Monday, June 13, 2011

എന്തിനാണ് നീ വീണ്ടും വന്നിരിക്കുന്നത്?

ത്ത് വർഷങ്ങൾക്ക് ശേഷം ഞാൻ സോജനെ ഇന്നലെ വീണ്ടും കണ്ടു. അവൻ എന്റെ പ്രിയ കൂട്ടുകാരനാണ്.അഞ്ചാം ക്ലാസ്സ് മുതൽ 10 വരെ ഞങ്ങൾ ഒന്നിച്ചാണ് പഠിച്ചത്.എന്റെ അടുത്ത് ജോലി കിട്ടി വന്നിരിക്കുകയാണ് അവൻ.കുറച്ച് തടിച്ചിട്ടുണ്ട്.. വേറെ മാറ്റങ്ങൾ ഒന്നും തന്നെയില്ല.അതെ ആ പഴയ സോജൻ ഫ്രാൻസീസ്.
സോജനും ഞാനും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം..സയൻസ് പഠിപ്പിക്കുന്ന കൂരാമേരി എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന മേരി ടീച്ചറുടെ ക്ലാസ്സാണ് നടന്നുകൊണ്ടിരിക്കുന്നത്. കണ്ണട ചൂണ്ട് വിരൽ കൊണ്ട് ഒരല്പം കയറ്റി വച്ച് കയ്യിലിരുന്ന ചൂരൽ ഡസ്കിൽ രണ്ട് തവണ തട്ടി ടീച്ചർ ചോദിച്ചു.
‘പാമ്പിനെ തൊട്ടിട്ടുള്ളവർ ആരെങ്കിലും ഉണ്ടോ ഈ ക്ലാസ്സിൽ?‘ ക്ലാസ്സിലെ ധീരജവാന്മാർ ഇപ്പോൾ എഴുന്നേൽക്കും എന്ന് കരുതി കുട്ടികൾ പരസ്പരം നോക്കി.ഇല്ലാ, ആരും തന്നെ ഇല്ല. ടീച്ചർ പറഞ്ഞു.
‘ചത്ത പാമ്പിനെ തൊട്ടാലും മതി..ആരെങ്കിലും..?’ പറഞ്ഞ് തീരുന്നതിനു മുൻപേ ചട-പട ശബ്ദം കേട്ടു.10-15 കുട്ടികൾ എഴുന്നേറ്റ് നിന്നതാണ്.എല്ലാം ആൺകുട്ടികൾ..കൂട്ടത്തിൽ ഞാനും നിന്നു.എഴുന്നേറ്റ് നിൽക്കുന്നവർ എല്ലാം പെൺകുട്ടികളുടെ മുന്നിൽ വീരന്മാരായി. സോജനും വെറുതെ അവിടെ ഇരിക്കാൻ തോന്നിയില്ല. വീരനാകാൻ വേണ്ടി അവനും കൂട്ടത്തിൽ എഴുന്നേറ്റ് നിന്നു.ശാരിക അത് കണ്ടിട്ടുണ്ടാകും എന്ന് എനിക്കുറപ്പാണ്.അല്ലെങ്കിലും ശാരികയെ കാണിക്കാൻ വേണ്ടിയാണല്ലോ പലരും പലതും ചെയ്യുന്നത്!ശാരികയുടെ പേരും പറഞ്ഞ് ആറാം ക്ലാസ്സിൽ വച്ച് സോജനുമായി ഞാൻ തല്ലുകൂടിയപ്പോൾ അവന്റെ മൂക്കിനിട്ട് ഇടിച്ച് ചോര വരുത്തിയതിൽ ഇന്നും എനിക്ക് പശ്ചത്താപമില്ല. പാമ്പിനെ സ്പർശിച്ച വീരന്മാരുടെ ഇടയിൽ കൂടി മേരിടീച്ചർ കടന്ന് വന്നു. അടുത്ത് വന്നു സോജനോട് ഒരു ചോദ്യം..
‘പാമ്പിനെ തൊട്ടപ്പോൾ എന്താണ് തോന്നിയത്? എന്താണ് പാമ്പിന്റെ തൊലിയുടെ പ്രത്യേകത?’
