Tuesday, May 11, 2010

കറന്റാപ്പീസിൽ പോയ പത്രോസ്

                    നാളുകൾക്ക് മുൻപ് എന്നു വച്ചാൽ 5-6 വർഷം മുൻപ് ഒരു ദിവസം പത്രോസ് ചേട്ടൻ കറന്റ് ബില്ലടയ്ക്കാൻ കറന്റാപ്പീസിൽ ചെന്നു. ആപ്പീസിന് മുന്നിലുള്ള നീണ്ട വരി റെയിൽവെ പാതയെ ഓർമ്മിപ്പിച്ചുവെങ്കിലും ബില്ലടച്ചില്ലെങ്കിൽ അടുത്ത ദിവസം തന്റെ മകൻ ടുട്ടുമോൻ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്ന് പഠിക്കേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ മനസ്സില്ലാമനസ്സോടുകൂടിയാണെങ്കിലും പത്രോസ് ചേട്ടൻ റെയിൽവെ പാതയിലെ ഒരു കണ്ണിയായി ചേർന്ന് നിന്നു.ഒരു മണിക്കൂർ കഴിഞ്ഞു.വരി മുന്നോട്ട് വേണ്ട വിധത്തിൽ പോകുന്നില്ല.സഹി കെട്ട് പത്രോസ് ചേട്ടൻ വരിയിൽ നിന്നിറങ്ങി പൈസ വാങ്ങാൻ ഇരിക്കുന്ന ആളുടെ അടുത്തെത്തി ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങി.


“…….ഒരു മണിക്കൂറായി മനുഷ്യൻ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്.നിങ്ങൾക്കൊന്ന് വേഗത്തിൽ ചെയ്തൂടെ”

കുറെ കേട്ടു കഴിഞ്ഞപ്പോൾ ആപ്പീസിലിരുന്ന ആൾ ക്ഷോഭിച്ച് പത്രോസ് ചേട്ടനോട് പറഞ്ഞു.

‘ഇവിടെയിരിക്കുന്നത് മനുഷ്യനാ അല്ലാതെ മെഷീനൊന്നുമല്ല. താൻ പറയുന്നത് പോലെ അത്ര പെട്ടന്ന് ചെയ്ത് തീർക്കാൻ പറ്റില്ല.സൌകര്യമുണ്ടെങ്കിൽ നിന്നാൽ മതി.’

ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ പത്രോസ് ചേട്ടൻ പിറുപിറുത്ത് കൊണ്ട് വരിയിൽ പോയി നിന്നു. പിറകിൽ നിന്ന അയൽവാസി വറീതിനോട് പത്രോസ് ചേട്ടൻ പറഞ്ഞു.

‘ഈ നാട് നന്നാവാൻ പൊകുന്നില്ല…നന്നാവണമെങ്കിൽ ഇവനെയൊക്കെ മേലോട്ടെടുക്കണം.’

വർഷങ്ങൾ കഴിഞ്ഞ് പോയി.ആ സംഭവത്തിന് ശേഷം പത്രോസ് ചേട്ടൻ കറന്റ് ബില്ലടയ്ക്കാൻ ടുട്ടുമോനെ പറഞ്ഞ് വിടാൻ തുടങ്ങി.പക്ഷേ നിർഭാഗ്യവശാൽ ഇന്നലെ വീണ്ടും പത്രോസ് ചേട്ടന് വീണ്ടും കറന്റാപ്പീസിൽ പോകേണ്ടി വന്നു.റെയിൽവെ പാത അതെപോലെ തന്നെ അവിടെയുണ്ട്.വർഷം 5-6 കഴിഞ്ഞെങ്കിലും മറവിയുടെ പുകമറയ്ക്കുള്ളിൽ നിന്നും ആ പഴയ അപമാനഭാരം പത്രോസ് ചേട്ടന്റെ മനസ്സിൽ തികട്ടിവന്നു.അതെ ആപ്പീസർ തന്നെയാണ് അവിടെയിരിക്കുന്നത്. പത്രോസ് ചേട്ടൻ വരിയിൽ കയറിയിട്ട് ഇതാ ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.വരി മുന്നോട്ട് വേണ്ട വിധത്തിൽ പോകുന്നില്ല.എല്ലാം തഥൈവ.പക്ഷെ ആപ്പിസിൽ ഇപ്പോൾ എല്ലാം കമ്പ്യൂട്ടർ ആണ് ചെയ്യുന്നത്.പിന്നെയെന്താണ് ഇത്രയും സമയം എടുക്കുന്നത്? സഹികെട്ട് പത്രോസ് ചേട്ടൻ വരിയിൽ നിന്നിറങ്ങി പൈസ വാങ്ങാൻ ഇരിക്കുന്ന ആളുടെ അടുത്തെത്തി ആ പഴയ ചോദ്യം വീണ്ടും ചോദിച്ചു.

