ജീവിതത്തിന്റെ നിറം ചാലിച്ച് മോടി പിടിപ്പിച്ച കൌമാരകാലത്ത് നിന്നും വളരെ പേടിയോടും,ഗൌരവത്തോടും കൂടി നോക്കി നിന്ന യൌവനകാലം!പഠിപ്പെല്ലാം പൂർത്തിയാ‍ക്കി ആ കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ നഷ്ടപ്രണയത്തിന്റെ വിങ്ങലിൽ തേങ്ങിക്കരഞ്ഞ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി വീശിയ ആ ഇളംകാറ്റും എന്നോടൊപ്പം കരയുകയായിരുന്നു…തുരുമ്പ് പിടിച്ച ഒഴിഞ്ഞ തകരപ്പാട്ട പോലെ എന്നെയും എന്റെ പ്രണയത്തെയും പുറംകാൽ കൊണ്ട് തട്ടിതെറിപ്പിച്ച് “ശിവേട്ടാ…എനിക്ക് എന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ കഴിയില്ല” എന്നും പറഞ്ഞ് കണ്ണീർ പൊഴിച്ച് എന്റെ മുൻപിൽ നിന്ന് മാഞ്ഞ് പോയ ലതയെ ഞാൻ “വഞ്ചകി” എന്ന് വിളിക്കണമോ?ഞാൻ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണെന്ന് തോന്നിച്ച നിമിഷം ലത എന്റെ മുൻപിൽ വന്ന് “എനിക്ക് ശിവേട്ടനെ ഇഷ്ടമാണ്” എന്ന് പറഞ്ഞ നിമിഷമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സ്ത്രീ ലത തന്നെയാണെന്ന് ആ രണ്ട് വർഷകാലയളവിനുള്ളിൽ എനിക്ക് പൂർണ്ണമായി ബോധ്യം വന്നിരുന്നു.ഇനിയൊരിക്കലും എന്നെ ഇത്രയും മനസ്സിലാക്കാൻ കഴിവുള്ള സ്ത്രീ എന്റെ ജീവിതത്തിലുണ്ടാവുകയില്ല…


കലാലയ ജീവിതം എനിക്ക് സമ്മാനിച്ചത് ഒരു കൂട്ടം നല്ല സുഹ്രത്തുക്കളെയാണ്. അങ്ങിനെയുള്ള സുഹ്രത്തുക്കളിൽ ഞാൻ ഏറ്റവും കൂടുതൽ മനസ്സോട് ചേർത്ത് നിർത്തിയത് അവനെയായിരുന്നു സ്വാമിനാഥൻ.അവനാണ് ഈ കഥയിലെ നായകൻ! ഞങ്ങളുടെ ഐക്യം കണ്ട് “ഇരട്ട പെറ്റവർ” എന്ന് കോളേജിൽ പലരും ഞങ്ങളെ കളിയാക്കി വിളിച്ചിട്ടുണ്ട്. അതെ, എനിക്ക് ജനിക്കാതെ പോയ എന്റെ കൂടപ്പിറപ്പായിരുന്നു സ്വാമിനാഥൻ.ഒരുപാട് കഥകളും,കവിതകളും വായിക്കുകയും എഴുതുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു അവൻ.പ്രസംഗ കലയിലെ അവന്റെ ചാതുര്യം ഞാനുൾപ്പടെയുള്ള പലരിലും അസൂയയും,ആശ്ചര്യവും ഉളവാക്കിയിട്ടുണ്ട്.ഇതേ ആശ്ചര്യമായിരുന്നു ഇന്ദുവിനെയും സ്വാമിനാഥനിലേയ്ക്ക് അടുപ്പിക്കാനുണ്ടായ കാരണവും.ഇന്ദു,അവളെ ഞാൻ പരിചയപ്പെടുത്താം.അവളാണ് ഈ കഥയിലെ നായിക.മഴയെ വളരെയധികം സ്നേഹിക്കുന്ന ഇന്ദു!ഒരു ചെറിയ മഴ പെയ്താൽ അവൾ ഉടനെ മുറ്റത്തേയ്ക്കിറങ്ങി മഴ നനയും!!അവളുടെ വിടർന്ന് കണ്ണുകളിൽ തത്തിക്കളിക്കുന്ന മഴത്തുള്ളികളാൽ അവൾ കൂടുതൽ സുന്ദരിയാകും. ഇന്ദുവും ഞാനുമായി ചെറിയ ബന്ധമുണ്ട്.ചെറുതൊന്നുമല്ല,വലുത് തന്നെ.എന്റെ അമ്മാവന്റെ മകളാണവൾ.എന്റെ മുറപ്പെണ്ണ്!!!പക്ഷേ ഞങ്ങൾ തമ്മിൽ മുറപ്പെണ്ണ് മുറച്ചെറുക്കൻ ബന്ധമായിരുന്നില്ല.മറിച്ച് ഒരു ജേഷ്ഠൻ അനുജത്തി ബന്ധമായിരുന്നു.സ്വാമിനാഥൻ എന്റെ കൂടെയില്ലാത്ത സമയങ്ങളിൽ എന്നോടുള്ള സ്വാതന്ത്ര്യമെടുത്ത് ഇന്ദു വാലു പോലെ എന്റെ പിറകെ നടന്ന് സ്വാമിനാഥനെക്കുറിച്ച് ചോദിക്കുമായിരുന്നു.