ഈശോമിശിഹായേ..പണി പാളി എന്ന് സോജനു മനസ്സിലായി. സോജൻ ഒരിക്കലും ആ ചോദ്യം പ്രതീക്ഷിച്ചതായിരുന്നുല്ല.കഴിഞ്ഞ ആഴ്ച ഞങ്ങൾ രണ്ടും ടൂർ പോയപ്പോൾ തിശ്ശൂർ കാഴ്ചബംഗ്ലാവിൽ പാമ്പിനെ കണ്ടതാണ്..പക്ഷെ തൊട്ടട്ടില്ല..കള്ളി വെളിച്ചത്താകും എന്ന് സോജനു മനസ്സിലായി. അവൻ ടീച്ചറോട് മറുചോദ്യം ചോദിച്ചു.
‘ടീച്ചറേ, എന്തുറ്റാ ടീച്ചറെ എന്നോടെന്നെ ചോയ്ക്കണേ? ദേ ഇവിടെ ഇത്രെം കുട്ടികൾ നിക്കണുണ്ടല്ലോ? ഇവരോട് ചോയ്ക്ക്ന്ന്..?’ ഞാൻ നോക്കിയപ്പോൾ ചൂണ്ട് വിരൽ എന്റെ നേർക്ക് ചൂണ്ടി നിൽക്കുകയാണ് സോജൻ.
എന്റെ ചങ്ക് പട-പട എന്ന് മിടിക്കാൻ തുടണ്ടി.ക്ലാസ്സിലെ സുന്ദരി ശാരികയെ കാണിക്കാൻ വേണ്ടി തന്നെയാണ് ഞനും എഴുന്നേറ്റ് നിൽക്കുന്നതെന്ന സത്യം എനിക്ക് മാത്രമേ അറിയൂ.അടുത്ത് വീരനായി നിൽക്കുന്ന വേണുവിനോട് ഭാവവ്യത്യാസം ഒന്നും കൂടാതെ സ്വകാര്യമായി ഞാൻ ചോദിച്ചു.
‘എന്തുട്ടിഷ്ടാ ഈ പാമ്പിന്റെ തൊലിക്ക് ഇത്ര പ്രത്യേകത? ഞാൻ അന്നു തൊട്ടപ്പോൾ എനിക്കൊന്നും തോന്നീല്ലല്ലോ!!.’അവനിൽ നിന്നും ഒരു ഉത്തരം ഞൻ പ്രതീക്ഷിച്ചു.ദ്രോഹി..!പറഞ്ഞു തന്നില്ല..അവന്റെ മുഖഭാവം കണ്ടപ്പോൾ ഞാൻ അവനോട് എന്തോ അക്രമം ചെയ്തപോലെ.ഇതിനിടയിൽ ടീച്ചർക്ക് സോജന്റെ കള്ളത്തരം മനസ്സിലായി. ടീച്ചർ  അവനെ അവിടെ ഇട്ട് വാരാൻ തുടങ്ങി.
‘ഷൈൻ ചെയ്യാനായിട്ട് എഴുന്നേറ്റ് നിൽക്കാണല്ലേ?പാമ്പിനെ തൊട്ടട്ടില്ലേൽ അവിടെ ഇരുന്നാൽ പോരെ സോജാ? ’ സോജൻ വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല.
‘ഞാൻ തൊട്ടിട്ടുണ്ട് ടീച്ചറേ..ശിവൻ ചേട്ടൻ അന്ന് മൂർഖനെ കൊന്നപ്പോൾ ഞാൻ വാലിൽ തൊട്ടതാണ്. ആ സമയം ആരെങ്കിലും പാമ്പിന്റെ തൊലിക്കട്ടി  നോക്കാൻ നിക്കോ?’
‘കിടന്ന് ഉരുളാതെ അവിടെയെങ്ങാനും ഇരി സോജാ’ ടീച്ചർ പറഞ്ഞതിലെ പരിഹാസം കേട്ട് ക്ലാസ്സ് മൊത്തം ചിരിച്ചു.കൂട്ടത്തിൽ ഞാനും ശാരികയും.എനിക്ക് സന്തോഷമായി. ശാരികയുടെ കാര്യത്തിൽ  ഒരു എതിരാളി കുറഞ്ഞ് കിട്ടിയല്ലോ.സോജൻ അവിടെ ഇരുന്നു.എന്റെ ഭാഗ്യം കാരണം ടീച്ചർ അടുത്തത് ചോദിച്ചത് വേണുവിനോടാണ്.പാമ്പിന്റെ തൊലിക്ക് നല്ല മിനുസമാണെന്നു വേണു പറഞ്ഞു. വേണു പാമ്പിനെ തൊട്ടിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു. പിന്നെ ആരും ചോദിക്കാതെ തന്നെ ഞാനും പറഞ്ഞു.