“ഒരു മണിക്കൂറായി മനുഷ്യൻ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്.ഇതൊന്ന് പെട്ടന്ന് ചെയ്ത് തന്നൂടെ.”

ആപ്പീസർ ക്ഷോഭിച്ച് പത്രോസ് ചേട്ടനോട് പറഞ്ഞു.

“ഇത് ചെയ്യുന്നത് ഞാനല്ല,മെഷീനാ.താൻ പറയുന്നത് പോലെ അത്രയും പെട്ടന്ന് ചെയ്ത് തീർക്കാൻ ഇതിന് പറ്റില്ല. സൌകര്യമുണ്ടെങ്കിൽ നിന്നാൽ മതി.”

വർഷങ്ങൾക്ക് മുൻപ് കേട്ട ഡയലോഗുകൾ ഒന്നോ രണ്ടൊ വക്കുകൾ മാറിത്തിരിഞ്ഞ് വീണ്ടും തന്റെ കാതിൽ വീണ് പതിഞ്ഞപ്പോൾ പത്രോസ് ചേട്ടൻ പിറുപിറുത്ത് കൊണ്ട് വരിയിൽ പോയി നിന്നു. പിറകിൽ നിന്ന അയൽവാസി വറീതിനോട് പത്രോസ് ചേട്ടൻ പറഞ്ഞു.

‘ഇപ്പൊ ശരിക്കും ഉറപ്പായി ഈ നാട് നന്നാവാൻ പൊകുന്നില്ല…നന്നാവണമെങ്കിൽ ഇവനെയൊക്കെ മേലോട്ടെടുക്കണം.’

11 comments:

  1. പത്രോസ് ചേട്ടൻ കഥകൾ ഭാഗം 3

    ReplyDelete
  2. കോരന് കഞ്ഞി കുമ്പിളില്‍ തന്നെ!!

    ReplyDelete
  3. അതെ ഇവനെയൊക്കെ മേലോട്ടെടുക്കണം !

    ReplyDelete
  4. ഇപ്പൊ ശരിക്കും ഉറപ്പായി ഈ നാട് നന്നാവാൻ പൊകുന്നില്ല…നന്നാവണമെങ്കിൽ ഇവനെയൊക്കെ മേലോട്ടെടുക്കണം

    ശരിയാ ഇവനെയൊക്കെ മേലോട്ട് എടുക്കുക തന്നെ വേണം .!! എന്നാല്‍ ശരിയാവുമോ,, എവിടെ ? ഒന്നും ശരിയാവാന്‍ പോവുന്നില്ല.!!

    ReplyDelete
  5. ഇവനെയൊക്കെ മേലോട്ടെടുത്താൽ മേലും കൂടി നശിക്കും!

    ReplyDelete
  6. നന്നാവില്ല ഒരിക്കലും അത് ഉറപ്പല്ലേ.

    ReplyDelete
  7. ഭായി പറഞ്ഞത് കറക്റ്റ് !

    ReplyDelete
  8. എന്നാലും നമുക്ക് നമ്മുടെ നാടിന് വേണ്ടി പ്രാർത്ഥിക്കാം..അഭിപ്രായങ്ങൾ അറിയിച്ച എല്ലവർക്കും നന്ദി.

    ReplyDelete
  9. ഇതു തന്നെയല്ലേ യാഥാര്‍ത്ഥ്യം... നായയുടെ വാല്‍ എത്രകാലം ഓടക്കുഴലിലിട്ടു വെച്ചാലും വാല്‍ വളഞ്ഞുതന്നെയിരിക്കും എന്നു കേട്ടിട്ടില്ലെ?? അതു പോലെ തന്നെയാ നാടിന്റെയും സ്ഥിതി.

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...