“ശിവേട്ടാ…ശിവേട്ടാ…സ്വാമിയേട്ടനെവിടെ?സ്വാമിയേട്ടൻ അങ്ങിനെയാണോ?സ്വാമിയേട്ടൻ ഇങ്ങിനെയാണോ?സ്വാമിയേട്ടനോട് സിഗററ്റ് വലി നിറുത്താൻ പറയണം” എന്നിങ്ങനെയൊക്കെ.ഒരിക്കൽ സഹികെട്ട് ചോദ്യശരങ്ങൾക്കിടയിൽ ഞാൻ അവളോട് ചോദിച്ചു.

“നിനക്കെന്താ അവനോട് പ്രേമമാണോ?”

അവളുടെ ചോദ്യങ്ങളെല്ലാം പെട്ടന്ന് നിലച്ചു.കണ്ണുകൾ വിടർന്നു.

“ചോദിച്ചത് കേട്ടില്ലേ…നിനക്കവനോട് പ്രേമമാണോന്ന്..?” ഞാൻ ശബ്ദമുയർത്തി ഒരിക്കൽ കൂടി അവളോട് ചോദിച്ചു.

ഒരു നിമിഷം മൌനം.പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.വിങ്ങിക്കരയുന്നതിനിടയിൽ അവൾ പറഞ്ഞു.

“നിക്ക് സ്വാമ്യേട്ടനെ ഇഷ്ടാ..ന്റെ ജീവനേക്കാളും..”അവൾ രണ്ട് കൈകൾ കൊണ്ട് മുഖം പൊത്തി കരഞ്ഞു. ആ നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിൽക്കുകയായിരുന്നു.സാവധാനം ഞാൻ അവളുടെ തോളത്ത് തട്ടി ആശ്വസിപ്പിച്ചു.

“ഇന്ദൂ..കരയാതെ…ആരെങ്കിലും കാണും…കണ്ണ് തുടയ്ക്കൂ…”

ഷാളുകൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് അവൾ പറഞ്ഞു.

“സത്യാ ശിവേട്ടാ…നിയ്ക്ക് സ്വാമ്യേട്ടനെ ഏത് നേരോം കാണണമെന്ന് തോന്നാ..സ്വാമ്യേട്ടനില്ലാതെ നിയ്ക്ക്….”
അവളുടെ വാക്കുകളെ മുറിച്ച് ഇടയ്ക്ക് കയറി ഞാൻ പറഞ്ഞു.

“മോളെ, ഇന്ദൂ ഇത് നിന്റെ അച്ഛനറിഞ്ഞാൽ,മാധവമാമ്മയോട് ഞാൻ എന്ത് പറയും?ഞാനൊക്കെ ഇവിടെയുണ്ടെന്ന ധൈര്യത്തിലാ അവർ…എന്നെ നീ ധർമ്മസങ്കടത്തിലാക്കല്ലെ ഇന്ദൂ…ഇക്കാര്യം സ്വാമിനാഥന് അറിയോ…?”

“ഇല്ല …അറിയാൻ വഴിയില്ല…ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല”അവൾ മറുപടി പറഞ്ഞു.

‘ഇനി അറിയുമ്പോൾ നിന്നെ ഇഷ്ടല്ലാന്ന് പറഞ്ഞാൽ” ഞാൻ ആശങ്കയോട് കൂടി ചോദിച്ചു.