‘ശരിയാ ടീച്ചറേ..ഭയങ്കര മിനുസാ.നല്ല ആപ്പിള് പോലെ ഇരിക്കും.‘ എന്റെ ഉത്തരം കേട്ട് ശാരിക എന്നെ ആരാധനയോട് കൂടി നോക്കിയത് ഞാൻ കണ്ടു. സോജൻ ഒരു നിമിഷം ഞങ്ങളെ നോക്കി.നാണക്കേട് കൊണ്ട് അവൻ അവിടെ മുഖം താഴ്ത്തി ഇരുന്നു.
എട്ടാം ക്ലാസ്സിൽ ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ആയി വന്നത് ഒരു സോജ ടീച്ചർ ആയിരുന്നു.ഇവരുടെ രണ്ട് പേരുടെയും പേരിലുള്ള സാമ്യം കാരണം എനിക്ക് ഒരു മണ്ടത്തരം പറ്റി.സോജനെ അന്വേഷിച്ച് അവന്റെ ചേട്ടൻ വന്ന ഒരു ദിനം...സോജനെ തപ്പി ഞാൻ കുറെ നടന്നു.അവസാനം കണ്ടു.അതാ അകലെ സ്റ്റാഫ് റൂമിൽ നിന്നും സോജൻ ഇറങ്ങി പോകുന്നു. ഞാൻ ഉറക്കെ വിളിച്ചു.
“സോജാസോജാ..നിൽക്കൂ” സോജൻ നിന്നു. പക്ഷെ അതിനു മുന്നേ തന്നെ അവന്റെ പുറകിൽ നടക്കുന്നുണ്ടായിരുന്ന സോജ ടീച്ചർ നിന്ന് എന്നെ പിന്തിരിഞ്ഞ് നോക്കിയിരുന്നു. ‘സോജാസോജാ..നിൽക്കൂ‘ എന്നു പറഞ്ഞ് സ്ലോ മോഷനിൽ ഓടി വരുന്ന എന്നെ ഒരു നിമിഷം സോജ ടീച്ചർ സൂക്ഷ്മമായി നോക്കി.ടീച്ചറുടെ മനസ്സിൽ ലാലേട്ടൻ ‘മീനുക്കുട്ടീ’ എന്നും വിളിച്ച് ഓടി വരുന്ന സീനായിരിക്കണം ഓർമ്മ വന്നത്. ഓടി വന്ന എന്നെ ടീച്ചർ തടഞ്ഞ് നിർത്തി ഷീലാ മോഡൽ ഒരു നെടുവീർപ്പിനു ശേഷം ചോദിച്ചു.
‘കുട്ടി ആരാ എന്നെ പേരെടുത്ത് വിളിക്കാൻ?’ ഞാൻ കിടന്ന് വെള്ളം കുടിക്കാൻ തുടങ്ങി.
‘ടീ..ടീച്ചടീച്ചറെ..ഞാ..ഞാൻ.സോജ എന്നല്ല..സോജാ‍…… എന്നാണ് വിളിച്ചത്..ടീച്ചറെയല്ലാ..ഈ നിൽക്കുന്ന സോജനെയാണ്..’ തുടരേണ്ടതില്ല എന്ന് ടീച്ചർ ആംഗ്യം കാട്ടി.അമ്മയെ കൊണ്ട് വന്നിട്ട് നാളെ ക്ലാസ്സിൽ കയറിയാൽ മതി എന്നും പറഞ്ഞ് സിനിമാ സ്റ്റൈലിൽ ടീച്ചർ പിന്തിരിഞ്ഞ് ഒറ്റ നടത്തം! സോജൻ വന്ന് എന്നോട് സ്വകാര്യമായി ചോദിച്ചു.
‘എന്തറാ നീ വിളിച്ചേ?’ ഞാൻ പറഞ്ഞ മറുപടി എന്തായാലും അവൻ മറന്നിരിക്കാൻ സാധ്യതയില്ല..
ഒൻപതിൽ പഠിക്കുമ്പോഴാണ് വേറെ ഒരു സംഭവം ഉണ്ടായത്.ഉച്ചയൂണ് കഴിഞ്ഞ് എന്തിന്റെയോ പേരിൽ ഞാനും സോജനും തമ്മിൽ വഴക്കായി. അവൻ എന്നെ തല്ലാൻ വേണ്ടി ഓടിച്ചു.ഞാൻ ഓടി.അധികം നേരം അവനെ കളിപ്പിക്കാൻ എനിക്ക് പറ്റിയില്ല.അവൻ എന്നെ പിടിച്ചു.പക്ഷെ പിടിച്ചത് എന്റെ മർമ്മസ്ഥലത്തായി പോയി.എനിക്ക് നക്ഷത്രങ്ങൾ തെളിയാൻ തുടങ്ങി.കണ്ണുനീർ ഒഴുകാൻ തുടങ്ങി.