“ഇഷടല്ലാന്ന് പറഞ്ഞാൽ…. ഇഷടല്ലാന്ന് പറഞ്ഞാൽ….ഇല്ല…സ്വാമ്യേട്ടൻ അങ്ങിനെ പറയില്ല.നിയ്ക്കുറപ്പാ…ശിവേട്ടൻ ഒന്ന് സംസാരിച്ചാൽ മതി..സംസാരിക്കോ..”? അവൾ ചോദിച്ചു.ആ സമയം അവലുടെ പ്രണയത്തിന്റെ തീവ്രത ഞാൻ മനസ്സിലാക്കുകയായിരുന്നു.

“ഉം..ശരി..ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ…നീ ഇപ്പോൾ പൊയ്ക്കോ..”

ഞാനവളെ സമാധാനിപ്പിച്ച് തിരിച്ചയച്ചു.വൈകീട്ട് ഈ കാര്യത്തെക്കുറിച്ച് സ്വാമിനാഥനോട് ഞാൻ സംസാരിക്കുമ്പോൾ അവന്റെ മുഖത്ത് ഭാവമാറ്റമൊന്നും ഞാൻ കണ്ടില്ല.എല്ലാം അറിയാമായിരുന്നത് പോലെ.എല്ലാം കേട്ട് അവൻ പറഞ്ഞു.

“ശിവാ…ഇന്ദു കുറച്ച് നാളുകളായി എന്റെ മനസ്സിനെ അസ്വസ്ഥമാക്കുകയായിരുന്നു.അവൾ എന്നോട് സംസാരിക്കുന്ന ഓരോ വാക്കിലും എത്രത്തോളം പ്രണയം അടങ്ങിയിട്ടുണ്ടന്ന് ഞാനറിയുന്നുണ്ടായിരുന്നു.ജീ‍വിതത്തിലെ വഴിയാത്രക്കിടയിൽ ഏകനായിപ്പോയ നിശാചാരിയുടെ കൈയ്യിൽ കിട്ടിയ വിളക്കാണ് എനിക്കവൾ.ആ വിളക്ക് അണയാതെ ഞാൻ സൂക്ഷിച്ചോളാം…നീ സമ്മതിക്കുമെങ്കിൽ…” ഇതും പറഞ്ഞ് അവന്റെ വലതു കരം എന്റെ ഇടംനെഞ്ചിനോട് ചേർത്ത് വച്ചു.

അവന്റെ കൈ എന്റെ രണ്ട് കൈകൾ കൊണ്ടും പിടിച്ച് ഞാൻ പറഞ്ഞു.

“ഇന്ദുവിന് കിട്ടിയ പുണ്ണ്യമാണ് നീ”

* * * * * * * *

സ്വാമിനാഥന് അതു പ്രണയത്തിന്റെ നീറ്റലും,സുഖവും,പാരവശ്യവും അനുഭവിച്ച കാലഘട്ടമായിരുന്നു.ഇന്ദുവിനെ കാണാത അവന് നാലഞ്ച് ദിവസങ്ങൾക്കപ്പുറം കഴിയാൻ വയ്യ!ആഴ്ചയിലൊരിക്കൽ അവളോട് ഒന്ന് സംസാരിച്ചില്ലെങ്കിൽ,അവളുടെ ഒരു കത്ത് കിട്ടിയില്ലെങ്കിൽ ജീവിതം ഇരുൾ നിറഞ്ഞത് പോലെ!!പലപ്പോഴും അവർക്കിടയിലുള്ള കത്തിടപാടുകൾക്ക് മദ്ധ്യസ്ഥം വഹിച്ചത് ഞാനായിരുന്നു.പ്രണയത്തിന്റെ ഉച്ചസ്ഥായിയിൽ സ്വാമിനാഥൻ ഇന്ദുവിന് എഴുതി.

“കുന്നിൻ ചെരുവിൽ നിന്നും ഇറങ്ങി വരുന്ന സുന്ദരീ…എനിക്ക് എല്ലാറ്റിനോടും അസൂയയാണ്.നിന്നെ ഗാഡ്ഡമായി ആലിംഗനം ചെയ്ത് നിന്റെ അരികിൽ കുറ്റബോധത്തോറ്റെ പരുങ്ങി നിൽക്കുന്ന ആ തൂവൽ തെന്നലിനോട്….നിന്നെ ചുംബിക്കാൻ ഭൂമിയിലേയ്ക്ക് ഇറങ്ങി വരുന്ന ആ മഴത്തുള്ളുകളോട്….നിന്നെ സ്പർശിക്കുന്ന നിന്റെ ഉടയാടകളോട്…..എനിക്ക് മാത്രമുള്ള ചുംബനങ്ങൾ കവർന്നെടുക്കുന്ന നിന്റെ തലയിണകളോട്….”

ഇന്ദുവിനോടുള്ള പ്രണയം ഒരു മുല്ലമൊട്ട് പോലെ വിടർന്ന് പന്തലിച്ച് സ്വാമിനാഥന്റെ ജീവിതത്തിൽ പൂത്തുനിൽക്കുന്ന ഒരു വസന്തമായി തീരുകയായിരുന്നു.കോളേജിലെ വരാന്തകളിലും,ആൽമരചുവട്ടിലും,ബസ്റ്റോപ്പുകളിലും പ്രക്രതി അവർക്ക് വേണ്ടി ആ വസന്തം വിരിയിച്ചു.അവരുടെ പ്രണയം കൺകുളിർക്കെ കണ്ട ആൽമരത്തിന്റെ ഹ്രദയം തരളിതമായത് കൊണ്ടാകാം വാർദ്ധക്യം അതിനെ പിടികൂടാത്തത്!കണ്ടിട്ടും കണ്ട് തീരാതെ,പറഞ്ഞിട്ടും പറഞ്ഞ് തീരാതെ രണ്ട് വർഷകാലം അങ്ങിനെ കടന്ന് പോയി.പെട്ടന്നാണ് തുടച്ച് മിനുക്കി വച്ച പളുങ്ക് പാത്രം താഴെ വീണുടഞ്ഞത് പോലെ എല്ലാം തകർന്നുടഞ്ഞത്.ഇന്ദുവും സ്വാമിനാഥനുമായുള്ള ബന്ധം വീട്ടിലറിഞ്ഞു. ഇന്ദുവിന്റെ പുസ്തകത്തിൽ നിന്നും സ്വാമിനാഥന്റെ കത്തും ഒരു ഫോട്ടോയും മാധവമാമ്മ കണ്ടെടുത്തു.അത് വലിയ സങ്കീർണ്ണപ്രശ്നമായി.മാധവമാമ്മയോട് എതിർത്ത് സംസാരിച്ച ഇന്ദുവിനെ മാധവമാമ്മ തലങ്ങും വിലങ്ങും അടിച്ചു.അവളുടെ പഠനം നിർത്തി.ശരിക്കും പറഞ്ഞാൽ ഇന്ദു വീട്ടുതടങ്കലിൽ ആയി.പക്ഷേ എന്റെ ചാരപ്രവർത്തി മാധവമാമ്മ അറിഞ്ഞിരുന്നില്ല.സ്വാമിനാഥൻ അവളെ കാണാതെ ചിത്തഭ്രമം ബാധിച്ചവനെ പോലെയായി.മാധവമാമ്മ ഇന്ദുവിന് വേറെ വിവാഹം ഉറപ്പിച്ചു.അത് ഏകദേശം നടക്കുമെന്ന് ഉറപ്പായപ്പോൾ ഇന്ദു സ്വാമിനാഥന്റെ കൂടെ ഇറങ്ങിപ്പോയി രജിസ്റ്റർ വിവാഹം ചെയ്തു. ഈ വിവാഹത്തിനും എന്റെ എല്ലാ വിധ സഹായസഹകരണങ്ങളുണ്ടായിരുന്നു.