സോജൻ വന്ന് എന്നെ സമാധാനിപ്പിച്ചു.പോട്ടെടാ എന്നു പറഞ്ഞു.എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല.ഒരു കൂട്ടം കുട്ടികൾ എന്റെ കരച്ചിൽ കാണാൻ ചുറ്റും കൂടി നിൽക്കുന്നു.കൂട്ടത്തിൽ ശാരികയുള്ള കാര്യം ഞാൻ ഓർത്തില്ല.ഞാൻ അലമുറയിട്ട് കരഞ്ഞു.പെട്ടന്ന് ടീച്ചർ കയറി വന്നു. ഞാൻ കരച്ചിലിന്റെ ശബ്ദം കുറച്ചു.എന്റെ അടുത്ത് വന്ന് എന്തിനാണ് കരയുന്നതെന്ന് ടീച്ചർ ചോദിച്ചു.കരഞ്ഞ് കൊണ്ട് എന്റെ മർമ്മ സ്ഥലം ചൂണ്ടി കാണിച്ച് ഞാൻ പറഞ്ഞു.
‘സോജൻ എന്റെ ഇതുമ്മെ പിടിച്ച് ഞെക്കീ
അടുത്ത് നിന്ന വിഷ്ണു അയ്യേ എന്നും പറഞ്ഞ് വായ പൊത്തി ഉറക്കെ ചിരിച്ച് മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി ഓടി.ശാരിക നാണം കൊണ്ടാകണം, നഖം കടിക്കാൻ തുടങ്ങിയത് ഞാൻ കണ്ടില്ല എന്ന് നടിച്ചു.കൂട്ടത്തിൽ ടീച്ചർക്കും നാണമായിരിക്കണം.അമ്പരന്നു കൊണ്ട് ടീച്ചർ ചോദിച്ചു.
‘ഞെക്കേ……!!!!!!????‘
‘ഉംഞെക്കി..എന്റെ ഇവിടെ കയറി പിടിച്ചു’ അപ്പോഴും ടീച്ചർക്ക് സ്ഥലം മനസ്സിലാകാൻ വേണ്ടി ഞാൻ ചൂണ്ട് വിരൽ അവിടെ മർമ്മ സ്ഥലത്തിനു മുന്നിൽ തന്നെ വച്ചിരുന്നു. ടീച്ചറുടെ ശബ്ദം ഉയർന്നു.
‘സോജൻ..സ്റ്റാൻഡ് അപ്പ്..’പേടിച്ച് വിറച്ച് അവൻ എഴുന്നേറ്റു.ബഹളം കേട്ട് അടുത്ത ക്ലാസ്സിലെ ടീച്ചറും കയറി വന്നു.എന്നോട് ഗ്രൌണ്ടിൽ പോയി ഒരു റൌണ്ട് ഓടി വരാൻ പറഞ്ഞു.തളർന്ന് വീഴാതിരിക്കാൻ വേണ്ടി ശ്യാമിനെ കൂടെ കൂട്ടിക്കോളാനും പറഞ്ഞു.എന്നിട്ട് ടീച്ചർ സോജനോട് പറഞ്ഞു.
‘നാളെ വീട്ടിൽ നിന്നും ആളെ വിളിച്ചിട്ട് ക്ലാസ്സിൽ കയറിയാൽ മതി’ പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടയിൽ ടീച്ചർ അടുത്ത ക്ലാസ്സിലെ ടീച്ചറോട് പറയുന്നത് ഞാൻ കേട്ടു
‘ഭാഗ്യം ഒന്നും സഭവിച്ചില്ലാ..പിള്ളേർക്ക് താമാശയാ..ചിലപ്പോൾ കളി കാര്യമായേനേ’
                  അങ്ങനെ സോജൻ ചരിതം അവിടം കൊണ്ട് തീർന്നു എന്ന് കരുതിയതാണ്. ഇപ്പോൾ ഇതാ വീണ്ടും അവൻ വന്നിരിക്കുന്നു.അന്ന് അവന്റെ വീട്ടിൽ നിന്നും ആളെ വിളിപ്പിച്ച് ഞാൻ പ്രതികാരം ചെയ്തു കഴിഞ്ഞു.ഇനി ഇതിന്റെ പ്രതികാരം ചെയ്യാൻ ആണോ നീ വന്നിരിക്കുന്നത് സോജാ...?? അയ്യോ സോജാ അല്ലാ സോജോ.?