ഒളിച്ചോട്ടം നാട്ടിലും വീട്ടിലും വലിയ ഒച്ചപ്പാടുണ്ടാക്കി.നാലുപാടും അവരെ അന്വേഷിച്ച് അളുകൾ പോയി.പക്ഷേ പോയവരെല്ലാം നിരാശയോട് കൂടി തിരിച്ച് വന്നു.ഈ സംഭവമെല്ലാം നാട്ടുകാരുടെ ഇടയിൽ നിന്നും കേട്ടറിഞ്ഞ ആളെന്നനിലയിൽ ഞാൻ മാധവമാമ്മയുടെ വീട്ടിലെത്തി.എന്റെ കള്ളമെല്ലാം പൊളിഞ്ഞിരിക്കുമോ എന്നൊരു ഭയവും എനിക്കുണ്ടായിരുന്നു.അമ്മായി എന്നെ അമ്മാവന്റെ മുറിയിലേയ്ക്ക് കൊണ്ട് പോയി.മുറിയിലെ കട്ടിലിൽ തന്റെ മനസ്സിനെ വേറെയെവിടെയോ മേയാൻ വിട്ട് ജനാലയിലൂടെ പുറത്തേയ്ക്ക് കണ്ണും നട്ട് കിടക്കുകയാണ് മാധവമാമ്മ.ഞാൻ ചെന്ന് അമ്മാവന്റെ അടുത്തിരുന്നു.പുറത്ത് ചെറുതായി ചാറ്റൽമഴ പെയ്ത് തുടങ്ങിയിരുന്നു.ജനലിലൂടെ നേർത്ത വെള്ളത്തുള്ളിയുമായി വന്ന ഇളം കാറ്റ് മാധവമാമ്മയുടെ മുഖത്ത് വീശിയപ്പോൾ അദ്ദേഹം ഓർമ്മകളിൽ നിന്നും ഉണർന്നത് പോലെ എനിയ്ക്ക് തോന്നി.പക്ഷേ എന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ അദ്ദേഹം വീണ്ടും അവിടെ തന്നെ കിടക്കുകയാണ്.പതിയെ ഞാൻ ഇന്ദുവിനെ കുറ്റപ്പെടുത്തി സംസാരിച്ച് തുടങ്ങി.അവസാനം എല്ലാം മറക്കാൻ പറഞ്ഞ് മാധവമാമ്മയെ ആശ്വസിപ്പിച്ച് ഞാൻ എന്റെ സംസാരം അവസാനിപ്പിച്ചു.പെട്ടന്ന് മാധവമാമ്മ തിരിഞ്ഞ് എന്റെ ചുമലിലേയ്ക്ക് വീണ് തേങ്ങിക്കരഞ്ഞു.ഞാൻ എത്ര ആശ്വസിപ്പിച്ചിട്ടും അദ്ദേഹത്തിന് തേങ്ങലടക്കാൻ കഴിഞ്ഞില്ല.

“ന്നാലും ന്റെ മോള്….അവൾക്കങ്ങിനെ തോന്നിയല്ലോടാ….
എങ്ങനെ മറക്കൂടാ ഞാൻ…മറക്കാൻ കഴിയോടാ എനിക്ക്…കഴിയിണില്ലല്ലോ ഈശ്വരാ….”


താൻ നിർലോഭമായി പകർന്ന് കൊടുത്ത സ്നേഹം തട്ടിതെറിപ്പിച്ച് കൊണ്ട് ഇന്നലെ കണ്ടവന്റെ കൂടെ അവളിറങ്ങൊപ്പോയതായിരുന്നു ആ പിതാവിന്റെ ദു:ഖം.മാധവമാമ്മയുടെ ആ കണ്ണീരിൽ നില കാണതെ ഞാൻ മുങ്ങിപ്പോയി.ആ കണ്ണീരൊഴുക്കിൽ സ്വാമിനാഥൻ എന്ന നായകനും ഇന്ദുവെന്ന നായികയും ചിന്നിച്ചിതറി ഒഴുകിപ്പോയി.മനസ്സ് കൊണ്ട് ഞാൻ മാധവമാമ്മയുടെ കാൽക്കൽ വീണ് മാപ്പിരുന്നു.
അന്ന് ഞാൻ മനസ്സിലാക്കിയ പാഠം വലുതായിരുന്നു.“മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹത്തിന് ഉപാധികളും പരിധികളുമില്ല.മക്കൾക്ക് മാതാപിതാക്കൾ കൊടുക്കുന്ന സ്നേഹം അതേപോലെ തിരിച്ച് കൊടുക്കാൻ അവർക്ക് കഴിയില്ല.”ഒരു നിമിഷം ഞാൻ ലതയെക്കുറിച്ചാലോചിച്ചു.അവളെ ഞാൻ എങ്ങിനെ വഞ്ചകി എന്ന് വിളിക്കും?ഇഷ്റ്റപ്പെട്ട പുരുഷന്റെ കൂടെ ഇറങ്ങിച്ചെന്ന ഇന്ദു തെറ്റ്കാരിയാണോ?