19 comments:

  1. സത്യത്തിൽ സോജനെ എനികറിയില്ല..എല്ലാം മായ ആണ്...അതെ എല്ലാം ഭാവന!

    ReplyDelete
  2. ആ സോജനെ ഹാജരാക്കീട്ട് നാളെ ഈ ബ്ലോഗിൽ വന്നാ മതി കേട്ടോ..ങാഹാ അത്രയ്ക്കായോ..ഹ്ഹി...കൊള്ളാം ട്ടോ

    ReplyDelete
  3. സോജന്‍ ബ്ലോഗ്‌ വായിക്കാത്തത് ഭാഗ്യം !
    അത് കൊണ്ട് നല്ല ഒരു പോസ്റ്റ്‌ കിട്ടിയത് വായനക്കരുടെം !

    വീണ്ടും കാണാം ..

    ReplyDelete
  4. അപ്പോള്‍ അറിയാത്ത ആളെക്കുറിച്ചാണ് ഇത്രേം പറഞ്ഞത്‌ അല്ലെ.

    ReplyDelete
  5. മറ്റൊന്നിന്‍ (ധര്മ്മ)യോഗത്താല്‍ അതിയാനല്ലയോ ഇത് എന്ന് വല്യമ്മച്ചിക്കൊരാശങ്ക എന്ന് പറഞ്ഞപോലായി ...........

    പറ്റിക്കപ്പെട്ടത്‌ കൊണ്ട് ആശംസയില്ല ...............

    ReplyDelete
  6. പിള്ളേര്‍ക്ക് എല്ലാം തമാശയാ....ഇത്തിരീം കൂടെ ഞെക്കിയാല്‍ കാണാമായിരുന്നു കളി.

    ReplyDelete
  7. ഞെക്കി, ഞെക്കി, വേണ്ടാത്തിടത് കേറി ഞെക്കിയാ ഇത് തന്നെ ഗതി :-)

    ReplyDelete
  8. ഇതിനു കല്ലു വെച്ച നുണ എന്ന് പേര് കൊടുക്കാമായിരുന്നു ... ഏതായാലും സോജാ.. എന്റമ്മോ ഞാനൊന്നും വിളിക്കുന്നില്ല നാളെ അച്ഛനെ കൂട്ടില്‍ ക്ലാസില്‍ കയറാന്‍ പറഞ്ഞാല്‍.... ആ ശാരിക ഇപ്പൊ എവിടെയിരുന്നിട്ടാകും നഖം കടിക്കുന്നുണ്ടാവുക.. കൊള്ളാം ആശംസകള്‍..

    ReplyDelete
  9. കഥ ഇഷ്ടപ്പെട്ടു,മെനഞ്ഞുണ്ടാക്കിയതായാലും ഉഗ്രനായിട്ടുണ്ട്.. :)

    ReplyDelete
  10. മര്‍മ ത്ത് ഞെക്കിയ നര്‍മം കൊള്ളം

    ReplyDelete
  11. ഓര്‍മ്മകളില്‍ കുറെ സ്കൂള്‍ അനുഭവങ്ങള്‍.
    ക്ലാസ് മുറികള്‍ , അധ്യാപകര്‍ സഹപാഠികള്‍, പിന്നെ വികൃതികള്‍.
    നല്ല രസായി ഈ കുറിപ്പ്.

    ReplyDelete
  12. കല്യാണം കഴിക്കുന്നതിനു മുന്‍പായി ഒന്ന് ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.
    മര്‍മ്മത്ത് നര്‍മ്മം ഒളിഞ്ഞിരിക്കുന്നുണ്ട് ..

    ReplyDelete
  13. സോജന്‍ ഭാവനയായിരിക്കും, ബട്ട് ഭാവന ശാരികയാനെന്നു പറഞ്ഞാല്‍ ഛെ ശാരിക ഭാവനയാണെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കൂല...:(

    നല്ല എഴുത്ത്.

    ReplyDelete
  14. വെറുതയല്ലാ...ഭാവനയുണ്ടാവാൻ ആ ഹെയർ മസാജർ ഉപയോഗിച്ചല്ലേ...?[ജയറാം ഉപയോഗിച്ചതു പോലെ] എടാ..കൊച്ചു...കള്ളാ....എനിക്കും കൂടി ഒന്നു സംഘടിപ്പിച്ചു താടേ..................

    ReplyDelete
  15. പ്രിയപ്പെട്ട ഡെല്‍വിന്‍,

    ആദ്യമായിട്ടാണ് ഇവിടെ...കഥ നന്നായി....നര്‍മം നന്നായി കൈകാര്യം ചെയ്യുന്നു!
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  16. സോജ രാജകുമാരാ....

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...