കുറച്ച് നാൾ കഴിഞ്ഞപ്പോൾ എന്റെ ഒരു കൂട്ടുകാരിയ്ക്ക് ഇതേപോലെ ഒരവസ്ഥ വന്നു.തീരുമാനമെടുക്കാൻ കഴിയാതെ വന്നപ്പോൾ അവൾ എന്നോട് ഉത്തരം കിട്ടാനായി ചോദിച്ചു.ഞാനെന്ത് ഉത്തരം കൊടുക്കും?കാമുകനെ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് പറയണമോ?അതോ സ്വന്തം പിതാവിന്റെ സ്നേഹം തട്ടിതെറിപ്പിക്കണമെന്ന് പറയണമോ? എനിക്കറിയില്ല!!!ആരെങ്കുലും ഒന്ന് പറഞ്ഞ് തരൂ….

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹത്തിന് ഉപാധികളും പരിധികളുമില്ല.മക്കൾക്ക് മാതാപിതാക്കൾ കൊടുക്കുന്ന സ്നേഹം അതേപോലെ തിരിച്ച് കൊടുക്കാൻ അവർക്ക് കഴിയില്ല.”
    (എ.കെ ലോഹിതദാസ് എഴുതിയ എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്പർശിച്ച വാചകം.)

    ReplyDelete
  3. തെറ്റും ശരിയും തിരുമാനിക്കെണ്ടാത് അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആയിരിക്കണം.
    സ്നേഹം ഒരിക്കലും തെറ്റാകുന്നില്ല,
    അത് കമുകിയോടായാലും മാതാപിതാക്കളോടായാലും.
    പക്ഷെ സമുഹവും കുടുമ്പവുമൊക്കെ നമ്മുടെ ജിവിതത്തിന്റെ ഭാഗം തന്നെയാണ്......

    ReplyDelete
  4. റാംജി മാഷ് പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു

    ReplyDelete
  5. കാമുകനായാല്‍ വീട്ടുകാര്‍ കൂതറ ,
    ആങ്ങള ആയാല്‍ കാമുകന്‍ കൂതറ,
    അച്ഛനായാല്‍.......(അതെനിക്കറിഞ്ഞൂടാ)

    ReplyDelete
  6. പ്രണയം അത്രയ്ക്കു ഗാഢം ആണെങ്കിൽ കാമുകീ കാമുകന്മാർ (പ്രായപൂർത്തി ആയവർ)വീട്ടുകാരെ എതിർത്തും വിവാഹം കഴിക്കുന്നതാണ് നല്ലത്.

    അല്ലെങ്കിൽ വീട്ടുകാർ പിന്നീട് കെട്ടിയേൽ‌പ്പിക്കുന്ന ബന്ധങ്ങൾ തകർക്കുന്നത് കുറഞ്ഞത് 4 ജീവിതങ്ങൾ എങ്കിലും ആയിരിക്കും.

    അച്ഛനമ്മമാർ മക്കളോടു ക്ഷമിക്കുന്നതാണു നല്ലത് എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. അതു തന്നെയാണ് നിയമപരമായും ശരി.

    ReplyDelete
  7. മുകളിൽ കമന്റ്സ് എഴുതിയ ഒരാളും ആ പിതാവിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചതായി എനിക്ക് തോന്നിയില്ല.എല്ലാവർക്കും വേണ്ടത് പ്രണയം….!വയറ് നിറയെ പ്രണയം!! പ്രായപൂർത്തിയായിക്കഴിഞ്ഞാൽ പിന്നെ സ്വന്തം കാലിൽ നിൽക്കാമെന്നുള്ള അഹന്ത!!!ഞാൻ മുകളിൽ ആദ്യത്തെ കമന്റായി എഴുതിയ കാര്യം സത്യമാണ്.ആർക്കും മാതാപിതാക്കൾ നൽകുന്ന സ്നേഹം അതേ പോലെ തിരിച്ച് കൊടുക്കാൻ കഴിയില്ല.അത് മനസ്സിലാകണമെങ്കിൽ സാധാരണ എല്ലാവരും പറയുന്നത് പോലെ നാമും ജീവിച്ച് ജീവിച്ച് അവരുടെ പ്രായമെത്തണം.“അമരം” എന്ന ചിത്രത്തിന്റെ പിറവിയെക്കുറിച്ച് ആ ചിത്രത്തിന്റെ തിരക്കഥാക്രത്തും അന്തരിച്ചുപോയ മഹാകലാകാരനുമായ ശ്രീ.ലോഹിതദാസ് പറഞ്ഞ ചില സംഭവങ്ങളാണ് ഈ കഥയ്ക്ക് ആധാരം.അച്ചൂട്ടിയായി ആ പിതാവും,രാധാമണിയെന്ന “മുത്താ”യി ഇന്ദുവും, ചിത്രയുടെ കഥാപാത്രമായി “ലത”യും,അശോകൻ ചെയ്ത കഥപാത്രമായി “സ്വാമിനാഥനെയും” ആണ് ഞാൻ ഇതിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്.”അമരം” എന്ന ചിത്രം പറഞ്ഞത് നായകനായ മമ്മുട്ടിയുടെ ഭാഗത്ത് നിന്നാണ്.ഞാൻ ഇതിൽ പിതാവിന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല.അത് കൊണ്ട് തന്നെ ഞാൻ ഉദ്ദേശിച്ച ഫലം ഈ കഥയ്ക്ക് കിട്ടിയില്ല എന്നെനിക്ക് തോന്നുന്നു.അതിൽ ഞാൻ ലജ്ജിക്കുന്നു.

    ReplyDelete
  8. "എല്ലാവർക്കും വേണ്ടത് പ്രണയം….!വയറ് നിറയെ പ്രണയം!"

    ഇങ്ങനെ ഒരു നിഗമനത്തിലെത്തിയതെങ്ങനെ ആണ്? ആരും അച്ഛനമ്മമാരെ വേണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ. ഡെല്‍വിന്‍ സൂചിപ്പിച്ചതു പോലെ ആ സിനിമ ഈ കഥയില്‍ നിന്ന് മനസ്സിലാക്കാന്‍ എനിയ്ക്കും കഴിഞ്ഞില്ല... അതു കൊണ്ടു തന്നെ ഈ കഥ നാട്ടില്‍ നട്ക്കുന്ന വെറുമൊരു സാധാരണ കഥ മാത്രമായി മാറുന്നു. [അത് കഥാകാരന്റെയോ വായനക്കാരന്റെയോ പരാജയമാകട്ടെ. പക്ഷേ... എല്ലായിടത്തും എല്ലായ്പ്പോഴും പ്രണയിയ്ക്കുന്നവരുടെ ഭാഗമാണ് ശരിയെന്നോ മാതാപിതാക്കളുടെ ഭാഗമാണ് ശരിയെന്നോ പറയാനാകില്ലല്ലോ]. അതു കൊണ്ടു തന്നെ ആണ് അത് ആപേക്ഷികമാണ് എന്ന് സൂചിപ്പിച്ചത്.

    ReplyDelete
  9. എല്ലാവർക്കും വേണ്ടത് പ്രണയം എന്നറിയാൻ M.A വരെയൊന്നും പഠിക്കണ്ട!മുകളിലെ കമന്റ്സ് ഒന്ന് നോക്കിയാൽ മതി!(ഇന്നച്ചൻ ടോൺ)പ്രത്യക്ഷമായി ആരും അച്ഛനമ്മമാരെ വേണ്ട എന്ന് പറഞ്ഞില്ലെങ്കിലും പരോക്ഷമായി പലരും അത് സൂചിപ്പിക്കുന്നതായി എനിക്ക് തോന്നി.നാട്ടിൽ നടക്കുന്ന ഒരു സാധാരണ കഥ തന്നെയാണ് ഞാൻ എഴുതിയത്.എന്റെ കഥ ആ‍ സിനിമയുമായി ആരും താരതമ്മ്യം ചെയ്യരുതെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.അതിലെന്തായാലും ഞാൻ വിജയിച്ചിരിക്കുന്നു.എന്നലും ഞാൻ ഉദ്ദേശിച്ച ഫലം എനിക്ക് കിട്ടിയില്ല എന്നാണ് സൂചിപ്പിച്ചത്!ദേവാസുരം എന്ന ചിത്രത്തിന്റെ അഡാപ്ഷനായിരുന്നല്ലോ വർഗ്ഗം എന്ന ചിത്രവും!

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...